Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെറീന മരിച്ചു പോകുമോ എന്നു ഞാൻ ഭയപ്പെട്ടു

serena-45

സെറീന, നീ ഭാഗ്യവതിയാണ്. അലക്സീസ് ഒഹിയാൻ എന്ന ഭർത്താവിനെ കിട്ടിയതിൽ എന്നു പറഞ്ഞുകൊണ്ടാണ് സെറീന വില്യംസിന്റെ ആരാധകർ ആ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. അമ്മയായ ശേഷം സെറീന പങ്കെടുത്ത നാലാമത്തെ ടൂർണമെന്റിൽ ജർമൻതാരം ആഞ്ചലിക് കെർബറിനോട് സെറീന പരാജയപ്പെട്ടപ്പോഴായിരുന്നു സെറീനയുടെ പങ്കാളി അലക്സീസ് ഓഹിയാൻ കണ്ണീർ നനവുള്ളൊരു കുറിപ്പ് പങ്കുവച്ചത്.

വിംബിൾഡൺ വനിതാ സിംഗിള്‍സ് കിരീടം നഷ്ടപ്പെടുത്തി നിൽക്കുന്ന സെറീനയ്ക്ക് ആവോളം ഊർജ്ജവും ധൈര്യവും പകരുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവച്ചത്. റെഡ്ഡിറ്റ് സഹസ്ഥാപകനായ അലക്സീസ് പങ്കുവെച്ച കുറിപ്പ് കണ്ണീരോടെയാണ് ലോകം വായിച്ചത്. മകളുടെ ജനനശേഷം ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തിയ സെറീനയുടെ നാലാമത്തെ ടൂർണമെന്റ് മാത്രമായിരുന്നു അതെന്നും അതൊരു തുടക്കം മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ജീവിതത്തിലെ ദുഖകരമായ അനുഭവം പങ്കുവച്ചത്.

കുഞ്ഞിന്റെ ജനനശേഷം നടന്ന സങ്കീർണ്ണ ശസ്ത്രക്രിയയെക്കുറിച്ചും ശസ്ത്രക്രിയയ്ക്കായി അയയ്ക്കുന്നതിന് മുമ്പ് ഭാര്യയ്ക്കു നൽകിയ അവസാനത്തെ ചുംബനത്തെക്കുറിച്ചും വികാരനിർഭരനായാണ് അലക്സീസ് കുറിച്ചത്. ശസ്ത്രക്രിയയെ അതിജീവിച്ച് തിരിച്ചെത്തുന്നതിനെക്കുറിച്ച് ഇരുവരുടെയും മനസ്സിൽ ആശങ്കകളുണ്ടായിരുന്നെന്നും സങ്കീർണ്ണമായ ആ ശസ്ത്രക്രിയയെ സെറീന അതിജീവിക്കണം എന്നു മാത്രമായിരുന്നു അന്നത്തെ ആഗ്രഹമെന്നും പത്തുമാസത്തിനു ശേഷം ആ സെറീന വിംബിൾഡൺ ഫൈനൽവരെ എത്തിനിൽക്കുന്നുവെന്നുമാണ് അലക്സീസ് കുറിച്ചത്. സെറീന വീണ്ടും വിജയകിരീടം നേടും എന്ന ശുഭപ്രതീക്ഷയോടെയാണ് അലക്സീസ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഭാര്യയ്ക്ക് കരിയറിൽ ഒരു തോൽവി നേരിടേണ്ടി വന്നപ്പോൾ കുറ്റപ്പെടുത്താതെ അവളെ ചേർത്തുനിർത്താൻ മനസ്സുകാട്ടിയ അലക്സീസിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. കുടുംബസ്നേഹത്തിന്റെ പേരിൽ ഇതാദ്യമായല്ല സെറീനയുടെ ഭർത്താവ് അലക്സീസിനെ സമൂഹമാധ്യമങ്ങൾ അഭിനന്ദിക്കുന്നത്. പ്രസവശേഷം ടെന്നീസ്കോർട്ടിലേക്ക് സെറീന തിരിച്ചെത്തിയപ്പോൾ കുഞ്ഞിന്റെ കാര്യം നോക്കി ഗ്യാലറിയിലിരുന്നുകൊണ്ട്  പുതിയ കാലത്തിലെ പേരന്റിങ്ങിനെക്കുറിച്ച് ലോകത്തിനു കാട്ടിക്കൊടുത്തിരുന്നു ഒരിക്കൽ സെറീന.