Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡിപ്പിക്കപ്പെട്ട അവളെ ഇനിയും ആക്രമിക്കാതിരിക്കാൻ റയാന്‍ സോസ്യയുടെ ആപ്

metoo

ലോകത്ത് നടക്കുന്ന ലൈംഗികാക്രമണങ്ങളില്‍ വളരെ ചെറിയ എണ്ണം മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. ഇതിന് പല കാരണങ്ങളുമുണ്ട്. പരാതിക്കാരിയെ അക്രമി തുണിയാണുരിഞ്ഞതെങ്കില്‍ ചില നിയമപാലകര്‍ വീണ്ടും തൊലിയുരിഞ്ഞേക്കാം എന്നതാണ് പ്രധാന കാരണം. മനുഷ്യാവസ്ഥയെപ്പറ്റിയുള്ള പ്രാഥമികമായ അറിവില്ലാത്തവരും, താന്‍ എന്തിനാണ് ഈ കുപ്പായമിട്ടിരിക്കുന്നത് എന്നതിനെ കുറിച്ചുള്ള മിധ്യാധാരണകളുമുളളവരാണ് ഇരയെ വീണ്ടും ആക്രമിച്ചു രസിക്കുന്നത്. ഒരു കൂട്ടം അപരിചിതര്‍ക്ക് തന്നെ വളഞ്ഞിട്ട് ചോദ്യം ചെയ്യാന്‍ ഇട്ടുകൊടുക്കാന്‍ ചിലരെങ്കിലും തയാറാകത്തതിന്റെ കാരണം അതാണ്. 

മറ്റൊരു കാരണം, കൂടുതല്‍ ആളുകള്‍ അറിയുമ്പോള്‍ ഉണ്ടാകുന്ന ആഘാതമാണ്. ഇതെല്ലാം പരാതി നല്‍കുന്നതില്‍ നിന്നു പല ഇരകളെയും പിന്തിരിപ്പിക്കുന്നു. ഇതാകട്ടെ അക്രമിക്ക് കൂടുതല്‍ പ്രോത്സാഹനമാകുകയും ചെയ്യുന്നു. ഇത്തരം ആക്രമണങ്ങളില്‍ പെടുന്നവരുടെ കാര്യങ്ങള്‍ അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണെങ്കിലും മിക്ക സമൂഹങ്ങളും നിയമപാലകരും ഇന്നും അതിനു സജ്ജരല്ലെന്നത് ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ഇതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. ചില മാറ്റങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരിക്കുന്നു. ഇതൊക്കെ ഒരു രാജ്യത്തെ പ്രശ്‌നങ്ങള്‍ മാത്രമല്ല. അമേരിക്കയാണ് ഇക്കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു മുതിരുന്നത്.

അമേരിക്കയിലെ ലൈംഗികാക്രമണ നിരക്ക് പറയട്ടെ? ഒരോ 98 സെക്കന്‍ഡിലും ഒരെണ്ണം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഏകദേശം 300,000 പേര്‍ അമേരിക്കയില്‍ ഒരു വര്‍ഷം ലൈംഗികാക്രമണത്തിന് ഇരയാകുന്നു. അവിടെയും, ഇത്തരം ബഹുഭൂരിപക്ഷം കുറ്റങ്ങളും പൊലീസ് സ്റ്റേഷനുകളില്‍ എത്താറില്ല. കുറ്റവാളിക്ക് സുഖമായി കൈയ്യും വീശി അടുത്ത ഇരയെ തേടി നടക്കാം. അമേരിക്കന്‍ നാഷണല്‍ സെക്ഷ്വല്‍ വയലന്‍സ് റിസോഴ്‌സ് സെന്ററിന്റെ ഡയറക്ടര്‍ ലോറാ പലുംബോ പറയുന്നത് കേസു കൊടുക്കാന്‍ പോയാല്‍ ആഘാതമേറ്റ ഇരയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളായിരിക്കാം കാത്തിരിക്കുന്നതെന്നാണ്. ഇങ്ങനെയുള്ള ഒരു ഇരയെ എങ്ങനെ പരിഗണിക്കണമെന്ന പരിശീലനം കിട്ടാത്ത നിയമപാലകരാല്‍ ചോദ്യം ചെയ്യപ്പെടുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് അവരും പറയുന്നത്. ഇരയുടെ മാനസികാഘാതത്തെ പറ്റി മനസ്സിലാക്കാനാകുന്നവരും, ഇരയുടെ ഭാഗത്തു നിന്നു ചിന്തിക്കാന്‍ കഴിയുന്നവരുമായിരിക്കണം ഉദ്യോഗസ്ഥരെന്നാണ് പറയുന്നത്.

