ഓസ്‌ട്രേലിയക്കാർ ഇത്ര നുണയൻമാരോ? രഹസ്യ മുഖം വെളിപ്പെടുത്തി ഗൂഗിള്‍

സമൂഹമാധ്യമങ്ങളിലും സര്‍വെകളിലുമൊക്കെ ജനങ്ങള്‍ മുഖംമൂടിയണിയുന്നുവെന്നും എന്നാല്‍ ഗൂഗിള്‍ സേര്‍ച്ചില്‍ അവര്‍ കൂടുതല്‍ സ്വയം വെളിപ്പെടുത്തലുകള്‍ നടത്തുന്നുവെന്നുമാണ് കരുതുന്നത്. ലോകത്ത് എവിടെയോ ഇരുന്ന് സേര്‍ച്ചു ചെയ്യുന്ന തന്നെ എങ്ങനെ തിരിച്ചറിയാനാണ് എന്നാണ് പലരുടെയും ചിന്ത. അങ്ങനെ തിരിച്ചറിഞ്ഞാല്‍ തന്നെ അവര്‍ക്ക് എന്തു തേങ്ങാ കിട്ടാനാണെന്നു ചിന്തിക്കുന്നവരുമുണ്ട്. ഇതെല്ലാം, ഗൂഗിളിന്റെ ഗവേഷകര്‍ക്ക് ഉപകാരപ്പെടുന്നു. ഇതിപ്പോള്‍ പറയാന്‍ കാരണം ഗൂഗിളിന്റെ മുന്‍ ഡേറ്റാ ശാസ്ത്രജ്ഞനായിരുന്ന സെത് (Seth Stephens-Davidowitz) എഴുതിയ എല്ലാവരും നുണപറയുന്നു (Everybody Lies) എന്ന പുസ്തകമാണ്. ഗൂഗിള്‍ സേര്‍ച്ച് എൻജിനില്‍ നിന്നു ലഭിച്ച ഡേറ്റ ഉപയോഗിച്ച് ഈ പുസ്തകത്തില്‍ അദ്ദേഹം ഓസ്‌ട്രേലിയക്കാരെയാണ് പഠിച്ചിരിക്കുന്നത്. എന്നാലും, ഗൂഗിള്‍ സേര്‍ച്ചിനെക്കുറിച്ചു മനസ്സിലാക്കാനും ഈ ലേഖനം ഉപകരിച്ചേക്കും.

ഓസ്‌ട്രേലിയക്കാരെക്കുറിച്ച് പൊതുവെയുള്ള ധാരണ, അമേരിക്കക്കാരെയും മറ്റും പോലെയല്ലാതെ ശാന്തരും തണുപ്പന്‍ പ്രകൃതക്കാരുമാണ് എന്നൊക്കെയാണ്. എന്നാൽ അവരെപ്പറ്റിയുള്ള ധാരണകള്‍ തിരുത്തിയെഴുതുകയാണ് സെത്. 

ലോകത്തെ മറ്റെല്ലാ രാജ്യക്കാരെക്കാളും കൂടുതല്‍ ഉല്‍കണ്ഠ (anxiety) എന്ന വാക്ക് സേര്‍ച്ചു ചെയ്യുന്നത് ഓസ്‌ട്രേലിയക്കാരാണെന്നാണ് 2004 മുതലുള്ള സേര്‍ച് ഡേറ്റ വിശകലനം ചെയ്തിരുന്ന അദ്ദേഹം പറയുന്നത്. ആരും തന്നെ അവരുടെ ഉല്‍കണ്ഠയെക്കുറിച്ച് തുറന്നു സംസാരിക്കാറില്ല. പക്ഷേ, അവരത് ഗൂഗിളിനോട് കുമ്പസരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, ഇതൊരു പുതിയ പ്രവണതയല്ല എന്നാണ് അദ്ദേഹം പറയുന്നത്. പുറമെ കാണിക്കുന്ന ആത്മവിശ്വാസത്തിനപ്പുറം പലരും ഉല്‍കണ്ഠാകുലരും ഭീതിയുള്ളവരുമാണെന്നാണ് സെത് നിരീക്ഷിക്കുന്നത്. ആത്മവിശ്വാസം ഒരു നുണയാണ്.

നിങ്ങളൊരു വര്‍ണ്ണവെറിയനാണോ എന്ന് നേരിട്ടോ, സര്‍വെയിലൂടെയോ ചോദിച്ചാല്‍ എല്ലാവരും അല്ലെന്ന ഉത്തരം തരും. എന്നാല്‍ അമേരിക്കയിലെ നീഗ്രോകളെക്കുറിച്ചുള്ള തമാശകള്‍ ഗൂഗിളില്‍ സേര്‍ച്ചു ചെയ്യുന്നവരുടെ എണ്ണം അദ്ഭുതപ്പെടുത്തും. ഈ ഡേറ്റ ഒരുപക്ഷേ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ എന്തുകൊണ്ട് ആളുകള്‍ ഇഷ്ടപ്പെടുന്നുവെന്നതിന്റെ തെളിവാണ്. ഗൂഗിള്‍ എന്നത് മുൻപ് ലഭ്യമല്ലാതിരുന്ന രീതിയില്‍ മനുഷ്യമനസിലേക്കുള്ള ഒരു വാതിലാണെന്ന് സെത് വിലയിരുത്തുന്നു. ഗൂഗിളില്‍ അവരുടെ വൃത്തികെട്ട ചിന്തകളും, ലൈംഗിക താത്പര്യങ്ങളും, രഹസ്യ ആഗ്രഹങ്ങളും മറ്റും വെളിപ്പെടുത്തപ്പെടും. ഉദാഹരണത്തിന് ചിലര്‍ രോഗലക്ഷണങ്ങളായിരിക്കും സേര്‍ച്ചു ചെയ്യുന്നത്. ഇതു മനസ്സിലാക്കി ഒരു പക്ഷേ ഡോക്ടര്‍മാര്‍ക്ക് നേരത്തെ അയാളുടെ കാര്യത്തില്‍ ഇടപെടാന്‍ സാധിക്കുന്ന കാലം വരാം.

