'ചൈനാ രഹസ്യം‍' പുറത്ത്, ഗൂഗിളിനകത്ത് പൊട്ടിത്തെറി, ഭീഷണി‍; പിച്ചൈ പറഞ്ഞത് നുണ?

ജീവനക്കാര്‍ക്കു ചോർന്നു കിട്ടിയ ചൈനീസ് സേര്‍ച് എൻജിനെക്കുറിച്ചുള്ള വിവരങ്ങളുടെ മെമ്മോ ഗൂഗിള്‍ ബലം പ്രയോഗിച്ചു ഡിലീറ്റു ചെയ്യിപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മെമ്മോയിലാകട്ടെ, ചൈനീസ് ഡ്രാഗണ്‍ഫ്‌ളൈ എന്ന പേരില്‍ ചൈനക്കാര്‍ക്കു വേണ്ടി ഗൂഗിള്‍ നിര്‍മിക്കുന്ന സേര്‍ച്ച് എൻജിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് ജീവനക്കാർ കണ്ടത്.

മെമ്മോ തയാറാക്കിയത് ഡ്രാഗണ്‍ഫ്‌ളൈ നിർമിക്കുന്ന ഗൂഗിളിന്റെ എൻജിനീയര്‍ തന്നെയാണ്. മെമ്മോയില്‍ നിന്നു മനസ്സിലാകുന്നത്, ഡ്രാഗണ്‍ഫ്‌ളൈ ഐഒഎസിലും, ആന്‍ഡ്രോയിഡിലും പ്രവര്‍ത്തിക്കുന്ന ഒരു ആപ് ആയിരിക്കുമെന്നാണ്. ഇതുപയോഗിക്കണമെങ്കില്‍ ഉപയോക്താവ് ലോഗ്-ഇന്‍ ചെയ്യണം. പിന്നീട്, ഗൂഗിള്‍ അയാളുടെ ലൊക്കേഷന്‍ ട്രാക്കു ചെയ്തുകൊണ്ടിരിക്കും. അയാളുടെ ഓരോ സേര്‍ച്ചും അവര്‍ ശേഖരിച്ച്, അവരുടെ ‘ചൈനീസ് പാര്‍ട്‌നര്‍ക്ക്’ ഇഷ്ടം പോലെ പരിശോധിക്കാവുന്ന രീതിയില്‍ സൂക്ഷിക്കും. ഇതിനെതിരെ ഗൂഗിള്‍ ജോലിക്കാര്‍ കമ്പനിക്കുള്ളില്‍ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. ഗൂഗിളിന്റെ സേര്‍ച്ച് എൻജിന്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇഷ്ടമില്ലാത്ത വാക്കുകള്‍ സേര്‍ച്ച് ചെയ്യുകയില്ല. എന്താണ് ജനാധിപത്യം, മനുഷ്യാവകാശം, സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പോലും പൗരന്മാരിലേക്ക് എത്തുന്നത് ചൈനീസ് സർക്കാരിന് ഇഷ്ടമുള്ള കാര്യമല്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ഗൂഗിളിനകത്തു പ്രചരിച്ച മെമ്മോയെക്കുറിച്ചുള്ള വാര്‍ത്തകളാണ് അതീവ രസകരം! ഇത്തരമൊരു മെമ്മോ പ്രചരിച്ചുവെന്നു കണ്ടെത്തിയപ്പോൾ തന്നെ ഗൂഗിള്‍ അധികാരികള്‍ക്ക് രോഷമായി. ഇക്കാര്യങ്ങള്‍ അറിയാന്‍ അവര്‍ക്ക് അവകാശമില്ലെന്ന നിലപാടായിരുന്നു മേലാളന്‍മാര്‍ക്ക്. മെമ്മോ ഇമെയിലായി കിട്ടി എന്നറിയാവുന്ന എല്ലാ ജോലിക്കാരോടും ഉടനടി മെമ്മോ ഡിലീറ്റു ചെയ്യാന്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ചു. ഈ ഇമെയിലില്‍ 'പിക്‌സല്‍ ട്രാക്കറുകള്‍' ('pixel trackers' ) ഒളിപ്പിച്ചു വച്ചാണ് അയച്ചത്. പിക്‌സല്‍ ട്രാക്കറുകളിലൂടെ അവരുടെ മെയില്‍ എപ്പോള്‍ തുറന്നു വായിച്ചു തുടങ്ങിയ കാര്യങ്ങള്‍ മെമ്മോ അയച്ചവർക്ക് കൃത്യമായി അറിയാന്‍ സാധിക്കും.

