sections
MORE

വെറുത്തു വെറുത്ത് നിന്നെ ഞാനിപ്പോൾ പ്രണയിച്ചുപോയി

Representative Image
SHARE

വെറുത്തു വെറുത്തു സ്നേഹിച്ചു പോകുന്ന ചിലരുണ്ടോ? ഒരിക്കലും ഇഷ്ടപ്പെടാനാകാതെ, എന്തൊക്കെ ചെയ്തിട്ടും സ്നേഹം തോന്നാതെ പിന്നെ അതിൽ നിന്നും ഇറങ്ങിപോകാനാകാതെ വട്ടം ചുറ്റി പിടിക്കുന്ന സ്നേഹം...

ഒരുപാട് പ്രത്യേകതകളുണ്ടായിരുന്നു അന്നത്തെ രാത്രിയ്ക്ക്. ഒരു മെയ്‌മാസത്തിലെ വെളുത്ത രാത്രി. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിൽ നിന്നും കോഴിക്കോട് വഴി മൂകാംബികയ്ക്കുള്ള കെ എസ് ആർ ടി സി ബസിൽ അച്ഛനൊപ്പം കയറി നാലാം വരിയിൽ ജനാലക്കരുകിൽ ചാരിയിരിക്കുമ്പോൾ നാളെ മുതൽ മാറാൻ പോകുന്ന ജീവിതം എവിടെ വരെയൊക്കെ കൊണ്ടെത്തിക്കുമെന്ന ആധി മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. ഒരു പറിച്ചു നടലാണ്.

നീണ്ട ഇരുപതു വർഷങ്ങൾ എന്നെ ഞാനാക്കിയ നാട്. അവിടെ ഇടവഴികൾക്കു പോലും നടന്നുപോയ മണൽത്തരികളുടെ ഓർമ്മകളുണ്ടാകും. വെകുന്നേരങ്ങളിലെ ഉണ്ണിയപ്പഗന്ധമുള്ള കാറ്റിൽ ഗണപതിയമ്പലം കൊതിപ്പിക്കുന്നു. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേയ്ക്ക് കൂടും കുടുക്കയും എടുത്തുള്ള ജീവിതത്തിന്റെ കൈമാറ്റം. നിറഞ്ഞു വരുന്ന കണ്ണുകളെ എത്രനേരം അടച്ചു പിടിച്ച് സ്വയം ആശ്വസിപ്പിച്ചെന്നറിയില്ല... ഒരു വലിയ യാത്രയുടെ തുടക്കത്തിലെന്നവണ്ണം ആ കെ എസ് ആർ ടി സി ബസ് ശ്വാസം വലിച്ച് വിടുകയും പിന്നെ അത്ര അത്യാവശ്യമില്ലാത്ത പോലെ ഉള്ളിലേയ്‌ക്കെടുക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അതിന്റെ ഓരോ തുടിപ്പിലും എന്റെയുള്ളിലേയ്ക്ക് ആഗ്രഹിക്കാതെ വന്നു കയറുന്ന തണുത്ത വായുവിന്റെ സ്പർശം... യാത്ര തുടങ്ങുമ്പോൾ പിന്നിലേയ്ക്ക് നോക്കിയതേയില്ല... വിട്ടകലുന്ന പരിഭവത്തിന്റെ മഴത്തുള്ളികൾ ചാറ്റലായി ചുമ്മാ കണ്ണുകളിൽ നിന്നായിരുന്നു പെയ്തു തോർന്നതെന്നു തോന്നിച്ചു അപ്പോൾ പെയ്തൊരു കുഞ്ഞു മഴ.

കോഴിക്കോടേയ്ക്കാണ് യാത്ര...

അച്ഛനുണ്ട് അരികിൽ...