ലൈംഗികാക്രമണത്തിന് ഇരയാകുന്നവർക്ക് ശാരീരികവും മാനസികവുമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടാകാം. അത്തരം ആഘാതത്തിനു ശേഷം ഉടനെ തന്നെ പരാതി നല്‍കാന്‍ പോകേണ്ടിവരുന്നത് പലപ്പോഴും ഇരയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഉപകരിക്കുക എന്നും പറയുന്നു. തനിക്കേറ്റ ആഘാതം കുറയ്ക്കാന്‍ ഇരയ്ക്കു നല്ലത് പരാതി കൊടുക്കാന്‍ പോകാത്തതാണെന്നു പോലും ചിലര്‍ പറയുന്നു. പക്ഷേ, ഇത് കുറ്റവാളിയെ സഹായിക്കലാകും എന്നതാണല്ലോ വിരോധാഭാസം. ഇതെങ്ങനെ ബാലന്‍സ് ചെയ്യാമെന്നതാണ് ഇപ്പോള്‍ ലോകം അന്വേഷിക്കുന്ന കാര്യം. ഇത്തരം ആക്രമണത്തിന്റെ ആഘാതത്തില്‍ നിന്നു മുക്തരായവരും, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളും, ടെക്‌നോളജി സ്ഥാപനങ്ങളും ചേര്‍ന്ന് ഇതിന് ഏറ്റവും നല്ല പരിഹാരമെന്താണ് എന്ന് അന്വേഷിക്കുകയാണ്. ഇരയുടെ ഭാഗത്തു നിന്നു കാര്യങ്ങള്‍ നോക്കിക്കാണുന്ന രീതിയായരിക്കും അവര്‍ അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്നതും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. 

പരാതികളുടെ എണ്ണം വര്‍ധിപ്പിക്കുക, സഹാനുഭൂതിയോടെ പരിഗണിക്കപ്പെടുള്ള ഇരയുടെ അവകാശം പരിരക്ഷിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളുമായി ഒറഗണിലെ ചില പൊലീസ് ഓഫിസുകള്‍ യു ഹാവ് ഓപ്ഷന്‍സ് https://bit.ly/2OodUOt എന്നൊരു പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇരകള്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിവരങ്ങള്‍ നല്‍കാനാകും. ചില നിയമപാലകരുടെ വാചിക മാനഭംഗങ്ങളെ നേരിടേണ്ടി വരില്ലെന്നതാണ് ഗുണം. ഇതിലൂടെ ആക്രമണം നടന്ന വിവരം മാത്രം പറയാം. അല്ലെങ്കില്‍ സംഭവത്തെ പറ്റിയുള്ള ഭാഗികമോ മുഴുവനായോ ഉള്ള വിവരണവും നല്‍കാം. ഇരയ്ക്ക് എന്തു പറയണം എന്തു പറയേണ്ട എന്നതിന്റെ നിയന്ത്രണം നല്‍കുമ്പോള്‍ ചോദ്യം ചെയ്യലിന്റെ ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നതാണ് ഇതിന്റെ ഗുണം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റു നടന്നാല്‍ തുടര്‍ നടപടികള്‍ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളൊക്കെ നേരത്തെ അറിയാമെന്നതിനാല്‍ ഇരയ്ക്കും പൊലീസുകാര്‍ക്കും ഗുണം ചെയ്യും. ഇപ്പോള്‍ ഓറഗണിലെ ഏഴു മണ്ഡലങ്ങളിലാണ് ഇത്തരത്തില്‍ ലൈംഗികാക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നത്. കൂടുതല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഈ രീതി പിന്തുടര്‍ന്നിരുന്നെങ്കിലെന്നാണ് ടെക് ലോകം ആഗ്രഹിക്കുന്നത്.

