ചൈനയ്ക്ക് കീഴടങ്ങി ഗൂഗിൾ, വരുന്നത് പുതിയ സേർച്ച് എൻജിൻ

ടെക് ലോകത്തെ അതികായരായ ഗൂഗിൾ ചൈനയ്ക്ക് മുന്നിൽ കീഴ‍ടങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചൈനയിലെ കിരാതമായ സെൻസർ‌ഷിപ്പ് നയങ്ങൾക്ക് അനുസരിച്ചുള്ള പുതിയ സേർച്ച് എൻജിൻ രൂപീകരണത്തിന് ഗൂഗിൾ പ്രാരംഭം കുറിച്ചതായാണ് സൂചന. എട്ടു വർഷങ്ങൾക്കു മുൻപാണ് സെൻസർ നയങ്ങളിൽ പ്രതിഷേധിച്ച് ഗൂഗിൾ സേർച്ച് ചൈനയിൽ നിന്നും പിൻവലിച്ചത്. ചൈനയുടെ താത്പര്യങ്ങൾ‌ക്കനുസരിച്ചായിരിക്കും പുതിയ സേർച്ച് എൻജിനെന്നും 'ഡ്രാഗൺ ഫ്ലൈ' എന്ന കോഡ് നാമത്തിലാണ് ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും ഗൂഗിളിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. 

ചില വിഷയങ്ങൾ നീക്കം ചെയ്യുന്ന ഫിൽട്ടറിനെ പോലെ പ്രവർത്തിക്കുന്ന സേർച്ച് എൻജിന്‍ കമ്പനിയുടെ ആഭ്യന്തര നെറ്റ്‍വർക്കുകളിൽ പരീക്ഷണത്തിന് തയ്യാറായി കഴിഞ്ഞു. യുഎസിലെ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതോടെ കമ്പനിക്കകത്തും ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

വാർത്താ വെബ്സൈറ്റായ ദ ഇന്‍റർസെപ്റ്റ് ആണ് ഡ്രാഗൺ ഫ്ലൈ സംബന്ധിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. മനുഷ്യാവകാശം, ജനാധിപത്യം, മതം, സമാധാനമായുള്ള പ്രതിഷേധങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാം തന്നെ തടയുന്ന തരത്തിലാകും സേർച്ച് എൻജിൻ. മൊബൈലിൽ ഗൂഗിൾ സഹായത്തോടെ പ്രവർത്തിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമാം വിധമുള്ള സേർച്ച് എൻജിൻ ആപ്ലിക്കേഷനാണ് നിർമാണത്തിലുള്ളത്. ചൈനയുടെ ഫയർവാൾ തടയുന്ന എല്ലാതരം വെബ്സൈറ്റുകളും കണ്ടെത്തി ഈ ആപ്ലിക്കേഷൻ ഫിൽട്ടർ ചെയ്യുമെന്നും ഇന്‍റർസെപ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

പുതിയ സേവനം ചൈനയിലെ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ഗൂഗിൾ പരിചയപ്പെടുത്തിയെങ്കിലും ഉടൻ തന്നെ ചൈനയിലേക്ക് ഗൂഗിള്‍ മടങ്ങുമെന്ന് ഇതിന് അർഥമില്ലെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചൈനക്കു വഴങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഗൂഗിളിനെതിരെ ശക്തമായ വിമർശനവും ഉയർന്നുവരുന്നുണ്ട്.

വിപണി പിടിച്ചടക്കാനായി ചൈനയുടെ അതിരുകടന്ന സെൻസർ നടപടികൾക്ക് ഗൂഗിൾ വഴങ്ങുകയാണെങ്കിൽ അത് ഇന്‍റർനെറ്റ് സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം കറുത്ത അധ്യായമായിരിക്കുമെന്ന് ആംനസ്റ്റി ഇന്‍റർനാഷണൽ കുറ്റപ്പെടുത്തി. കർശനമായ സെൻസർ നിയമമുള്ള ചൈനയിൽ പിടിച്ചുനിൽക്കാൻ യുഎസ് ടെക് ഭീമൻമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഫെയ്സ്ബുക്, ട്വിറ്റർ, ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റ് തുടങ്ങിയവ ചൈനയിൽ വിലക്കുള്ള പ്രബലരിൽ ഉൾപ്പെടും.