Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോണിലെ സ്വൈപ് സുരക്ഷിതമല്ല, അപകടത്തിലാകാൻ അതുമതി

phone-swiping

സ്മാർട് ഫോൺ ലോക്ക് തുറക്കാൻ കൈവിരലുകൾ സ്വൈപ് ചെയ്യുന്നതും മുഖം കൊണ്ട് തിരിച്ചറിയലും എല്ലാം ഇന്ന് പൊതുവായി മാറിയിരിക്കുകയാണ്. മറ്റൊരാൾ അനുവാദമില്ലാതെ ഫോൺ ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സുരക്ഷയുടെ ഭാഗമായാണ് ഇത്തരം ഫീച്ചറുകള്‍ മൊബൈൽ നിർമാതാക്കൾ അവതരിപ്പിക്കുന്നത്. എന്നാൽ സ്വൈപ് പോലും ഹാക്കർമാർക്ക് നല്ലൊരു ആയുധമാണെന്നാണ് പുതിയ കണ്ടെത്തൽ.

ഓസ്ട്രേലിയയിലെ ഡേറ്റ61 എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് നിർണായകമായ കണ്ടെത്തൽ നടത്തിയത്. ഫോണിൽ ഉപയോക്താവ് സ്വൈപ് ചെയ്യുമ്പോൾ ഒരു ആപ്ലിക്കേഷനിലൂടെ ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശിക്കാനാകുമെന്നാണ് ഇവരുടെ പഠനം തെളിയിച്ചത്. ടച്ച് ട്രാക്ക് എന്ന ഗെയിമിങ് ആപ്ലിക്കേഷൻ വികസിപ്പിച്ച് ഇതുവഴിയായിരുന്നു ഇവരുടെ പരീക്ഷണം.

മൂന്നു തരത്തിലുള്ള ഓപ്പണ്‍ സോഴ്സ് ഗെയിമുകളാണ് ആപ്ലിക്കേഷനിലുള്ളത്. – 2048 (സ്വൈപുകൾക്കായി), ലെക്സിക്ക (ടാപ്പുകൾക്കായി), ലോഗോ മാനിയാക് (കീ സ്ട്രോക്കുകൾക്കായി) എന്നീ ഗെയിമുകൾ സ്ക്രീനിൽ നടത്തുന്ന എഴുത്തുകളും സ്വൈപുകളും തന്നെ ഉപയോക്താക്കളെ കുറിച്ചുള്ള യഥാക്രമം 73.7 ശതമാനവും 68.6 ശതമാനവും വിവരങ്ങൾ നൽകിയതായി പഠന സംഘം വെളിപ്പെടുത്തി.

രണ്ടോ മൂന്നോ വ്യത്യസ്ത അംഗവിക്ഷേപങ്ങൾ ചേർക്കുമ്പോൾ ഉപയോക്താക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ഉദാഹരണത്തിന് സ്വൈപ്, എഴുത്ത്, കീ സ്ട്രോക്ക് എന്നിവ കൂടി ചേർന്നാൽ 98.5 ശതമാനം വിവരങ്ങളും മനസിലാക്കാൻ കഴിയും. സ്പെയിനിലെ ബാഴ്സലോണയിലാണ് ഇവർ പഠന റിപ്പോർട്ട് അവതരിപ്പിച്ചത്.