യു ട്യൂബ് വിഡിയോ എഡിറ്റിങ്ങിന് അഡോബി സോഫ്റ്റ്‌വെയർ

യു ട്യൂബ് വിഡിയോ നിർ‌മാതാക്കൾക്ക് വിഡിയോ എഡിറ്റിങ്ങിനായി പുതിയ സോഫ്റ്റ്‌വെയർ അഡോബി അവതരിപ്പിച്ചു. യു ട്യബിൽ പബ്ലിഷ് ചെയ്യാനുള്ള വിഡിയോകൾ എളുപ്പത്തിൽ ഒരുക്കാൻ കഴിയുന്ന അഡോബി പ്രീമിയർ റഷ് സിസി എന്ന സോഫ്റ്റ്‌വെയർ ആണ് ഇവയിൽ ഏറ്റവും ശ്രദ്ധേയം. ആപ്പിൾ ഐപാഡിനുള്ള ഫോട്ടോഷോപ് സിസി, പ്രോജക്ട് ജെമിനി എന്നിവയും പ്രോജക്ട് എയ്റോയും മറ്റ് അപ്ഡേറ്റുകളുമാണ് അഡോബി കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. 

സോഷ്യൽ മീഡിയ വിഡിയോ നിർമാണം ലളിതമാക്കുന്നതിനു ലക്ഷ്യമിട്ടുള്ള പ്രീമിയർ റഷ് സിസി അഡോബിയുടെ പുതിയ സോഫ്റ്റ്‌വെയർ ആയ പ്രീമിയർ പ്രോ സിസിയുടെ ചുവടു പിടിച്ച് ഒരുക്കിയിട്ടുള്ളതാണ്. എല്ലാം ഒറ്റ സോഫ്റ്റ്‌വെയറിൽ തന്നെ ഒരുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മികവ്. ക്യാപ്ചർ, എഡിറ്റ്, കളർ കറക്‌ഷൻ, ഓഡിയോ ആൻഡ് മോഷൻ ഗ്രാഫിക്സ് എന്നീ എഡിറ്റിങ് ഓപ്ഷനുകളും തുടർന്ന് നേരിട്ട് യു ട്യൂബിൽ പബ്ലിഷ് ചെയ്യാനുള്ള സൗകര്യവും സോഫ്റ്റ്‌വെയറിലുണ്ട്. വിൻഡോസ്, മാക് കംപ്യൂട്ടറുകൾക്കു പുറമേ ആപ്പിൾ, ആൻഡ്രോയ്ഡ് ഫോണുകളിലും പ്രീമിയർ റഷ് സിസി ലഭ്യമാണ്. 

സാധാരണ ഫോട്ടോഷോപ്പിലെ പിഎസ്ഡി ഫയലുകൾ തുറന്ന് എഡിറ്റിങ് നടത്താവുന്ന ആപ്പാണ് ഐപാഡിനു വേണ്ടി അഡോബി അവതരിപ്പിക്കുന്ന ഫോട്ടോഷോപ്പ് സിസി. അഡോബി ക്രിയേറ്റീവ് ക്ലൗഡ് വഴി വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിപ്പിക്കാവുന്ന ആപ്പാണിത്. എന്നാൽ, ചിത്രകാരന്മാരെ ലക്ഷ്യമിട്ടുള്ള ആപ്പാണ് പ്രോജക്ട് ജെമിനി. വിവിധ തരം ബ്രഷുകൾ ഒറ്റ ആപ്പിൽ എന്ന ആശയമാണ് ഇതിനു പിന്നിൽ. ഓഗ്മെൻറഡ് റിയാലിറ്റി (എആർ) ഉള്ളടക്കം ഒരുക്കുന്നതിനു വേണ്ടി വിവിധ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാവുന്ന പുതിയ ആപ്പാണ് പ്രോജക്ട് എയ്റോ.