അന്നേ പിച്ചൈ പറഞ്ഞു, ഇങ്ങനെ ചെയ്യുമെന്ന്...

ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അന്നേ പറഞ്ഞതാണ് ഇങ്ങനെയൊരു ഓൺലൈൻ പോൾ ഏർപ്പാടാക്കാമെന്ന്. എന്തായാലും അദ്ദേഹം വാക്കു പാലിച്ചു. ഇനി നമ്മളാണ് ചെയ്യേണ്ടത്. അതുകൊണ്ട് തന്നെ ഒന്നൊത്തു പിടിച്ചാൽ ലോകത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ട വിഭവം നെയ്യപ്പമാക്കാം... എന്താണിപ്പോൾ നെയ്യപ്പത്തിന്റെ പ്രസക്തിയെന്ന് പറയേണ്ടതില്ലല്ലോ. ‘#androidNforNeyyappam’....എന്ന ക്യാംപെയിൻ ശക്തമായി കഴിഞ്ഞു. അതിൽ ഊർജ്ജസ്വലരായി പങ്കെടുത്താൽ ആൻഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് നെയ്യപ്പം എന്നാകും. ഇംഗ്ലിഷ് അക്ഷരമാല ക്രമത്തിലാണ് ആൻഡ്രോയിഡ് അധികൃതർ പേരു തീരുമാനിക്കുന്നത്. ഇത്തവണ ഊഴം n എന്ന അക്ഷരത്തിന്റേതാണ്. ഈ അക്ഷരത്തിൽ തുടങ്ങുന്ന പേരുകളുടെ കൂട്ടം ആൻഡ്രോയിഡ് തന്നിട്ടുണ്ട്. അതിലൊന്നാണ് നമ്മുടെ നെയ്യപ്പം.

ഗൂഗിൾ സിഇഒ ആയി അധികാരമേറ്റ ശേഷം ഇന്ത്യയിലെത്തിയ ദിവസം ഡൽഹിയിലെ ശ്രീറാം കോളെജ് ഓഫ് കൊമേഴ്സിൽ വച്ച് വിദ്യാർഥികളുമായി പിച്ചൈ സംവദിച്ചിരുന്നു. ഈ അവസരത്തിൽ ഒരു വിദ്യാർഥി വിഡിയോ ചാറ്റ് വഴി സുന്ദർ പിച്ചൈയോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് ആൻഡ്രോയിഡിന് ഇന്ത്യൻ പലഹാരങ്ങളുടെ പേര് നൽകാതത്തതെന്ന്.

ഉറക്കെ ചിരിച്ചു കൊണ്ട് അന്നു നൽകിയ മറുപടി അടുത്ത വേർഷന് പേരിടുമ്പോൾ ഓൺലൈൻ പോളിങ് നടത്താമെന്നും എല്ലാ ഇന്ത്യക്കാരും വോട്ടു ചെയ്യണമെന്നുമായിരുന്നു. സുന്ദറിനെ അഭിമുഖം ചെയ്യാനെത്തിയ ഹർഷ ഭോഗ്‌ലെ അതിന് തിരിച്ച് പറഞ്ഞത്, ഓൺലൈന്‍ വോട്ടിങിൽ ജയിക്കുന്ന ഒരേ ഒരു സമൂഹം ഇന്ത്യക്കാർ ആണെന്നായിരുന്നു. എന്തായാലും അക്കാര്യത്തിൽ ഇപ്പോൾ തീരുമാനമായിരിക്കുകയാണ്. ജൂൺ 9 ന് ഉച്ച കഴിഞ്ഞ് 12.29 വരെ പേരുകൾ നൽകാം.