Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞുമൂടിയ മാങ്കുളം

mankulam9

മലയാറ്റൂർ വനവും രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം. ആനകൾ വെള്ളം കുടിക്കാനെത്തുന്ന പുഴയും അതിമനോഹരമായ വെള്ളച്ചാട്ടങ്ങളും

മഞ്ഞുമേഘങ്ങൾ കുട ചൂടും മാങ്കുളം

mankulam7

മൂന്നാറിന്റെ പടിഞ്ഞാറു ഭാഗത്ത് മഞ്ഞു ചൂടി നിൽക്കുന്ന മലനിരയ്ക്കു നടുവിലാണ് മാങ്കുളം. കോൺക്രീറ്റ് കെട്ടിടങ്ങളും വാഹനങ്ങളും കുറവായതിനാൽ മാങ്കുളത്ത് ഇപ്പോൾ മൂന്നാറിനെക്കാൾ തണുപ്പുണ്ട്. രാജമലയും തേയിലത്തോട്ടങ്ങളും ചേർത്തു പ്രകൃതിയുണ്ടാക്കിയ ‘കുമ്പിളാ’ണ് മാങ്കുളം. ആനകൾ വെള്ളം കുടിക്കാനെത്തുന്ന പുഴയും അതിമനോഹരമായ ഏഴെട്ടു വെള്ളച്ചാട്ടങ്ങളുമാണ് മാങ്കുളത്ത് കാണാനുള്ളത്. ആലുവയിൽ നിന്നു മൂന്നാറിലേക്കു ബ്രിട്ടീഷുകാർ വണ്ടിയോടിച്ച പാലവും തൂക്കു പാലങ്ങളും മാങ്കുളമെന്ന നിഷ്കളങ്കതയെ സമൃദ്ധമാക്കുന്നു. മാങ്കുളത്തു നിന്നു വഴി തുറക്കുന്ന കാടിനുള്ളിൽ നിരവധി ആദിവാസി ഗോത്രങ്ങളുണ്ട്. പുറം ലോകവുമായി ബന്ധമില്ലാത്ത ആ മനുഷ്യ കുലങ്ങളെ കാണാനുള്ള അവസരം കൂടിയാണ് മാങ്കുളം യാത്ര. ‘ഡാർക്ക് ഫോറസ്റ്റ് ’ എന്നു പ്രശസ്തി നേടിയ മാങ്കുളത്ത് വനം വകുപ്പ് ഇക്കോ ടൂറിസം ട്രിപ്പ് നടത്തുന്നുണ്ട്. താമസ സൗകര്യം ഉൾപ്പെടുന്ന ഈ ട്രെക്കിങ്ങിനെക്കുറിച്ച് സഞ്ചാരികൾ അറിഞ്ഞു വരുന്നതേയുള്ളൂ.

മൂന്നാറിന്റെ പഴയ മുഖം

mankulam4

കല്ലാറിൽ നിന്നു മാങ്കുളം റോഡിലേക്ക് തിരിഞ്ഞപ്പോൾ മുതൽ തിരിമുറിയാത്ത മഴ. ഇടവേളകളില്ലാതെ പെയ്യുന്ന മഴയിൽ വിരിപാറയും മുനിപാറയും കരിമ്പച്ചയണിഞ്ഞ് ഉത്സാഹം ചൂടിയിരിക്കുന്നു. പെരുമഴയത്തും വനമേഖലയിൽ സുഖം പകരുന്ന നിശ്ശബ്ദത. വല്ലപ്പോഴും കടന്നു പോകുന്ന ഒന്നോ രണ്ടോ വണ്ടികളുടേതൊഴികെ ‘അന്യ’ശബ്ദങ്ങളില്ല.

mankulam3

ഒരു ബസ് വന്നാൽ കാർ അരികിലേക്ക് ഒതുക്കി നിർത്തേണ്ടുംവിധം റോഡിനു വീതി കുറവാണ്. മാങ്കുളം എത്തുന്നതു വരെ ഇതാണ് അവസ്ഥ. വികസനങ്ങൾ കാടുകയറിയിട്ടില്ലാത്ത ഈ സൗന്ദര്യം ആടും ആനയുമെന്നപോലെ മൂന്നാറിൽ നിന്നു  മാങ്കുളത്തെ വ്യത്യസ്തമാക്കുന്നു.

വിരിപാറയിലെ വനം വകുപ്പിന്റെ ഓഫിസാണ് മാങ്കുളം യാത്രയുടെ ഹബ്ബ്. ഗാർഡിന്റെ അകമ്പടിയോടെയാണ് ട്രെക്കിങ്. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ബി.എൻ. നാഗരാജാണ് ‘കമ്യൂണിറ്റി ബേസ്ഡ് ഇ ക്കോ ടൂറിസം പ്രോഗ്രാം’ എന്നു പേരിട്ട് മാങ്കുളം യാത്രയ്ക്ക് ചട്ടക്കൂടുണ്ടാക്കിയത്.

കൈനഗിരി വെള്ളച്ചാട്ടം

വിരിപാറയിൽ നിന്നാണ് കൈനഗിരിയിലേക്കു വഴിതിരിയുന്നത്. മൂന്നാറിൽ നിന്നു ചിന്നക്കനാലിലേക്കു പോകുമ്പോൾ കിട്ടുന്നതിന്റെ ഇരട്ടി ‘ഫീൽ’ നൽകുന്ന വഴിയാണിത്.

വിരിപാറയിൽ നിന്നു രണ്ടു കിലോമീറ്റർ മുകളിലാണ് കൈനഗിരി. ഇവിടെ നാച്വർ അപ്രിസിയേഷൻ സെന്ററിന്റെ ഓഫിസുണ്ട്.

വെള്ളച്ചാട്ടം, നീന്തൽക്കുളം, കോടമഞ്ഞിന്റെ തേരോട്ടം – ഇത്രയുമാണ് കൈനഗിരിയിലെ കാഴ്ച. തെക്കു നിന്ന് ഒലിച്ചിറങ്ങി പാറയുടെ വിടവിലൂടെ വളഞ്ഞ് കൈനഗിരി വെള്ളച്ചാട്ടം ഇരുപതു മീറ്ററോളം വീതിയിൽ കിഴക്കോട്ട് ഒഴുകുന്നു. വെള്ളം കുത്തിയിറങ്ങുന്നിടത്ത് തടയണ ഉണ്ട്. വിശാലമായ പാറപ്പുറത്തും തടയണയിലും ഇരുന്ന് വെള്ളച്ചാട്ടം ആസ്വദിക്കാം.

പരിസരത്തെവിടെയും കോൺക്രീറ്റ് ബിൽഡിങ്ങുകളില്ലാത്തതുകൊണ്ട് കൈനഗിരിയിൽ ഉച്ചയാകും വരെ മഞ്ഞു പുകയും. ഈ കുളിരാണ് മാങ്കുളം കാണാനെത്തുന്നവരുടെ മനസ്സു നിറയ്ക്കുന്നത്.

നക്ഷത്രക്കുത്ത്

വിരിപാറ റോഡരികിൽ ഈറ്റകൊണ്ടു വേലി കെട്ടിയ ഒരു കുടിൽ കാണാം. മുളങ്കൂട്ടത്തിനടുത്തുള്ള കുടിലിനു താഴെ പുഴയ്ക്കു കുറുകെ തൂക്കുപാലമുണ്ട്. അതു കടന്നാണ് നക്ഷത്രക്കുത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള വഴി. നക്ഷത്ര രൂപമുള്ള പാറയ്ക്കരികെ വെള്ളം തുള്ളിച്ചാടുന്നതു കാണാൻ മൂന്നു കിലോമീറ്റർ കാട്ടിലൂടെ നടക്കണം.

mankulam5

വിരിപാറയിൽ നിന്നു നക്ഷത്രക്കുത്തിൽ പോയി വരാൻ മൂന്നര മണിക്കൂർ വേണം. കുടിവെള്ളവും ലഘു ഭക്ഷണങ്ങളുമായി സംഘം ചേർന്നാണ് യാത്ര.  വന്യമൃഗങ്ങളുടെ സാന്നിധ്യമില്ലാത്ത കൊടുംകാടിലൂടെ ആദിവാസി യുവാക്കൾ വഴികാട്ടികളായി കൂടെ വരും. അട്ടയില്ലാത്ത സമയമാണ് ട്രെക്കിങ്ങിനു നല്ലത്.

mankulam8

കിളിക്കല്ല്, കണ്ണാടിപ്പാറ, കോഴിയലക്കുത്ത് എന്നീ വനാന്തർഭാഗങ്ങളിലേക്കും ട്രെക്കിങ് സംഘടിപ്പിക്കുന്നുണ്ട്. മൂന്നാറിന്റെ ഭൂപ്രകൃതിയെ മലയുടെ മുകളിൽ നിന്നു  കണ്ടാസ്വദിക്കാൻ കണ്ണാടിപ്പാറയിലേക്കുള്ള ട്രെക്കിങ്  അവസരമൊരുക്കുന്നു. സാഹസിക യാത്രികരുടെ മനസ്സു നിറയ്ക്കുന്ന കാനനക്കാഴ്ചകളാണ് കിളിക്കല്ല് ട്രെക്കിങ്. പക്ഷി നീരീക്ഷണത്തിൽ താത്പര്യമുള്ളവരുടെ ക്യാമറ നിറയ്ക്കുന്ന കാടാണ് കോഴിയലക്കുത്ത്.

ആനക്കുളം

പേര് സൂചിപ്പിക്കുന്നതുപോലെ ആനകൾ വെള്ളം കുടിക്കാൻ വരുന്ന സ്ഥലമാണ് ആനക്കുളം. മാങ്കുളത്തു നിന്ന് നാലു കിലോമീറ്റർ അകലെ നല്ലതണ്ണിയാറിന്റെ കടവാണ് ആനക്കുളം. പുഴയുടെ പടിഞ്ഞാറു ഭാഗം കാടാണ്. കാട്ടിൽ നിന്ന് എല്ലാ ദിവസവും ആനകൾ  പുഴക്കരയിൽ വെള്ളം കുടിക്കാൻ വരും. കവലയോടു ചേർന്നാണ് ആനകൾ വെള്ളം കുടിക്കുന്ന കടവ്.

‘‘കാട്ടാനകളും നാട്ടു മനുഷ്യരും ഇത്രയും അടുപ്പത്തോടെ കഴിയുന്ന സ്ഥലം ഇന്ത്യയിൽ വേറെയില്ല.’’ ആനകളുടെ വരവുപോക്ക് ക്യാമറയിൽ പകർത്തിയിട്ടുള്ള  ഡി എഫ് ഒ നാഗരാജ് പറഞ്ഞു. അഞ്ചു ഗിയറുള്ള ജീപ്പിൽ സഞ്ചാരികളുമായി ഓഫ് റോഡിങ് നടത്തുന്ന ജിഷോ എന്ന യുവാവും ഇതു തന്നെയാണ് പറഞ്ഞത്. ജീപ്പിനു മുന്നിൽ വന്നു നിന്ന കൊമ്പൻ അൽപനേരം ആലോചിച്ച ശേഷം തിരികെ കാട്ടിലേക്കു നടന്നു പോയ അനുഭവം ജിഷോ പങ്കുവച്ചു. വെയിലുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഉച്ചയ്ക്കും ആനയിറങ്ങും. കവലയിൽ നിന്ന് അവയെ ക്യാമറയിൽ പകർത്താം. ആനകളെ കാണാൻ കഴിയാത്ത സന്ദർശകർക്ക് കരിവീരന്മാരുടെ സഞ്ചാരത്തിന്റെ വിഡിയോ പ്രദർശിപ്പിക്കാൻ ആനക്കുളത്തൊരു തിയറ്റർ നിർമിച്ചിട്ടുണ്ട്.

mankulam

ശുദ്ധജലം ഒഴുകുന്ന പുഴയാണ് ‘നല്ല തണ്ണി ആറ്’. മണ്ണിൽ പുതഞ്ഞ് ചെളിപ്പരുവമായി പുഴയിലിറങ്ങുന്ന ആനകൾ നല്ലതണ്ണിയാറിലെ വെള്ളത്തിൽ കിടക്കാറില്ല.

mankulam2

‘‘കുടിക്കാനുള്ള വെള്ളത്തി ൽ ചെളി കലക്കാൻ പാടില്ലെന്ന് ആനകൾക്ക് അറിയാം. നമുക്ക് ആ വിവേകം ഇല്ലാതെ പോയല്ലോ’’   മൂന്നാറിൽ തണുപ്പ് കുറഞ്ഞതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇതായിരുന്നു നാഗരാജിന്റെ മറുപടി.

ഗോത്രവാസികളുടെ കാട്

അരിയും വീട്ടുപയോഗത്തിനുള്ള സാധനങ്ങളും വാങ്ങാൻ മാസത്തിലൊരിക്കൽ കാടിറങ്ങുന്ന നാല് ആദിവാസി ഗോത്രങ്ങളുള്ള വനമേഖലയാണ് മാങ്കുളം. കോഴിയള, മാങ്ങാപ്പാറ, എടമല, ഉറിയമ്പട്ടി എന്നിവിടങ്ങളാണ് അവരുടെ സെറ്റിൽമെന്റുകൾ. ഇടമലക്കുടിയാണ് ഗോത്രവിഭാഗം പാർക്കുന്ന മറ്റൊരു സ്ഥലം. അവിടെ എത്താൻ കാട്ടിലൂടെ നാലു കിലോമീറ്ററിലേറെ നടക്കണം. കാട്ടിനുള്ളിൽ സ്വസ്ഥമായി ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ പാർപ്പിട പ്രദേശങ്ങളിലേക്ക് സന്ദർശകർക്ക് പ്രവേശനമില്ല.

mankulam1

ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മാങ്കുളത്ത് എത്തുന്നവർക്ക് മുടവൻ, മണ്ണാൻ വിഭാഗത്തിലുള്ള ഗോത്രവാസികൾ അവതരിപ്പിക്കുന്ന നൃത്തം കാണാം. സന്ദർശകർക്കു വേണ്ടി  അവർ വിറകിട്ടു തീകൂട്ടി അതിനു ചുറ്റും പാട്ടുപാടി നൃത്തം ചെയ്യും. ടൂർ പാക്കേജിന്റെ ഭാഗമാണിത്.

രണ്ടു കാട്ടരുവികൾ കണ്ടു മുട്ടി പൂയംകുട്ടിപ്പുഴയായി ഒഴുകുന്ന വലിയപാറക്കുറ്റിയാണ് ട്രെക്കിങ്ങിൽ ഉൾപ്പെടുന്ന മറ്റൊരു കാഴ്ച. ആനക്കുളത്തു നിന്നു രണ്ടു കിലോമീറ്റർ അകലെയാണ് അരുവികൾ സംഗമിക്കുന്നത്

അതിരപ്പിള്ളി തോൽക്കുന്ന വെള്ളച്ചാട്ടം

കൊച്ചിയിൽ നിന്ന് ആലുവ വഴിക്കാണ് ബ്രിട്ടീഷുകാർ ഇടുക്കിയിലെത്തിയത്. പെരിയാറിന്റെ തീരം ചേർന്ന് മൂന്നാറിലേക്കുള്ള പാത പൂർത്തിയാക്കാൻ നല്ല തണ്ണിയാറിനു കുറുകെ അവർ പാലം നിർമിച്ചു. ഇരുമ്പു കൈവരികളോടുകൂടിയ പാലം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേടുകൂടാതെ നിലനിൽക്കുന്നു. കൊച്ചിയിൽ നിന്ന് ആലുവ വഴിക്കാണ് ബ്രിട്ടീഷുകാർ ഇടുക്കിയിലെത്തിയത്. പെരിയാറിന്റെ തീരം ചേർന്ന് മൂന്നാറിലേക്കുള്ള പാത പൂർത്തിയാക്കാൻ നല്ല തണ്ണിയാറിനു കുറുകെ അവർ പാലം നിർമിച്ചു. ഇരുമ്പു കൈവരികളോടുകൂടിയ പാലം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കേടുകൂടാതെ നിലനിൽക്കുന്നു.

മൂന്നാർ – ആലുവ റോഡിനെ ബന്ധിപ്പിക്കുന്ന പാലം മാങ്കുളത്തിനടുത്തു പെരുമ്പൻകുത്തിലാണ്. മാങ്കുളത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഈ പാലത്തിനു താഴെയാണ്. അതിരപ്പിള്ളിയിലെ വാർപ്പാറ വെള്ളച്ചാട്ടത്തോളം വലുപ്പമുള്ള കുത്തൊഴുക്കാണ് പെരുമ്പൻകുത്തിലേത്. കൈവരികളും പ്ലാറ്റ് ഫോമും ഇല്ലാത്തതിനാൽ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാൻ പറ്റില്ല. നൂറു മീറ്ററിലേറെ നീളമുള്ള വെള്ളച്ചാട്ടം സമീപത്തുള്ള റബർ തോട്ടത്തിൽ നിന്നാൽ കാണാം. വെള്ളച്ചാട്ടത്തിന്റെ സമീപത്തു പോകുന്നത് അപകടം വിളിച്ചു വരുത്തുന്നതിനു തുല്യമാണെന്ന് ഡിഎഫ്ഒ ഓർമിപ്പിച്ചു.

കൊക്കോ മരങ്ങളുടെ തണലിലൂടെ പെരുമ്പൻകുത്തിൽ നിന്നു മാങ്കുളത്തേക്കു മടങ്ങുംവഴി ചപ്പാത്ത് പാലത്തിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ ജോർജിയാർ തൂക്കു പാലത്തിലെത്താം. ഇരുമ്പു കയറിൽ തൂക്കിയിട്ടുള്ള ‘ആട്ടുപാലം’ കിഴക്കൻ മലയുടെ പശ്ചാത്തലത്തിലാണ് നിർമിച്ചിട്ടുള്ളത്.

കല്ലാറിൽ നിന്ന് ആനക്കുളം വരെ കണ്ടാസ്വദിക്കാനുള്ള സ്ഥലങ്ങളുടെ ‘ഔട് ലൈൻ’ ഇത്രയുമാണ്. മാങ്കുളത്ത് രാപാർക്കാൻ താത്പര്യമുള്ളവർക്ക് അപ്രിസിയേഷൻ സെന്ററിൽ മുറികളുണ്ട്. നേരത്തേ ഫോൺ വിളിച്ച് ബുക്ക് ചെയ്താൽ തണുപ്പുള്ള  രാത്രികൾ ആസ്വദിക്കാം. മൺസൂൺ മഴ മാങ്കുളത്ത് നൃത്തം ചെയ്യുന്നതു കാണാൻ വിളിക്കുക – 9447979044. 

ചിത്രങ്ങൾ: റ്റിബിൻ അഗസ്റ്റിൻ