Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവത്തിന് തൊട്ടടുത്ത് ഒരാൾ

P U Thomas

"പ്രാര്‍ത്ഥിച്ചു കൊണ്ടു പ്രവർത്തിക്കുക പ്രവർത്തിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുക സഹായിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥിച്ചു കൊണ്ട് സഹായിക്കുക" പി.യു.തോമസ് (നവജീവൻ എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകൻ)

പി.യു.തോമസ് എന്നു പറഞ്ഞാൽ ആവി പറക്കുന്ന ചുടു‌ചോറായിരിക്കും പലരുടെയും മനസ്സിലേക്കു വരിക. നിശബ്ദമായ ഒരു ദൈവപ്രവൃത്തി ചെയ്യുന്നത് അഞ്ചടി മൂന്നിഞ്ചു മാത്രം ഉയരമുള്ള, അധികമൊന്നും വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ്. സംഭവബഹുലമാണ് ആ ജീവിതം. അനുഭവങ്ങൾ മാത്രമാണ് ആ മനുഷ്യന്‍.....

പി.യു.തോമസും അദ്ദേഹം സ്ഥാപിച്ച നവജീവൻ എന്ന സംഘടനയും കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായ‌ി അന്നദാനത്തിലൂടെ ദൈവത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ കോട്ടയം മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും വരുന്ന രോഗികൾക്കോ അവരുടെ കൂട്ടിരിപ്പുകാർക്കോ പട്ടിണി കിടക്കേണ്ടി വരുന്നില്ല. 'വിശന്നു കരയുന്നവനിൽ ഞാൻ ദൈവത്തെ കാണുന്നു.' എന്ന തിരുവചനത്തെ സാർഥകമാക്കിയ ഒരു ജന്മമാണ് പി.യു.തോമസിന്റേത്. മനുഷ്യർ സൽപ്രവൃത്തികള്‍ കണ്ടുകൊണ്ട്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ വെളിച്ചം അവരിൽ പ്രകാശിക്കട്ടെയെന്ന് ഈ മനുഷ്യനും ആഗ്രഹിക്കുന്നു.

അതിരമ്പുഴ പാക്കത്തുകുന്നേല്‍ വീട്ടില്‍ ഉലഹന്നാൻ അന്നമ്മ ദമ്പതികള്‍ക്ക് അഞ്ചു മക്കൾ. പത്ത് സെന്റ് സ്ഥലവും ഒരു ചെറിയ വീടുമായിരുന്നു ആകെയുള്ള ആസ്തി. ഇല്ലായ്മകൾക്കിടയിലും പക്ഷേ, ആ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചത് നന്മയുടെ പാഠങ്ങൾ ; ദാനത്തിന്റെ മഹത്വവും ദൈവഭയത്തിന്റെ കരുതലും. അഞ്ചു മക്കളിൽ മൂത്തമകനായിരുന്നു തോമസ്. താൻ ഭക്ഷണം കഴിച്ചില്ലെങ്കിലും മറ്റുള്ളവര്‍ വിശന്നിരിക്കരുതെന്ന് അഞ്ചു വയസ്സുള്ളപ്പോഴേ തോമസിന് നിർബന്ധമായിരുന്നു. അതെന്തുകൊണ്ടെന്ന് അന്നും ഇന്നും തോമസിന് അറിഞ്ഞുകൂടാ. അതിരമ്പുഴ സെന്റ് മേരീസ് സ്കൂളിലായിരുന്നു തോമസിന്റെ പ്രാഥമിക വിദ്യാഭ്യാസം . സ്കൂളുകളിൽ ഉച്ചക്കഞ്ഞിയോ അമേരിക്കൻ ചോളപ്പൊടിയോ ഇല്ലാത്ത കാലം. അതുകൊണ്ട് വീട്ടിൽ നിന്ന് പൊതിച്ചോറും കൊണ്ടു പോകണം . വീട്ടിലെ സാഹചര്യത്തിനും പരിമിതികളുണ്ടായിരുന്നെങ്കിലും ചില ദിവസങ്ങളിൽ തോമസ് ഒരു പൊതി കൂടി കൊണ്ടുപോകും.. ക്ലാസിൽ വിശന്നിരിക്കുന്ന സഹപാഠികൾക്കുള്ളതാണ് ആ പൊതി. അതു മാത്രമല്ല ചില ദിവസങ്ങളിൽ സ്വന്തം പൊതി കൂടി വിശന്നിരിക്കുന്ന മറ്റുള്ളവർക്ക് നൽകും. ചിലപ്പോൾ സഹപാഠികളെ ഒന്നിച്ചിരുത്തി കൈയിലുള്ള പൊതിച്ചോറു പങ്കു വയ്ക്കും.

തോമസിനിത് വീട്ടിൽ നിന്നു കിട്ടിയ സംസ്കാരമായിരുന്നു. വീട്ടിൽ വിശന്ന‍ു വരുന്നവർക്ക് അമ്മയും അപ്പനും ഭക്ഷണം വിളമ്പിയിരുന്നു. അവർ പരിചയക്കാരോ സുഹൃത്തുക്കളോ ആയിരിക്കണം എന്നില്ല. അതു കണ്ടാണ് തോമസ് ദാനത്തിന്റെ ബാലപാഠം പഠിച്ചത്. അതു കണ്ടാണ് തോമസ് വളർന്നതും.

