Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിന്റേത് ധിക്കാര നടപടി; കാത്തിരിക്കുന്നത് ദുരന്തം, മൈക്രോസോഫ്റ്റിന്റെ ഗതി?

trump-Sundar-Pichai

ഇരുപതാം ജന്മദിനം ആഘോഷിക്കുന്ന ഗൂഗിളിന് പറയാനുള്ളത് ലോകത്തെ ഏറ്റവും വലിയ ബിസിനസ് വിജയങ്ങളുടെ കഥകളിലൊന്നാണ്. അതിന്റെ സ്ഥാപകരായ സെര്‍ഗായ് ബ്രിന്നും, ലാറി പേജും 20 വര്‍ഷം മുൻപ് ലോകത്തുള്ള അറിവുകളെ മുഴുവന്‍ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ എന്ന സേര്‍ച് എൻജിന്‍ തുടങ്ങിയത്. എന്നാല്‍, കാലക്രമേണ കമ്പനിക്ക് വേഷപ്പകര്‍ച്ച വന്ന് അത് സ്മാര്‍ട് ഫോണിലേക്കും, ഓണ്‍ലൈന്‍ വിഡിയോയിലേക്കും, ഇമെയ്‌ലിലേക്കും, മാപ്‌സിലേക്കും, ആർട്ടിഫിഷ്യള്‍ ഇന്റലിജന്‍സിലേക്കും മറ്റനവധി കാര്യങ്ങളിലേക്കും പകര്‍ന്നാടി ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ കമ്പനിയായിരിക്കുന്നു. അമേരിക്കയിലെയും ലോകമെമ്പാടുമുള്ള ടെക്‌നോളജി അവബോധമുളള ജനപ്രതിനിധികളും നിയമജ്ഞരും ചോദിക്കുന്ന ചോദ്യം ഗൂഗിളിന് അമിത ശക്തിയുണ്ടോ എന്നാണ്.

BELGIUM-EU-ANTITRUST-GOOGLE-ANDROID

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ദിവസവും ഗൂഗിളിന്റെ ഒരു സര്‍വീസെങ്കിലും ഉപയോഗിക്കാതിരിക്കില്ല. ഗൂഗിളിന്റെ സര്‍വീസുകള്‍ അത്രമേല്‍ സര്‍വസാധാരണവും ഒഴിവാക്കാനാവാത്തതുമാണ്. ഇതിലൂടെ ഗൂഗിള്‍ ലോകത്തെ മനുഷ്യരെപ്പറ്റിയുള്ള സ്വകാര്യ വിവരങ്ങള്‍ വേണ്ടുവോളം ഊറ്റിയെടുത്തുകൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ പടിവാതില്‍ക്കല്‍ത്തന്നെ ഗൂഗിളിന്റെ സേര്‍ച് എൻജിന്‍ അക്ഷരാര്‍ഥത്തില്‍ വാ പിളര്‍ന്നു നില്‍പ്പുണ്ട്. തന്റെ സേര്‍ച്ച് ഗൂഗിള്‍ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുക എന്നതിനെപ്പറ്റി നല്ല ബോധ്യം വന്നാല്‍ എത്രപേര്‍ ഈ സേവനം ഉപയോഗിക്കുമെന്നതാണ് ഒരു ചോദ്യം. സേര്‍ച്ചിലും വിഡിയോയിലും അടക്കം നിരവധി മേഖലകളില്‍ മേധാവിത്തം പുലര്‍ത്തുന്ന ഗൂഗിള്‍ ഈ വര്‍ഷം പരസ്യ വരുമാനമായി നേടാന്‍ പോകുന്നത് ഏകദേശം 110 ബില്ല്യന്‍ ഡോളറാണത്രെ. ലോകത്തെ 80 ശതമാനം സ്മാര്‍ട് ഫോണുകളിലും കാണപ്പെടുന്ന ആന്‍ഡ്രോയിഡില്‍ നിന്നാണ് ഇതില്‍ സിംഹഭാഗവും കമ്പനി ഉണ്ടാക്കുന്നത്. ഏറ്റവും വലിയ വിഡിയോ ഷെയറിങ് സൈറ്റായ യുട്യൂബ്, ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ബ്രൗസറായ ക്രോം, അതുപോലെ ജിമെയില്‍, മാപ്‌സ് തുടങ്ങിയ സേവനങ്ങളും കമ്പനിക്കു ശക്തി പകരുന്നു.

google-office-

ഗൂഗിളിനെ കൂടെ നിയന്ത്രിക്കാനായി ഉണ്ടാക്കിയ കമ്പനിയായ ആല്‍ഫബെറ്റിന്റെ ഇപ്പോഴത്തെ ആസ്തി 800 ബില്ല്യന്‍ ഡോളറാണത്രെ. ഈ വര്‍ഷം കിട്ടാന്‍ പോകുന്ന പൈസയും കൂടെ കൂട്ടുക. ഏകദേശം ഒരു ലക്ഷം ഡോളര്‍ മത്രം മുതല്‍മുടക്കില്‍ തുടങ്ങിയ കമ്പനിയുടെ പുരോഗതി അത്ര മോശമല്ല, അല്ലെ? ഇവിടെയാണു രസം. ഗൂഗിളിന്റെ എല്ലാ സര്‍വീസുകളും ഫ്രീയാണ്! പിന്നെ എങ്ങനെയാണ് കമ്പനി ഈ പൈസ മുഴുവന്‍ ഉണ്ടാക്കുന്നത്? മിക്ക ഇന്റര്‍നെറ്റ് ഉപയോക്താവിലേക്കും തുരങ്കം തീര്‍ത്തിരിക്കുകയാണ് ഗൂഗിള്‍. അയാളുടെ സ്വകാര്യ വിവരങ്ങള്‍ അടക്കമുള്ള ഡേറ്റ ശേഖരിച്ചും വിറ്റുമൊക്കെയാണ് ഗൂഗിള്‍ കാശുണ്ടാക്കുന്നതെന്നാണ് ആരോപണം. ഇത്തരം ആരോപണം വച്ചാല്‍ കമ്പനിയില്‍ നിന്നു കിട്ടുന്ന പ്രതികരണം തങ്ങളുടെ സര്‍വീസ് ആളുകള്‍ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ഉപയോഗിക്കുന്നതെന്നാണ്. ഈ സര്‍വീസുകള്‍ ഫ്രീ ആയി നിലനിര്‍ത്താന്‍ ചിലവുണ്ട്. അതുകൊണ്ടാണ് തങ്ങള്‍ ഈ ബിസിനസ് മോഡല്‍ പിന്തുടരുന്നതെന്ന രീതിയിലായിരിക്കും.

Google-

ടെക് അവലോകകര്‍ ഇപ്പോള്‍ ഗൂഗിളിന്റെ വിജയത്തെയും ഇപ്പോഴത്തെ സ്ഥിതിയെയും ഗൂഗിള്‍ ചിവിട്ടി മെതിച്ച ഒരു കമ്പനിയുമായാണ് താരതമ്യം ചെയ്യുന്നത്- മൈക്രോസോഫ്റ്റ്. 1998ല്‍, ഗൂഗിള്‍ തുടങ്ങുന്ന കാലത്ത് മൈക്രോസോഫ്റ്റിന്റെ ശക്തിയില്‍ അമേരിക്കന്‍ അധികാരികള്‍ ആശങ്കാകുലരായിരുന്നു. തങ്ങളുടെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഏകാധിപത്യത്തിലൂടെ അവര്‍ ടെക്‌നോളജി ബിസിനസില്‍ എതിരില്ലാത്ത കമ്പനിയായി തീര്‍ന്നിരുന്നു. ഈ ഏകാധിപത്യം തുടരാതിരിക്കാന്‍, അമേരിക്ക മൈക്രോസോഫ്റ്റിനെ മുറിച്ച് ചെറിയ കമ്പനികളാക്കുന്ന കാര്യം വരെ പരിഗണിച്ചിരുന്നു. മൈക്രോസോഫ്റ്റിനെ മുറിച്ചു ചെറിയ കമ്പനികളാക്കിയില്ല. പക്ഷേ, അമേരിക്കയോടും യൂറോപ്പിലെ അധികാരികളോടും പല തലത്തില്‍ യുദ്ധം ചെയ്യേണ്ടിവന്ന മൈക്രോസോഫ്റ്റിന് തങ്ങളുടെ ശ്രദ്ധ പാളി. ഈ സമയത്താണ് ഗൂഗിളും ആപ്പിളും മുന്‍പന്തിയിലേക്കു വരുന്നത്. ഒരു പക്ഷേ, മൈക്രോസോഫ്റ്റ് അവരുടെ മുഴുവന്‍ പ്രഭാവത്തോടെയും നില്‍ക്കുന്ന സമയമായിരുന്നെങ്കില്‍ ഗൂഗിള്‍ സേര്‍ച്ചിനെയും വാങ്ങി തങ്ങളുടെ തൊഴുത്തില്‍ കെട്ടിയേനെ. അന്നത്തെ മൈക്രോസോഫ്റ്റിന്റെ അവസ്ഥയിലാണ് ഇന്നു ഗൂഗിള്‍ എന്നാണ് ടെക് അവലോകകര്‍ പറയുന്നത്. 

ഇപ്പോള്‍ അമേരിക്കന്‍ സർക്കാരിന്റെ ശ്രദ്ധ ഗൂഗിളില്‍ പതിഞ്ഞിരിക്കുകയാണ് എന്നാണ് എഴുത്തുകാരനായ കെന്‍ (Ken Auletta) പറഞ്ഞത്. 2009ല്‍ അദ്ദേഹത്തിന് തന്റെ പുസ്തകമെഴുതാനായി ഗൂഗിള്‍ തങ്ങളുടെ എല്ലാ വാതിലുകളും തുറന്നു കൊടുത്തിരുന്നു. അദ്ദേഹം അന്നെഴുതിയ പുസ്തകമാണ്- നമുക്കറിയാവുന്ന ലോകം ഗൂഗിളിനാല്‍ അവസാനിപ്പിക്കപ്പെടുന്നു ('Googled: The End of the World As We Know It.') എന്നത്. 

old-google

ഗൂഗിളിന്റെ പതനം അടുത്തു എന്നു പറയുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത് അവരുടെ ഇപ്പോഴത്തെ അഹങ്കാരമാണ്. ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് ഒരു നാണവുമില്ലാതെ കടന്നുകയറുന്നതും, ആന്‍‌ഡ്രോയിഡ് ആപ് നിര്‍മാതാക്കളോടുള്ള സമീപനവും തുടങ്ങി ആരോപണങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. ഇതൊക്കെ തീര്‍ത്തും ഗൗനിക്കാതെ നടക്കുന്ന കമ്പനി അതേ രീതിയില്‍ തന്നെ കഴിഞ്ഞാഴ്ച അമേരിക്കന്‍ സർക്കാരിനോടും പെരുമാറി. അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള ഒരു ന്യായവിചാരണയില്‍ പങ്കെടുക്കാന്‍ അവരോടും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കമ്പനി മേധവിയായ ലാറി പേജോ, ഏറ്റവും കുറഞ്ഞത് ഗൂഗിളിന്റെ മേധാവിയായ സുന്ദര്‍ പിച്ചൈയോ എത്തേണ്ട മീറ്റിങ്ങിലേക്ക് അവര്‍ ആരെയും അയച്ചില്ല. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും പ്രതിനിധികള്‍ എത്തിയെങ്കിലും ഗൂഗിളിനായി ഇട്ടിരുന്ന കസേര ഒഴിഞ്ഞു കിടന്നിരുന്നു. ഇതില്‍, ക്ഷുഭിതരായ അമേരിക്കന്‍ നിയമനിര്‍മാതാക്കള്‍ ഗൂഗിളിനെ ധാര്‍ഷ്ട്യമുള്ള കമ്പനി എന്നാണ് വിശേഷിപ്പിച്ചത്.

old-office-google

യൂറോപ്യന്‍ കമ്മിഷന്‍ ഏകദേശം 7.8 ബില്ല്യന്‍ ഡോളര്‍ ഗൂഗിളിന് പിഴയിട്ടത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ഗൂഗിളിന്റെ ബിസിനസ് രീതിയെ അതിനിശിതമായി അവര്‍ അന്ന് വിമര്‍ശിക്കുകയും ചെയ്തിരുന്നു. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് ഗൂഗിളിന്റെത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും, അവിടുള്ള നിയമപാലകരും ഗൂഗിളിന്റെ ബിസിനസ് രീതികളിലേക്കും, സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തലിനെക്കുറിച്ചും പുതിയ അന്വേഷണം നടത്താനൊരുങ്ങുകയാണെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. പെട്ടെന്ന് ഗൂഗിളിന് ക്ഷീണമൊന്നും സംഭവിക്കില്ല. പക്ഷേ, അടുത്ത പത്തു കൊല്ലം അവര്‍ നിയമങ്ങള്‍ക്കെതിരെ പടവെട്ടി സ്വന്തം സാമ്രാജ്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയായിരിക്കും ചെയ്യുക. ആദ്യ രണ്ടു പതിറ്റാണ്ടുകളില്‍ കണ്ട ഗൂഗിളിന്റെ പുതുമകള്‍ക്കു പിറകെ പായാനുള്ള താത്പര്യം ഇനിയുള്ള കാലം ഉണ്ടായിരിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു എന്നാണ് ഒരു കൂട്ടം വിശകലനവിദഗ്ധര്‍ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.