Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രതി വാഗ്ദാനം അല്ലാതിരിക്കുമ്പോൾ

mayanadhi

"Sex is not a promise " എന്നുറക്കെ പറയുന്ന പെൺകുട്ടികൾ കണ്മുന്നിൽ എത്രയോ ഉണ്ട്. അതൊരു ചിത്രത്തിൽ നിന്നും നായികയുടെ വാക്കുകളായി കേൾക്കുമ്പോൾ ഉള്ളിൽ കരുതി നടന്ന സത്യങ്ങൾ ആരെങ്കിലുമൊന്നു വെളിപ്പെടുത്തിയതിന്റെ ആഹ്ലാദത്തിലാണ് പലരും. രതി ഒരു വാഗ്ദാനമല്ല. പിന്നെയെന്താണ് എന്നതാണ് ചോദ്യം. പലർക്കും പല ഉത്തരങ്ങളാകും ഈ വാക്കിൽ നിന്നും ഉരുത്തിരിച്ചെടുക്കാനുള്ളത്. സമ്പൂർണ്ണമായ ആനന്ദം എന്നതാണ് അതൊരു വാഗ്ദാനമല്ലാത്ത കാലത്തു പറയാനുണ്ടായേക്കാവുന്ന ഒരേ ഒരു ഉത്തരം. താൽപ്പര്യം തോന്നിയ ഒരു എതിർലിംഗത്തിന്റെ ഉടലിനെ ആനന്ദങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അല്ലെങ്കിലും വാഗ്ദാനം ഉണ്ടാകാൻ ഇടയില്ല. 

എന്താണ് രതിയുടെ വാഗ്ദാനം? ആ വാഗ്ദാനത്തെ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നതും സ്ത്രീകളാണെന്നതാണ് സത്യം. വിവാഹം എന്ന വാചകത്തിനപ്പുറം രതി അവർക്ക് മറ്റൊന്നുമല്ലാതിരുന്ന ഒരു കാലത്തിൽ നിന്നാണ് അതൊരു വാഗ്ദാനം പോലുമല്ല എന്ന കണ്ടെത്തലിലേയ്ക്ക് അവർ ഇറങ്ങിച്ചെല്ലുന്നത്. പക്ഷേ അപ്പോഴും തലമുറയുടെ പാതി ദൂരമേ സഞ്ചരിക്കപ്പെട്ടിട്ടുള്ളൂ എന്നതുകൊണ്ട് വിഷയം പരിണാമ കാലത്തിലാണ്.

രതിയ്ക്കു വേണ്ടി തയാറാകുമ്പോൾ വിവാഹം എന്ന വാഗ്ദാനം അവർ പ്രതീക്ഷിക്കുന്നു എന്നു തന്നെയാണ് ഇക്കാലം വരെ ഉണ്ടായ പല സ്ത്രീ പീഡന കേസുകളും തെളിയിക്കുന്നതും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പറയുമ്പോൾ രതി എന്നത് വാഗ്ദാനമല്ല എന്ന് പുരുഷന്മാർ പതിറ്റാണ്ടുകൾക്ക് മുൻപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട് എന്നത് ഓർമ്മിക്കേണ്ടി വരും. പക്ഷേ പുരുഷന് മാത്രമല്ല പെണ്ണിനും അതേ വാചകങ്ങൾ അനുയോജ്യമെന്ന് ഇപ്പോൾ പല പെൺകുട്ടികളും പറഞ്ഞു തുടങ്ങുന്നത് പുരുഷന്റെ ആണഹങ്കാരങ്ങൾക്കു നേരെയുയർന്ന ഒരു കരുത്തുറ്റ വാചകം തന്നെയാണ്. 

രതി ഒരു വാഗ്ദാനമാണ് പ്രണയത്തിൽ മാത്രം. വളരെ അപൂർവം സ്ത്രീകൾ ഇങ്ങനേയും ചിന്തിക്കുന്നുണ്ട്. പ്രണയിക്കപ്പെടുന്ന ഒരാളിലേയ്ക്ക് മാത്രം എല്ലാ വാഗ്ദാനങ്ങളെയും ഒന്നിച്ചു ചേർത്ത് അതിന്റെ ഏറ്റവും ഒടുവിലത്തെ വാക്കായി രതി വന്നെത്തുമ്പോൾ പ്രണയം ഒരാളിലേയ്ക്ക് ചുരുങ്ങുന്നു.  മനസ്സു കൊണ്ട് എത്രമേൽ വാഗ്ദാന ലംഘനങ്ങൾ നടത്തിയാലും ഉടൽ കൊണ്ട് അവർ കൃത്യമായി അതേ വാഗ്ദാനത്തിൽ ഉറച്ചു നിൽക്കും. പ്രണയം എന്നാൽ ശരീരവുമാണെന്നു വിശ്വസിക്കുമ്പോൾ അങ്ങനെയുമാകാതെ വയ്യല്ലോ!

mayanadhi-new.jpg.image.784.410

വൈവിധ്യമാണ് രതിയുടെ കാതൽ. പൊളിഗാമിയായ മനുഷ്യന്റെ വ്യത്യസ്തതകൾക്കു വേണ്ടിയുള്ള ആഗ്രഹങ്ങളിലേയ്ക്ക് ആണ് രതി വാഗ്ദാനമല്ല എന്ന വാചകം കയറി വരുന്നത്. ഇത്രനാൾ ഇഷ്ടം തോന്നിയ സ്ത്രീയുടെ ഉടലിലേയ്ക്ക് രതിയുടെ സമൃദ്ധിയോടെ പറ്റി ചേർന്ന് പോയ ആണായിരുന്നു വിഷയമെങ്കിൽ ആ ഇടത്തിലേക്ക് ഇപ്പോൾ സ്ത്രീയും ധൈര്യത്തോടെ തെളിച്ചമുള്ള ചിരിയോടെ കടന്നു വരുന്നു. വൈവിധ്യങ്ങൾ ആസ്വദിക്കപ്പെടേണ്ടത് തന്നെ എന്ന ചിന്തയിൽ ഇഷ്ടപ്പെടുന്ന പുരുഷനൊപ്പം ചിലപ്പോൾ സ്‌ത്രീയ്‌ക്കൊപ്പവും അവർ രതിയിൽ ഏർപ്പെടുന്നു. അവിടെ ഈ ഉടലിന്റെ യോജിപ്പിനപ്പുറം പ്രണയമോ ജീവിതമോ വാഗ്ദാനം നല്കപ്പെടുന്നില്ല. വ്യത്യസ്തതയുടെ ആനന്ദമല്ലാതെ മറ്റൊന്നും അവിടെ പ്രസക്തവുമല്ല. 

രതി വാഗ്ദാനം അല്ലാതാകുമ്പോൾ അവിടെ നഷ്ടപ്പെടുന്ന ഒന്നുണ്ട് മനുഷ്യൻ തമ്മിലുള്ള വിശ്വാസം. ആൺ, പെൺ എന്നീ രണ്ടു ജാതികളെ മനുഷ്യർക്കിടയിൽ ഉള്ളൂ എന്നിരിക്കെ വിവാഹത്തിലാണെങ്കിലും പ്രണയത്തിലാണെങ്കിലും സൗഹൃദത്തിലാണെങ്കിൽപ്പോലും ബന്ധങ്ങളിൽ, അവയെ നിലനിർത്തുന്നത് വിശ്വാസം എന്ന ചങ്ങലക്കണ്ണികളാണ്. ഓരോ മനുഷ്യനും , ആണും പെണ്ണുമൊക്കെ ഓരോ വ്യക്തികളാകുമ്പോൾ അവിടെ അവനവന്റേതായ ഇഷ്ടങ്ങൾക്കും പ്രസക്തി കൂടി വരുന്നു. അത്രയ്ക്കൊന്നും വിശ്വസിക്കേണ്ട ബാധ്യത പോലും ബന്ധങ്ങൾക്കിടയിൽ നഷ്ടമാകുന്നു.

പക്ഷേ സ്വാതന്ത്ര്യം അവകാശപ്പെടുമ്പോൾത്തന്നെ അവിടെ മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ഒരു വലിയ പ്രശ്നമുണ്ട്. ഏകാന്തത! ഒറ്റപ്പെടുന്ന, ചേർത്ത് പിടിക്കാൻ ആഗ്രഹിക്കുന്ന സമയത്തു പോലും തൊട്ടരികിൽ ഒരു വ്യക്തി ഇല്ലാതാകുന്ന നേരങ്ങളിൽ എല്ലാവരും അനുഭവിക്കേണ്ടി വരുന്ന അതേ ഏകാന്തത തന്നെ. ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ സമവാക്യമായ വിശ്വാസം നഷ്ടപ്പെടുമ്പോൾ തന്നെ മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങാൻ ആരംഭിച്ചിരിക്കും. പിന്നീട് കണ്ടെത്തേണ്ടത് സ്വയം ആനന്ദം കണ്ടെത്താനുള്ള മാർഗ്ഗങ്ങളാണ്. അവിടെ കൂടെ നിൽക്കുന്ന മറ്റൊരു വ്യക്തിയുടെ ഇഷ്ടങ്ങളോ ഏകാന്തതകളോ പ്രണയമോ പ്രശ്നമാകുന്നില്ല. അയാളുടെ പ്രണയം അത്രമേൽ ആഴമുള്ളതെങ്കിൽപ്പോലും രതി വാഗ്ദാനമല്ലെന്നു വിശ്വസിക്കുന്നതിനാൽ അയാളുടെ പ്രണയത്തിൽ വിശ്വസിക്കാനാകാതെ വീണ്ടും സ്വയം ഇറങ്ങിപ്പോക്ക് നടത്തും. 

mayanadhi-kattin-song.png.image.784.410

ഒന്നു പറഞ്ഞാൽ കാലം കഴിയുമ്പോൾ വരേണ്ടത് തന്നെയാണ് മാനുഷിക ചിന്തകളിൽ ഉള്ള മാറ്റങ്ങൾ. ഒരേ ജീവിത രീതി പന്തുടരുക എന്നാൽ അത്രമേൽ മടുപ്പിക്കുന്ന മറ്റൊന്നും ഉണ്ടാകാനിടയില്ല. പക്ഷേ ഏതു കാലത്തിലായാലും അവനവന്റെ സംഘർഷങ്ങളെ ലഘൂകരിക്കുകയാണ് പ്രധാനം. ശരീരം എന്നത് പൗരാണിക ചിന്തകൾ അനുസരിച്ചു പോലും അത്ര പ്രധാനമായ സംഗതിയല്ല. ആത്മാവിനോടുള്ള ഇടപെടലുകളെക്കുറിച്ചാണ് ആചാര്യന്മാർ പോലും അഭിപ്രായം പറഞ്ഞിട്ടുള്ളതും.

എന്നിട്ടും അത്തരം പാരമ്പര്യങ്ങൾ സൂക്ഷിക്കപ്പെട്ട ഒരു രാജ്യത്ത് സ്ത്രീയുടെ ഉടലിനു മാത്രം പ്രാധാന്യം കൈവന്നിട്ടുണ്ടെങ്കിൽ അതിനു കാരണം ഒരു കാലം മുതൽ ഭരണം കയ്യിൽ ലഭിച്ച പുരുഷന്റെ സ്വാർഥത തന്നെയാകണം. ഒരേ ദിവസം അനേകം പുരുഷന്മാരെ രതിയിലൂടെ സംതൃപ്തിപ്പെടുത്താൻ കഴിയുന്ന സ്ത്രീയുടെ കഴിവുകൾ പുരുഷന് ലഭിച്ചില്ല. പകരം അവനു ഏതു നേരവും രതിയിലേയ്ക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു ഉടൽ മാത്രമാണ് ലഭിച്ചത്. സ്ത്രീയുടെ രതി ചിന്തകൾ അവളുടെ മനസ്സിനുള്ളിലേയ്ക്ക് തളച്ചിടാൻ അതുകൊണ്ടു തന്നെ അവൻ ഇപ്പോഴും ശ്രമിച്ചു പോന്നു. വിശ്വാസവും പാതിവൃത്യവും അവൾക്കു മുകളിൽ അവൻ കൂട്ടി വച്ചു. തന്നെക്കാൾ വലിയ ജീവികളെ തളയ്ക്കാൻ മനുഷ്യൻ കാണിക്കുന്ന സ്വാഭാവിക വഴി ഭയപ്പെടുത്തി അടിമകളാക്കുക തന്നെ ആയതുകൊണ്ട് അത്തരമൊരു അടിമയായി അവളും മാറപ്പെട്ടു.

mayaanadhi2.jpg.image.784.410

കാലം മാറേണ്ടതുണ്ട്. ജീവിതവും. ഒരൊറ്റ പുരുഷന്റെ വിശ്വാസത്തിന്റെ തണലിൽ അവനു വേണ്ടി മാത്രം ശരീരം ഒതുക്കി വയ്ക്കാൻ അവൾക്കാഗ്രഹമില്ല. പ്രണയം തോന്നുന്ന അപര ദേഹത്തിനോടും അവൾക്ക് രതിയിലേർപ്പെടാൻ ആഗ്രഹമുണ്ടാകും. സാഹചര്യം അനുകൂലമെങ്കിൽ തയാറാകാനും മടികളേതുമില്ല. പക്ഷേ അവിടെയും രതി അവൾക്ക് ഒരു വാഗ്ദാനമാണ്. പ്രണയത്തിന്റെ വാഗ്ദാനം.ആ വിശ്വാസത്തിന്റെ നൂലിൽപ്പിടിച്ചു മാത്രമേ അവൾക്ക് ആ ആനന്ദത്തിലേയ്ക്ക് എത്തിച്ചേരാനാകൂ. ആ നൂൽ പൊട്ടിപ്പോയാൽ അവൾ ആർത്തലച്ചു നിലവിളിക്കുകയും വാഗ്ദാന ലംഘനം നടത്തിയതിൽ പരിതപിക്കുകയും ചെയ്യും.

പക്ഷേ രതി വാഗ്ദാനം അല്ലാതാകുമ്പോൾ ഇത്തരം നിലവിളികൾക്കു പകരം അകന്നു പോകുന്ന പങ്കാളിയെ നോക്കുമ്പോൾ ഉള്ളിൽ നിന്നുയരുന്ന നെടുവീർപ്പിൽ എല്ലാം അവസാനിക്കും. പക്ഷേ... ഉള്ളിൽ നിന്നും അലച്ചു വരുന്ന ഏകാന്തതയിലേയ്ക്ക് ഒരു കൈവിരലിന്റെ അറ്റത്തു പിടിച്ചു പ്രണയത്തിന്റെ വാഗ്ദാനം നൽകാതെ എങ്ങനെ രതിയുന്മാദത്തിന്റെ പരകോടിയിൽ പ്രവേശിക്കണമെന്നാണ്!

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.