Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുത ജയം: രാഹുലിനെ രക്ഷിച്ചത് പാക്കിസ്ഥാനിലെ തന്ത്രം

rahul-sonia

വൻ വിജയങ്ങൾക്കിടയിലും കോൺഗ്രസ് എന്ന പാർട്ടിയെ എന്നും ഒറ്റപ്പെടുത്തുന്നത് ഉൾപ്പാർട്ടി പോരുകളും ഹൈക്കമാൻഡ് സംസ്കാരത്തിനെതിരെയുള്ള വിമർശനങ്ങളുമാണ്. എന്നാൽ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം പതിവു വഴികളിൽ നിന്നും മാറി നടക്കുന്ന കോൺഗ്രസിനെയാണ് ഇത്തവണ കാണാനായത്. മുഖ്യമന്ത്രിമാരെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന പതിവു പല്ലവി നേതാക്കൾ ആവർത്തിച്ചെങ്കിലും മൂന്നു സംസ്ഥാനങ്ങളിലെയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തിമ തീരുമാനത്തിലെത്തിയത്. ഇതിനാകട്ടെ രാഹുൽ ആശ്രയിച്ചത് ഒരു മൊബൈൽ ആപ്ലിക്കേഷനെയാണ്. ഡേറ്റകളുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യ തിരഞ്ഞെടുപ്പ് കൂടിയായിരുന്നുവിത്. പാക്കിസ്ഥാനിൽ അധികാരത്തിലെത്തിയ ഇമ്രാൻഖാന്‍റെ പാർട്ടി പുറത്തെടുത്ത തന്ത്രത്തിന്‍റെ മറ്റൊരു രൂപമായിരുന്നു കോൺഗ്രസ് പുറത്തെടുത്തത്. വോട്ടർമാരുടെ ഡേറ്റയും മൊബൈൽ ആപ്ലിക്കേഷനും ചേർന്ന കോൺസ്റ്റിറ്റ്യൂവൻസി മാനേജ്മെന്റ് സിസ്റ്റമാണ് ഇമ്രാന്‍റെ തെഹ്രീഖെ ഇൻസാഫ് (പിടിഎ) പാർട്ടിയെ വിജയത്തിലെത്തിച്ചത്.

കോൺഗ്രസിന്‍റെ ഡേറ്റ അനലറ്റിക്സ് വിഭാഗമാണ് ശക്തി എന്ന ആപ്ലിക്കേഷനു രൂപം നൽകിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പാർട്ടിയുടെ ഉന്നത നേതൃത്വത്തിനും താഴെക്കിടയിലുള്ള സാധാരണ പ്രവർത്തകർക്കുമിടയിലെ പാലമാണ് ഈ ആപ്ലിക്കേഷൻ. ഏതാണ്ടു 40 ലക്ഷത്തോളം കോൺഗ്രസ് പ്രവർത്തകർ ഇതിനോടകം ഈ ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രവീൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ഡേറ്റ അനലറ്റിക്സ് വിഭാഗം ഇത്തവണ കോൺഗ്രസിന്‍റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. ഓരോ മണ്ഡലത്തിലെയും വോട്ടർമാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച്  അതതു മണ്ഡലങ്ങളിൽ വോട്ടർമാരെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾ കണ്ടെത്തി മണ്ഡലാധിഷ്ഠിതമായ തിരഞ്ഞെടുപ്പ് തന്ത്രമാണ് കോൺഗ്രസ് ഇത്തവണ പയറ്റിയത്. ഉദാഹരണത്തിനു രാജസ്ഥാനിൽ കോൺഗ്രസ് പുറത്തെടുത്ത 'എന്‍റെ ബൂത്ത്, എന്‍റെ അഭിമാനം' എന്ന സംവിധാനം ബൂത്ത് തലത്തിലുള്ള കോൺഗ്രസ് പ്രവർത്തകർക്കു കാര്യങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന തരത്തിലായിരുന്നു. പിടിഐക്ക് ജയസാധ്യയുള്ള മണ്ഡലങ്ങളിലെ അ‍ഞ്ചു കോടി വോട്ടർമാരെ സംബന്ധിച്ച വിവരങ്ങളും മൊബൈൽ ആപ്ലിക്കേഷനും ചേർത്തുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇമ്രാൻ പാക്കിസ്ഥാനിലൊരുക്കിയിരുന്നത്. 

പ്രൊഫഷണലായി തന്ത്രം മെനയുന്നവരുടെ സഹകരണം കോൺഗ്രസ് ഓരോ തിരഞ്ഞെടുപ്പിലും വലിയ തോതിൽ സ്വീകരിക്കാൻ തുടങ്ങിയെന്നതാണ് അടുത്തകാലത്തു കണ്ട ഏറ്റവും ശ്രദ്ധേയമായ മാറ്റം. തിരഞ്ഞെടുപ്പ് പ്രചരണം മുതൽ വോട്ടിങ് വരെയുള്ള ഓരോ ഘട്ടത്തിലും ക്രിയാത്മകമായ ഇടപെടലും നിയന്ത്രണവും വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നതായാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഏകപക്ഷീയമായ വലിയ ജയം പ്രവചിച്ച രാജസ്ഥാനിൽ അവസാന ലാപ്പിൽ ബിജെപി ഓടിയെത്തിയത് മികച്ച ഇലക്ഷൻ മാനേജ്മെന്‍റിന്‍റെ കൂടി സഹായത്തോടെയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പിനു ഒമ്പതു മാസം മുന്നേതന്നെ കോൺഗ്രസ് ഫലത്തിൽ കളത്തിലിറങ്ങിയിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായം അളക്കുന്ന സർവ്വേകളാണ് ആദ്യ ഘട്ടത്തിൽ നടത്തിയത്. രമൺസിങ് സർക്കാരിനെയും സാധാരണക്കാരുടെ പ്രശ്നങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രങ്ങൾക്കു രൂപം നൽകിയത് ഇതിനുശേഷമാണ്. ജനങ്ങളുടെ പ്രകടനപത്രിക എന്ന പേരിൽ പ്രകടനപത്രികയിലേക്കുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ സാധാരണക്കാർക്കു അവസരം ഒരുക്കിയതായിരുന്നു മറ്റൊരു പരീക്ഷണം. ഒരു ടോൾഫ്രീ നമ്പർ, ഒരു വാട്ട്സാപ് നമ്പർ, എസ്എംഎസ് സന്ദേശമയക്കാനുള്ള നമ്പർ എന്നിവയാണ് ജനങ്ങൾക്കു നൽകിയതെന്നും ഏതാണ്ടു രണ്ടുലക്ഷത്തോളം പേരാണ് നിർദേശങ്ങള്‍ സമർപ്പിച്ചതെന്നും തിരഞ്ഞെടുപ്പു തന്ത്രങ്ങൾ മെനയാൻ കോൺഗ്രസിനെ സഹായിച്ച ഡിസൈൻ ബോക്സ്ഡ് എന്ന കമ്പനിയുടെ ഡയറക്ടറായ നരേഷ് അറോറ ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിൽ ഓരോ വീട്ടിലുമെത്തിയുള്ള പ്രചരണമെന്ന ആർഎസ്എസ് തന്ത്രത്തെ കോൺഗ്രസ് നേരിട്ടത് രചനാത്മക് ലോക് വിസ്താർ സമിതിക്കു രൂപം നൽകിയാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പു ഒരു സർക്കാർ ഇതര സംഘടനയിൽ പ്രവർത്തിച്ചു പരിചയമുളള മുൻ എംപി സന്ദീപ് ദീക്ഷിതിനെയാണ് സാമൂഹിക സംഘടനകളെ ഈ പരീക്ഷണത്തിന്‍റെ ഭാഗമാക്കാനുള്ള ചുമതല ഏൽപ്പിച്ചത്. കർഷക ക്ഷേമം, വനാവകാശം, പുനരധിവാസം, ഭൂമിയുടെ അവകാശം, ദലിത് സംഘടനകൾ തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധേകേന്ദ്രീകരിച്ചിരുന്ന 700ൽ അധികം സന്നദ്ധ സംഘടനകളുമായാണ് ദീക്ഷിത് അടുത്ത ബന്ധം സ്ഥാപിച്ചത്.

indira-app

ചുരുക്കത്തിൽ ഡേറ്റയുടെ ശേഖരണവും ഇതിന്‍റെ ഫലപ്രദമായ വിനിയോഗവും എന്ന ആധുനിക തന്ത്രമാണ് കോൺഗ്രസ് ഇത്തവണ അങ്കത്തട്ടിൽ പരീക്ഷിച്ചത്. തിരഞ്ഞെടുപ്പിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന തരത്തിൽ വോട്ടർമാരിലേക്കും പ്രവർത്തകർക്കുമിടയിലേക്കു എത്താൻ ഡിജിറ്റല്‍ ഉൽപ്പന്നങ്ങളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിച്ചായിരുന്നു ഈ പരീക്ഷണം. 2019ൽ ഈ തന്ത്രം വർധിച്ച വീര്യത്തോടെ പാർട്ടി പുറത്തെടുക്കുമെന്നു ഉറപ്പാണ്. ഡേറ്റ അനലറ്റിക്സിന്‍റെ പ്രാധാന്യം അറിഞ്ഞുള്ള നീക്കങ്ങൾ ബിജെപി ക്യാംപും നേരത്തെ തന്നെ ആരംഭിച്ചിരിക്കുന്നതിനാൽ ഈ യുദ്ധത്തിൽ ആരു ജയിക്കുമെന്നതാകും ഇന്ത്യയുടെ കടിഞ്ഞാൽ ആരിലേക്കെത്തുമെന്നതു തീരുമാനിക്കുന്നതിൽ നിർണായകമാകുക.