Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട്ടിലേക്ക് മടങ്ങുന്നവർശ്രദ്ധിക്കണം ഈ കാര്യങ്ങൾ

shimna-azeez ഡോ. ഷിംന അസീസ്

മഴക്കെടുതിയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ചവർ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് തിരികെപ്പോകാൻ തുടങ്ങിയിരിക്കുന്നു. ചേറും ചെളിയും ദുർഗന്ധങ്ങളും ഇഴജന്തുക്കളുമെല്ലാം ഈ അവസരത്തിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചേക്കാം. വീടിനുള്ളിലെ വെള്ളമിറങ്ങിയെങ്കിൽത്തന്നെ അത് വാസയോഗ്യമാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കാം. സ്വന്തം വീടു നൽകുന്ന സുരക്ഷിതത്തിലേക്കു മടങ്ങാൻ മനസ്സ് വെമ്പൽ കൊള്ളുമെങ്കിലും ദയവായി അൽപ്പം ക്ഷമിക്കൂ എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

മാലിന്യവും മലിനജലവും കിണറ്റിലെ വെള്ളത്തിൽ വരെ കലർന്നതിനാൽ പകർച്ചവ്യാധികൾക്കും സാധ്യതയേറെയാണ്. സമയമെടുത്തുള്ള വൃത്തിയാക്കലുകൾ പൂർത്തീകരിച്ച്, ക്ലോറിനേഷനുൾപ്പടെ കുടിവെള്ളത്തെ ശുദ്ധീകരിക്കാനുള്ള കാര്യങ്ങളും ചെയ്ത ശേഷം സാവധാനം വീട്ടിലേക്ക് മടങ്ങിയാൽ മതിയെന്നാണ് ഡോക്ടർമാരും പറയുന്നത്. പ്രളയത്തെ അതിജീവിച്ച് വീട്ടിലേക്ക് മടങ്ങുന്നവരോട് ഡോ. ഷിംന അസീസിന് പറയാനുള്ളതിതാണ്. 

ഡോക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:-

ഇടിത്തീ പോലെ ദുരന്തമായി വന്ന അവസാനത്തെ മഴയും പെയ്തൊഴിഞ്ഞിരിക്കുന്നു. പക്ഷേ, ആ ആശ്വാസത്തോടൊപ്പം വേറെയൊരുപാട് ആശങ്കകളും നമ്മളെ കാത്തിരിക്കുന്നുണ്ട്. ക്യാംപുകളിൽ നിന്ന് വീട്ടിലേക്ക് ആളുകൾ പതുക്കെ പോയിത്തുടങ്ങുകയാണ്. വെള്ളം കെട്ടി നിന്ന ഇവിടങ്ങളിലെല്ലാം ചെറുതല്ലാത്ത ഭീഷണിയുണ്ട്. നമ്മൾ ശ്രദ്ധിക്കേണ്ട നൂറു കാര്യങ്ങളുണ്ട്. ഈ ഒരു ഘട്ടം കൂടിയേയുള്ളൂ നമുക്ക് തിരിച്ചു വരാൻ. ഇതും കടന്നു പോകും, നമ്മൾ ഒന്നിച്ച് നേരിടും. ഈ സമയത്ത് ആരോഗ്യസംബന്ധമായി നിർബന്ധമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്നത്തെ #SecondOpinion പറഞ്ഞുതരുന്നത്.

# വീട്/വീടിന്റെ പരിസരം മുഴുവനും താമസയോഗ്യമെന്ന് അധികാരികളും ഇലക്ട്രീഷ്യൻ പോലെയുള്ള വിദഗ്‌ധരും ഉറപ്പ് തരും വരെ ക്യാമ്പുകളിലോ താൽക്കാലിക ഇടങ്ങളിലോ തന്നെ തങ്ങുക.

# വീടിന് പുറത്ത് ശക്തമായ വഴുക്കൽ ഉണ്ടാകും. പ്രായമായവരെയും കുഞ്ഞുങ്ങളെയും ആദ്യഘട്ടത്തിൽ വീട്ടിൽ പ്രവേശിപ്പിക്കരുത്. വീഴ്ചയും അപകടങ്ങളും ഉണ്ടാകാം.

# കിണർ, കക്കൂസ് തുടങ്ങിയവയുടെ അടുത്തേക്ക് അധിക ശ്രദ്ധയോടെ നീങ്ങുക. അപകടങ്ങൾ അവിടെയും പ്രതീക്ഷിക്കാം.

# വെള്ളം കയറിയ വീടുകൾ താമസ യോഗ്യമാക്കാൻ ബ്ലീച്ചിംഗ് പൗഡർ ലായനിയും സോപ്പുമുപയോഗിച്ച് നന്നായി സമയമെടുത്ത് കഴുകുക.

# കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക. (ഇതെങ്ങനെ എന്ന് വിശദമായി വാൽക്കഷ്ണത്തിൽ എഴുതിയിട്ടുണ്ട്.)

# കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

# മലിനജലവുമായി സമ്പർക്കമുണ്ടായ അരി അടക്കമുള്ള ഭക്ഷണസാധനങ്ങൾ എത്ര കഴുകിയാലും അതിലെ അപകടം പൂർണ്ണമായി മാറണമെന്നില്ല. അവ നശിപ്പിക്കുക.

