Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിച്ചൈ സത്യം വെളിപ്പെടുത്തി, ‘ടെക്‌നോളജി മനുഷ്യനെ രക്ഷിക്കില്ല’

Obama

ശാസ്ത്ര വാര്‍ത്തകള്‍ വായിക്കുന്ന നല്ലൊരു ശതമാനം പേരും വിശ്വസിക്കുന്നത് സാങ്കേതികവിദ്യയാണ് മനുഷ്യരാശിയുടെ അവസാന പ്രതീക്ഷയെന്നാണ്. മനുഷ്യന്റെ ആയുസിന്റെ ദൈര്‍ഘ്യം കൂട്ടുന്നതും മരണമില്ലാതാക്കുന്നതും എന്തിന് ജെനെറ്റിക് എൻജിനീയറിങ്ങിലൂടെ പാരമ്പര്യ രോഗങ്ങളുടെ പിടിയില്‍ നിന്നു മുക്തമായ പുതിയൊരു ഒരു ജനതയെ വാര്‍ത്തെടുക്കുന്നതുമടക്കം അവര്‍ കണ്ടു കൂട്ടാത്ത സ്വപന്ങ്ങളില്ല. എന്നാല്‍, മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടെക്‌നോളജിക്കാവില്ല എന്നാണ് ലോക ടെക്‌നോളജിയുടെ പോക്കിന്റെ ഗതിയറിയാവുന്ന ഗൂഗിൾ മേധാവി സുന്ദര്‍ പിച്ചൈയുടെ പുതിയ വെളിപാട്. ഗൂഗിള്‍ അടക്കമുള്ള ടെക്‌നോളജി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന, ആധുനിക ടെക്‌നോളജിയുടെ സിരാകേന്ദ്രമായ സിലിക്കന്‍ വാലിയുടെ മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടെക്‌നോളജിക്കാകുമെന്ന ചിന്ത ബാലിശമായിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷമായി ഇന്റര്‍നെറ്റില്‍ ഗൂഗിളിനെപ്പോലെ ആധിപത്യമുളള കമ്പനികള്‍ കുറവാണ്. എങ്കിലും 2018 കമ്പനിക്ക് നല്ല വര്‍ഷമായിരുന്നില്ല. കമ്പനിക്കുള്ളിലെ ലൈംഗികാരോപണങ്ങള്‍ മുതല്‍ ചൈനയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്ന പുതിയ സേര്‍ച് എൻജിനും യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളും ആരോപിച്ച സ്വകാര്യത ലംഘനം വരെ ഒരുപറ്റം പ്രശ്‌നങ്ങള്‍ ഗൂഗിളിനെ വേട്ടയാടുന്ന കാലമാണിത്.

ഇന്ത്യന്‍ വംശജനായ പിച്ചൈ, ചൈനീസ് സേര്‍ച് എൻജിനുമായി ഗൂഗിൾ മുന്നോട്ടു പോകുകയാണെന്ന നിരാശാജനകമായ പ്രസ്താവനയും നടത്തി. ന്യൂ യോര്‍ക് ടൈംസ് ലേഖകനാണ് പിച്ചൈയോട് താങ്കള്‍ ഇവിടെ എത്തിയപ്പോളുണ്ടായിരുന്ന ആദര്‍ശവാദം സിലിക്കന്‍ വാലിക്ക് ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചത്.

പിച്ചൈ ഇതിന് മറുപടിയായി പറഞ്ഞത്, ശുഭപ്രതീക്ഷ ഇപ്പോഴും ഉണ്ട്. എന്നാല്‍ അത് ചിന്തയിലൂടെ ബലപ്പെടുത്തിയതാണെന്നാണ്. ധാരാളം കാര്യങ്ങള്‍ മാറിയിരിക്കുന്നു. മറ്റനവധി കാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ ഇപ്പോള്‍ ചിന്തിക്കാറുണ്ട്. കൂടാതെ ഞങ്ങള്‍ എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ സമയം അലോചിക്കുകയും ചെയ്യുന്നു. എന്നാല്‍, മറ്റൊരു ഗഹനമായ കാര്യം കണ്ടെത്തിയിരിക്കുന്നു: ടെക്‌നോളജി മനുഷ്യരാശിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കില്ല. അങ്ങനെ വച്ചുപുലര്‍ത്തിയിരുന്ന ചിന്ത ബാലിശമായിരുന്നുവെന്ന വീണ്ടുവിചാരമാണ് പിച്ചൈ നടത്തിയിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ടെക്‌നോളജിയെ അമിതമായി ആശ്രയിച്ചിരുന്നു. ഇപ്പോള്‍, എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ടെക്‌നോളജിയാണെന്നു പറഞ്ഞ് അതിനെ ആവശ്യമില്ലാതെ പഴിക്കുകയും ചെയ്യുന്നുവെന്നും പിച്ചൈ പറഞ്ഞു.

ചൈനയ്ക്കായി ഗൂഗിള്‍ നിര്‍മിക്കുന്ന ഡ്രാഗണ്‍ഫ്‌ളൈ എന്ന വിവാദ സേര്‍ച് എൻജിനെക്കുറിച്ച് നമ്മള്‍ ഇവിടെ: https://bit.ly/2NCX7XI വിശദമായി കണ്ടിരുന്നല്ലോ. ഈ തീരുമാനവുമായി മുന്നോട്ടു പോകുക തന്നെ ചെയ്യുമെന്നാണ് പിച്ചൈ പറയുന്നത്.

പലരും മനസിലാക്കാത്ത ഒരു കാര്യം സെന്‍സര്‍ഷിപ് ഉള്ള പല രാജ്യങ്ങളിലും തങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണെന്ന് പിച്ചൈ പറഞ്ഞു. അടുത്ത വര്‍ഷം ജൂലൈയില്‍ പുതിയ ആപ് പുറത്തിറക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇതേപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്. വന്‍ ശമ്പളം പറ്റുന്ന ആയിരക്കണക്കിനു ഗൂഗിള്‍ ജോലിക്കാര്‍ തങ്ങളുടെ പ്രതിഷേധമറിയിക്കുകയുണ്ടായി. നിരീക്ഷണോപാധിയായി ഉപയോഗിക്കാവുന്ന ഒന്നാണ് ഡ്രാഗണ്‍ഫ്‌ളൈ എന്നാണ് ആരോപണം. ഡ്രാഗണ്‍ഫ്‌ളൈ പുറത്തിറക്കുന്ന കാര്യത്തില്‍ താന്‍ തീരുമാനിച്ചുറച്ചിരിക്കുകയാണ് എന്നാണ് പിച്ചൈ പറഞ്ഞത്.

ഗൂഗിളിന്റെ പുരുഷ മേധാവിത്വമുള്ള ജോലിസ്ഥലത്തിനെതിരെയും ലോകമെമ്പാടും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതില്‍, ഏകദേശം 20,000 ജോലിക്കാര്‍ പങ്കെടുത്തുവെന്നും പറയുന്നു. ലൈംഗികാരോപണവും മറ്റ് ശീലക്കേടുകളുമുള്ള പുരുഷ ജോലിക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി എടുക്കാത്തതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

ടെക്‌നോളജി ഒരു പരിഹാരമല്ലെന്ന തന്റെ പ്രസ്താവന നടത്തിയതിനു പിന്നിലുള്ള കണ്ടെത്തൽ എന്താണെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. ടെക്‌നോളജിയില്‍ പ്രതീക്ഷ പുലര്‍ത്തുന്നവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.