അതു ചെയ്തതു ചൈന തന്നെ!

സിഡ്നി∙ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർത്താൻ സൈബർ ആക്രമണം നടത്തിയത് ചൈനയെന്ന് ഓസ്ട്രേലിയയുടെ ആരോപണം. കാലാവസ്ഥാ വകുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്തശേഷം നെറ്റ്‌വർക്ക് ലിങ്കിലൂടെ പ്രതിരോധ വകുപ്പിന്റെ രഹസ്യവിവരങ്ങൾ ചോർത്താനായിരുന്നു ചൈനയുടെ ശ്രമമെന്ന് ഓസ്ട്രേലിയ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ (എബിസി) റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ കംപ്യൂട്ടറുകളിലൊന്നും കാലാവസ്ഥാ വകുപ്പിന്റേതാണ്. ഓസ്ട്രേലിയ സർക്കാർ കംപ്യൂട്ടർ ശൃംഖലയിൽ നേരത്തെയും ചൈനീസ് സൈബർ ആക്രമണം നടന്നിട്ടുണ്ട്. എന്നാൽ, ഓസ്ട്രേലിയയുടെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് ചൈന തിരിച്ചടിച്ചു.

ഓസ്ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറും നിലവിലുണ്ട്. ഭക്ഷ്യ, കാർഷിക വിഭവങ്ങളുടെ കയറ്റുമതിയിലേക്കു ശ്രദ്ധതിരിച്ചിരിക്കുന്ന രാജ്യത്തിന് ചൈനയുടെ പിന്തുണ അത്യാവശ്യമെങ്കിലും നിർണായക വ്യാപാരക്കരാറുകളുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതിൽ ചൈനീസ് കമ്പനികൾക്ക് അമർഷമുണ്ട്. സൈബർ ആക്രമണത്തിനു പിന്നിൽ ചൈനീസ് കരങ്ങൾ സംശയിക്കുന്നതിന്റെ കാരണമിതാണ്.

40 ലക്ഷം യുഎസ് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങളടങ്ങിയ സർക്കാർ ഫയലുകൾ ചൈനീസ് ഹാക്കർമാർ ചോർത്തിയെന്ന് കഴിഞ്ഞ ജൂണിൽ ആരോപണമുയർന്നിരുന്നു. ചൈന സൈബർ ആക്രമണം അവസാനിപ്പിച്ചേ തീരൂ എന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ആവശ്യപ്പെടുകയും ചെയ്തു.