കൂടുതല്‍ സാങ്കേതികവിദ്യ

റയാന്‍ സോസ്യ (Ryan Soscia) കൂടുതല്‍  പേര്‍ക്ക് പരാതിപ്പെടാനായി JDoe എന്നൊരു ആപ് അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഇരയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നതു കൂടാതെ, ആപ്പിലൂടെ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍, ഒന്നിലേറെ പീഡനം നടത്തിയവരെ തിരിച്ചറിയാനുമാകും. സോസ്യയോട് ഒരു സ്ഥലത്തെ പത്തു ടീനേജുകാര്‍ പറഞ്ഞത് അവരെ ഉപദ്രവിച്ചത് ഒരേയാളാണെന്നാണ്. അങ്ങനെയാണ് അദ്ദേഹം പുതിയ ടെക്‌നോളജി സ്വയം അവതരിപ്പിച്ചത്. ഇപ്പോള്‍ അമേരിക്കയില്‍ എവിടെയുമുള്ളവര്‍ക്ക് ഈ ആപ്പിന്റെ സേവനം ലഭിക്കും. ഏതു സമയത്തും ഇരകള്‍ക്ക് തങ്ങള്‍ക്കേറ്റ ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യാം. സ്വയം പോയി റിപ്പോർട്ടു ചെയ്യുന്നതും ഏമാന്മാരുടെ കുതിരകയറ്റവും ഒഴിവാക്കാം. തനിക്കിഷ്ടമുള്ള രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യാമെന്നതും ഇതിന്റെ മേന്മകളില്‍ ഒന്നാണ്.

ഇത്തരം സഭവങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നെങ്കിലെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നതായി സോസ്യ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇരയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുന്നില്ല എന്നതുറപ്പാക്കാന്‍ സാധിക്കുന്ന ഒരു സിസ്റ്റമാണ് തങ്ങള്‍ വിഭാവനചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇവയെല്ലാം കുറ്റകൃത്യങ്ങളാണെങ്കില്‍, അവയെ കുറ്റകൃത്യങ്ങളായി തന്നെ കാണണം. ഇരയ്ക്ക് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൂടാ.

JDoe ആപ്പ് കിട്ടുന്ന ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യും. ഇരയും ആക്രമിയും തമ്മിലുള്ള ബന്ധത്തിന്റെ കുത്തുകള്‍ യോജിപ്പിക്കാനും ആപ്പിലൂടെ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇര തിരിച്ച് ആത്മനിയന്ത്രണം നേടുമ്പോള്‍ റിപ്പോര്‍ട്ട് അധികാരികള്‍ക്ക് അയക്കുകയാണ് ആപ് ചെയ്യുന്നത്. ഇരയ്ക്ക് തനിയെ അക്രമിയെ നേരിടാന്‍ ഭയമുണ്ടെങ്കില്‍ മറ്റൊരാള്‍ കൂടെ ഇതെ അക്രമിയെക്കുറിച്ച് പരാതി നല്‍കുന്നതു വരെ തന്റെ റിപ്പോര്‍ട്ട് മരവിപ്പിക്കാം. ഇതിലൂടെ ഇരയ്ക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനാകുമെന്നും സോസ്യ പറയന്നു. ഇരയ്ക്ക് വേണ്ടത് ഇവ രണ്ടുമാണല്ലോ. സഹാനുഭൂതി ആവശ്യമുള്ള ഈ സമയത്ത്, പൊലിസിനു പരാതി നല്‍കിയാല്‍ തെളിവു ശേഖരണത്തിന്റെ പേരില്‍ കൂടുതല്‍ ചോദ്യം ചെയ്യലാണ് കാത്തിരിക്കുന്നത്. 'ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു,' എന്ന പദങ്ങളാണ് ഏത് ഇരയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത്. പരാതി നല്‍കാന്‍ പോയാല്‍ തങ്ങള്‍ കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്നുവെന്ന തോന്നലാണ് പല ഇരകളും പങ്കുവയ്ക്കുന്നത്. ആക്രമണത്തെക്കുറിച്ചുള്ള ഏതെങ്കിലും വിശദാംശം തെറ്റിയാല്‍ വരെ അധിക്ഷേപം പ്രതീക്ഷിക്കാമല്ലോ. എന്തെങ്കിലും തെറ്റിയാല്‍ നിങ്ങള്‍ പറയുന്നത് നുണയല്ലെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിക്കും. അതീവ പരിഗണനയോടെ ഇരയ്ക്കു പറയാനുള്ളതു കേള്‍ക്കുന്നു എന്നും താന്‍ പറയുന്നതു വിശ്വസിക്കുന്നുവെന്നും തോന്നിയാലെ അവര്‍ക്കു മനസു തുറക്കാനാകൂ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഒരു ഇര കടന്നുപോയ സാഹചര്യങ്ങളെ പരിഗണിച്ചല്ല ചോദ്യം ചെയ്യല്‍ നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. പലപ്പോഴും ഇരകളോട് പരാതിയുമായി മുന്നോട്ടു പോകേണ്ട എന്നുവരെ ഏമാന്മാര്‍ പറഞ്ഞുകളയും. പലപ്പോഴും പരാതി ഗൗരവത്തിലെടുക്കുക പോലുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതെല്ലാം ഇരയ്ക്ക് ഗുണത്തെക്കാളേറെ ദോഷമായിരിക്കും ചെയ്യുക. ഇതാകട്ടെ, ഇരയോടു മാത്രമല്ല സമൂഹത്തോടു മുഴുവന്‍ ചെയ്യുന്ന തെറ്റാണെന്നു പോലും പല നിയമപാലകരും മനസിലാക്കുന്നുമില്ലെന്നും സോസിയ പറയുന്നു. ഇരയ്ക്ക് സുരക്ഷയും സഹാനുഭൂതിയുമാണ് ആക്രമണത്തിനു ശേഷം ലഭിക്കേണ്ടത്. പലപ്പോഴും അതുറപ്പാക്കാന്‍ വേണ്ടത്ര വിദ്യാഭ്യാസം കിട്ടാത്ത നിയമപാലകര്‍ക്ക് ആകുന്നില്ല. 

JDoe ആപ്പില്‍ റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ക്ക് വേണമെങ്കില്‍ ആപ്പിലൂടെ തന്നെ നിയമനടപടികളുമായി മുന്നോട്ടു പോകാം. വക്കീലുമാരുമായി ബന്ധപ്പെട്ടായിരിക്കും ആപ് പ്രവര്‍ത്തിക്കുക. എന്നാല്‍, ഇതും സ്വകാര്യത ഹനിക്കില്ലേ എന്ന ചോദ്യവുമുയരുന്നു. എന്നാല്‍, തങ്ങളുടെ ആപ്പില്‍ നിക്ഷേപിക്കപ്പെടുന്ന ഡേറ്റ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്ന് സോസിയ അവകാശപ്പെടുന്നു. സ്വകാര്യതയുടെ കാര്യം മാറ്റി നിറുത്തിയാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പുതിയ രീതികള്‍ പരീക്ഷിക്കാന്‍ മുന്നോട്ടിറങ്ങേണ്ടതാണ്.