Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയില്ലാത്ത പെൺകുട്ടിക്ക് എന്നും മുടികെട്ടിക്കൊടുക്കുന്ന ബസ് ഡ്രൈവർ

hair-do

പതിനൊന്നു വയസ്സുകാരിയായ ഇസബെല്ല മിടുക്കിക്കുട്ടിയാണ്. കാര്യപ്രാപ്തിയോടെ എല്ലാക്കാര്യങ്ങളും ചെയ്യാൻ ചെറിയ പ്രായത്തിലേ അവൾ ശീലിച്ചു കഴിഞ്ഞു. രണ്ടുവർഷം മുമ്പ്  അപൂർവരോഗം ബാധിച്ച് അമ്മ മരിച്ചതോടെയാണ് സ്വന്തം കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാൻ അവൾ പഠിച്ചത്. ജോലിയുടെ ആവശ്യത്തിനായി അച്ഛൻ നേരത്തെ പോകുന്നതിനാൽ സ്കൂളിൽ പോകാൻ തയാറെടുക്കുന്നതൊക്കെ അവൾ തനിയെയാണ്. അച്ഛനേയും മകളെയും വലയ്ക്കുന്ന ഒരേയൊരു സംഗതിയാണ് മുടികെട്ടൽ. 

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും അച്ഛനും മകളും വൃത്തിയായി മുടികെട്ടാൻ പഠിച്ചില്ല. അങ്ങനെയാണ് സ്കൂൾ ബസ്സിൽ വെച്ച് ഇസബെല്ല ആ കാഴ്ച കണ്ടത്. സഹപാഠിയായ പെൺകുട്ടിയുടെ തലയിൽ സ്കൂൾ ബസ്ഡ്രൈവർ ചില പരീക്ഷണങ്ങളൊക്കെ ചെയ്യുന്നു. ബസ്ഡ്രൈവർ ചെയ്ത ആ ഹെയർസ്റ്റൈൽ ഇസബെല്ലയ്ക്ക് ഏറെയിഷ്മായി. 

തന്റെ മുടിയും മനോഹരമായി കെട്ടിത്തരാമോയെന്ന് അവൾ അവരോട് ചോദിച്ചു അന്നുമുതലെന്നും അവർ മനോഹരമായ ഹെയർസെറ്റൈലുകൾ പെൺകുട്ടിക്കായി ചെയ്തു. ഇപ്പോൾ ഇസബെല്ല വളരെ സന്തോഷത്തിലാണെന്നും ആ സന്തോഷം അവളുടെ ആത്മവിശ്വാസത്തെ വർധിപ്പിച്ചിട്ടുണ്ടെന്നും അവളുടെ അധ്യാപകർ പോലും പറയുന്നു.

പെൺകുട്ടിയുടെ സന്തോഷത്തിനായി എന്നും അവളുടെ മുടികെട്ടിക്കൊടുക്കുന്ന ബസ്ഡ്രൈവർ ഡീൻ പറയുന്നതിങ്ങനെ. ''ജീവിതത്തിൽ ‍ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചിട്ടുള്ളതുകൊണ്ട് ഇസബെല്ലയെ വളരെപ്പെട്ടന്ന് മനസ്സിലാക്കാൻ പറ്റി. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ആ കുട്ടി എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാവും എന്നെനിക്കറിയാം. കാരണം എനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച സമയം. എനിക്കെന്തെങ്കിലും വന്നു പോയാൽ എന്റെ കുഞ്ഞുങ്ങൾ എന്തുചെയ്യും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം.

ആ സമയത്തൊക്കെ താങ്ങായി നിന്ന് അവരെ സംരക്ഷിച്ചത് എന്റെ അമ്മയാണ്. അതുകൊണ്ട് ഞാൻ സുഖപ്പെടും വരെ കുഞ്ഞുങ്ങളുടെ കാര്യങ്ങൾ അല്ലല്ലൊന്നുമില്ലാതെ നടന്നു. ഇസബെല്ലയ്ക്കായി ഈ ചെറിയ കാര്യമെങ്കിലും ചെയ്തുകൊടുക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഡീൻ പറയുന്നു. ഡീൻ ഇസബെല്ലയ്ക്കു ചെയ്തുകൊടുക്കുന്ന സഹായത്തിന് വളരെയധികം നന്ദിയുണ്ടെന്നാണ് ഇസബെല്ലയുടെ അച്ഛൻ ഫിലിപ് പറയുന്നത്.