# പാകം ചെയ്ത ഭക്ഷണം ചൂടാറുന്നതിന് മുൻപ് ഉപയോഗിക്കുക.

# പറ്റുന്നതും അതാത് സമയത്തേക്കുള്ള ഭക്ഷണം മാത്രം പാകം ചെയ്യുക. പഴകിയ ഭക്ഷണം പാടെ ഒഴിവാക്കുക.

# ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.

# ഉപയോഗശൂന്യമായ വസ്തുക്കളും മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കുക.

# ഓരോ തവണയും സോപ്പുപയോഗിച്ച് കൈകൾ കഴുകിയതിനു ശേഷം മാത്രം ഭക്ഷണം കൈകാര്യം ചെയ്യുക.

# കൊതുകുകളെയും പ്രാണികളെയും തടയാൻ വല, റിപ്പലന്റ്, കൊതുകുതിരി പോലുള്ളവ ഉപയോഗിക്കുക. ചിരട്ടകളിലും പാത്രങ്ങളിലും മറ്റുമായി കെട്ടിക്കിടക്കുന്ന വെള്ളം കമഴ്‌ത്തിക്കളയുക.

# ഈച്ചകൾ രോഗം പരത്തുന്നതിനാൽ അവ പെരുകുന്ന സാഹചര്യം ഒഴിവാക്കുക

# മലിനജലവുമായി സമ്പർക്കമുള്ളവർക്ക് എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് ആവശ്യമാണ്. വെള്ളപ്പൊക്കത്തിൽ പെട്ടവരോ ദുരിതാശ്വാസപ്രവർത്തനത്തിൽ ഏർപ്പെട്ടവരോ ആണെങ്കിൽ എലിപ്പനി തടയാനാനായി ഡോക്സിസൈക്ലിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക.

# ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് ഡോക്ടറുടെ നിർദ്ദേശം തേടുക.

.

വാൽക്കഷ്ണം : വീടുകളിലേക്ക് തിരിച്ച് താമസം തുടങ്ങുന്നതിനു മുൻപ് നിർബന്ധമായും കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. ഒരു കോലിന് രണ്ടര ഗ്രാം (ചെറിയ തീപ്പെട്ടിയിൽ കൊള്ളുന്ന അത്രയും) എന്ന കണക്കിൽ ക്ലോറിൻ കൊണ്ടാണ് സാധാരണ ഈ പ്രക്രിയ ചെയ്യേണ്ടത്. നിലവിലെ അവസ്ഥയിൽ ഇതിന്റെ നേർ ഇരട്ടി ക്ലോറിൻ കൊണ്ട് സൂപ്പർ ക്ലോറിനേറ്റ് ചെയ്യുന്നത് വെള്ളം സുരക്ഷിതമെന്ന് ഉറപ്പ് വരുത്തും. ആവശ്യമായ ക്ലോറിൻ ഒരു ചെറിയ പാത്രത്തിൽ കലക്കി പേസ്റ്റ് പോലെ ആക്കിയതിനു ശേഷം മുക്കാൽ ബക്കറ്റ് വെള്ളത്തിൽ ഒഴിച്ച് ഇളക്കുക. 

ഈ ലായനി അര മണിക്കൂർ വച്ചാൽ മുകളിൽ വരുന്ന തെളി മാത്രമെടുത്ത് അത് കിണറ്റിലേക്ക് ഒഴിക്കുക. ശേഷം തൊട്ടി കൊണ്ട് കിണറ്റിലെ വെള്ളം നന്നായി ഇളക്കുക. ഒരു മണിക്കൂറിനു ശേഷം കിണറ്റിലെ വെള്ളം ഉപയോഗിക്കാം. ഇനിയും സംശയമുണ്ടെങ്കിൽ ക്ലോറിനേഷൻ ചെയ്യുന്ന രീതി എങ്ങനെയാണ് എന്ന് വിശദമായി നിങ്ങളുടെ ക്യാമ്പിലെ ആരോഗ്യപ്രവർത്തകർ പറഞ്ഞു തരും. സംശയങ്ങൾ തീർത്ത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രം ചെയ്യുക. ഈ ഒരു അവസരത്തിൽ പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെട്ടാൽ അത് മറ്റൊരു മഹാദുരന്തമായിത്തീരും. അതുകൊണ്ട് തന്നെ ശുചിത്വത്തിനും സുരക്ഷക്കും ഇനി വരുന്ന ദിവസങ്ങളിൽ അത്രയ്ക്ക് പ്രാധാന്യം കൊടുത്തേ മതിയാവൂ...