ചൈനയിൽ സ്വകാര്യതയ്ക്ക് ‘പുല്ലുവില’, പാവം ജനങ്ങൾ, എവിടെയും ക്യാമറ!

നിങ്ങളുടെ ഓരോ പ്രവര്‍ത്തികളും ക്യാമറകള്‍ വഴി നിരീക്ഷിക്കപ്പെടുകയും നിര്‍മിത ബുദ്ധി നല്‍കുന്ന മാര്‍ക്കിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തേണ്ടി വരികയും ചെയ്താല്‍ എങ്ങനെയിരിക്കും? അത്തരമൊരു സാഹചര്യത്തിലൂടെ ചൈനക്കാര്‍ ജീവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴേ കുപ്രസിദ്ധമായ 'ബ്ലാക്ക് മിറര്‍' പദ്ധതിയിലൂടെ ലഭിക്കുന്നത്. 

ഓരോ പൗരന്മാരേയും സിസിടിവി ക്യാമറകള്‍ വഴി നിരീക്ഷിച്ച് അവരുടെ പ്രവര്‍ത്തിക്കനുസരിച്ച് മാര്‍ക്കു നല്‍കി ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള സംവിധാനമൊരുക്കാനൊരുങ്ങുകയാണ് ചൈനീസ് സര്‍ക്കാര്‍. 140 കോടിയോളം വരുന്ന ചൈനക്കാരെ നിരന്തരം നിരീക്ഷിക്കുന്ന നിര്‍മിത ബുദ്ധി സംവിധാനത്തിന് 2020 ഓടെ തുടക്കമാകുമെന്നാണ് ലഭിക്കുന്ന വിവരം. 

പരമാവധി 800 മാര്‍ക്കാണ് ഓരോ പൗരനും ലഭിക്കുക. പട്ടികയില്‍ മുന്നിലുള്ളവര്‍ക്ക് മുന്തിയ ജീവിതസാഹചര്യങ്ങള്‍ ലഭ്യമാകും. അവര്‍ക്ക് വിമാനത്താവളങ്ങളില്‍ വിഐപി പരിഗണന ലഭിക്കും, വായ്പകളില്‍ ഇളവുണ്ടാകും, ഹോട്ടലുകളില്‍ പ്രത്യേക പരിഗണന കിട്ടും എന്തിനേറെ മക്കള്‍ക്ക് എളുപ്പത്തില്‍ മുന്തിയ സര്‍വ്വകലാശാലകളലേക്ക് പ്രവേശനം ലഭിക്കുക പോലും ചെയ്യും. 

എന്നാല്‍ തങ്ങളുടെ ഇച്ഛക്കനുസരിച്ച് ജീവിക്കാത്തവര്‍ക്ക് ശിക്ഷകളും ആനുകൂല്യങ്ങള്‍ റദ്ദാക്കലും നേരിടേണ്ടി വരും. മോഷ്ടാക്കള്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കും നിയമവിരുദ്ധമായ സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്കടക്കം മാര്‍ക്കുകള്‍ കുറക്കപ്പെടും. സര്‍ക്കാര്‍ അനുമതിയില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും മദ്യവും വീഡിയോ ഗെയിമുകളും വാങ്ങുന്നതടക്കം അവരുടെ ഭാവി ജീവിതത്തെ കാര്യമായി തന്നെ ബാധിക്കും. 

ഇത്തരത്തില്‍ മോശം മാര്‍ക്ക് ലഭിക്കുന്ന ചൈനക്കാര്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ പോലും നഷ്ടമാകും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സ്വപ്‌നമായി മാറും. ഇവരുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസ അവസരങ്ങള്‍ പോലും നിഷേധിക്കപ്പെടുമെന്നും സൂചനയുണ്ട്. ഏകദേശം 60 കോടി നിരീക്ഷണ ക്യാമറകള്‍ വഴി സ്വന്തം പൗരന്മാരെ വിലയിരുത്തി മാര്‍ക്കിടാനാണ് ചൈനീസ് പദ്ധതി. 