അതുപോലെ ആളുകളുടെ ആത്മഹത്യാ ചിന്തകളും ഗൂഗിളില്‍ അനാവൃതമാകാറുണ്ട്. വിഷാദം, ഉല്‍കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും അവര്‍ ഗൂഗിളുമായി പങ്കുവയ്ക്കുന്നു. ആളുകള്‍ തങ്ങളുടെ മിക്ക രഹസ്യങ്ങളും ഗൂഗിളുമായി പങ്കുവയ്ക്കുന്നു. ഇത്തരം ഡേറ്റ ഉപയോഗിച്ച് അവരെ നേര്‍വഴിക്കു നടത്താനാകുമെന്നാണ് സെത് കരുതുന്നത്. പുറമെ പറയുന്ന നുണകള്‍ പോലെയല്ലാതെ, സേര്‍ച്ചിലുടെ കിട്ടുന്ന സത്യങ്ങളിലൂന്നിയുള്ള ചുവടുവയ്പ്പുകള്‍ നല്ല നാളെയിലേക്കു നയിച്ചേക്കാം.

എന്നാല്‍, ഇതെല്ലാം മറ്റൊരു ചോദ്യത്തിലെത്തിക്കുന്നു. ഗൂഗിളിനും ഫെയ്‌സ്ബുക്കിനുമെതിരെയുള്ള വലിയൊരു ആരോപണം അവര്‍ ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റ സേര്‍ച്ചു ചെയ്ത വ്യക്തിയുടെ പേരില്‍ തന്നെ ശേഖരിച്ചു കൂട്ടുന്നുവെന്നതാണല്ലോ. (ഇന്നിപ്പോള്‍, ഇതു വളരെ എളുപ്പമാണ്. പ്രത്യേകിച്ചും ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫോണ്‍ നമ്പറും, ഇമെയില്‍ ഐഡിയും ഉപയോഗിച്ചു സൈന്‍ ഇന്‍ ചെയ്യുന്നു. അതു കഴിഞ്ഞ് വിരലടയാളവും എന്തിന് ഫെയ്‌സ് റെക്കഗ്നിഷനുമൊക്കെ ഉപയോഗിക്കുന്നു. ലൊക്കേഷന്‍, ഉപയോഗിക്കുന്ന ഡിവൈസ്, ഐപി അഡ്രസ്, വൈ-ഫൈ അഡ്രസ് തുടങ്ങി പല രീതിയില്‍ ഒരു വ്യക്തിയെ തിരിച്ചറിയാന്‍ ഗൂഗിളിനും മറ്റും സാധിക്കും.) ഈ ഡേറ്റ വില്‍ക്കുന്നുവെന്നും ആരോപണമുണ്ട്. എന്നു പറഞ്ഞാല്‍ ഇത് ഗൂഗിളിന്റെ കൈയ്യില്‍ മാത്രമായരിക്കില്ല, മറ്റു പലരിലേക്കും എത്തിയേക്കാം. ഈ രീതിയിലുളള ഡേറ്റാ ശേഖരണത്തെയാണ് ആപ്പിള്‍ തുറന്നെതിര്‍ക്കുന്നത്. മൈക്രോസോഫ്റ്റും ഒരു പരിധിവരെ എതിര്‍ക്കുന്നു. സ്വകാര്യത വളരെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണെന്നു വിശ്വസിക്കുന്നുവെന്നും അതു നേടാനായി പോരാടണമെന്നും സെതും പറയുന്നു. 

ആളുകളുടെ നുണകളെക്കുറിച്ചാണ് താന്‍ പുസ്തകമെഴുതിയതെങ്കിലും സെത് പറയുന്നത് നമ്മളുടെ ശരിയായ ചിന്തകളെല്ലാം മറ്റുള്ളവരറിഞ്ഞാല്‍ നല്ല സമൂഹം ഉണ്ടാവില്ല എന്നാണ്! ചിലപ്പോള്‍ നമ്മള്‍ നമ്മളുടെ ശരിയായ വികാരം പുറത്തുവിടാതിരിക്കാനായി നുണ പറയുന്നു. എന്നാല്‍ മറ്റുചിലപ്പോള്‍ മിടുക്കന്മാരും മിടുക്കികളുമായി ചമയാന്‍ വേണ്ടി നുണ പറയുന്നു. ഇതാകട്ടെ, മറ്റുളളവരില്‍ അസൂയയും അരക്ഷിതാവസ്ഥയുമുണര്‍ത്തുന്നു. തങ്ങളുടെ നിറപ്പകിട്ടില്ലാത്ത ജീവിതത്തെപ്പറ്റി അവര്‍ ബോധമുളളവരാകുന്നു.