മെമ്മോയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍പ്രകാരം ഡ്രാഗണ്‍ഫ്‌ളൈ ഇന്‍സ്റ്റോള്‍ ചെയ്യുന്നവരുടെ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചായിരിക്കും സേര്‍ച്ചുകള്‍ നടത്തുക. ചൈനീസ് ഉപയോക്താക്കളുടെ ഓരോ നീക്കവും രേഖപ്പെടുത്തും. (ലോകമെമ്പാടുമുള്ള എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെയും ചലനം ഗൂഗിള്‍ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കമ്പനിക്കെതിരെയുള്ള ഗുരുതരാരോപണം. എന്നാല്‍, ഇതാദ്യമായിട്ടായിരിക്കാം ഈ ഡേറ്റ ഒരു സർക്കാരിനു നല്‍കാന്‍ കമ്പനി തീരുമാനിക്കുന്നതെന്നതാണ് ഡ്രാഗണ്‍ഫ്‌ളൈയിലുള്ള വ്യത്യാസം.) ഉപയോക്താക്കളുടെ ഫോണുകളുടെയും മറ്റും ഐപി അഡ്രസും രേഖപ്പെടുത്തി വയ്ക്കും. അവര്‍ ക്ലിക്കു ചെയ്ത ഓരോ ലിങ്കും ഏതെന്നും അറിഞ്ഞു വയ്ക്കും. ഇതിലൂടെ ചൈനീസ് അധികാരികള്‍ക്ക് ഉപയോക്താവിനെ ഒറ്റിക്കൊടുക്കുന്ന ഗൂഗിള്‍, ചാരപ്പണി നടത്തുകയാണ് ചെയ്യുന്നതെന്നാണ് കമ്പനിക്കെതിരെയുള്ള പുതിയ ആരോപണം.

ആളുകളുടെ സേര്‍ച്ച് ഹിസ്റ്ററി, ലൊക്കേഷന്‍ വിവരങ്ങള്‍, മറ്റു സ്വകാര്യ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ചൈനീസ് സർക്കാരിനു പരിശോധിക്കാന്‍ വേണ്ടി തയ്‌വാനില്‍ ഒരുക്കിയിരിക്കുന്ന ഡേറ്റ ബെയ്‌സിലേക്ക് അയക്കുകയാണ് ചെയ്യുന്നതെന്നാണ് മെമ്മോ പറയുന്നത്. എന്നാല്‍, ചൈനീസ് സ്വകാര്യ കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്കും ഈ ഡേറ്റ പരിശോധിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഗൂഗിളിന്റെ പുതിയ സേര്‍ച് എൻജിന്‍, ഇനിയും പേരു പുറത്തുവിട്ടിട്ടില്ലാത്ത ചൈനീസ് കമ്പനിയ്‌ക്കൊപ്പമാണ് അവതരിപ്പിക്കുന്നത്. ഡ്രാഗണ്‍ഫ്‌ളൈ നിരവധി പദങ്ങള്‍ സേര്‍ച്ച് ചെയ്യാന്‍ അനുവദിക്കില്ല- മനുഷ്യാവകാശം, വിദ്യാര്‍ഥി പ്രക്ഷോഭം, നൊബേല്‍ പ്രൈസ് തുടങ്ങിയ പദങ്ങളൊന്നും അത് സ്വീകരിക്കില്ല. ഇതു കൂടാതെ, ചൈനയിലെ ഗൂഗിളിന്റെ പങ്കാളിയായ കമ്പനി സേര്‍ച് റിസള്‍ട്ടുകള്‍ എഡിറ്റു ചെയ്യുമെന്നും മെമ്മോ പറയുന്നു. ഈ കമ്പനി ഉപയോക്താവിന്റെ സേര്‍ച്ചിനെക്കുറിച്ചുള്ള വിവരമെല്ലാം സൂക്ഷിച്ചു വച്ച് ചൈനീസ് സർക്കാരിന് ആവശ്യം വരുമ്പോള്‍ പരിശോധിക്കാന്‍ നല്‍കും. മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും ഇതിലെ ഭീകരതയാണ് ചൂണ്ടിക്കാണിക്കുന്നത്- സർക്കാരിന് ഇഷ്ടമില്ലാത്ത പദങ്ങള്‍ സേര്‍ച്ചു ചെയ്തയാളിനെ പുതിയ സേര്‍ച് എൻജിനിലൂടെ കണ്ടെത്താനും വേണമെങ്കില്‍ പിടിച്ച് ജയിലിലിടാനും സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ വിമര്‍ശകര്‍, ആക്റ്റിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെയൊക്കെ സർക്കാർ നോട്ടമിട്ടിട്ടുണ്ട്.

സേര്‍ച്ചും മറ്റും സേവു ചെയ്തു വയ്ക്കുകയും, പിന്നീട് അത് സർക്കാരിനു ലഭ്യമാക്കുകയും ചെയ്യുന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്നാണ് ഹോങ്കോങ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗവേഷകനായ പാട്രക് പൂണ്‍ (Patric Poon) പറയുന്നു. ആംനെസ്റ്റി ഇന്റര്‍നാഷണലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ദേഹം പറയുന്നത് ഇതൊക്കെ ശരിയാണോ എന്ന് ഗൂഗിള്‍ ഉടനടി വിശദീകരിക്കണമെന്നാണ്.

സുന്ദർ പിച്ചൈ

പുതിയ സേര്‍ച്ച് എൻജിനെപ്പറ്റി ഗൂഗിള്‍ മേധവി സുന്ദര്‍ പിച്ചൈ നടത്തിയ പരാമര്‍ശവും ഇപ്പോള്‍ വിമര്‍ശിക്കപ്പെടുകയാണ്. അത്തരമൊരു സേര്‍ച്ച് എൻജിന്റെ സാധ്യതകള്‍ പഠിക്കുകയാണ് ചെയ്യുന്നതെന്നും, ഇതിന്റ പ്രാരംഭപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നുമൊക്കെയാണ്. എന്നാല്‍, ഗൂഗിളിനുള്ളില്‍ ഈ പ്രൊജക്ടുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വര്‍ഷം ജൂലൈയില്‍ കിട്ടിയ നിര്‍ദ്ദേശപ്രകാരം ആഴ്ചകള്‍ക്കുള്ളില്‍ ഡ്രാഗണ്‍ഫ്‌ളൈ പ്രവര്‍ത്തനസജ്ജമാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതത്രെ. ചൈനീസ് അധികാരികള്‍ ആവശ്യപ്പെടുന്ന സമയത്ത് സേര്‍ച് തയാറാകണമെന്ന രീതിയിലാണ് കാര്യങ്ങളെന്നു പറയുന്നു.

കൂടാതെ, മെമ്മോയില്‍ നിന്നു മനസിലാകുന്ന മറ്റൊരു കാര്യം എൻജിനീയര്‍മാരടക്കം 215 പേരാണ് ഇതിനു വേണ്ടി പണിയെടുത്തിരിക്കുന്നതെന്നും ഗൂഗിളിന്റെ ഒരു പ്രൊജക്ടിനും ഇത്രയധികം പേര്‍ പണിയെടുത്തിട്ടില്ല എന്നുമാണ്. ഇതിന്റെ സോഴ്‌സ് കോഡിന്റെ തീയതി 2017 മെയ് മാസത്തിലേതാണ്. ഇതിനു വേണ്ട സജ്ജീകരണങ്ങള്‍ വളരെ മുൻപെ ഒരുക്കിത്തുടങ്ങിയിരുന്നു. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്രമേല്‍ രഹസ്യമായിരുന്നു. ഈ മെമ്മോ പുറത്തുവിട്ട ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ പറയുന്നത്, ഈ ആപ്പിനേക്കാളേറെ താന്‍ വെറുക്കുന്നത്, ആപ്പിനെ ചുറ്റിപ്പറ്റി സൃഷ്ടിച്ച രഹസ്യാത്മകതയെ ആണെന്നാണ്.

മെമ്മോ പുറത്തു വിട്ടതോടെ ഗൂഗിള്‍ കമ്പനിക്കുള്ളിലുള്ള സ്റ്റോപ്‌ലീക്‌സ് ടീമിനെ (stopleaks team- രഹസ്യച്ചോര്‍ച്ച തടയാനുള്ള ടീം) ശക്തിപ്പെടുത്തി.