നെഞ്ചത്തു കേറിയാൽ കളരിക്കു പുറത്ത്

അമിതമായി പോപ് അപ് പരസ്യങ്ങൾ കാണിക്കുന്ന വെബ്സൈറ്റുകളിലെ മുഴുവൻ പരസ്യവും ബ്ലോക്ക് ചെയ്യാൻ ഗൂഗിൾ ക്രോം വെബ് ബ്രൗസർ. ക്രോം വേർഷൻ 71 മുതലാണ് അഴിഞ്ഞാടുന്ന പരസ്യങ്ങൾക്കു കർശനനിയന്ത്രണമേർപ്പെടുത്താൻ ഗൂഗിൾ നടപടിയെടുത്തിരിക്കുന്നത്. ബ്രൗസിങ്ങിൽ ഏറ്റവും ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന പോപ് പരസ്യങ്ങൾക്കെതിരെ മിക്കവാറും എല്ലാ വെബ് ബ്രൗസറുകളും കർശനനിലപാടാണ് എടുത്തിരിക്കുന്നത്. 

പോപ് അപ് ബ്ലോക്കറോടു കൂടിയാണ് ബ്രൗസറുകളെല്ലാം എത്തുന്നത്. എങ്കിലും വെബ്സൈറ്റിൽ പ്രദർശിപ്പിച്ചിട്ടുള്ള പരസ്യങ്ങളുടെ തുടർച്ചയായി പോപ് പരസ്യങ്ങൾ വിന്യസിക്കുന്ന പ്രവണത അടുത്തിടെ വർധിച്ചിട്ടുണ്ട്. പോപ് അപ് ബ്ലോക്കറുകൾക്ക് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ഇത്തരം പരസ്യങ്ങൾ ഏറിയാൽ ആ വെബ്സൈറ്റിലെ മുഴുവൻ പരസ്യവും ബ്ലോക്ക് ചെയ്യുമെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം.