ഒളിഞ്ഞുനോട്ടം: ഗൂഗിളിനെതിരായ നീക്കം ഇന്റര്‍നെറ്റിന്റെ ഗതി മാറ്റുമോ?

യൂറോപ്യന്‍ യൂനിയന്റെ പുതിയ സ്വകാര്യത നിയമങ്ങള്‍ ഗൂഗിളും ഫെയ്‌സ്ബുക്കും അടക്കമുള്ള പല കമ്പനികളെയും ബിസിനസ് രീതിയെ നേരിട്ടു ബാധിച്ചേക്കും. പരസ്യം ബ്ലോക്ക് ചെയ്യുന്ന ബ്രേവ് ബ്രൗസറിന്റെ മേധാവി ബ്രെന്‍ഡന്‍ എയ്ച് ആണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂനിയന്റെ ജനറല്‍ ഡേറ്റാ പ്രോട്ടക്‌ഷന്‍ റെഗുലേഷന്‍ (GDPR) നിയമങ്ങളുടെ ലംഘനം നടത്തുന്നുവെന്നു കാണിച്ചു പരാതി നല്‍കിയത്. ആദ്യം ഗൂഗിളിനെതിരെയാണു പരാതി നല്‍കിയതെങ്കിലും പിന്നീട് ആഡ്‌ടെക് ബിസിനസ് (adtech businesses ) രീതി പിന്തുടരുന്ന മുഴുവന്‍ കമ്പനികള്‍ക്കുമെതിരെയാണ് പരാതിയെന്നു പറയുകയായിരുന്നു. 

ഔദ്യോഗികമായി നല്‍കിയ പരാതിയില്‍ പറയുന്നത് ഗൂഗിള്‍ അടക്കമുള്ള നൂറു കണക്കിനു ടെക് കമ്പനികള്‍ പരസ്യം നല്‍കുന്നതിനായി ഉപയോക്താക്കളുടെ ബ്രൗസിങ് രീതികള്‍ ഒളിഞ്ഞു നോക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ്. മുഴുവന്‍ യൂറോപ്പിലും ഉപയോക്താക്കളുടെ ഡേറ്റാ സ്വകാര്യ കമ്പനികള്‍ കൈകാര്യം ചെയ്യുന്ന രീതി വിശദമായി പരിശോധിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. 

റോയിട്ടേഴ്‌സിനു ലഭിച്ച പരാതിയില്‍ പറയുന്നത് ഗൂഗിളും മറ്റ് ആഡ്‌ടെക് കമ്പനികളും ചിട്ടയോടെയും വ്യപാകകമായും പുതിയ ഡേറ്റാ നിയമം ലംഘിക്കുന്നുവെന്നാണ് ആരോപിക്കുന്നത്. ഒരു വ്യക്തിയുടെ മനസറിഞ്ഞ ശേഷം പരസ്യം നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ഡേറ്റാ ലംഘനം നടക്കുന്ന രീതിയെ റിയല്‍-ടൈം ബിഡിങ് (real-time bidding) എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. രണ്ടു പ്രധാന വഴികളിലൂടെയാണ് ഇതു നടപ്പാക്കുന്നത്- ഓപ്പണ്‍ആര്‍ടിബി, ഓതറൈസ്ഡ് ബയേഴ്‌സ് (OpenRTB and Authorised Buyers) എന്നിവയാണ് അവ. അവയില്‍ ഓതറൈസ്ഡ് ബയേഴ്‌സ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബ്രേവിന്റെ ഞെട്ടിക്കുന്ന ആരോപണം ഇതാണ്- പരസ്യം നല്‍കാന്‍ വേണ്ട സ്വകാര്യ ഡേറ്റ മാത്രമല്ല ഇവര്‍ ഉപയോക്താക്കള്‍ അറിയാതെ ചര്‍ത്തുന്നതെന്നാണ് അവര്‍ പറയുന്നത്. ഒരാളുടെ വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും അവര്‍ ചോര്‍ത്തുന്നു- ലൈംഗിക താത്പര്യങ്ങള്‍, വംശീയത (ethnicity), രാഷ്ട്രീയ താത്പര്യങ്ങള്‍, തുടങ്ങിയവയെല്ലാം ചോര്‍ത്തുന്നുവെന്നാണ് ബ്രേവിന്റെ ആരോപണം. ഇതെല്ലാം ജിഡിപിആര്‍ നിയമപ്രകാരം നിരോധിക്കപ്പെട്ടിരിക്കുകയാണ്.

