Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ വിവാഹം ഡിസംബർ 12 ന്

isha-wedding-01

റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷ അംബാനിയുടെ വിവാഹം ഡിസംബർ 12 ന്. ബാല്യകാല സുഹൃത്തും വ്യവസായിയുമായ ആനന്ദ് പിരാമലാണ് ഇഷയുടെ പ്രതിശ്രുത വരൻ. മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയിൽ വച്ചാണ് പാരമ്പര്യാചാരപ്രകാരം വിവാഹം നടക്കുക. അംബാനി–പിരാമൽ കുടുംബമാണ് സന്തോഷ വാർത്ത പങ്കുവച്ചത്.

പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോട് വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് താരങ്ങളുൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

മകളുടെ വിവാഹക്ഷണക്കത്തിന്റെ ആദ്യപതിപ്പുമായി കഴിഞ്ഞ ദിവസം മുകേഷ് അംബാനി സിദ്ധിവിനായക ക്ഷേത്രത്തിൽ അനുഗ്രഹം തേടിയെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ മകൻ ആകാശ് അംബാനിയും ശ്ലോകമേത്തയും തമ്മിലുള്ള വിവാഹനിശ്ചയക്കുറിയുമായി നിതഅംബാനി സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയിരുന്നു.

പിരാമൽ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ആനന്ദ് പിരാമൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ആനന്ദ് ഹാർഡ്‌വാർഡ് ബിസിനസ്സ് സ്കൂളിൽ നിന്ന് ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പിരാമൽ റിയാലിറ്റി, പിരാമൽ സ്വസ്ഥ്യ എന്നീ സ്റ്റാർട്ടപ്പ് കമ്പനികളുടെ സ്ഥാപകനാണ് ആനന്ദ്.

സൈക്കോളജിയിൽ ബിരുദം നേടിയ ഇഷ അംബാനി യേൽസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൗത്ത് ഏഷ്യൻ സ്റ്റഡീസിലും ബിരുദം നേടിയിട്ടുണ്ട്. റിലയൻസ് ജിയോ റിലയൻസ് റീടെയിൽ സംഭരങ്ങളുടെ ബോർഡംഗവുമാണ്.