Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒബാമയുമായി അകന്നിരുന്നു; കുട്ടികൾ ഐവിഎഫിലൂടെ: മിഷേൽ

michelle-obama-01

പുറംലോകമറിയാത്ത കുറച്ചധികം മുറിവുകളിലൂടെ കടന്നുപോയയാളാണ് അമേരിക്കയിലെ മുൻപ്രഥമ വനിത മിഷേൽ ഒബാമ. ഇതുവരെ തുറന്നു പറയാത്ത വിഷയങ്ങളെക്കുറിച്ച് തന്റെ ഓർമക്കുറിപ്പിലാണ് മിഷേൽ എഴുതിയിരിക്കുന്നത്. തന്റെ വിവാഹജീവിതത്തെക്കുറിച്ചും കുഞ്ഞുങ്ങളുടെ ജനനത്തെക്കുറിച്ചുമുള്ള രഹസ്യങ്ങളാണ് മിഷേൽ ഓർമക്കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.

രണ്ടു കുഞ്ഞുങ്ങളെയും താൻ ഗർഭം ധരിച്ചത് ഐവിഎഫ് വഴിയാണെന്നും തന്റെ ദാമ്പത്യ ജീവിതത്തിലും ഇടയ്ക്കു കുറച്ചു പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമാണ് മിഷേൽ വെളിപ്പെടുത്തിയത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ താനും ഭർത്താവ് ബറാക് ഒബാമയും ഫാമിലി കൗൺസിലിങ്ങിലൂടെ കടന്നു പോയിട്ടുണ്ടെന്നും അങ്ങനെയാണ് തകരാൻ തുടങ്ങിയ ദാമ്പത്യത്തെ തിരികെ പിടിച്ചതെന്നും മിഷേൽ വെളിപ്പെടുത്തുന്നു.

obama-family

പ്രസിദ്ധീകരണത്തിനൊരുങ്ങുന്ന ഓർമക്കുറിപ്പുകൾക്കു മുന്നോടിയായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് മിഷേൽ തുറന്നു പറഞ്ഞത്. 20 വർഷം മുമ്പ് തനിക്ക് ഗർഭത്തിൽ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നുവെന്നും അതോടെ എല്ലാം നഷ്ടപ്പെട്ട മനോനിലയിലേക്ക് താൻ എത്തിയിരുന്നുവെന്നും മിഷേൽ പറയുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഇതുസംബന്ധിച്ച കാര്യങ്ങളെല്ലാം താൻ വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അഭിമുഖത്തിൽ മിഷേൽ വ്യക്തമാക്കി. ലണ്ടനുൾപ്പടെ 10 നഗരങ്ങളിലാണ് പുസ്തകം പുറത്തിറങ്ങുന്നത്.

അഭിഭാഷകയും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററുമായിരുന്ന മിഷേൽ വേദന നിറഞ്ഞ തന്റെ അനുഭവത്തെക്കുറിച്ച് വിവരിച്ചതിങ്ങനെ - ‘ഗർഭത്തിൽ വച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ പരാജിതയായല്ലോ എന്ന തോന്നലായിരുന്നു. ഗർഭമലസലിനെക്കുറിച്ചൊന്നും ഒന്നും അറിയില്ലായിരുന്നു. ഞങ്ങളതിനെക്കുറിച്ച് സംസാരിക്കാറില്ലായിരുന്നു. മനസ്സു വല്ലാതെ തകർന്ന വേദനയിൽ ഞങ്ങളിരുന്നു. ചെറുപ്പക്കാരികളായ അമ്മമാരോട് ഗർഭമലസലിനെപ്പറ്റിയൊക്കെ സംസാരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അന്നു തോന്നി’.

Campaign 2016 Michelle Obama

34 വയസ്സിലാണ് തനിക്കൊരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞതെന്നും ബയോളജിക്കൽ ക്ലോക്ക് ശരിയാണെന്ന് തനിക്ക് ബോധ്യം വന്നെന്നും അണ്ഡോത്പാദനം കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാൽ താൻ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയായിരുന്നുവെന്നും മിഷേൽ പറയുന്നു.

സ്ത്രീശരീരത്തെക്കുറിച്ചും കാലാകാലങ്ങളിൽ എങ്ങനെ അവ പ്രവർത്തിക്കുമെന്നും സ്ത്രീകൾ പരസ്പരം തുറന്നു സംസാരിക്കാത്തതാണ് സ്ത്രീകൾ സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റെന്നും മിഷേൽ പറയുന്നു. കുഞ്ഞുങ്ങൾക്കായുള്ള ഐവിഎഫ് ചികിത്സയ്ക്കിടയാണ് താനും ഒബാമയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയത്. ആ സമയത്തായിരുന്നു തന്നെ ഒറ്റയ്ക്കാക്കി അദ്ദേഹം ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നതെന്നും അതുകൊണ്ട് ഐവിഎഫ് ചികിത്സയുടെ കാര്യങ്ങളൊക്കെ താൻ തനിച്ചാണ് നോക്കിയിരുന്നതെന്നും മിഷേൽ പറയുന്നു.

‘ശിഥിലമാകാൻ തുടങ്ങിയ വിവാഹബന്ധത്തെ വീണ്ടെടുത്തു തന്നത് ദാമ്പത്യ കൗൺസിലിങ്ങുകളായിരുന്നു. അതിലൂടെയാണ് അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾക്ക് മനസ്സിലായത് മിഷേൽ പറയുന്നു. ഒരുപാട് യുവമിഥുനങ്ങൾ തങ്ങൾക്കെന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ ചിന്തിച്ചു വിഷമിപ്പിക്കുന്നുണ്ടാവും. അവരോട് ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് പറയാനാഗ്രഹിക്കുന്നു’- മിഷേൽ പറയുന്നു.

michelle-obama

ദാമ്പത്യബന്ധം സ്വാഭാവികമായി നിലനിർത്താൻ സഹായം വേണമെന്നു തോന്നിയപ്പോൾ മടികൂടാതെ തങ്ങൾ അതു സ്വീകരിക്കാൻ തയാറായെന്നും മിഷേൽ പുതുതലമുറയെ ഓർമിപ്പിക്കുന്നു. ഒബാമയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും പുസ്തകത്തിൽ മിഷേൽ പറയുന്നുണ്ട്.