ഗുരുതരമായ ഡേറ്റ ചോര്‍ത്തല്‍ കണ്ടെത്തിയാല്‍ വൻ ഫൈന്‍ അടിക്കുമെന്നാണ് ജിഡിപിആര്‍ വ്യവസ്ഥകള്‍ പറയുന്നത്. കമ്പനിയുടെ ആഗോള വരുമാനത്തിന്റെ നാലു ശതമാനമാണ് പിഴയായി പിടിക്കുക. പുതിയ ആരോപണത്തിലും കഴമ്പുണ്ടെന്നു കണ്ടാല്‍ ഗൂഗിളിന് മറ്റൊരു വന്‍ പിഴ ഉടനെ അടിക്കും. അതിലേറെ ഗൂഗിളും മറ്റും അനുവര്‍ത്തിച്ചു പോരുന്ന ഡേറ്റാ പരിശോധിച്ചുള്ള പരസ്യ മോഡലിനും പരുക്കേൽക്കാം. പല ഓണ്‍ലൈന്‍ വ്യവസായികളും ഇങ്ങനെയാണ് പൈസയുണ്ടാക്കുന്നത് എന്നതാണ് ആരോപണം. പുതിയ പരാതിയുടെ അനന്തരഫലം ദൂരവ്യാപകവും, നാടകീയവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ഐടിഎന്‍ സൊളിസിറ്റേഴ്‌സിന്റെ പാര്‍ട്ട്ണര്‍ രവി നായിക് (Ravi Naik) റോയിട്ടേഴ്‌സിനോടു പറഞ്ഞത്. ഇത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുന്ന രീതി തന്നെ മാറ്റി മറിച്ചേക്കാമെന്നാണ് നായിക് പറയുന്നത്.

പരാതി നല്‍കിയ ബ്രേവ് പറയുന്നത് ഗൂഗിള്‍ സ്വകാര്യത ലംഘനം നടത്തുന്നതായി തങ്ങള്‍ക്ക് പരിപൂര്‍ണ്ണ ഉറപ്പുണ്ടെന്നാണ്. ഫ്രാന്‍സിലും ജര്‍മ്മനിയിലും അവര്‍ തങ്ങളുടെ ബ്രൗസറില്‍ ഗൂഗിളിനെ നീക്കി, ക്വോന്റ് (Qwant) നെ ഡീഫോള്‍ട്ട് സേര്‍ച് എൻജിനാക്കുക പോലും ചെയ്തു.

ഇന്റര്‍നെറ്റിലെ സ്വകാര്യതാ പ്രശ്‌നങ്ങള്‍ അറിയാവുന്ന എല്ലാവര്‍ക്കും അറിയാം ഗൂഗിളിനെതിരെയുള്ള ആരോപണം പുതിയതല്ലെന്ന്. ഗൂഗിളിന്റെ ബിസിനസ് രീതി പിന്തുടരുന്ന ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികളും ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറി അവരുടെ വളരെ സ്വകാര്യമായ കാര്യങ്ങള്‍ പോലും അറിയുന്നു. ഇത് പരസ്യം നല്‍കാനാണെന്നാണ് വയ്പ്പ്. ഇങ്ങനെ പര്യസ്യം നല്‍കുന്നതിലൂടെ ഒരു വ്യവസായം മുഴുവന്‍ പിടിച്ചു നില്‍ക്കുന്നു. ഉപയോക്താവിനും ഗുണം ലഭിക്കുന്നു. ഒരു പക്ഷേ, അവിടെ വരെയുള്ള കാര്യങ്ങള്‍ അംഗീകരിക്കാമെന്നു വച്ചാലും ബാക്കി ആരോപണങ്ങള്‍ക്ക് അര്‍ഥവത്തായ ഒരു മറുപടി പറയാന്‍ ഗൂഗിളും ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികള്‍ തയാറല്ല എന്നതാണ് സ്വന്തം സ്വകാര്യതയില്‍ ഉത്കണഠയുള്ളവരെ ഭയപ്പെടുത്തുന്ന കാര്യം. 

വ്യക്തിയെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ അയാളുടെ പേരില്‍ തന്നെ എക്കാലത്തേക്കുമായി ശേഖരിച്ചു വയ്ക്കുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ ആരോപണം. ഇന്ത്യയയടക്കം പല രാജ്യങ്ങളും സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുള്ളത് എന്തിനാണെന്നു ചിന്തിക്കുക. സ്വകാര്യത പരിരക്ഷിക്കാനും മറ്റും ഗൂഗിളും ഇതര കമ്പനികളും പല സെറ്റിങ്‌സും വച്ചിട്ടുണ്ട്. ഇവയൊന്നും കമ്പനികള്‍ മാനിക്കുന്നേയില്ല എന്നതാണ് അവര്‍ക്കെതിരെയുള്ള ഒരു വലിയ ആരോപണം. ലോകത്ത് ഏറ്റവും പ്രാധാന്യമുള്ളതാകാന്‍ പോകുന്നത് ഡേറ്റയാണെന്നത് ഈ കമ്പനികള്‍ക്ക് വ്യക്തമായി അറിയാം. രാജ്യങ്ങള്‍ പോലും സ്വകാര്യ ഡേറ്റയുടെ സാധ്യതകളെക്കുറിച്ച് മനസിലാക്കി വരുന്നതെയുള്ളു. പുതിയ പരാതിയില്‍ കാമ്പുണ്ടെന്നു കണ്ടാല്‍ ഗൂഗിളും മറ്റും ബിസിനസ് രീതി മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടേക്കാം. അങ്ങനെ സംഭവിച്ചാല്‍ അത് ഇപ്പോള്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളും സൃഷ്ടിച്ചേക്കാം.