ഗൂഗിളിന് ‘ആധാർ സഹായ’ നമ്പർ എങ്ങനെ കിട്ടി; പറഞ്ഞത് കള്ളമോ?

സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും ഫോണുകളിൽ നമ്പർ പ്രത്യക്ഷപ്പെട്ടതിൽ കുറ്റമേറ്റെടുത്ത് ഗൂഗിൾ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇത് ആധാർ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം നൽകിയതല്ലെന്നും ഫോണുകളിലെ ആൻഡ്രോയിഡ് സോഫ്റ്റ്‌വെയറിലെ ഒരു പ്രശ്നം കാരണമാണെന്നും ഗൂഗിൾ അറിയിച്ചത്. എന്നാൽ ട്രായി ഈ നമ്പർ ഔദ്യോഗികമായി പുറത്തിറക്കും മുൻപെ സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിനു എവിടെ നിന്നു കിട്ടിയെന്നാണ് ടെക് വിദഗ്ധർ ചോദിക്കുന്നത്.

2014 മുതലാണ് രാജ്യത്തെ വിവിധ മൊബൈൽ ഫോണുകളിൽ 1800–300–1947 എന്ന ടോൾഫ്രീ നമ്പർ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ട്രായിയുടെ രേഖകൾ പ്രകാരം 2015 ലാണ് 112 എന്ന നമ്പർ ഉപയോഗിക്കാനുള്ള നിർദ്ദേശം ട്രായി മുന്നോട്ടുവയ്ക്കുന്നത്. 112 നമ്പറിൻമേൽ സർക്കാർ ഉത്തരവ് വരുന്നതോ 2016 മേയിലും. പിന്നെ എങ്ങനെയാണ് രണ്ടു വർഷം മുൻപെ ഗൂഗിൾ ഈ നമ്പർ അബദ്ധത്തിൽ ചേർത്തതെന്നാണ് മിക്കവരും ചോദിക്കുന്നത്.

സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടേതായി (യുഐഡിഎഐ) പലരുടെയും മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ട ഹെൽപ് ലൈൻ നമ്പർ തങ്ങളുടേതല്ലെന്ന് ആധാർ അതോറിറ്റി വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കൾ സേവ് ചെയ്യാത്ത നമ്പർ മൊബൈൽ ഫോണിൽ പ്രത്യക്ഷപ്പെട്ടതു വിവാദമായതിനു പിന്നാലെയാണ് യുഐഡിഎഐ അധികൃതർ വിശദീകരണം നൽകിയത്. 1800–300–1947 അല്ല 1947 ആണ് യുഐഡിഎഐയുടെ സഹായ നമ്പറെന്നും ഇത് രണ്ടു വർഷത്തിലേറെയായി പ്രവർത്തനക്ഷമമാണെന്നും വിശദീകരണമുണ്ടായി.

എന്നാൽ ആൻഡ്രോയ്ഡ് സെറ്റ്അ‌പ് സഹായത്തിൽ വിഷമഘട്ടങ്ങളിൽ ബന്ധപ്പെടേണ്ടതായി നൽകേണ്ട 112 എന്ന നമ്പരിനു പകരം കോഡിങ്ങിലെ അശ്രദ്ധ കാരണം ആധാർ സഹായ നമ്പർ കടന്നുകൂടിയതാണ് പ്രശ്നത്തിനിടയാക്കിയതെന്ന് ഗൂഗിൾ ഔദ്യോഗിക ഇ–മെയിലിലൂടെ അറിയിച്ചിരുന്നു.