Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറിയണം; റാണി വേലുനാച്ചിയാറും സൈന്യാധിപ കുയിലിയും ബ്രിട്ടിഷുകാരെ തോൽപ്പിച്ച കഥ

velu-nachiyar-kuyili

കൊടുംകാട്ടിൽ അഭയം തേടി ചെന്നപ്പോൾ ശിവഗംഗയുടെ രാജ്ഞിക്കു കിരീടവും ചെങ്കോലും ഇല്ലായിരുന്നു;ആർപ്പു വിളിക്കുന്ന അനുയായികളും. ആജ്ഞ കേൾക്കാൻ കാത്തുനിൽക്കുന്ന ഭടൻമാർ ഇല്ലായിരുന്നു; ഭൃത്യരും സേവകരും. ആവോളമുണ്ടായിരുന്നത് എവിടെനിന്നാണോ രക്ഷപ്പെട്ടു പലായനം ചെയ്യേണ്ടിവന്നത് അതേ സ്ഥലത്തേക്കു പ്രൗഡിയോടെ മടങ്ങിപ്പോകുമെന്ന ആത്മവീര്യവും പക വീട്ടാനുള്ള ആവേശവും. ഒടുവിൽ ശിവഗംഗയുടെ ചരിത്രത്തിൽ മാത്രമല്ല, രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തന്നെ സ്വന്തം പേരെഴുതി രാജ്ഞി– തമിഴ്നാടിന്റെ വീരപുത്രി വേലു നാച്ചിയർ. കൂടെ സർവസൈന്യാധിപ കുയിലിയും– ലോക ചരിത്രത്തിലെ ആദ്യത്തെ ചാവേർപ്പോരാളിയായി. 

കോളനിവാഴ്ചയ്ക്കെതിരെ രാജ്യം നടത്തിയ ചെറുത്തുനിൽപിന്റെ കഥ കൂടിയാണു ചരിത്രം. എങ്കിലും പഠനത്തിന്റെ ഭാഗമായും അല്ലാതെയും ചരിത്രം പഠിച്ചവരും വായിച്ചവരും കേട്ടിട്ടില്ലാത്ത പേരുകാരാണ് വേലു നാച്ചിയരും കുയിലിയും. തമിഴ്നാട്ടിൽ മാത്രം കുറച്ചുപേർക്ക് പരിചിതമായ പേരുകൾ. പക്ഷേ, രാജ്യത്തിന്റെ മറ്റൊരു ഭാഗത്തും ആരും ഇവരെപ്പറ്റി അറിഞ്ഞിട്ടില്ല. കേട്ടിട്ടുപോലുമില്ല. 18–ാം നൂറ്റാണ്ടിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയെ വിറപ്പിച്ച വീരപോരാളികൾ. ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ആയുധമെടുത്തു പോരാടിയ വനിതകൾ. ഭാരതത്തിലെ ആദ്യകാല രാജ്ഞിമാരിൽ ഒരാളായ വേലു നാച്ചിയരും സൈന്യാധിപ കുയിലിയും. 

വർഷം 1772. ശിവഗംഗയിലെ രണ്ടാമത്തെ രാജാവ് തേവർ ആർക്കോട്ടു നാവാബുമായി ഘോരയുദ്ധത്തിലേർപ്പെട്ട കാലം. പ്രാദേശിക പിന്തുണയിൽ തേവർ വേഗത്തിൽ വിജയം കരസ്ഥമാക്കേണ്ടതാണ്.പക്ഷേ, തന്ത്രപരമായ നീക്കത്തിനൊടുവിൽ ബ്രിട്ടിഷ് സൈന്യം നവാബുമായി ചേർന്നു. ശിവഗംഗ കീഴടക്കപ്പെട്ടു. നഗരം കൊള്ളയടിക്കപ്പെട്ടു. പലായനം ചെയ്യുന്നതിനിടെ, രാജാവിനും അനുയായികൾക്കും രക്തസാക്ഷിത്വവും. രാജകീയ സൗകര്യങ്ങളിൽനിന്ന് നിസ്സഹായതയിലേക്കു പൊടുന്നനെ പതിച്ചു വേലുനാച്ചിയർ– തേവരുടെ ഭാര്യ. ശിവഗംഗയുടെ രാജ്ഞി. കൂടെ ചെറിയ കുട്ടി വെള്ളച്ചിയും. 

വേലു നാച്ചിയർ എന്ന യുവതി രാജ്ഞിയാകാൻ കാരണം അവരുടെ ബുദ്ധിശക്തിയും കഴിവുകളും. പുതിയ ഭാഷകൾ പഠിക്കാനും യുദ്ധം ചെയ്യാനും രാജ്യകാര്യങ്ങൾ നോക്കാനുമെല്ലാം സമർഥ. ജീവിതം പെട്ടെന്നു തകിടം മറിഞ്ഞപ്പോൾ തേവരെ മറന്ന്, ശിവഗംഗയെ ഉപേക്ഷിച്ച് പുതിയൊരു ജീവിതം തുടങ്ങാമായിരുന്നു നാച്ചിയർക്ക്. പക്ഷേ, അവരുടെ തീരുമാനം മറ്റൊന്നായിരുന്നു. മകളോടും ബാക്കിവന്ന അനുയായികളോടുമൊപ്പം നാച്ചിയർ ഡിണ്ടിഗലിലെ വിരൂപാക്ഷി എന്ന ഗ്രാമത്തിലേക്കു രക്ഷപ്പെട്ടു. അതുപക്ഷേ, മടങ്ങിവരാമെന്ന പ്രതിജ്ഞ എടുത്തതിനുശേഷം. ഒരു ദിവസം മടങ്ങിവരും. ഭർത്താവിന്റെ ജീവനും രാജ്യത്തിന്റെ അഭിമാനത്തിനുംവേണ്ടി പകരം ചോദിക്കാൻ ! 

അഭയാർഥികളാണവർ. സൈനിക ശേഷിയില്ല. ആയുധങ്ങളോ ജനപിന്തുണയോ ഇല്ല. തകരാതെ, തളരാതെ, വേലു നാച്ചിയർ അനുയോജ്യനിമിഷത്തിനുവേണ്ടി കാത്തിരുന്നു. ദീർഘമായ ആലോചനകൾക്കും ചിന്തകൾക്കുംശേഷം സഖ്യം കണ്ടെത്തി. തെക്കുനിന്നുള്ള ഒരാൾ. നവാബിൽനിന്നും ബ്രിട്ടിഷുകാരിൽനിന്നും ദുരനുഭവം ഏറെയുണ്ടായിട്ടുള്ള ഒരാൾ. ഹൈദർ അലി. രണ്ടുപേരും കൂടിക്കണ്ടു.വേലി നാച്ചിയർക്ക് അലി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഉറുദു നന്നായി സംസാരിക്കാൻ അറിയാമായിരുന്നു നാച്ചിയർക്ക്. ഹെദർ അലിയുമായി സഖ്യം സ്ഥാപിക്കാൻ സഹായകരമായതും ഇതര ഭാഷാപ്രാവീണ്യം തന്നെ. 

എട്ടുവർഷം കടന്നുപോയി. ശിവഗംഗയെ അപ്പോഴേക്കും നവാബ് തന്റേതാക്കി മാറ്റിയിരുന്നു. പേരു പോലും മാറ്റി – ഹുസൈൻ നഗർ. ശിവഗംഗയെ തിരിച്ചുപിടിക്കാൻ രാജ്‍ഞിയും കുയിലിയും നടത്തിയ അവസാന പോരാട്ടം ലോകത്തിന് ഒരു പുതിയ യുദ്ധതന്ത്രം പരിചയപ്പെടുത്തി. ചാവേർപ്പോരാളികളുടെ ജീവൻ പണയപ്പെടുത്തുന്ന വീര്യം. ആ യുദ്ധം നയിച്ചതാകട്ടെ നാച്ചിയരുടെ പ്രധാന പോരാളി കുയിലിയും. താഴ്ന്ന ജാതിയിൽ പിറന്ന കുയിലി രാജ്ഞിയുടെ പ്രിയപ്പെട്ട ആളായിരുന്നു. നാച്ചിയരുടെ ചാരസംഘത്തിലെ അംഗമായിരുന്നു കുയിലിയുടെ പിതാവ്. അന്ത്യയുദ്ധത്തിൽ നാച്ചിയരുടെ സർവസൈന്യാധിപ എന്ന റോളിലേക്ക് ഉയർന്നു കുയിലി. 

നവാബിനും ബ്രിട്ടിഷുകാർക്കും എതിരെയുള്ള ഒളിപ്പോർ യുദ്ധത്തിനാണു പിന്നീടു ശിവഗംഗ സാക്ഷ്യം വഹിച്ചത്. കുയിലിയുടെ നേതൃത്വത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തോടെ. ബ്രിട്ടിഷ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് അവർ ശിവഗംഗ കാടുകളിലേക്കു കടന്നു. നേരിട്ടു യുദ്ധം ചെയ്യുന്നതിനുപകരം ബോംബിട്ട് സൈന്യത്തെ നശിപ്പിക്കാനായിരുന്നു പദ്ധതി. കിട്ടിയതാകട്ടെ ഒരുദിവസം മാത്രവും. വിജയദശമി ദിവസം. അടുത്തും അകലെയുമുള്ള സ്ഥലങ്ങളിൽനിന്നു സ്ത്രീകൾ കൂട്ടത്തോടെ ശിവഗംഗയിലെത്തി– രാജരാജേശ്വരി അമ്മൻ കോവിലിൽ. കുയിലിയും സംഘവും ഭക്തസംഘത്തിനിടയിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുചെന്നു. പൂക്കൾക്കും പൂക്കൊട്ടകൾക്കും ഇടയിൽ ആയുധങ്ങൾ ഒളിപ്പിച്ചുകൊണ്ട്. 

കാത്തിരുന്ന നിമിഷമെത്തി. വിളക്കു കത്തിക്കാൻ വച്ചിരുന്ന നെയ്യും എണ്ണയും തന്റെ ശരീരത്തിലേക്ക് ഒഴിക്കാൻ കുയിലി അനുയായികളോട് ആവശ്യപ്പെട്ട്. തീ കൊളുത്താനും. ശരീരം കത്തി അഗ്നിഗോളമായപ്പോൾ കുയിലി സധൈര്യം ബ്രിട്ടിഷ് സൈന്യത്തിനിടിയിലേക്ക് ഓടിക്കയറി. ചരിത്രത്തിലെ ആദ്യത്തെ ചാവേർപ്പോരാട്ടം. തിരിച്ചടിക്കാൻ ആയുധങ്ങൾ പോലുമില്ലാതെ ബ്രിട്ടിഷ് സൈന്യത്തെ നിസ്സഹായമാക്കിയ ആത്മവീര്യം. കുയിലിയുടെ ത്യാഗം സൃഷ്ടിച്ച അമ്പരപ്പിൽ നവാബിനെയും ബ്രിട്ടിഷുകാരെയും തുരത്തി മുന്നേറി വേലു നാച്ചിയർ. ശിവഗംഗ തിരിച്ചുപിടിച്ചു. ഒരിക്കൽ നടത്തിയ പ്രതിജ്ഞയുടെ സാഫല്യനിമിഷം. പകരം വീട്ടൽ പൂർത്തിയാക്കി ശിവഗംഗയിൽ വേലു നാച്ചിയർ അടുത്ത ഒരു പതിറ്റാണ്ട് രാജ്ഞിയായി രാജ്യം ഭരിച്ചു. രക്തസാക്ഷിത്വം വരിച്ച ഭർത്താവിനുവേണ്ടി. വിദേശീയർ ആധിപത്യം സ്ഥാപിച്ച് അടിമയാക്കിയ നാട്ടുകാർക്കുവേണ്ടി. 1796–ൽ മരുതു സഹോദരൻമാർക്ക് രാജ്യഭരണം കൈമാറി അന്ത്യശ്വാസം വലിക്കുന്നതുവരെ അവരുടെ ഭരണം തുടർന്നു; വൈദേശികാധിപത്യത്തെ നോക്കുകുത്തിയാക്കി. 

വീരമങ്ക എന്നാണു ചരിത്രത്തിൽ വേലു നായ്ച്ചർ അടയാളപ്പെടുത്തപ്പെട്ടത്.പക്ഷേ, കുയിലിയുടെ ജീവത്യാഗം അർഹിച്ച അംഗീകാരം കിട്ടാതെ വിസ്മൃതമായി. ശിവഗംഗയിൽ ഇന്നുമുണ്ട് കുയിലിക്കുവേണ്ടി സംസ്ഥാന സർക്കാർ സ്ഥാപിച്ച സ്മാരക മന്ദിരം. ഒരു പുസ്തകവും അവരുടെ വീരചരിതം ഏറ്റുപാടിയില്ല ഇതുവരെ. 

1857–ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് 85 വർഷം മുമ്പായിരുന്നു വേലു നായ്ച്ചരും കുയിലിയും പോരാട്ടം നടത്തിയത് എന്നതും ശ്രദ്ധേയം. ചരിത്രം രേഖപ്പെടുത്തിയില്ലെങ്കിലും നാടോടി പാട്ടുകളിലും ഐതിഹ്യങ്ങളിലും രണ്ടു ധീരവനിതകകളുമുണ്ട്. തലമുറകളിലേക്കു പടരുന്ന, പകരുന്ന ഐതിഹാസികത.