Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൂഗിളിലെ ലൈംഗിക പീഡനം, ഖേദം പ്രകടിപ്പിച്ച് പിച്ചൈ, ഓഫിസിൽ നാടകീയ രംഗങ്ങൾ

google-office

ലൈംഗികാരോപണങ്ങൾ നേരിട്ട ഉയർന്ന ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഗൂഗിൾ മൃദുസമീപനം കൈകൊള്ളുന്നതായുള്ള ആരോപണങ്ങൾക്കിടെ ക്ഷമാപണം നടത്തി സിഇഒ സുന്ദർ പിച്ചൈയുടെ ഇ–മെയിൽ സന്ദേശം. ജീവനക്കാരികളിൽ ഒരാളോട് ഹോട്ടൽ മുറിയിൽ വച്ച് പ്രകൃതി വിരുദ്ധ സെക്സ് നടത്തിയതിനാണ് ആൻഡി റൂബിനെ പുറത്താക്കിയതെന്നും 90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014ൽ അദ്ദേഹത്തെ ഗൂഗിൾ യാത്രയാക്കിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തതോടെയാണ് പിച്ചൈയുടെ ക്ഷമാപണം. 

മുൻകാല പ്രവൃത്തികള്‍ക്കും അതു ജീവനക്കാരിലുണ്ടാക്കിയ മനോവിഷമത്തിനും ഖേദം പ്രകടിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച ഇതു ലാറി വ്യക്തമാക്കിയതാണ്. എന്നാൽ ഒരിക്കൽ കൂടി പറയേണ്ടതുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്ന പോലെയാണ് ഏതെങ്കിലുമൊരാൾ ഗൂഗിളിനെ കാണുന്നതെങ്കിൽ, നമ്മൾ എന്താകാനാണോ ആഗ്രഹിക്കുന്നത് ആ ദിശയിലല്ല മുന്നേറുന്നതെന്ന് ശങ്കകൾക്കിടയില്ലാതെ പറയേണ്ടിവരും – പിച്ചൈ ഓർമ്മിപ്പിച്ചു. 

ലൈംഗികാരോപണങ്ങളിൽ വേട്ടക്കാർക്ക് വിരമിക്കൽ പാക്കേജോടെയുള്ള യാത്രയയപ്പു നൽകുകയും അതേസമയം ഇരകളെ അവഗണിക്കുകയും ചെയ്യുന്ന സമീപനത്തിനെതിരെ കമ്പനിക്കുള്ളിൽ തന്നെ ഭിന്നസ്വരങ്ങൾ ഉയരാൻ തുടങ്ങിയ സാഹചര്യത്തിൽ പിച്ചൈയും ഗൂഗിളിന്‍റെ സഹസ്ഥാപകനായ ലാറി പേജും ജീവനക്കാരുടെ സംയുക്ത യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാല്‍ വനിതാ ജീവനക്കാർ വ്യാഴാഴ്ച പ്രതിഷേധ പ്രകടനത്തിനു തുനിയുന്നതായുള്ള വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ കൂടിയാണ് ഏറ്റുപറച്ചിലുമായി പിച്ചൈ രംഗത്തെത്തിയത്. 

ജീവനക്കാർക്കിടയിലുള്ള അതൃപ്തി സംബന്ധിച്ച് സന്ദേശത്തിൽ പിച്ചെ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ പലർക്കും പറയാനുള്ളതു താൻ കേട്ടെന്നും പലരും തനിക്ക് തുറന്നെഴുതിയെന്നും മറ്റുപലരും സഹജീവനക്കാരുമായി തങ്ങളുടെ വികാരം പങ്കുവച്ചെന്നും ജീവനക്കാരുടെ യോഗത്തിൽ നടത്തിയ ഖേദപ്രകടനം അപര്യാപ്തമാണെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമായതെന്നും പിച്ചൈ കുറിച്ചു. ജീവക്കാരുടെ വികാരം മനസിലാക്കുന്നുവെന്നും അവരെ കേൾക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അസുഖകരമായ പെരുമാറ്റങ്ങൾക്കെതിരെ കടുത്ത നിലപാടു സ്വീകരിക്കേണ്ടതിന്‍റെ ആവശ്യകതയും സന്ദേശത്തിൽ എടുത്തു പറയുന്നുണ്ട്.

അതേസമയം, ഗൂഗിളിന്‍റെ പരീക്ഷണ വിഭാഗമായ ആൾഫബെറ്റ് എക്സിലെ ഡയറക്ടറായ റിച്ചാര്‍ഡ് ഡിവോൾ വിരമിക്കൽ പാക്കേജ് കൂടാതെ രാജിവച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ സ്ഥാനം പിടിച്ച പ്രധാനികളിൽ ഒരാളായിരുന്നു ഡിവോള്‍. ഗൂഗിളിൽ അഭിമുഖത്തിനെത്തിയ തന്നോട് ഡിവോൾ‌ അപമര്യാദയായി പെരുമാറിയതായി ഒരു യുവതി ആരോപിച്ചിരുന്നു. ഡിവോൾ പിന്നീട് മാപ്പു പറഞ്ഞെങ്കിലും തുടർ നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജീവനക്കാർക്കിടയില്‍ തന്നെ ശക്തമാകുന്ന എതിർപ്പുകള്‍ കണക്കിലെടുത്ത് ലൈംഗികാരോപണങ്ങളിലെ നിലപാട് മാറ്റാൻ ഗൂഗിൾ തയാറാകുന്നതിന്‍റെ സൂചനയായാണ് ഡിവോളിന്‍റെ രാജി വിലയിരുത്തപ്പെടുന്നത്.