ലൈംഗികപീഡനം കണ്ടെത്താൻ ഗൂഗിളിന്റെ ‘മൂന്നാം കണ്ണ്’

ഓണ്‍ലൈനിലെ കുട്ടികൾക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് നിർമിത ബുദ്ധിയുമായി (AI) ഗൂഗിള്‍. ചിത്രങ്ങള്‍ തിരിച്ചറിയുന്ന സാങ്കേതികവിദ്യക്കൊപ്പം മനുഷ്യരുടെ കൂടി നിയന്ത്രണത്തിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക. പുതിയതായി ഓണ്‍ലൈനിലെത്തുന്ന ബാലപീഡനങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും അതിവേഗത്തില്‍ ഈ സംവിധാനത്തിന് തിരിച്ചറിയാനാകും. 

ഒരിക്കല്‍ പിടികൂടിയ ബാലപീഡന ദൃശ്യങ്ങള്‍ വീണ്ടും ഓണ്‍ലൈനില്‍ വരുന്നത് തടയുന്നതിനുള്ള സംവിധാനം നിലവില്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, പുതിയതായി വരുന്ന ഇത്തരം ദൃശ്യങ്ങളും ചിത്രങ്ങളും തിരിച്ചറിയാന്‍ പലപ്പോഴും വൈകാറുണ്ട്. ഈയൊരു കുറവ് പരിഹരിക്കുകയാണ് പുതിയ എഐ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. 

ഗൂഗിളിന്റെ എഐ സംവിധാനം കണ്ടെത്തുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മനുഷ്യരായിരിക്കും അന്തിമ വിശകലനം നടത്തുക. ഇതിനായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ സേവനം തേടാനാണ് ഗൂഗിള്‍ ശ്രമം. 

എത്രയും വേഗത്തില്‍ ഇത്തരം അതിക്രമങ്ങള്‍ കണ്ടെത്തുകയെന്നാല്‍ കുട്ടികളെ ഭാവിയിലെ പീഡനങ്ങളില്‍ നിന്നും രക്ഷിക്കുകയെന്ന അര്‍ഥം കൂടിയുണ്ടെന്ന് ഇത് സംബന്ധിച്ച ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ വ്യക്തമാക്കുന്നത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും പങ്കാളികള്‍ക്കും തങ്ങളുടെ എഐ സംവിധാനം സൗജന്യമായി നല്‍കുമെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

നിലവിലുള്ള സംവിധാനത്തേക്കാള്‍ 700 ശതമാനം മികച്ച പ്രകടനമാണ് പുതിയ എഐ നടത്തുന്നതെന്നാണ് ഗൂഗിളിന്റെ പരീക്ഷണകാലത്തെ കണ്ടെത്തല്‍. നിലവില്‍ യുകെ ആസ്ഥാനമായുള്ള ഇന്റര്‍നെറ്റ് വാച്ച് ഫൗണ്ടേഷന്‍ പോലുള്ള സംഘടനകളുമായി ഗൂഗിള്‍ കരാറിലെത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇത്തരം സംഘടനകള്‍ വഴി ബാലപീഡനം വേഗത്തില്‍ കണ്ടെത്തി ആവശ്യമുള്ളവര്‍ക്ക് നിയമസഹായം എത്തിക്കുകയും കുറ്റക്കാരെ നിയമത്തിന് കീഴില്‍ കൊണ്ടുവരികയും കൂടി ഇതുവഴി സാധിക്കും. 

ബ്രിട്ടനിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ 2012നെ(10384) അപേക്ഷിച്ച് 700 ശതമാനം വര്‍ധിച്ച് കഴിഞ്ഞവര്‍ഷം 82109ലെത്തിയിരുന്നു. ഇതില്‍ ഓണ്‍ലൈനില്‍ ബാലപീഡനം ആസ്വദിക്കുന്ന സംഭവങ്ങളും നിരവധിയായിരുന്നു. ഓണ്‍ലൈന്‍ ദുരുപയോഗത്തിനെതിരെ സിലിക്കണ്‍ വാലിയിലെ കമ്പനികളോട് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ഗൂഗിള്‍ പുതിയ കൃത്രിമബുദ്ധിയുടെ സഹായത്തിലുള്ള സംവിധാനവുമായി എത്തിയിരിക്കുന്നത്.