വിൻഡോസ് 10 വ്യാജ ഗെയിമുകളെ നശിപ്പിക്കും

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി മൂന്നാഴ്ച പിന്നിടുമ്പോൾ ലൈസൻസ് എഗ്രിമെന്റ് പുതുക്കിയ വിൻഡോസ് ഗെയിമുകളുടെ വ്യാജപതിപ്പുകൾക്കെതിരെ രംഗത്ത്. പുതിയ ലൈസൻസ് എഗ്രിമെന്റ് പ്രകാരം വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയറുകൾ മൈക്രോസോഫ്റ്റ് പരിശോധിക്കുകയും അവയിൽ ഗെയിമുകളുടെയും മറ്റും വ്യാജപതിപ്പുകൾ കണ്ടെത്തിയാൽ അവ പ്രവർത്തനരഹിതമാക്കുകയും ചെയ്യും.

ഇതോടൊപ്പംതന്നെ കംപ്യൂട്ടറിൽ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ഉപകരണങ്ങളുടെ കാര്യത്തിലും മൈക്രോസോഫ്റ്റ് ഇടപെടും. മൗസ്, കീബോർഡ്, ഡിവിഡി ഡ്രൈവ് തുടങ്ങിയവയുടെ കാര്യത്തിലും സമാനമായ ആധികാരികതയോടെ മൈക്രോസോഫ്റ്റ് ഇടപെടും എന്നു പുതിയ ലൈസൻസ് എഗ്രിമെന്റ് ചൂണ്ടിക്കാണിക്കുന്നു.

വിൻഡോസ് 10 ഉപയോഗിക്കുന്നവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കി ഇടപെടലുകൾ നടത്തുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ നയത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മൈക്രോസോഫ്റ്റിന് വിൻഡോസിന്റെ കാര്യം മാത്രം നോക്കിയാൽപ്പോരേ, വിൻഡോസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളുടെ കാര്യത്തിൽ മൊത്തം ഇടപെടേണ്ട കാര്യമുണ്ടോ എന്നതാണ് ചോദ്യം.