Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിനെ കാത്തിരിക്കുന്നത് 34,290 കോടി പിഴ, നാളെ എന്തു സംഭവിക്കും?

Google-

യൂറോപ്യന്‍ യൂണിയന്റെ കീഴിലുള്ള യൂറോപ്യന്‍ കമ്മിഷന്‍ ആന്റി ട്രസ്റ്റ് ഫൈന്‍ എന്ന പേരില്‍ ഒരു വന്‍ തുക ഗൂഗിളിന് പിഴയിട്ടേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ആന്‍ഡ്രോയിഡിലെ ആപ് മാര്‍ക്കറ്റുമായി ബന്ധപ്പെടുത്തിയായിരിക്കും പിഴ. പരസ്യവരുമാനമെല്ലാം കൈക്കലാക്കി എതിരാളികളെ മുരടിപ്പിക്കുന്നു, എന്നതാണ് കമ്പനിക്കെതിരെയുള്ള ആരോപണം. യൂറോപ്യന്‍ കമ്മിഷന്‍ ഒരു വര്‍ഷം മുൻപും ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം 3 ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം. 

ഇപ്പോള്‍ ഇടാന്‍ പോകുന്ന പിഴ ഇതിലും വലിയ തുകയായിരിക്കുമെന്നാണ് വിലയിരുത്തല്‍. വിവിധ ടെക് വെബ്സൈറ്റുകളിലെ റിപ്പോർട്ട് പ്രകാരം അഞ്ചു ബില്ല്യൻ ഡോളർ (ഏകദേശം 34,290 കോടി രൂപ) പിഴ ചുമത്തുമെന്നാണ്. ഇത്തരം കാര്യങ്ങളില്‍ ഇട്ടിരിക്കുന്ന പിഴകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയാണ് ഗൂഗിളിനെ കാത്തിരിക്കുന്നത് എന്നാണ് അനുമാനം. കഴിഞ്ഞയാഴ്ച തന്നെ പിഴിയിടുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രസല്‍സ് സന്ദര്‍ശനവുമായി ബന്ധപ്പെടുത്തിയാണ് പിഴയിടല്‍ മാറ്റിവച്ചത്.

എന്താണ് ഗൂഗിളിനെതിരെയുള്ള പുതിയ ആരോപണം?

ഇതിനെ ആന്‍ഡ്രോയിഡ് ഫൈന്‍ എന്നാണ് വിളിക്കുന്നത്. ഇതു പോലെയുള്ള മൂന്ന് ആന്റി ട്രസ്റ്റ് കേസുകളാണ് ഗൂഗിളിനെതിരെ നിലവിലുള്ളത്. ഗൂഗിള്‍ തങ്ങളുടെ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയിഡിലെ പ്രധാനപ്പെട്ട ആപ്പുകളില്‍ കാണിക്കുന്നുവെന്നും അത് അവരുടെ എതിരാളികള്‍ക്ക് ക്ഷീണം ചെയ്യുന്നുവെന്നുമാണ് കണ്ടെത്തല്‍. ഇത് ഗൂഗിളിന് വന്‍ വളര്‍ച്ച നേടിക്കൊടുക്കുകയും എതിരാളികളെ മുരടിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. എതിരാളികളെ നിലംപരിശാക്കിയല്ലെ ഓരോരുത്തരും വിജയപീഠം കയറേണ്ടത് എന്നായിരിക്കും ഒരു സംശയം. ലോകത്തിന്റെ ഇതര ഭാഗങ്ങളെ വച്ച് യൂറോപ്പ് വിഭിന്നമായി നില്‍ക്കുന്നത് ഇത്തരം ചില മേഖലകളിലാണ്. ഇതിനു മുൻപ് അവര്‍ മൈക്രോസോഫ്റ്റിന്റെ കുത്തകയ്ക്കും മൂക്കുകയര്‍ ഇടാന്‍ ശ്രമിച്ചിട്ടുണ്ട്.

യൂറോപ്പിലെ 90 ശതമാനം ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണ് ടെലിവിഷഷോകള്‍, സിനിമകള്‍, ആപ്പുകള്‍, ഇബുക്കുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഗൂഗിളിന്റെ എതിരാളികള്‍ക്ക് തുല്യ പ്രാധാന്യം നേടിക്കൊടുക്കാനുള്ള യൂറോപ്യന്‍ കമ്മിഷന്റെ ശ്രമം ഒരു പിഴയിടലിലൂടെ സാധ്യമാകുമെന്നു തോന്നുന്നില്ല. 

ആപ്പ് ഡിവലപ്പര്‍മാരും കോടിക്കണക്കിനു പരസ്യദാദാക്കളുമൊക്കെ ആയി ഗൂഗിളിനുള്ള ബന്ധം അവര്‍ ഉപയോഗിക്കുന്നു എന്നാണ് കമ്മിഷന്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് ആപ്പ് സ്റ്റോറുകള്‍ ഉണ്ടാക്കാനും അവയില്‍ നിന്ന് ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലും നിയമം പരിഷ്‌കരിക്കുകയാണ് കമ്മിഷനു ചെയ്യാവുന്ന ഒരു കാര്യമെന്നു പറയുന്നു. അതുപോലെ, സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളോട് തങ്ങളുടെ ഇത്ര ആപ്പുകള്‍ ഉപയോഗിക്കണമെന്ന ഗൂഗിളിന്റെ നിബന്ധന എടുത്തുകളയാന് ഗൂഗിളിനെ പ്രേരിപ്പിക്കുക എന്നതും മറ്റൊരു പരിഹാരമാര്‍ഗ്ഗമാണെന്നും പറയുന്നു. ഗൂഗിള്‍ സേര്‍ച് ബാര്‍ ഫോണിനു മുകളില്‍ വേണമെന്നു ഫോണ്‍ നിര്‍മാതാക്കളോടു പറയുന്നതും കമ്മിഷന്‍ പരിഗണിക്കണമെന്നാണ് മറ്റൊരു വാദം. 

പ്ലേ സ്റ്റോര്‍, ക്രോം ബ്രൗസര്‍, സേര്‍ച് ബാര്‍ എന്നിവ എല്ലാ ആന്‍ഡ്രോയിഡ് ഫോണിലും വേണമെന്നുള്ള ഗൂഗിളിന്റെ നിര്‍ബന്ധത്തിനെതിരെ പ്രതികരിക്കണമെന്നാണ് കമ്മിഷനോട് പലരും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഗൂഗിള്‍ ആകട്ടെ, അത്തരം സാധ്യതകള്‍ തള്ളിക്കളയുകയും ചെയ്യുന്നു. ആപ്പുകളുടെ ഒരു പാക്കേജ് നല്‍കുന്നതിലൂടെയാണ് തങ്ങള്‍ ഒപ്പറേറ്റിങ് സിസ്റ്റം ഫ്രീ ആയി നിറുത്തുന്നതെന്ന് അവരും പറയുന്നു.