Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'നാലുദിവസമായി ഇതെന്റെ വീടായിരുന്നു'

hero-women-01 ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്.

കണ്ണാടി പോലെ തിളങ്ങുന്ന തറയുള്ള ഒരു ദുരിതാശ്വാസ ക്യാംപിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. പ്രളയക്കെടുതിയുടെ ദിവസങ്ങളിൽ തങ്ങൾക്കഭയമൊരുക്കിയ പറവൂരിലെ കൂനമ്മാവ് കൊങ്ങോർപ്പിള്ളി ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ മാലിന്യത്തിന്റെ ഒരുതരിപോലും അവശേഷിപ്പിക്കാതെയായിരുന്നു പ്രളയക്കെടുതിയിൽ അവിടെ അഭയം തേടിയവരുടെ മടക്കം. ക്യാംപ് വൃത്തിയാക്കിയ ശേഷം  മാത്രം സ്വന്തം വീട്ടിലേക്ക് മടങ്ങാൻ മനസ്സുകാണിച്ച ആളുകളെ അഭിനന്ദിച്ചുകൊണ്ട് ഒരു ക്യാംപ് വോളന്റിയർ പങ്കുവച്ച ചിത്രമാണത്. 1200 ഓളം പേർക്കാണ്  നാലാം നിലയിലുള്ള സ്കൂൾഹാൾ അഭയമേകിയത്.

സ്വന്തമെന്നു കരുതിയതെല്ലാം പ്രളയജലമെടുത്തപ്പോൾ പ്രാണനുംകൈയിൽ പിടിച്ച് രക്ഷപെട്ടെത്തിയ തങ്ങൾക്കായി അഭയകേന്ദ്രം തുറന്നു തന്നവരോടുള്ള നന്ദിയും സ്നേഹവും കടപ്പാടുമെല്ലാം ഈ പ്രവർ‍ത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടമാളുകൾ. ക്യാംപിലെ സഹവാസികളെ ഇതിനായി പ്രേരിപ്പിച്ചതാവട്ടെ ഇടുക്കി സ്വദേശിനിയായ ഒരു സ്ത്രീയും. പോകുന്നതിനു മുമ്പ് ക്യാംപ് വൃത്തിയാക്കാൻ തന്നോടൊപ്പം കൂടാൻ ക്യാംപിലെ മറ്റാളുകളോട് ആവശ്യപ്പെട്ടുകൊണ്ട് അവർ പറഞ്ഞതിങ്ങനെ :- 

'കഴിഞ്ഞ നാലു ദിവസമായി എന്റെ വീടിതായിരുന്നു. അതുകൊണ്ടു തന്നെ ഞാനിതെങ്ങനെ വൃത്തികേടായി ഇട്ടിട്ട് മടങ്ങും. നമ്മുടെ വീട് നമ്മളെപ്പഴും വൃത്തിയായിട്ടല്ലേ സൂക്ഷിക്കുന്നത്?' വൈറലായ ചിത്രത്തോടൊപ്പം ഈ കുറിപ്പും ഉൾപ്പെടുത്തിയാണ് വോളന്റിയർ അത് പങ്കുവച്ചത്. ക്യാംപിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ക്യാംപ് വൃത്തിയാക്കാൻ നേതൃത്വം നൽകിയതുകൊണ്ടു മാത്രമല്ല അവർ ഹീറോയായതെന്നാണ് ചില ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങൾ പറയുന്നത്. ക്യാംപ് അംഗങ്ങൾക്ക് ഭക്ഷണം വയ്ക്കാനും വിളമ്പാനുമെല്ലാം കക്ഷി മുൻപന്തിയിൽത്തന്നെ ഉണ്ടായിരുന്നു. 

സ്കൂൾ ഹാളിൽ അഭയം തേടുന്നതിനു മുമ്പ് ആടിനെ സുരക്ഷിതസ്ഥാനത്തെത്തിക്കുന്ന ചിത്രവും പങ്കുവച്ചാണ് സമൂഹമാധ്യമങ്ങൾ ഇവരെ ഹീറോയെന്ന് വിളിക്കുന്നത്. ഈ പ്രളയക്കെടുതിൽ ഒരുപാട് ഹീറോസ് ഉണ്ടായിരുന്നെന്നും ചെയ്യുന്ന പ്രവർത്തികളിലെല്ലാം ഹീറോയിസമുള്ള ഈ വനിതയ്ക്ക് ഉള്ളു നിറഞ്ഞ നന്ദിയെന്നും പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഈ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.