Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ അവരുടെ ഓരോ ‘രഹസ്യ’വും പരസ്യമാണ്, എല്ലാം ഫോൺ സ്ക്രീനിൽ!

china-cctv

ഓരോ രാജ്യത്തെയും പൗരൻമാരുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പൗരൻമാരുടെ സ്വകാര്യതയ്ക്ക് ഏറെ പരിഗണന നൽകുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ അയൽരാജ്യമായ ചൈനയിൽ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങുന്നത്. ഇവിടത്തെ ഓരോ വ്യക്തിയും സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇതിനായി അത്യാധുനിക സംവിധാനങ്ങളാണ് ചൈനീസ് സർക്കാർ സ്ഥാപിപ്പിച്ചിരിക്കുന്നത്.

ചൈനയിലെ പ്രശസ്തമായ പിക്കിങ് സർവകലാശാലയിൽ ഇനി തോന്നുംപടിയൊന്നും ആർക്കും കയറിയിറങ്ങാനാകില്ല. സർവകലാശാല ക്യാംപസിന്റെ തെക്കുപടിഞ്ഞാറൻ ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ‘അംഗീകരിച്ചാൽ’ മാത്രമേ വിദ്യാർഥികൾക്ക് ഉൾപ്പെടെ അകത്തേക്കു പ്രവേശിക്കാനാകൂ. ക്യാംപസിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ക്യാംപസുകളിൽ ഇത്തരത്തിൽ നീക്കം നടക്കുമ്പോൾ സർക്കാരിനു വെറുതെയിരിക്കാനാകില്ലല്ലോ!

ഭരണകൂടം ഇത്തവണ ശക്തമാക്കിയത് ഗ്രാമങ്ങളിലെ സുരക്ഷയാണ്. ചൈനയിലെ ചില ഗ്രാമങ്ങളിൽ പൊലീസ്–പൊതുജന ആനുപാതം വളരെ കുറവാണ്. ചില വിദൂര ഗ്രാമങ്ങളിൽ 18,000 പേർക്ക് അഞ്ചു പൊലീസ് എന്നതാണു കണക്ക്. ചിലയിടത്ത് ഇതു 180,000വും കടന്നു പോകുന്നു. ഇതിനെ മറികടക്കാൻ ‘ഷാർപ് അയ്സ്’ പ്രോജക്ടുമായാണു ചൈനീസ് ഭരണകൂടത്തിന്റെ വരവ്. 1000 മുതൽ 10,000 കോടി വരെ യുവാനാണു ചൈന പദ്ധതിക്കു വേണ്ടി ചെലവഴിക്കുക. ഇത്രമാത്രം ചെലവുമായി പദ്ധതി എന്താണെന്ന സംശയം സ്വാഭാവികം. 

പൊലീസിനു പകരം ഗ്രാമീണരെ തന്നെ സുരക്ഷാ ചുമതല നൽകുന്നതാണ് ഈ പ്രോജക്ട്. ചൈനയുടെ സർവൈലൻസ് പ്രോഗ്രാമിൽ സാധാരണക്കാരെയും ഉൾപ്പെടുത്തുന്ന പദ്ധതി. ഇതിന്റെ ഭാഗമായി ഒട്ടേറെ ഗ്രാമങ്ങളെ ഷാർപ് അയ്സ് പ്രോജക്ടുമായി ബന്ധിപ്പിക്കൽ ആരംഭിച്ചു കഴിഞ്ഞു. ഇവിടങ്ങളിലെല്ലാം സിസിടിവി ക്യാമറകൾ ഘടിപ്പിക്കും. പൊതു ഇടങ്ങളിലായിരിക്കും ക്യാമറകൾ. ‘നിങ്ങൾ ക്യാമറയുടെ നിരീക്ഷണത്തിലാണ്’ എന്നത് എല്ലായിടത്തും പ്രദർശിപ്പിക്കുകയും ചെയ്യും. 

സിഷ്വാൻ പ്രവിശ്യയിൽ മാത്രം 14,087 ഗ്രാമങ്ങളിലാണ് പ്രോജക്ട് നടപ്പാക്കുക. ഇവിടങ്ങളിൽ സ്ഥാപിക്കുന്നതാകട്ടെ 41,695 സിസിടിവി ക്യാമറകളും. ഈ സെക്യൂരിറ്റി സിസ്റ്റവുമായി 1,52,855 പേരെയാണു ബന്ധിപ്പിച്ചിരിക്കുന്നത്. ഒരു ആപ്ലിക്കേഷൻ വഴി ഈ ഒന്നരലക്ഷത്തോളം പേർക്ക് ഈ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ കാണാം. യൂസർ നെയിമും പാസ്‍വേഡും പൊലീസ് നൽകും. ലോഗിൻ ചെയ്തു കയറിയാൽ മൊബൈലിലോ ടിവിയിലോ സിസിടിവികളിലെ ദൃശ്യങ്ങൾ കാണാം. വിശ്വസ്തരായവരെയാണ് ഇതിലേക്കു തിരഞ്ഞെടുക്കുക. 

ജനങ്ങളുടെ സ്വകാര്യത വിഷയമല്ലേ എന്നു ചോദിക്കുന്നവരോട് ചൈന തിരികെ പറയുന്നത് ‘ഇത് നിങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണെന്നാണ്.’. മാത്രവുമല്ല, സിസിടിവി സ്ഥാപിച്ചയിടങ്ങളിലെല്ലാം അക്കാര്യം വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യും. ഷാർപ് അയ്സ് പ്രോജക്ടിന്റെ ആക്സസ് നൽകിയിരിക്കുന്ന ഓരോരുത്തരെയും ഒരു മോണിറ്ററിങ് യൂണിറ്റായാണു പൊലീസ് കണക്കാക്കുന്നത്. 

CCTV-china

തങ്ങളുടെ സമീപപ്രദേശങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും സംഭവങ്ങളോ ആരുടെയെങ്കിലും സാന്നിധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ഷാർപ് അയ്സ് പ്രോജക്ടിൽ ഉൾപ്പെട്ടവർ പൊലീസിനെ അറിയിക്കണം. ഗ്രാമീണ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിനു വേണ്ടി ചൈന മുന്നോട്ടു വയ്ക്കുന്ന പദ്ധതികളിൽ ഒന്നാം സ്ഥാനത്തുള്ളതാണ് ഇത്. 2020ഓടെ രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും പബ്ലിക് സെക്യൂരിറ്റി സർവെയ്‌ലൻസ് നെറ്റ്‌വർക്കിന്റെ ഭാഗമായി പദ്ധതിയെ മാറ്റാനാണു ചൈനയുടെ തീരുമാനം.