വഞ്ചന: ഗൂഗിളിന് 34667.64 കോടി പിഴയിട്ടു; കച്ചവടം പൂട്ടേണ്ടിവരുമോ?

നമ്മള്‍ കഴിഞ്ഞ ദിവസം വായിച്ചതു പോലെ യൂറോപ്യന്‍ കമ്മിഷന്‍ (ഇസി) ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് 5.04 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 34667.64 കോടി രൂപ) പിഴയിട്ടു. ഗൂഗിളിന്റെ ( മാതൃകമ്പനിയായ ആല്‍ഫബറ്റിന്റെ) ഒരു വര്‍ഷത്തെ ആഗോള വരുമാനത്തിന്റെ 5 ശതമാനമാണിത്. ആന്‍ഡ്രോയിഡിലെ ആധിപത്യം ഉപയോഗിച്ച് അവരുടെ സെര്‍ച് എൻജിന് ആവശ്യത്തിലേറെ പ്രാധാന്യം നേടിയെടുക്കുകയും എതിരാളികളെ തകര്‍ക്കുകയും ചെയ്തുവെന്നാണ് ആന്‍ഡ്രോയിഡ് ആന്റിട്രസ്റ്റ് വിധിയിലൂടെ ഇസി പറഞ്ഞിരിക്കുന്നത്. യൂറോപ്യന്‍ കമ്മിഷന്റെ ശാസനയില്‍ പറയുന്ന പ്രകാരം തങ്ങളുടെ രീതികള്‍ മാറ്റാന്‍ 90 ദിവസം നല്‍കിയിട്ടുണ്ട്. അങ്ങനെ മാറുന്നില്ലെങ്കില്‍ പിഴയൊടുക്കണം. ഈ വിധിക്കെതിരെ തങ്ങള്‍ അപ്പീല്‍ പോകുമെന്നാണ് ഗൂഗിള്‍ പറഞ്ഞിരിക്കുന്നത്. 

യൂറോപ്യന്‍ കമ്മിഷണര്‍ മാര്‍ഗ്രതെ ( Margrethe Vestager) ആണ് പിഴ വിധിച്ചത്. ഗൂഗിള്‍ ഇപ്പോള്‍ തുടരുന്ന രീതികള്‍ എതിരാളികള്‍ക്ക് ഭീഷണിയാണെന്നാണ് അവര്‍ പറഞ്ഞത്. ആന്‍ഡ്രോയിഡിലെ ഹോം പേജിലെ സെര്‍ച്ച് ബാറില്‍ ഗൂഗിളിനെ മാത്രമെ സെര്‍ച്ച് എൻജിനാക്കാന്‍ ഒക്കുകയുള്ളു. ഇത് ഫോണ്‍ നിര്‍മാതക്കളുടെ മേല്‍ ഗൂഗിള്‍ അടിച്ചേല്‍പ്പിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഇത് യൂറോപ്യന്‍ യൂണിയന്റെ ആന്റി ട്രസ്റ്റ് നിയമങ്ങള്‍ക്ക് എതിരാണ്.

ഗൂഗിള്‍ സെര്‍ച് ആപ്പും കമ്പനിയുടെ ക്രോം ബ്രൗസറും നിര്‍ബന്ധമായും ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന് കമ്പനി നിര്‍ബന്ധം പിടിക്കുന്നു. ചില പ്രധാന ഫോണ്‍ നിര്‍മാതക്കള്‍ക്കു പൈസ നല്‍കി അവരിലൂടെ തങ്ങളുടെ ഇംഗിതം നടപ്പിലാക്കുന്നു.

ഗൂഗിളിന്റെ അധീനതയിലല്ലാത്ത ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല എന്നിവയാണ് പ്രധാന ആരോപണങ്ങള്‍. ഇങ്ങനെ സ്ഥിരമായി പിഴ നൽകേണ്ടിവന്നാൽ ഗൂഗിളിന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. യൂറോപ്യന്‍ കമ്മിഷന്‍ നിയമം കർശനമാക്കിയതോടെ ഗൂഗിളിനെതി നിരവധി പരാതികളാണ് വരുന്നത്. എല്ലാ പരാതികളും വാദം കേട്ട് പിഴ ചുമത്താൻ തുടങ്ങിയാൽ ഗൂഗിളിന്റെ സാമ്പത്തിക നില താളംതെറ്റുമെന്നുറപ്പാണ്.