അയച്ച ജിമെയില്‍ സന്ദേശം തിരിച്ചു വിളിക്കാം; പുതിയ ഫീച്ചർ ആൻഡ്രോയ്ഡിലും

ഗൂഗിൾ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ 2015ല്‍ ലഭ്യമാക്കിയിരുന്നു. അടുത്ത വര്‍ഷം തന്നെ അത് ഐഒഎസിലും നല്‍കിയിരുന്നു. എന്നാല്‍, സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ആ ഫീച്ചര്‍ ഇതുവരെ നല്‍കിയിരുന്നില്ല. ഇപ്പോൾ ആന്‍ഡ്രോയിഡിലെ ജിമെയില്‍ ആപ്പിന്റെ 8.7 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. 

ഡെസ്‌ക്ടോപ് വേര്‍ഷനോടു വളരെ സമാനതപുലര്‍ത്തുന്ന രീതിയിലാണിത്. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ എത്ര സമയം വരെ തിരിച്ചു വിളിക്കാമെന്നത് സെറ്റു ചെയ്യാം. അങ്ങനെ സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ ആദ്യ പതിപ്പിലില്ല. ഈ ഫീച്ചര്‍ വേണ്ടന്നുവയ്ക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടില്ല.

പുതിയ ഫീച്ചറില്‍ ഒരു മെയില്‍ സെന്‍ഡു ചെയ്യുമ്പോൾ മെയില്‍ ബോക്‌സിനു താഴെ പ്രത്യക്ഷപ്പെടുന്ന സെന്‍ഡിങ് (sending) സ്‌നാക്ബാറില്‍ സ്പര്‍ശിച്ചാല്‍ അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാം. അയച്ചു കഴിഞ്ഞും സെന്റ് മെസേജ് 'അണ്‍ഡൂ' ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. ഇത് ജിമെയില്‍ 8.7 ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ഇതിപ്പോള്‍ ലഭിക്കാത്തവര്‍ പ്ലേസ്റ്റോറില്‍ പുതിയ വേര്‍ഷന്‍ ഉണ്ടോ എന്നു നോക്കുന്നതു നന്നായിരിക്കും.

'അണ്‍ഡൂ സെന്‍ഡ്' ഫീച്ചര്‍ ജിമെയില്‍ ലാബ്‌സില്‍ 2009 മുതല്‍ ലഭ്യമായിരുന്നു. എന്നാല്‍ വെബിനു വേണ്ടിയുള്ള ആദ്യ ആല്‍ഫാ വേര്‍ഷന്‍ 2015ലാണ് ഇറക്കിയത്. അടുത്ത കാലത്ത് ജിമെയിൽ അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍ കോണ്‍ഫിഡെന്‍ഷ്യല്‍ മോഡ് (Confidential Mode) ആണ്. ഇതുപയോഗച്ച് അയയ്ക്കുന്ന മെയിലുകള്‍ സ്വയം നശിപ്പിക്കുന്നവയാണ് (self-destructing).