രാത്രിയുടെ സഞ്ചാരം ബാക്കി വച്ച തണുത്ത കാറ്റിന്റെ തലോടൽ മുടിയിഴകളെ കടന്നു ചെവിക്കുള്ളിലൂടെ ചൂളം വിളിച്ച് നെഞ്ചിലേക്ക് കിനിഞ്ഞിറങ്ങുന്നു. ദേഷ്യവും സങ്കടവും ഒന്നായി കലർന്ന നെഞ്ചിടിപ്പിൽ തണുപ്പിന്റെ സുഖം അത്ര നന്നായി തോന്നുന്നതേയില്ല. പ്രിയപ്പെട്ടതിനെയൊക്കെ ഉപേക്ഷിച്ച് ഇങ്ങ് തെക്കേയറ്റത്ത് നിന്ന് വടക്കേയറ്റത്തേയ്ക്ക് പോകുമ്പോൾ എങ്ങനെ ചാറ്റൽമഴയേയും തണുത്ത കാറ്റിനെയും കണ്ടെത്തണമെന്നാണ്!

ഡിഗ്രി പരീക്ഷ എഴുതി പാസായതിന്റെ സർട്ടിഫിക്കറ്റു വാങ്ങിയിട്ടില്ല, കൂട്ടുകാരെ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞിട്ടില്ല, അച്ഛനും അച്ഛന്റെ ജോലിയും അടുത്ത ദിവസം എനിക്ക് ലഭിക്കാൻ പോകുന്ന കോഴിക്കോട് പ്രശസ്തമായ ആശുപത്രിയിലെ ഫ്രണ്ട് ഓഫീസർ പദവിയും ഒന്നും മോഹിപ്പിക്കുന്നതേയില്ല... സ്വപ്നങ്ങളിൽ നിന്നൊക്കെ അകന്നു അറിയാത്ത, ഞാനിഷ്ടപ്പെടാത്ത ഏതോ നാട്ടിലേയ്ക്ക് പോകുന്ന യാത്ര.... കണ്ണ് നിറഞ്ഞൊഴുകുന്ന യാത്ര....

Unniyappam

പുലർച്ചെ നാല് മണിക്ക് കോഴിക്കോട് സ്റ്റാൻഡിൽ ബസിറങ്ങി പഴുത്ത ഓറഞ്ച് ഗന്ധങ്ങളിലേയ്ക്ക് ചെന്ന് കയറുമ്പോൾ പുലരിയ്ക്ക് കട്ടി കൂടാൻ പോകുന്നു.വീട്ടിലെത്തുമ്പോൾ ഒരു ചുവന്ന വാൾ ആകാശത്തിന്റെ നെഞ്ചിനെ വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ടായിരുന്നു. കാറിന്റെ മുഴുവനടഞ്ഞ ചില്ലുകൂട്ടിനുള്ളിൽ നിന്ന് ആകാശത്തേയ്ക്ക് നോക്കുമ്പോൾ അണയാൻ കാത്തിരിക്കുന്ന നക്ഷത്രങ്ങളുടെ സ്നേഹം വന്നു ചില്ലുകൂട്ടിന്റെ പുറത്ത് തൊട്ടിരുന്നു....

കോഴിക്കോട് .... അത്രയ്ക്കൊന്നും പരിചിതമല്ലാത്ത നഗരം. കോഴിക്കോട് ഹൽവയും ഓട്ടോക്കാരും മാത്രമാണ് ആകെ കേൾവിയിലെത്തിയിട്ടുള്ള വാർത്തകൾ. ഹൽവ നിറയെ കഴിച്ചിട്ടുണ്ട്, പക്ഷെ കൊട്ടാരക്കരയിലെ മിനർവ തീയറ്ററിനരികിലെ അണ്ണാച്ചിക്കടയിൽ കിട്ടുന്ന ചുവന്ന, നെയ്യ് ധാരാളം ചേർത്ത ഹൽവയോളം സ്വാദൊന്നും കോഴിക്കോടൻ ഹൽവയ്ക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് പ്രത്യേകിച്ച് കോഴിക്കോടിനെ ഇഷ്ടപ്പെടാൻ കാരണങ്ങളൊന്നും വന്നിട്ട് ദിവസങ്ങളായും കണ്ടു കിട്ടിയില്ല. ഭാഷയോട് പോലും വെറുപ്പ്... കൊട്ടാരക്കരയൊക്കെ നിങ്ങൾ എന്ന വിളിപ്പേര് സ്വൽപ്പം ദേഷ്യത്തോടെ വിളിക്കുമ്പോൾ കോഴിക്കോട് നിങ്ങൾ എന്ന വാക്കിനു ബഹുമാനത്തിന്റെ സ്വീകരണം.

kozhikode.jpg.image.784.410
കോഴിക്കോട് റെയിൽവേ സ്റ്റേഷൻ

പക്ഷെ കൊച്ചു കുട്ടികളും മുതിർന്നവരും വരെ ആ വിളിയിൽ അവരുടെ സ്നേഹമറിയിക്കുമ്പോൾ കോഴിക്കോടിനോടുള്ള വെറുപ്പ് കൂടി വരുന്നു. കല്യാണങ്ങൾക്കു പോലും നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന കോഴിക്കോടൻ ഭക്ഷണ രീതികൾ നാവിനു ഒട്ടും പിടിക്കുന്നതേയില്ല. പച്ചക്കറി എന്ന് പേരുള്ള തനതായ വിഭവം എല്ലാ വീട്ടിലും ഉണ്ടായേക്കും. പച്ചക്കറികളെല്ലാം ചേർത്തിട്ടു തേങ്ങാ അരച്ചുണ്ടാക്കുന്ന ഒരു നാടൻ കറി, പക്ഷെ രണ്ടു നാടുകൾ തമ്മിലുള്ള സ്വാദിന്റെ ആ വലിയ വ്യത്യാസം നാവിനും മനസ്സിനും സഹിക്കാൻ കഴിയുന്നതേ ആയിരുന്നില്ല... നവിനായിരിക്കില്ല, കാരണം ഒരു സാഹചര്യത്തിൽ വളരെയെളുപ്പം അഡ്ജസ്റ് ചെയ്യാൻ കഴിയുന്ന ഒരാളാണെന്ന അഹങ്കാരം ഇരിക്കുന്നത് കൊണ്ട് തന്നെ നാടിനോടുള്ള വെറുപ്പ് തന്നെ ആയിരുന്നിരിക്കണം അത്.

മിഠായിത്തെരുവിലെ ആദ്യ യാത്ര അങ്ങേയറ്റം വെറുപ്പിച്ചു, തിരക്കിൻറെ ശല്യപ്പെടുത്തലുകൾ, മഹാ നഗരത്തിന്റെ കലമ്പലുകൾ, നെഞ്ചിലെ സങ്കടം അറിയാതെ , മുഖത്ത് പോലും നോക്കാതെ കടന്നു പോകുന്ന സഹ യാത്രികർ, ഓട്ടപാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്. റോഡിലൂടെ മാത്രം നടക്കുന്ന കാൽനടക്കാർ... വെറുക്കുന്ന ഒന്നിനെ വെറുക്കാൻ കാരണങ്ങൾ കണ്ടെത്തേണ്ടതില്ല, അത് തനിയെ വന്നെത്തിച്ചേരും. പക്ഷെ സ്നേഹിക്കാനോ? ആയിരം കാരണങ്ങൾ നാം കണ്ടെത്തിയാലും ആ കാരണങ്ങളെല്ലാം തന്നെ ഒരു കാരണത്തിന്റെ ഉപശാഖകൾ മാത്രമായിരിക്കും, സ്നേഹം എന്ന വലിയ കാരണത്തിന്റെ. മാസങ്ങൾ കൊണ്ട് മാറിപ്പോകുന്ന വാടക വീടുകൾ ഒരിക്കലും കോഴിക്കോടുകാരിയാക്കിയതേയില്ല. പക്ഷെ എപ്പോഴാണ് ഒരിക്കലുമറിയാതെ നഗരത്തിനെ പ്രണയിച്ച് തുടങ്ങുന്നത്?

mitay-theruvu.jpg.image.784.410
മിഠായിത്തെരുവിലെ ആദ്യ യാത്ര

ഏറ്റവുമധികം വെറുത്ത നഗരത്തിലെ തിരക്കേറിയ തെരുവിനെ തന്നെയായിരുന്നില്ലേ ആദ്യം പ്രണയിച്ച് തുടങ്ങിയത്! ഒന്നും വാങ്ങാനായിരുന്നില്ല, കോഴിക്കോടിന്റെ തെരുവിലൂടെ പിന്നെ അലഞ്ഞു നടന്നു തുടങ്ങിയത്, മനസ്സെത്രമാത്രം ഒറ്റപ്പെട്ടു നിൽക്കുന്നുവെന്ന് തിരിച്ചറിവിലേക്കുള്ള ദൂരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു. യാത്രയ്ക്കിടയിൽ ശ്രദ്ധിക്കാതെ കടന്നു പോകുന്ന വഴിയാത്രക്കാർ തട്ടിത്തെറുപ്പിക്കാത്ത ഒറ്റപ്പെട്ട ഒരു മഹാനഗരം പോലെ മനസ്സ് തിരക്കേറിയ വഴികളിൽ ഇടകലർത്തി നടക്കാം.

ആഴ്ചയിലൊരിക്കൽ ടൗൺ ഹാളിനടുത്ത ആർട്ട് ഗാലറിയിൽ മാറി മാറി വരുന്ന ചിത്രപ്രദർശനങ്ങൾ ഉള്ളിലെ വരക്കാരിയെ ഉത്തേജിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നഗരഹൃദയത്തിലെ വലിയ ചുവന്ന ഇഷ്ടിക പാകിയ വായനശാല വായനയെ കൊളുത്തി വയ്ക്കാനുള്ള ഇടമായി തീരുന്നു. ഓഫീസിലെ കാന്റീനിൽ നിന്ന് കഴിച്ച തേങ്ങാ വറുത്തരച്ച കറുത്ത നിറമുള്ള സാമ്പാർ ഇതുവരെ കഴിച്ച സാമ്പാറുകളിൽ വച്ച് പ്രിയമുള്ളതാകുന്നു.... ഇതൊക്കെ എന്നുമുതലാണെന്നതിനു കൃത്യമായ ഉത്തരങ്ങളില്ല... വെറുത്തു വെറുത്തു എപ്പോഴോ ഒരിക്കൽ മുതൽ പ്രണയിക്കാൻ തുടങ്ങിപ്പോയിരുന്നു നഗരത്തിനെ ...

halwa.jpg.image.784.410
കോഴിക്കോട് ഹൽവ

കേരളത്തിലെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ തെരുവാണ് മിഠായിത്തെരുവ്. എസ് എം സ്ട്രീറ്റ് എന്ന് പറയപ്പെടുന്ന ഇതിന്റെ മുഴുവൻ പേര് തന്നെ മധുരിപ്പിക്കുന്നതാണ്. സ്വീറ്റ് മീറ്റ് സ്ട്രീറ്റ്. മധുരം കണ്ടെത്താൻ കഴിയുന്ന താനത്തുകടകളുടെയും വസ്ത്രങ്ങളുടെയും കടകൾ നിറഞ്ഞ തെരുവാണിത്. അച്ഛനെയും അമ്മയെയും ഒഴിച്ച് ബാക്കിയെല്ലാം കിട്ടുമെന്ന് മൊഴിപോലുമിവിടെയുണ്ട്. കോഴിക്കോടൻ ഹൽവ പോലെ തന്നെ പ്രശസ്തമാണ് ഇവിടുത്തെ കായുപ്പേരിയും. പഴയതും പുതിയതുമായ കെട്ടിടങ്ങൾ കൊണ്ട് നിറഞ്ഞ തെരുവിലെ പഴയ കെട്ടിടങ്ങൾക്ക് വിചാരിക്കുന്നതിൽ അപ്പുറം കാലപ്പഴക്കമുണ്ട്. സാമൂതിരി കാലത്തെയും പോർച്ചുഗീസ് ഭാരതിയും ഓർമ്മിപ്പിക്കുന്ന അവശേഷിപ്പുകൾ തെരുവിൽ മാത്രമല്ല കോഴിക്കോട് പലയിടത്തും കാണാം. കോഴിക്കോട് ബിരിയാണി, സുലൈമാനി, ബഷീർ, കോഴിക്കോട് ബീച്ച്, ഹൽവ.... കോഴിക്കോട് പല പേരുകളിൽ അടയാളപ്പെടുന്നു...

biriyani.jpg.image.784.410
കോഴിക്കോടൻ ബിരിയാണി

കോഴിക്കോട് ഹൽവയുടെ സ്വാദറിയിച്ചതു മിഠായിത്തെരുവാണ്. തെരുവിനറ്റത്തെ ശങ്കരേട്ടന്റെ പ്രശസ്തമായ ശങ്കേഴ്സ് ബേക്കറിയിലെ വ്യത്യസ്തമായ രുചിയിൽ ഹൽവ പതുക്കെ പതുക്കെ കൊതിപ്പിച്ചു തുടങ്ങിയ അതെ നേരത്തു തന്നെയാണ് പാരഗൺ ഹോട്ടലിലെ ബിരിയാണിയിലേയ്ക്കും നാവലിഞ്ഞു പോയത്. ഐസ് അച്ചാറിന്റെ കടൽ തണുപ്പിലേക്ക് നെഞ്ച് തണുത്തിറങ്ങിയപ്പോൾ പിന്നെ എലാഞ്ചിയുടെ തേങ്ങയും പഞ്ചസാരയും ഏലയ്ക്കയും ചേർത്ത നാടൻ സ്വാദിലേയ്ക്ക് സൗഹൃദത്തിന്റെ തേൻ മധുരം കിനിഞ്ഞിറങ്ങി.

വിവാഹം കഴിഞ്ഞു മധ്യ കേരളത്തിന്റെ റബ്ബർ ചൂടിലേക്ക് ചേക്കേറിയപ്പോഴാണ് ആ വലിയ കണ്ടെത്തൽ നടന്നത്. ഞാൻ കോഴിക്കോടിനെ എപ്പോഴോ മോഹിച്ച് തുടങ്ങിയിരുന്നു. പ്രണയിച്ച് തുടങ്ങിയിരുന്നു. ബീച്ചിൽ നിന്നും തുടങ്ങുന്ന വൈകുന്നേര യാത്രകളെ തകർക്കുന്ന ഒറ്റയാത്രകളൊന്നും പിന്നീടിതുവരെ ഉണ്ടായിട്ടേയില്ല. തേങ്ങാ നന്നായി വറുത്ത് കറുത്ത നിറത്തിൽ ലഭിക്കുന്ന സാമ്പാർ സ്വാദിനെ കടത്തി വെട്ടുന്ന സാമ്പാറല്ല കോട്ടയത്തെ മല്ലിയും മുളകും മാത്രമരച്ചുണ്ടാക്കുന്ന സാമ്പാർ.

beach.jpg.image.784.410

രാത്രിക്കടകളിലെ മസാലയും പച്ചക്കടലയും മുട്ടയും ചേർത്തുണ്ടാക്കുന്ന എഗ്ഗ് ബുർജി ഇവിടെ കിട്ടില്ല. അതിനെല്ലാമപ്പുറം നിങ്ങൾ എന്ന വിളിയിൽ , കോഴിക്കോടുകാർക്ക് മാത്രം മനസിലാകുന്ന ഒരു പ്രത്യേക ഭാഷയുണ്ട്, സ്നേഹത്തിന്റെ, ആദരവിന്റെ ഒക്കെ ഹൃദയം തൊടുന്ന ഒരു ഭാഷ. ഒരു കോഴിക്കോട്ടുകാരനുമപ്പുറം ഒരു അന്യനാട്ടുകാരനെ സ്നേഹിക്കാൻ മറ്റൊരു ജില്ലക്കാരനും കഴിയില്ല. സ്വാദിന്റെയും സ്നേഹത്തിന്റെയും നാടാണ് കോഴിക്കോട്. പെരുന്നാളെത്തുമ്പോൾ അടുത്ത വീട്ടിെ താത്തയുടെ കൈ കൊണ്ടുണ്ടാക്കിയ ഉന്നക്കായുടേയും അടുക്കുപത്തിരിയുടെയും സ്നേഹം, എന്നും ഇപ്പോഴും മീറ്റർ ഇട്ടു ഓട്ടോ ഓടിക്കുന്ന മാന്യമായി പെരുമാറുന്ന ഓട്ടോ ചേട്ടന്മാരുടെ സ്നേഹം, മിൽക്ക് സർബത്തിന്റെയും സുലൈമാനിയുടെയും സ്നേഹം, ഒരുപാട് വൈകി മാത്രം കിട്ടിയ കോഴിക്കോടൻ സൗഹൃദങ്ങളുടെ സ്നേഹം.... അതെ വെറുത്തു വെറുത്ത് നിന്നെ ഞാനിപ്പോൾ പ്രണയിച്ച് സ്വന്തമാക്കിയിരിക്കുന്നു...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA