ഗൂഗിൾ നവലേഖ മലയാളത്തിൽ വിപ്ലവമാകും; വരുമാനവും കിട്ടും

ഡിജിറ്റലൈസേഷനോടു മുഖം തിരിച്ചു നിൽക്കുന്ന ആയിരക്കണക്കിനു പ്രസിദ്ധീകരണങ്ങളെ ഓൺലൈനാക്കാൻ പുതിയ പദ്ധതിയുമായി ഗൂഗിൾ. ഗൂഗിൾ ഫോർ ഇന്ത്യ വാർഷിക പരിപാടിയിൽ അവതരിപ്പിച്ച ‘നവലേഖ’ പിഡിഎഫ് രൂപത്തിലുള്ള ഇന്ത്യൻ ഭാഷകളിലുള്ള കൃതികൾ എഡിറ്റ് ചെയ്യാവുന്ന തരത്തിലേക്കും, വളരെ എളുപ്പത്തിൽ വെബ്സൈറ്റുണ്ടാക്കി ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കാവുന്ന തരത്തിലേക്കും മാറ്റാനുള്ള ബ‍ൃഹത്തായ പദ്ധതിയാണ്. 

പുസ്തകങ്ങളും മാഗസിനുകളും ഓൺലൈൻ പതിപ്പില്ലാത്ത പത്രങ്ങൾക്കും എല്ലാം തങ്ങളുടെ നിലവിലുള്ള അച്ചടി പതിപ്പിനെ വളരെ എളുപ്പത്തിൽ ഓൺലൈനാക്കാനും അങ്ങനെ ഇന്റർനെറ്റിലെ പ്രാദേശിക ഭാഷാസാന്നിധ്യം വർധിപ്പിക്കാനും വഴിയൊരുക്കുന്നതാണു ഗൂഗിൾ നവലേഖ. പ്രസാധകർ‌ക്കു മാത്രമല്ല, പഴയ ഗ്രന്ഥങ്ങളും സർക്കാർ രേഖകളും സർവകലാശാലാ പ്രബന്ധങ്ങളുമെല്ലാം വെബ്പേജ് രൂപത്തിലാക്കാൻ നവലേഖ സഹായിക്കും. 

ഇന്റർനെറ്റിൽ ഇന്ത്യൻ ഭാഷകൾ എന്തുകൊണ്ടാണു വളരാത്തത് എന്ന അന്വേഷണം ആണു നവലേഖ പദ്ധതിയുടെ പിന്നിൽ. മറ്റു രാജ്യങ്ങളിൽ ഡിജിറ്റലൈസേഷൻ ഉള്ളടക്കത്തെ ഓൺലൈനാക്കിയപ്പോൾ ഇന്ത്യയിൽ അത് ഏറെയും പിഡിഎഫ് രൂപത്തിലേക്കാണു മാറിയത്. 

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ രേഖകളുടെ ഡിജിറ്റലൈസേഷൻ അവ പിഡിഎഫ് രൂപത്തിലേക്കു മാറ്റുന്നതിൽ അവസാനിച്ചു. ഡിജിറ്റലൈസേഷനിൽ നമ്മുടെ ഭരണസംവിധാനങ്ങൾക്കും പ്രസാധകർക്കും സംഭവിച്ച പിഴവുകളിലൊന്നായിരുന്നു ഈ പിഡിഎഫ് ഭ്രമം. ഡിജിറ്റലൈസ് ചെയ്ത മിക്കവാറും രേഖകൾ പിഡിഎഫ് രൂപത്തിലാക്കുകയും ഇവയുടെ ടെക്സ്റ്റ് പതിപ്പുകൾ നഷ്പ്പെട്ടു പോവുകയും ചെയ്തതോടെ പിഡിഎഫിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കോടിക്കണക്കിനു പേജുകൾക്ക് ഇന്റർനെറ്റിൽ പ്രവേശനമില്ലാതായി. 

യൂണികോഡിന്റെ വികസനദശയിൽ പ്രാദേശിക ഭാഷാ രേഖകളും കൃതികളും സുരക്ഷിതമായി സൂക്ഷിക്കാൻ പിഡിഎഫ് ആയിരുന്നു മാർഗം. യുണികോഡ് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളെ മികവോടെ അവതരിപ്പിച്ചെങ്കിലും ഡിജിറ്റലൈസേഷൻ പിഡിഎഫ്‌ വൽക്കരണത്തിൽ ഒതുങ്ങി നിന്നു. പിഡിഎഫ് രൂപത്തിലുള്ള ലക്ഷക്കണക്കിനു പേജുകളെ എളുപ്പത്തിൽ യുണികോഡിലാക്കി ഓൺലൈനാക്കുക എളുപ്പവുമല്ല. ഈ പ്രതിസന്ധിക്കു പരിഹാരമാണു ഗൂഗിൾ നവലേഖ.

ഗൂഗിളുമായി സഹകരിച്ച് നവലേഖ ഉപയോഗിച്ചു പ്രസാധകർക്കും ലൈബ്രറികൾക്കും സർക്കാർ ഏജൻസികൾക്കുമെല്ലാം പിഡിഎഫ് രൂപത്തിൽ ഡിജിറ്റലൈസ് ചെയ്ത സൃഷ്ടികളും രേഖകളും ഓൺലൈനാക്കാം. ഒരു എഡിറ്റിങ് സോഫ്റ്റ്‍വെയർ എന്നതിനെക്കാൾ ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ മനസ്സിലാവുന്ന നിർമിതബുദ്ധിയാണു നവലേഖ. പിഡിഎഫ് ആയി സേവ് ചെയ്തിട്ടുള്ള മലയാളം കൃതിയിലെ അക്ഷരങ്ങൾ എന്താണെന്നു നിർമിബുദ്ധിയുടെ സഹായത്തോടെ മനസ്സിലാക്കിയാണു നവലേഖ അവ വീണ്ടും ടെക്സ്റ്റ് രൂപത്തിലേക്കു മാറ്റുക.

അച്ചടി രൂപത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പതിനായിരക്കണക്കിനു പ്രസിദ്ധീകരണങ്ങളെ ഓൺലൈനാക്കുന്നതിനുള്ള സമഗ്രപദ്ധതിയാണു ഗൂഗിൾ മുന്നോട്ടു വയ്ക്കുന്നത്. പിഡിഎഫ് ഗ്രന്ഥങ്ങളെ വെബ്സൈറ്റുകളാക്കി മാറ്റുന്നതിനു മാത്രമല്ല, അവയിൽ നിന്നു ഗൂഗിൾ ആഡ്സെൻസ് മുഖേന പരസ്യവരുമാനം നേടുന്നതിനുള്ള വഴികളും കൂടി ചേർന്നതാണു നവലേഖ പദ്ധതി. നവലേഖ പദ്ധതിയിൽ പങ്കുചേർന്ന് പിഡിഎഫ് രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും രേഖകളും പത്രങ്ങളുമെല്ലാം വെബ്സൈറ്റ് രൂപത്തിലാക്കാൻ ആഗ്രഹിക്കുന്നവർ സന്ദർശിക്കുക: navlekha.withgoogle.com

പ്രാദേശിക വായനകൾ

പ്രാദേശിക ഭാഷകളിലുള്ള വെബ്സൈറ്റുകൾ വായിച്ചുതരാനും ഗൂഗിളിന്റെ നിർമിത ബുദ്ധി സഹായിക്കും. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലുള്ള വെബ്സൈറ്റുകൾ വായിച്ചു കേൾപ്പിക്കുന്ന സംവിധാനമാണു ഗൂഗിൾ പുതുതായി അവതരിപ്പിച്ചത്. നേരത്തേ ഈ സംവിധാനം ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ലോകത്തെ പ്രമുഖ ഭാഷകളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ.