ട്രംപിനെതിരെ പിച്ചൈയുടെ പ്രസംഗം; രഹസ്യ വിഡിയോ പുറത്ത്, വിവാദം കത്തുന്നു

ഫോട്ടോ കടപ്പാട്: Breitbart

യുഎസ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയുള്ള ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയുടെ സംഭാഷണത്തിന്‍റെ വിഡിയോ പുറത്ത്. 2016ലെ തിരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനത്തിനു ശേഷം ഗൂഗിളിൽ നടന്ന ആഭ്യന്തര യോഗത്തിൽ സ്ഥാപനത്തിന്‍റെ ഉന്നതസ്ഥാനത്തിരിക്കുന്നവർ സഹജീവനക്കാരെ ആശ്വസിപ്പിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ട്രംപിന്‍റെ ജയം ഗൂഗിളിനകത്ത് ഏറെ ഭീതി സൃഷ്ടിച്ചിരിക്കുകയാണെന്ന് സംഭാഷണത്തിൽ പിച്ചൈ പറയുന്നുണ്ട്. ആൾഫബെറ്റിന്‍റെ പ്രസിഡന്‍റ് സെർജി ബ്രിനും യോഗത്തിൽ പങ്കെടുത്തിരുന്നു. ഗൂഗിളിന്‍റെ രാഷ്ട്രീയമായ ചായ്‍വ് വ്യക്തമാക്കുന്നതാണ് ഈ സംഭാഷണമെന്നും കമ്പനിയുടെ മേൽ സൂക്ഷ്മനിരീക്ഷണം വേണമെന്നും കൺസർവേട്ടീവ് നേതാക്കൾ ആവശ്യപ്പെട്ടു.

ട്രംപിന്‍റെ തന്ത്രങ്ങൾ ഒരുക്കിയിരുന്നവരിൽ പ്രധാനിയായിരുന്ന സ്റ്റീഫൻ ബെനൻ മുൻപ് നേതൃത്വം നല്‍കിയിരുന്ന ബ്രെയ്റ്റ്‍ബാർട്ട് എന്ന വാർത്ത വെബ്സൈറ്റാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. അതിർത്തികളിലെ പരിശോധന ഉൾപ്പെടെ കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടികള്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കുടിയേറ്റക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്വാന്തനപ്പെടുത്താനുള്ള ശ്രമം മാത്രമാണ് നടന്നതെന്നാണ് ഗൂഗിളിന്‍റെ വിശദീകരണം. രാഷ്ട്രീയ നിലപാടുകളിലെ എല്ലാവശവും മനസിലാക്കാൻ ശ്രമിക്കണമെന്ന് ജീവനക്കാരെ ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പീപ്പിൾസ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്‍റ് എയ്‍ലീൻ നൗട്ടന്‍ വിശദമാക്കി.

ട്രംപിനെ വിലകുറച്ചു കാണാനും അദ്ദേഹത്തിന്‍റെ അനുയായികളെ നിശബ്ദരാക്കാനുമാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിഡിയോയെന്നാണ് കൺസർവേട്ടീവ് നേതാക്കളുടെ ആരോപണം. ഗൂഗിളിനെതിരെ അന്വേഷണം നടത്തണമെന്നും ചില വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവശ്യപ്പെട്ടു. യുഎസിന് എന്തുകൊണ്ട് തങ്ങളൊരു ഭീഷണിയല്ലെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കണമെന്ന് പ്രസിഡന്‍റിന്‍റെ പ്രചാരണ മാനേജരായ ബ്രാഡ് പർസ്കെയിൽ ആവശ്യപ്പെട്ടു.

സേർച്ച് എൻജിൻ രംഗത്തെ അതികായരായ ഗൂഗിൾ വിവാദത്തിലാകുന്നത് ഇതാദ്യമായല്ല. സെർച്ച് റിസൽട്ടുകളിൽ കൃത്രിമം കാണിച്ച് തന്നെ കുറിച്ചുള്ള തെറ്റായ വാർത്തകൾക്കാണ് ഗൂഗിൾ മുൻതൂക്കം നൽകുന്നതെന്ന് ട്രംപ് തന്നെ കഴിഞ്ഞ ഓഗസ്റ്റിൽ ആരോപിച്ചിരുന്നു. ഗൂഗിൾ ഇത് നിഷേധിക്കുകയും ചെയ്തു. തങ്ങളുടെ ഉൽപന്നങ്ങളുടെ നിര്‍മാണത്തെയോ പ്രവർത്തനരീതിയെയോ സ്വാധീനിക്കാൻ സാധിക്കുന്ന രീതിയിലുള്ള രാഷ്ട്രീയ ചായ്‍വുള്ള ഒന്നും തന്നെ യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന് ഗൂഗിൾ വ്യക്തമാക്കുന്നുണ്ടെങ്കിലും കമ്പനിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര സുഗമമാകാനിടയില്ലെന്നാണ് നിരീക്ഷകർ നൽകുന്ന സൂചന.