സയന്‍സ് ഫിക്‌ഷന്‍ നോവലുകളിലേയും സിനിമകളിലേയും ആശയം പോലെ തോന്നുമെങ്കിലും ഇതിന്റെ പരീക്ഷണ പദ്ധതി ചൈനയിലെ പല നഗരങ്ങളിലും നടപ്പാക്കി തുടങ്ങിയെന്നതാണ് വസ്തുത. മുഖം തിരിച്ചറിയാന്‍ കഴിയുന്ന ഇത്തരം നിര്‍മിത ബുദ്ധികളില്‍ ഓരോ പൗരന്മാരുടേയും ആരോഗ്യ വിദ്യാഭ്യാസ സാമ്പത്തിക വിവരങ്ങളുമുണ്ടാകും. 

സോഷ്യല്‍ ക്രഡിറ്റ് സംവിധാനമെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ പുതിയ പദ്ധതിയെ വിളിക്കുന്നത്. 2020 ആകുമ്പോഴേക്കും പൂര്‍ണ്ണമായ രീതിയില്‍ ഓരോ പൗരന്മാരും ഈ പദ്ധതിയുടെ വരുതിയില്‍ വരുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. നിലവില്‍ ചൈനയില്‍ 20 കോടി നിരീക്ഷണ ക്യാമറകള്‍ പൗരന്മാരെ നിരീക്ഷിക്കുന്നുണ്ട്. ഈ ക്യാമറകളുടെ എണ്ണം മൂന്നിരട്ടിയാക്കിയാണ് വര്‍ധിപ്പിക്കുക. 

ചൈനയിലെ ഏറ്റവും വിജയിച്ച നിര്‍മിത ബുദ്ധി കമ്പനികളിലൊന്നായ സെന്‍സ് ടൈമിന്റെ സിഇഒ പറയുന്നത് അവരുടെ സംവിധാനത്തിന് 4000 വ്യത്യസ്ഥതരം വാഹനങ്ങളെ തിരിച്ചറിയാനാകുമെന്നാണ്. മനുഷ്യരില്‍ പ്രായപൂര്‍ത്തിയായവരെയും കുട്ടികളെയും വേര്‍തിരിച്ചറിയാനാകും. ഒപ്പം ആണ്‍ പെണ്‍ വ്യത്യാസവും ഇത്തരം ക്യാമറ സംവിധാനത്തിന് തിരിച്ചറിയാനാകും. 

ചൈനയിലെ വടക്കന്‍ ഷാന്‍ഹായ് പ്രവിശ്യയില്‍ 2010 മുതല്‍ ഈ പദ്ധതിയുടെ പരീക്ഷണം നടപ്പിലാക്കി വരുന്നുണ്ട്. അതിന്റെ ഇരകളിലൊരാളായ ലിയു ഹു എന്ന ചൈനീസ് ജേണലിസ്റ്റ് തന്റെ അനുഭവം സിബിഎസ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. വിമാനടിക്കറ്റെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് തന്റെ സോഷ്യല്‍ ക്രഡിറ്റ് സ്‌കോര്‍ കുറവാണെന്ന് ലിയു ഹു തിരിച്ചറിഞ്ഞത്. 

വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ പെടുത്തിയതിനാല്‍ ലിയു ഹുവിന് വിമാനയാത്ര നടത്താനാകില്ല. ലിയുഹുവിന്റെ ചില ട്വീറ്റുകള്‍ വിവാദമായപ്പോള്‍ കോടതി മാപ്പപേക്ഷിക്കാന്‍ ഉത്തരവിട്ടിരുന്നു. ലിയു ഹുവിന്റെ മാപ്പപേക്ഷ ആത്മാര്‍ഥതയോടെയല്ലെന്നായി പിന്നീടുള്ള ആരോപണം. ഇതോടെ ചൈനയില്‍ സ്ഥലം വാങ്ങാനോ മക്കളെ സ്വകാര്യ സ്‌കൂളുകളിലയക്കാനോ ലിയുഹുവിന് കഴിയില്ല. 

അതീവ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഈ സര്‍ക്കാര്‍ സംവിധാനത്തിലൂടെ അനഭിമതരായ ആളുകളെ ലക്ഷ്യംവെക്കാനാകുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. രണ്ട് തരം പൗരന്മാരെ സൃഷ്ടിക്കുന്ന ചൈനീസ് നടപടിക്കെതിരെ വലിയ തോതില്‍ എതിര്‍പ്പുകളും വരുന്നുണ്ട്. എതിര്‍പ്പുകളെ അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം.