സ്വർഗത്തിലേക്ക് ഒരു വാതിൽ

SHARE

ഉച്ചകഴിഞ്ഞിട്ടും മൂന്നാറിൽ കിടിലൻ തണുപ്പാണ്. ജാക്കറ്റിട്ട് തൊപ്പിവച്ചിട്ടും കൈകൾ കോച്ചിപ്പിടിക്കുന്ന തണുപ്പ്. മണിക്കൂറുകൾ നീണ്ട ബസ് യാത്ര കഴിഞ്ഞ് ഉച്ചഭക്ഷണത്തിനു ശേഷം വനം വികസന കോർപ്പറേഷന്റെ ഡിവിഷണൽ ഓഫിസായ റോസ് ഗാർഡനിൽ ഓരം ചേർന്നു നിൽക്കുമ്പോൾ, മാനേജർ പത്മകുമാറിന്റെ നിർദേശമെത്തി– നാലുമണിക്കു മുമ്പ് ബേസ് ക്യാംപിൽ എത്തണം. അല്ലെങ്കിൽ വഴിയിൽ ആന കാണും. 

meeshapulimala8

മീശപ്പുലി മലയിലേക്കാണ് യാത്ര. യുവസഞ്ചാരികളുടെ സ്വപ്‌നഭൂമിയായ, തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ ഉയരമേറിയ കൊടുമുടിയിലേക്ക്. 

മൂന്നാറിൽ നിന്ന് 22 കിലോമീറ്ററുണ്ട്. ടാക്‌സി ജീപ്പിൽ സൈലന്റ് വാലി വഴിയോ മാട്ടുപ്പെട്ടി വഴിയോ പോകാം. സ്വന്തം വാഹനമാണെങ്കിൽ ഫോർ വീൽ ഡ്രൈവ് വേണ്ടിവരും. അവസാനത്തെ നാലു കിലോമീറ്റർ ഓഫ് റോഡാണ്. 

meeshapulimala3

മാട്ടുപ്പെട്ടി വഴിയാണ് പോകുന്നതെങ്കിൽ ആനകളെയും കാട്ടുപോത്തിനെയും കാണാം. തേയിലത്തോട്ടങ്ങളുടെയും പുൽമേടുകളുടെയും ഭംഗി ആസ്വദിച്ച് സാവാധാനം ഓടിച്ചാലും നാലു മണിക്കു മുമ്പ് ക്യാംപിൽ എത്താം. അതാണ് മീശപ്പുലി മലയുടെ താഴ്‌വാരം. കൊടുമുടിയുടെ ഉയരത്തിലെത്താൻ അവിടെ നിന്ന് ഏഴു കിലോമീറ്റർ നടക്കണം. 

meeshapulimala7

ബാഗുകൾ ജീപ്പിന്റെ പിന്നിലേക്ക് മാറ്റിയതു മുതൽ ഡ്രൈവർ ശരണവന്റെ നാക്ക് വായിൽ കിടന്നിട്ടില്ല. പലതരത്തിൽ പെട്ട സഞ്ചാരികളെയും കൊണ്ട് മലകയറിയ കഥകൾ. ആനുക്കൂട്ടത്തെ വകഞ്ഞുമാറ്റി ജീപ്പോടിച്ച് സ്‌പെയിനിൽ നിന്നുള്ള മദാമ്മയെ രക്ഷിച്ച കഥ. തണുത്ത കാറ്റ് അടിച്ചുകയറി. ജീപ്പിന്റെ ചില്ല് താഴ്‌ത്തിയിട്ടു. 

meeshapulimala5

തേയിലത്തോട്ടങ്ങളും പുൽമേടുകളും പിന്നോട്ടോടി. കൊളുന്തുമായി നീങ്ങുന്ന ട്രാക്‌ടറുകൾക്ക് സൈഡ് കൊടുക്കാൻ ശരവണൻ ഇടയ്‌ക്ക് വേഗം കുറച്ചു. ഉയരം നോക്കി കൊളുന്ത് നുള്ളുന്നതിനുള്ള നീളൻ വടികളുമായി നടന്നുനീങ്ങുന്ന സ്ത്രീ തൊഴിലാളികളും പണി കഴിഞ്ഞ് ലയങ്ങളിലേക്ക് മടങ്ങുകയാണ്. 

meeshapulimala6

ഒന്നര മണിക്കൂറിനുള്ളിൽ ബേസ് ക്യാംപിൽ എത്തി. കേരള വനം വികസന കോർപ്പറേഷൻ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ടെന്റുകളാണ് ഇവിടുത്തെ ആകർഷണം. 61 പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. രാത്രി ഭക്ഷണവും പിറ്റേന്നു ബ്രേക്ക്‌ഫാസ്‌റ്റും ലഞ്ചും ഉൾപ്പെടുന്നതാണ് പാക്കേജ്. മീശപ്പുലിമല കയറാൻ അവരുടെ ഗൈഡും ഒപ്പമുണ്ടാവും. തൊട്ടടുത്തു തന്നെ സ്‌കൈ കോട്ടേജ് ദമ്പതികളെ ഉദ്ദേശിച്ചാണ്. രണ്ടു പേർക്കും മൂന്നു പേർക്കും താമസിക്കാവുന്ന ആധുനിക മുറികൾ. 

നാലു കിലോമീറ്റർ അകലെ റോഡോ മാൻഷൻ എന്ന താമസ സൗകര്യവുമുണ്ട്. ഇത് രണ്ടുപേർക്ക് താമസിക്കാവുന്ന മുറികളാണ്. സൂര്യോദയവും അസ്‌തമയവും ഇവിടെ കാണാം. കിഴക്കൻ മലകൾ കാഴ്‌ച തടസ്സപ്പെടുത്തുന്നതിനാൽ ടെന്റുകളിലും സ്കൈ കോട്ടേജിലും താമസിക്കുന്നവർക്ക് അസ്‌തമയമേ കാണാൻ കഴിയൂ. 

meeshapulimala1

വൈകിട്ട് നാലു മണിക്കു ക്യാംപിൽ എത്തും മുമ്പേ മഞ്ഞ് കാഴ്ച മറച്ചു തുടങ്ങി. പുക പോലെയുള്ള മഞ്ഞിനടിയിലൂടെ സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ ഒളിക്കുന്ന ദൃശ്യം സോവിയറ്റ് കലണ്ടറുകളിലെ ചിത്രങ്ങൾ പോലെ തോന്നി. അതോടെ തണുപ്പും കാറ്റും കൂടി. 

ഏഴരയോടെ ജീവനക്കാർ രാത്രിഭക്ഷണം ഒരുക്കി. ചപ്പാത്തിയും ചിക്കനും. സസ്യാഹാരം വേണ്ടവർക്ക് അതും ലഭിക്കും. ക്യാംപ് ഫയർ ആസ്വദിച്ച് പാട്ടും ബഹളവുമായി ചുവടുവച്ച ഉത്തരേന്ത്യൻ യുവാക്കളെ കണ്ടപ്പോൾ അപ്പുറത്തെ ടെന്റിൽ കൂനിക്കൂടിയിരുന്ന മറ്റു സഞ്ചാരികളും അങ്ങോട്ടെത്തി. പിന്നെ അർധരാത്രിവരെ നീളുന്ന സംഗീത നിശ. നാടൻപാട്ടും വഞ്ചിപ്പാട്ടും ഹിന്ദി ഗാനങ്ങളും അരങ്ങുതകർത്തു. 

meeshapulimala

ഗൈഡ് പ്രഭുവാണ് വിളിച്ചുണർത്തിയത്.. നേരം എട്ടുമണിയാവുന്നു. എട്ടരയ്‌ക്കെങ്കിലും പുറപ്പെട്ടാലേ മീശപ്പുലി മലകയറിയ ശേഷം മൂന്നു മണിക്ക് തിരിച്ചെത്താൻ പറ്റൂ. പ്രാതൽ കഴിച്ച് പെട്ടെന്നു തയ്യാറായി അവനോടൊപ്പം നടന്നു. തണുപ്പിന്റെ കാഠിന്യത്തിൽ നടപ്പിനു വേഗം കൂടിവന്നു. പക്ഷേ, അധികം വേഗം പാടില്ല. ദൂരം ഏഴു കിലോമീറ്ററുണ്ട്. സാവധാനം കയറണം. 

പൈൻ മര കാടുകൾക്കും ചോലക്കാടുകൾക്കും പുൽമേടുകൾക്കും ഇടയിലൂടെ മീശപ്പുലി മലയിലേക്ക്. കടുവയും കരിമ്പുലിയും ആനയും കാട്ടുപോത്തുമുള്ള പ്രദേശത്തുകൂടിയാണ് യാത്ര. വരയാടുകളും ധാരാളമുണ്ട്. ഇരവികുളത്തേപ്പോലെ മനുഷ്യനുമായി ഇണങ്ങിയവ അല്ലെന്നു മാത്രം. ഓരോ പോയിന്റ് കടന്നുപോകുമ്പോഴും ഗൈഡ് അനുഭവങ്ങൾ പങ്കുവച്ചു. ആദ്യമായി വന്നവർ തൊണ്ട വരണ്ടപ്പോൾ ഇടയ്‌ക്കിടെ വെള്ളം കുടിച്ചു. ചിലർ പോളോ നുണഞ്ഞു. 

ചോലക്കാടുകൾക്കു സമീപം ഉയർന്ന പ്രദേശങ്ങളിൽ മാത്രം കാണുന്ന റോഡോഡെൻഡ്രോ പൂത്തുലഞ്ഞുനിൽക്കുന്നു. ചില സീസണിൽ ഇവിടെ മാജിക് മഷ്റൂം വിരിയാറുണ്ട്. ലഹരി തേടിയെത്തുന്ന യുവാക്കൾ അതു തേടിപ്പോകാതെ ജീവനക്കാർ ജാഗ്രത പുലർത്തുന്നു. വ്യാഴവട്ടത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയും ഇവിടെ ധാരാളമാണ്. 

കയറ്റം കുത്തനെയായി. കിതച്ചു വിയർത്ത് സ്വെറ്ററുകൾ നനഞ്ഞു. രണ്ടര മണിക്കൂർ നടത്തം. കൊടുമുടിയുടെ ഒന്നര കിലോമീറ്റർ താഴെയുള്ള തടാകമായി. പളുങ്കു പോലെയുള്ള വെള്ളത്തിൽ കാട്ടുപക്ഷികൾ നീന്തിത്തുടിക്കുന്നു. ഈ പൊയ്കയിൽ ട്രൗട്ട് ഇനത്തിൽ പെട്ട മത്സ്യങ്ങളുണ്ട്. പണ്ട് ബ്രിട്ടീഷുകാർ കൊണ്ടുവന്നിട്ടതാണെന്നു പറയപ്പെടുന്നു. ഐസ് വെള്ളം കൊണ്ട് മുഖം കഴുകിയാൽ നടത്തത്തിന്റെ ക്ഷീണം പമ്പകടക്കും. വെള്ളത്തിൽ ഇറങ്ങിയ യുവാക്കളുടെ സംഘം പെട്ടെന്നു തിരിച്ചു കയറി മുന്നോട്ടോടി. 

അടുത്ത ഒരു മണിക്കൂറിനകം മല മുകളിലെത്തി. തെക്കേ ഇന്ത്യയിൽ ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരമുള്ള ഭൂപ്രദേശം. വിസ്‌മയാവഹമായ കാഴ്‌ച. ആകാശം തൊട്ട് ഒരു ഗോപുരത്തിനു മുകളിൽ നിൽക്കുന്ന അനുഭവം. ചുറ്റും പഞ്ഞിക്കെട്ടുകൾ പോലെ വെള്ളി മേഘങ്ങൾ ഒഴുകി നീങ്ങുന്നു. നട്ടുച്ചയ്‌ക്കും നിലതെറ്റി വീഴിക്കാൻ പോന്ന കാറ്റ്. ചില മാസങ്ങളിൽ കാറ്റിന്റെ വേഗം 60–70 കിലോമീറ്റർ വരെയാണെന്ന് ഗൈഡ് വിവരിച്ചു. 

ഒരുവിധം ബാലൻസ് ചെയ്‌തു നിന്നാണ് പലരും കാമറയെടുത്തത്. ഫോട്ടോഗ്രഫി അറിയാത്തവർക്കും നിരാശ വേണ്ട. കാരണം എങ്ങനെ ഫോക്കസ് ചെയ്‌താലും ചിത്രം സൂപ്പറായിരുക്കും. 

ദിക്കും സ്‌ഥലങ്ങളും വിവരിക്കുന്നതിനിടയിൽ കിഴക്കോട്ട് വിരൽ ചൂണ്ടി ഗൈഡ് പറഞ്ഞു. അതാണ് കുരങ്ങിണി മല. ഒരു നിമിഷത്തെ നിശബ്‌ദത നടക്കുന്ന ഓർമയായി. കഴിഞ്ഞ മാർച്ച് 11ന് ചെന്നൈയിൽ നിന്നു വന്ന തമിഴ്‌നാട് വനം വകുപ്പിന്റെ സഞ്ചാരിസംഘത്തിൽ പെട്ട 20 പേർ കാട്ടുതീയിൽ മരിച്ചത് അവിടെയാണ്. അക്കാലത്ത് ഏതാനും ദിവസം മീശപ്പുലിയിലും ടൂറിസ്‌റ്റുകളെ വിലക്കിയിരുന്നു. 

മനംനിറയെ കണ്ട് ചിത്രങ്ങൾ പകർത്തി തിരികെ ബേസ് ക്യാംപിലേക്ക്. അവിടെ ഉച്ചഭക്ഷണവുമായി മൈക്കിൾ കാത്തിരുന്നു. തിരികെ ഞങ്ങളെ മൂന്നാറിൽ എത്തിക്കാമെന്നേറ്റിരുന്ന ശരവണനും വാക്കുപാലിച്ചു. ബാഗുകൾ ജീപ്പിൽ വയ്‌ക്കുമ്പോൾ എന്തോ ഒരു വല്ലായ്മ. ഇനി എന്നെങ്കിലും ഈ സ്വപ്‌നഭൂമിയിൽ എത്താനാവുമോ? 

കൂടുതൽ വിവരങ്ങൾക്ക്: (91) 4865 230332 , 82898 21400, 401 

e mail: munnar@kfdcecotourism.com 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA