വാവെയ്‌‌യെ ജര്‍മനിക്കും പേടി; ലോകം എന്തുകൊണ്ട് ചൈനയെ ഭയക്കുന്നു?

അടുത്ത ഡേറ്റാ വിപ്ലവം വരുന്നത് 5Gയിലാണ്. ഇന്ത്യയടക്കുമുള്ള ലോക രാഷ്ട്രങ്ങളെല്ലാം 5ജിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ്. എന്നാല്‍, പുതിയ ടെക്‌നോളജി നടപ്പിലാക്കാല്‍ കെല്‍പ്പുള്ള കമ്പനികളില്‍ പലതും ചൈനയില്‍ നിന്നുള്ളവയാണ്. ജര്‍മനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ പലരും വാവെയ് തുടങ്ങിയ ചൈനീസ് കമ്പനികളെ രാജ്യത്ത് 5ജിക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ അനുവദിക്കരുതെന്ന് സർക്കാരിനോട് അപേക്ഷിക്കുകയാണ്. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നാണ് അവര്‍ പറയുന്നത്. അമേരിക്കയിലും ഈ ചൈനാപ്പേടി നിലനില്‍ക്കുന്നുണ്ടല്ലോ. ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ അവരുടെ നാട്ടില്‍ 5ജി ഒരുക്കാന്‍ ചൈനീസ് കമ്പനികളെ അനുവദിക്കുമോ എന്നറിയാനിരിക്കുന്നതെയുള്ളൂ.

അമേരിക്കയെയും ഓസ്‌ട്രേലിയയെയും പോലെ ചൈനീസ് കമ്പനികളോട് 5ജി കാര്യത്തില്‍ 'നോ' പറയണമെന്നാണ് ജര്‍മന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ, ജര്‍മനിയിലെ ലേലം വളരെ അടുത്തു എന്നതാണ് സർക്കാരിനെ വിഷമിപ്പിക്കുന്നതത്രെ. ഇതിനാല്‍ ഉദ്യോഗസ്ഥരുടെ വൈകി വന്ന തോന്നല്‍ ഇനി നടപ്പിലാക്കാനാകുമോ എന്നറിയേണ്ടിയിരിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഉദ്യോഗസ്ഥരുടെ നിലപാട് ടെക്‌നോളജിയെ കുറിച്ചറിയാവുന്ന ജര്‍മന്‍കാരുടെ 5ജിയിലൂടെ വരാവുന്ന ചൈന ഭീതി വെളിവാക്കുന്നു. എന്നാല്‍, പൊതുജനമോ മാധ്യമങ്ങളൊ ഇതേക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ച നടത്താത്തത് ഇനിയും ചൈന കമ്പനികളുടെ സാധ്യത നിലനിര്‍ത്തുന്നു.

ജര്‍മനിയുടെ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളാണ് എതിര്‍പ്പിന് മുന്‍കൈ എടുത്തിരിക്കുന്നത്. '5ജി ഇന്‍സ്റ്റലേഷന്‍ ഗൗരവമുള്ള കാര്യമാണ്. ഇത് എന്നെയാണ് ഏല്‍പ്പിച്ചിരുന്നതെങ്കില്‍ ഞാന്‍ ഓസ്‌ട്രേലിയക്കാര്‍ ചെയ്യുന്നതു പോലെ ചെയ്യുമായിരുന്നുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതേക്കുറിച്ച് ഗൗരവമുള്ള ചര്‍ച്ചകള്‍ രാജ്യത്തു നടത്തണമെന്നാണ് പല ഉദ്യോഗസ്ഥരും പറയുന്നത്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ പലതും 5G എത്തുമ്പോള്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചാണ്. അല്ലാതെ വിദേശ കമ്പനികളെക്കുറിച്ചല്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ജര്‍മനിയില്‍ നിക്ഷേപിക്കാന്‍ വരുന്ന എല്ലാ വിദേശ കമ്പനികളെയും ഒഴിവാക്കുന്നതു നല്ല രീതിയല്ല. പക്ഷേ, ചിലരെ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്താണ് സുരക്ഷാ ഭീഷണി?

ചൈനയുടെ ദേശീയ ഇന്റലിജന്‍സ് നിയമം പറയുന്നത് അവിടുത്തെ കമ്പനികളും പൗരന്മാരും രാജ്യത്തെ നിയമനുസരിച്ച് ദേശീയ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കിനോട് സഹകരിക്കണമെന്നാണ്. എന്നു പറഞ്ഞാല്‍ ചൈനാ സർക്കാർ ടെക്‌നോളജിയില്‍ 'പിന്‍വാതിലുകള്‍' ഒളിപ്പിച്ചേക്കാം. അതിലൂടെ മറ്റു രാജ്യങ്ങളില്‍ ചാരപ്രവര്‍ത്തി നടത്തുകയോ അട്ടിമറികള്‍ നടത്തുകയോ ചെയ്‌തേക്കാമെന്നാണ് മറ്റു രാജ്യങ്ങള്‍ ഭയപ്പെടുന്നത്. വാവെയ് കമ്പനിയുടെ ഉപകരണങ്ങളിലേക്ക് കടുന്നു കയറാന്‍ ചൈനയുടെ ഇന്റലിജന്‍സ് ശ്രമിച്ചേക്കാമെന്നാണ് പല രാജ്യങ്ങളുടെയും ഭീതി.

ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച വാവെയ് അത്തരം സാധ്യത പാടെ തള്ളിക്കളഞ്ഞു. സൈബര്‍ സെക്യൂരിറ്റിക്ക് തങ്ങള്‍ പ്രധാന പരിഗണനയാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. ജര്‍മനിയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷിതമായ ഉപകരണങ്ങള്‍ നല്‍കിയ ചരിത്രം തങ്ങള്‍ക്കുണ്ടെന്ന് അവര്‍ പറയുന്നു. ഓസ്‌ട്രേലിയ തങ്ങളെ 5ജി ലേലത്തില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമായ ഒരു തീരുമാനമാണെന്ന് അവര്‍ പറഞ്ഞു. ചൈനയിലെ നിയമത്തെ തെറ്റിധരിച്ചതാണ് കാരണമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞയാഴ്ച 'ദി ഓസ്ട്രേലിയന്‍' ദിനപ്പത്രത്തില്‍ വന്നൊരു വാര്‍ത്ത പ്രകാരം ചൈനയിലെ ഇന്റലിജന്‍സ് വിഭാഗം വാവെയിലെ ജോലിക്കാരെ ഉപയോഗിച്ച് വിദേശ നെറ്റ്‌വര്‍ക്കുകളിലെക്കുള്ള അക്‌സസ് കോഡ് തരപ്പെടുത്തിയെന്നു വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, വാവെയ് ഈ വാര്‍ത്തയും നിഷേധിച്ചു. തങ്ങള്‍ ഒരിക്കലും സർക്കാരിന് ഒരു വിവരവും നല്‍കിയിട്ടില്ലെന്നാണ് അവര്‍ പറയുന്നത്.

ഇത്തരം കാര്യങ്ങള്‍ക്ക് ഓരോ രാജ്യവും മുന്തിയ പരിഗണന തന്നെ നല്‍കണമെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.