Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലത്തൂരിലെ അദ്ഭുത ശിശു രക്ഷകനെ കണ്ടു; 25 വര്‍ഷത്തിനു ശേഷം

meets-miracle-baby-01 കേണൽ സുനീത് ബക്സിയ്ക്കൊപ്പം പിന്നിയും അമ്മയും

നീണ്ട 25 വർഷങ്ങൾക്കു ശേഷം ജീവനോടെ ആ പെൺകുട്ടി തന്റെ മുന്നിൽ നിൽക്കുന്നതു കണ്ടപ്പോൾ സുനീത് ബക്സിക്ക് കുറച്ചു സമയത്തേക്ക് ഒന്നും സംസാരിക്കാനായില്ല. അദ്ദേഹത്തിന്റെ ഓർമ്മകളിൽ വീണ്ടും ആ ദിവസങ്ങൾ നിറഞ്ഞു. പൊടിയും മണ്ണും അഴുകിത്തുടങ്ങിയ മനുഷ്യമാംസത്തിന്റെ ഗന്ധവും നിറഞ്ഞ രാപകലുകളെ അവളുടെ സാന്നിധ്യത്തിൽ അദ്ദേഹം വീണ്ടും ഓർത്തെടുത്തു.

1993 സെപ്റ്റംബർ 30. ലത്തൂരിലുണ്ടായ ഭൂകമ്പത്തിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിനാളുകൾക്ക് പരുക്കേറ്റു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന കൽക്കൂമ്പാരങ്ങളിൽ ജീവന്റെ തുടിപ്പു തിരയാനിറങ്ങുമ്പോൾ സുനീത് ബക്സി സേനയിൽ ചേർന്നിട്ട് വെറും എട്ടുമാസം. തുടർച്ചയായ മൂന്നു ദിവസങ്ങൾ മനുഷ്യന്റെയും മൃഗങ്ങളുടെയും മൃതശരീരരങ്ങൾ മണ്ണിനടിയിൽ നിന്നു കണ്ടെത്തി സംസ്കരിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. കൈയിൽ ഗ്ലൗസോ, മുഖത്തു ധരിക്കാൻ മാസ്കോ ഇല്ലാതെ വെറും കൈകൾ കൊണ്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങൾ പോലും നീക്കം ചെയ്തത്. കൃമികളും പുഴുക്കളും കൈകളിൽ കടിച്ചു തൂങ്ങും. ഇവയൊക്കെയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെയും.

എത്ര കഴുകിയാലും അഴുകിയ മാംസത്തിന്റെ  അവശിഷ്ടങ്ങൾ നഖങ്ങളിൽ നിന്ന് ഇളകി വരില്ലെന്നും ആ ഗന്ധം കൈകളിൽ തങ്ങി നിൽക്കുന്നതിനാൽ ദിവസങ്ങളോളം ഒന്നും കഴിക്കാതിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 'ഭൂകമ്പത്തിനു ശേഷം 5 ദിവസം കടന്നു പോയി. അപ്പോഴാണ് ആ അച്ഛനമ്മമാർ ഞങ്ങളെ തേടിയെത്തിയത്. ''സാർ, ഞങ്ങളുടെ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്താൻ സഹായിക്കണം., അവളുടെ അവസാനത്തെ കർമ്മങ്ങളെങ്കിലും ഞങ്ങൾക്ക് നിർവഹിക്കണം.''– കണ്ണീരോടെ ആ അച്ഛനമ്മമാർ ഞങ്ങളോട് യാചിച്ചു. സംഘത്തിലെ 5 ടീമുകൾ അവരോടൊപ്പം പുറപ്പെട്ടു'. കുന്നിൽ ചരിവിലുണ്ടായിരുന്ന അവരുടെ വീടുൾപ്പടെ ഏഴോളം വീടുകൾ മണ്ണിനടിയിലായിരുന്നു. ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. സംഘത്തിലുള്ളവർ മടങ്ങിയെങ്കിലും സുനീത് ബക്സിക്കതിനായില്ല. മകളുടെ ശരീരമെങ്കിലും ലഭിക്കുമെന്ന വിശ്വാസം ആ അച്ഛനമ്മമാരുടെ കണ്ണുകളിൽ താൻ കണ്ടുവെന്ന് സുനീത് ബക്സി പറയുന്നു.

തുടർന്നു നടത്തിയ തിരച്ചിലിൽ ദമ്പതികളുടെ ഇരുമ്പു കട്ടിൽ കണ്ടെത്തി. അതിനടിയിലൂടെ ദ്വാരമുണ്ടാക്കി നടത്തിയ തിരച്ചിലിൽ കട്ടിലിനടിയിൽ കുഞ്ഞിനെ കണ്ടു. ദ്വാരത്തിലൂടെ നൂണ്ടിറങ്ങിയപ്പോൾ അവളുടെ തണുത്ത ശരീരം കൈയിൽ മുട്ടിയെന്നും വളരെ ദുർബലമായ ചുമയുടെ ശബ്ദം അവളിൽ നിന്നും കേട്ടെന്നും സുനീത് ബക്സി ഓർക്കുന്നു. ആ കുഞ്ഞിൽ ജീവന്റെ തുടിപ്പ് അവശേഷിക്കുന്നു എന്ന തിരിച്ചറിവ് ഭീകരമായിരുന്നുവെന്നും സുനീത് ബക്സി പറയുന്നു. ഭൂകമ്പം നടന്ന് 108 മണിക്കൂറുകൾ പിന്നിട്ട ശേഷം കണ്ടെത്തിയ അവളിൽ ജീവനുണ്ടെന്ന് അവളുടെ അച്ഛനമ്മമാർ പോലും ചിന്തിച്ചിരുന്നില്ല. അവൾ ശ്വാസമെടുക്കുന്നുണ്ടെന്നു മനസ്സിലാക്കിയ സുനീത് ബക്സി അവളെ നെഞ്ചോടു ചേർത്തു. തനിക്കും കുഞ്ഞിനും ഒരുപോലെ മണ്ണിനടിയിൽ നിന്നും പുറത്തെത്താൻ സാധിക്കില്ലെന്നു മനസ്സിലാക്കിയ അദ്ദേഹം സംഘത്തിലെ മറ്റു ജവാൻമാരുടെ സഹായം തേടി. പക്ഷേ കുഞ്ഞിന് ജീവനുണ്ടെന്ന വാർത്ത കാട്ടു തീ പോലെ പടർന്നപ്പോൾ സൈന്യത്തേക്കാൾ മുൻപേ ഗ്രാമീണർ സ്ഥലത്തെത്തി. 700 ൽ അധികം ഗ്രാമീണർ തിക്കിത്തിരക്കിയപ്പോൾ ഇരുവർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയായി.

പിന്നീട് കൂടുതൽ ജവാൻമാരെത്തി ആളുകളെ നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് സുനീത് ബക്സിക്ക് കുഞ്ഞിനെ വെളിയിലെത്തിക്കാനായത്. വിധിയെ തോൽപ്പിച്ച് ഇത്രയും ദിവസം ജീവൻ പിടിച്ചു നിർത്തിയ കുഞ്ഞിന് നമ്മുടെ അശ്രദ്ധകൊണ്ട് ജീവൻ നഷ്ടപ്പെടാൻ അനുവദിച്ചു കൂടാ എന്നു പറഞ്ഞുകൊണ്ടാണ് സുനീത് ബക്സി രക്ഷാപ്രവർത്തകർക്ക് ശക്തി പകർന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ച കുഞ്ഞിനെ അതിന്റെ അമ്മയുടെ കൈയിൽ വച്ചുകൊടുത്ത നിമിഷത്തെ സുനീത് ബക്സി ഓർക്കുന്നതിങ്ങനെ '' എന്റെ കാലിൽ തൊട്ട് അവർ നന്ദി പറഞ്ഞുകൊണ്ടിരുന്നു.കരച്ചിലടങ്ങാത്ത അവരെ നോക്കിയിരുന്നപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു. ജവാൻമാരോടൊപ്പം മടങ്ങുമ്പോൾ ‍പരസ്പരം ഒന്നുമിണ്ടാനാവാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ''.

ആ സംഭവത്തിനു ശേഷം പിന്നി എന്ന പെൺകുട്ടിയെ അദ്ദേഹം പ്രിയ എന്നു വിളിച്ചു. ആ കുടുംബവുമായി നല്ല ബന്ധം പുലർത്തി. തുടർച്ചയായുണ്ടായ സ്ഥലം മാറ്റങ്ങൾക്കിടയിൽ വച്ചെപ്പോഴോ ആ ബന്ധം മുറിഞ്ഞു. ഇതിനിടയിൽ സുനീത് ബക്സി വിവാഹിതനായി. പൂനയിൽ പോസ്റ്റിങ് കിട്ടിയപ്പോഴാണ് പണ്ട് രക്ഷിച്ച പെൺകുട്ടിയെ അന്വേഷിച്ചു കണ്ടുപിടിച്ചു കൂടേയെന്ന് ഭാര്യ ചോദിക്കുന്നത്. 2016 ൽ ആയിരുന്നു അത്. കീഴ്ജീവനക്കാരനുമായുള്ള സംഭാഷണം ഒടുവിൽ പ്രിയയിലേക്കുള്ള വഴി തുറന്നു. ലത്തൂരിലെ അദ്ഭുത ശിശുവിന്റെ രക്ഷകനാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്നു തിരിച്ചറിഞ്ഞ ആ ഉദ്യോഗസ്ഥന് പറയാൻ ഒരു വിശേഷം കൂടിയുണ്ടായിരുന്നു. ഇക്കാര്യം കുറച്ചു ദിവസങ്ങൾക്കു മുന്നിൽ പറഞ്ഞിരുന്നെങ്കിൽ അവളുടെ വിവാഹത്തിൽ പങ്കെടുക്കാമായിരുന്നല്ലോ എന്ന് അദ്ദേഹം സുനീത് ബക്സിയോട് ചോദിച്ചു. ശേഷം ഒട്ടും അമാന്തിക്കാതെ പ്രിയയുടെ ഫോണിൽ വിളിച്ച് അവളുടെ രക്ഷകനുമായി സംസാരിക്കാൻ അവസരമുണ്ടാക്കി.

പിന്നീട് നേരിൽക്കണ്ടപ്പോൾ അരമണിക്കൂർ നേരത്തേക്ക് പരസ്പരം സംസാരിക്കാൻ കഴിഞ്ഞില്ലെന്നും  അമ്മയും മകളും കരയുകയായിരുന്നെന്നും സുനീത് ബക്സി പറയുന്നു. കുറച്ച് മാസങ്ങൾക്കു മുൻപാണ് അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ അച്ഛന്റെ സ്ഥാനത്ത് അവൾ തന്നെയാണു കാണുന്നതെന്നും, അവൾ തനിക്ക് പിറക്കാതെ പോയ മകളാണെന്നും അദ്ദേഹം പറയുന്നു. പ്രാർഥനാ മുറിയിൽ അവൾ തന്റെ ചിത്രം സൂക്ഷിക്കുന്നുണ്ടെന്നും 25 വർഷം മുമ്പു കണ്ട 18 മാസം പ്രായമായ കുഞ്ഞിൽ നിന്നും മുതിർന്ന സ്ത്രീയായിട്ടും അവളിപ്പോഴും തന്റെ അദ്ഭുത ശിശുവാണെന്നും അദ്ദേഹം പറയുന്നു. സ്വന്തം ഗ്രാമത്തിൽത്തന്നെ അധ്യാപികയായി ജോലിചെയ്യുന്ന അവളെയോർത്ത് അഭിമാനമുണ്ടെന്നും സുനീത് ബക്സി പറയുന്നു.