ഗൂഗിൾ ഫ്രീ വൈഫൈ ജനുവരി മുതൽ

ഡൽഹിയിൽ സുന്ദർ പിച്ചൈ സംസാരിക്കുന്നു

ഇന്ത്യയിലെ റെയില്‍വെ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സംവിധാനം ഏർപ്പെടുത്താനുള്ള ഗൂഗിളിന്റെ ശ്രമം ഉടൻ തന്നെ യാഥാർത്ഥ്യം ആകുന്നു. ഇന്ത്യന്‍ റെയില്‍വെയുമായി ചേര്‍ന്ന് 400 റെയില്‍വെ സ്റ്റേഷനുകളില്‍ വൈഫൈ നല്കാനാണ് പദ്ധതി. പ്രഖ്യാപനം നേരത്തെ നടന്നെങ്കിലും, പദ്ധതി എന്ന് പൂർത്തിയാകും എന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ഗൂഗിൾ നല്കിയിരുന്നില്ല. ബുധനാഴ്ച ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഇതേ സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഗൂഗിൾ സി ഇ ഓ സുന്ദർ പിച്ചൈ പങ്കുവെച്ചു.

2016 അവസാനത്തോടെ 100 സ്റ്റേഷനുകളിൽ വൈഫൈ ലഭ്യമാകും. ഇതിലൂടെ 10 മില്യണ്‍ ആളുകൾക്ക് പ്രതിദിനം ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. മുംബയിൽ 2016 ജനുവരിയിൽ ആദ്യ വൈഫൈ സേവനം ലഭ്യമാകുമെന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി. കേരളത്തിലെ അഞ്ചു സ്റ്റേഷനുകളിലും വൈഫൈ സേവനം ലഭിക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലാണ് വൈഫൈ നടപ്പിലാക്കുക.

റെയിൽടെലിന്റെ സഹകരണത്തോടെയാണ് ഗൂഗിൾ പദ്ധതി തയ്യാറാക്കുന്നത്. സ്റ്റെഷനുകൾ തമ്മിൽ ബന്ധിപ്പിക്കാൻ റെയിൽടെല്ലിന്റെ ഒപ്റ്റിക് ഫൈബർ കേബിൾ ആണ് ഉപയോഗിക്കുന്നത്. നിലവിലുള്ള പദ്ധതിക്ക് പുറമേ ഹോട്ട് എയർ ബലൂണ്‍ വഴി ഇന്റർനെറ്റ്‌ എത്തിക്കാൻ കഴിയുന്ന 'പ്രൊജെക്റ്റ് ലൂണ്‍' ഇന്ത്യയില നടപ്പാക്കുന്നതിനെക്കുറിച്ചും ഗൂഗിൾ സിഇഓ വിശദീകരിച്ചു. പ്രൊജെക്റ്റ് ലൂണ്‍ ഉപയോഗിക്കാൻ പോകുന്ന നിർദ്ദിഷ്ട ഫ്രീക്വന്സി ബാന്റ് ഇന്ത്യയിലെ സെല്ലുലാർ ഓപ്പറേഷൻസ് ഉപയോഗിക്കുന്ന അതെ ഫ്രീക്വന്സി ആയതിനാൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് സൂചിപ്പിച്ചിരുന്നു.

ടാറ്റാ ട്രസ്റ്റുമായി സഹകരിച്ചു ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിൽ സൈക്കിളുകൾ അയച്ചു സ്ത്രീകളുടെ ഇടയിൽ ഇന്റർനെറ്റിനെ സംബന്ധിച്ച അവബോധം നല്കാനും പരിപാടിയുണ്ട്. ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുള്ള ഉപകരണങ്ങൾ ഈ സൈക്കിളിൽ ഉണ്ടാവും. ഗൂഗിൾ ട്രെയിനിംഗ് നല്കിയ ആളുകൾ ആവും ഇന്റർനെറ്റിനെ സംബന്ധിച്ച വിവരങ്ങൾ ഗ്രാമീണർക്ക് ലഭ്യമാക്കുക. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈയുടെ അഭിപ്രായത്തിൽ ഇന്റർനെറ്റിനു ഇന്ത്യയെ കാര്യമായി സ്വാധീനിക്കാൻ കഴിയും. ഇന്ത്യയിൽ സാങ്കേതിക അനുദിനം വളരുമ്പോഴും ഓഫ്‌ലൈൻ ആയി തുടരുന്ന ഒട്ടനേകം ആളുകളുണ്ട്, അവരെ അഭിസംബോധന ചെയ്തേ പറ്റൂ. ഇന്ന് നിലവിൽ ഇന്ത്യയിൽ ലഭ്യമായിരിക്കുന്ന ഇന്റർനെറ്റ്‌ സ്പീഡിനേക്കാൾ മികച്ചതായിരിക്കും ഗൂഗിൾ നല്കുകയെന്നും സൂചിപ്പിച്ചു.

സുന്ദർ പിച്ചൈ

ബലൂണുകളുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ്‌ എത്തിക്കാനുള്ള ശ്രമങ്ങളാണ് ഗൂഗിൾ 'പ്രൊജക്റ്റ്‌ ലൂണ്‍' എന്ന പദ്ധതിയിലൂടെ നടത്തുന്നത്. ബലൂണുകൾ സഞ്ചരിക്കുന്ന പാതയുടെ താഴെയുള്ള ആളുകൾക്ക് ആവും ഇന്റർനെറ്റ്‌ ലഭ്യമാവുക. നേരത്തെ തന്നെ ശ്രീലങ്ക ഈ പദ്ധത്തിയുടെ ഭാഗമാകുന്നതിനായി ഫെയ്സ്ബുക്കുമായി ഉടമ്പടിയിൽ ഏർപ്പെട്ടിട്ടുണ്ട്. സൂപ്പർ പ്രെഷർ ബലൂണ്‍ മുഖേന ഇന്റർനെറ്റ്‌ എന്ന ആശയം ഗൂഗിൾ 2013 ജൂണിൽ പ്രഖ്യാപിച്ചതാണ്, അന്ന് ഏകദേശം മുപ്പതോളം ബലൂണുകൾ ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ബലൂണുകളോടൊപ്പം ഡേറ്റ അയയ്ക്കാനും സ്വീകരിക്കാനുമായി രണ്ട് റേഡിയോ ട്രാൻസീവേഴ്സ്, ഒരു ബാക്കപ്പ് റേഡിയോ, ഒരു ഫ്ലൈറ്റ് കമ്പ്യൂട്ടർ, ജിപിഎസ് ട്രാക്കർ, ബലൂണിന്റെ ഉയരവും ദിശയും നിയന്ത്രിക്കാനുള്ള സംവിധാനം, ഊർജ്ജത്തിനായി സോളാർ പാനലുകൾ എന്നിവയാണുള്ളത്. നിലവിൽ ഒരു സെക്കന്റിൽ ഏകദേശം 10 മെഗാബിറ്റ് സ്പീഡ് ഇതിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. ആദ്യമൊക്കെ വെറും 5 ദിവസം മുതൽ 10 ദിവസം വരെയായിരുന്നു ബലൂണുകളുടെ ആയുസെങ്കിൽ ഇപ്പോഴുള്ളതിൽ ചിലതിനു 187 ദിവസം വരെ ലഭിക്കാറുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു.