ജിമെയിൽ രഹസ്യങ്ങൾ പുറത്ത്; ഞെട്ടിക്കും വെളിപ്പെടുത്തൽ, ഒന്നും മിണ്ടാതെ ഗൂഗിൾ

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ള ഗൂഗിള്‍ 150 കോടിയോളം വരുന്ന ജിമെയിൽ ഉപയോക്താക്കളുടെ മെയിലുകളിലേക്ക് എത്തി നോക്കാന്‍ ആപ്പ് ഡവലപ്പര്‍മാരെ അനുവദിക്കുന്നുവെന്ന് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഉപഭോക്താക്കളുടെ ഇ–മെയിലെല്ലാം തങ്ങള്‍ കാണുന്നുണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുളള ഗൂഗിള്‍, ഇപ്പോൾ കമ്പനിക്കു വെളിയിലുള്ള നൂറുകണക്കിനു സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരെയും സ്വകാര്യ മെയിലുകള്‍ പരിശോധിക്കാന്‍ അനുവദിച്ചിരിക്കുകയാണ്. ഇതു പ്രധാനമായും ഉപയോക്താവു വാങ്ങുന്ന ഉല്‍പ്പന്നങ്ങളുടെ വില താരതമ്യം ചെയ്യാനും യാത്രാ പ്ലാനുകള്‍ മനസിലാക്കാനുമാണ് ചെയ്യുന്നതെന്നാണ് പറയുന്നത്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഗൂഗിള്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

ആഗോളതലത്തില്‍ ഏകദേശം 1.4 ബില്ല്യനിലേറെ ഉപയോക്താക്കളാണ് ജിമെയിലിനുള്ളതെന്നു പറയുന്നു. ഗൂഗിളിനു വെളിയിലുള്ള ഡവലപ്പമാര്‍ ജിമെയിൽ പരിശോധിക്കുന്നതിന് അവരുടെ കംപ്യൂട്ടറുകള്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നു. ചിലപ്പോഴെല്ലാം ഈ കമ്പനികളിലെ ജീവനക്കാര്‍ക്കു നേരിട്ടും ജിമെയിൽ വായിക്കാന്‍ അനുമതിയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇതൊഴിവാക്കാന്‍ ഗൂഗിള്‍ ഒന്നും ചെയ്യുന്നില്ലെന്നും ആരോപിക്കുന്നു.

ഗൂഗിളിന്റെ പ്രഖ്യാപിത നിലപാട് തങ്ങള്‍ ഉപയോക്താക്കളുടെ സമ്മതം വാങ്ങാത്ത ആര്‍ക്കും അവരുടെ മെയില്‍ പരിശോധിക്കാന്‍ അനുമതി നല്‍കില്ലെന്നാണ്. തങ്ങളുടെ ജോലിക്കാര്‍ മെയിൽ പരിശോധിക്കുന്നതും ഉപയോക്താവിന്റെ അനുമതി ലഭിച്ചതിനു ശേഷം മാത്രമാണെന്നും പറയുന്നു. 

ഇ–മെയിലിലെ ഡേറ്റ ശേഖരിക്കുന്നവര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലക്ഷക്കണക്കിനു മെയിലുകളാണ് ദിവസവും പരിശോധിക്കുന്നത്. ഇങ്ങനെ അരിച്ചെടുക്കുന്ന വിവരങ്ങള്‍, മാര്‍ക്കറ്റിങ്ങുകാര്‍ക്കും മറ്റു ബിസിനസുകാര്‍ക്കും അവര്‍ വിറ്റു കാശാക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ എന്നും മറ്റും അറിയില്ല.