സെന്റ് മേരീസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ സംഭവം. ഒരു ദിവസം തോമസിന്റെ അടുത്ത സുഹൃത്ത് ക്ലാസിലിരുന്നു കരഞ്ഞു, കാരണം അന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു. 'വിശപ്പ് സഹിച്ചു കൂടാ....അതു കൊണ്ട് ആത്മഹത്യ ചെയ്യാൻ പോവുകയാണ്.' കൂട്ടുകാരന്റെ വേദനയിൽ തോമസും പങ്കു ചേർന്നു. കൈയിലുള്ള പൈസയ്ക്ക് രണ്ടുപേരും ആഹാരം കഴിച്ചു. പിന്നെ രണ്ടുപേരും ചേർന്നൊരു തീരുമാനമെടുത്തു. നാട്ടിൽ നിന്നാൽ ദാരിദ്യ്രം കൊണ്ടു ചത്തു പോകും നാടുവിടാം. വലിയ പണക്കാരനായി തിരിച്ചു വരാം.

P U Thomas നവജീവനിൽ ഒരു വെകുന്നേരത്ത്

തീവണ്ടിയിൽ ഒരു യാത്ര

അങ്ങനെ കൈയിലുള്ള ചില്ലറ പൈസയുമായി‌ നാടുവിട്ടു. ട്രെയിനിലാണെങ്കിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യാമെന്ന നേരിയ അറിവിൽ കോട്ടയം റയിൽവേസ്റ്റേഷനിലെത്തി. ആദ്യത്തെ തീവണ്ടി വടക്കോട്ടായിരുന്നു. അതിൽ കയറി. എങ്ങോട്ടാണ് യാത്രയെന്നോ എവിടെ ചെന്ന് എത്തുമെന്നോ അറിഞ്ഞുകൂടാ. ഏതാനും മണിക്കൂറുകൾ ആ വണ്ടിയിൽ സഞ്ചരിച്ചു. സന്ധ്യ ഇരുണ്ടു തുടങ്ങിയ സമയത്ത് ഒരു സ്റ്റേഷനിൽ ആ തീവണ്ടി യാത്ര അവസാനിപ്പിച്ചു.

പോകാനൊരിടമില്ല. കത്തിക്കാളുന്ന വിശപ്പ്. വീട്ടിലേക്ക് തിരിച്ചുപോകാനുള്ള വഴിയറിയില്ല. ഇനിയെന്ത് എന്നാല‌ോചിച്ചപ്പോൾ രണ്ടുപേര്‍ക്കും ഉൾക്കിടിലമുണ്ടായി. കൈയിലുണ്ടായിരുന്ന ബാക്കി പൈസയ്ക്ക് ആഹാരം കഴിച്ചതിനുശേഷം രണ്ടുപേരും ചേർന്ന് തീരുമാനിച്ചു. രണ്ടു വഴി പിരിയാം.

എറണാകുളം ജംക്ഷനായിരുന്നു ആ സ്റ്റേഷന്‍. ഒരാൾ റെയിൽവേ ട്രാക്കിന്റെ തോക്കോട്ടും മറ്റൊരാൾ വടക്കോട്ടും യാത്ര ചെയ്തു. ആ യാത്രയിൽ തോമസ് എത്തിപ്പെട്ടത് ധാരാളം പശുക്കൾ ഉള്ള ഒരു വീട്ടിലായിരുന്നു. അവിടെ പണിക്ക് ഒരാളിനെ ആവശ്യമുണ്ടായിരുന്നു. ആഹാരം മാത്രമാണു ശമ്പളം. ആഹാരം കിട്ടുക വലിയ കാര്യമെന്നു കണ്ടപ്പോൾ ആ ജോലി സ്വീകാര്യമായി. ചെന്നപ്പോഴുണ്ട് മറ്റൊരു പയ്യൻ ജോലിയിലാണ്. തൊഴുത്തു കഴുകുന്നു. നോക്കിയപ്പോൾ തന്നോടൊപ്പം ഒളിച്ചോടിയ സുഹൃത്തു തന്നെ. അങ്ങനെ രണ്ടുപേരും വീണ്ടും ഒരിടത്തായി. അതൊരു വലിയ ആശ്വാസമായിരുന്നു.

ഒരു വർഷം ആ വീട്ടിൽ ജോലി ചെയ്തു. ആ വീട്ടുകാരുടെ പീഢനം സഹിക്കാൻ വയ്യാതെ വീണ്ടും നാടുവിട്ടു. അങ്ങനെ ഒരു കള്ളുഷാപ്പിലെത്തി. അപ്പോഴേയ്ക്കും അപ്പനെയും അമ്മയെയും കാണണമെന്ന ആഗ്രഹം കലശലായി. കള്ളുഷാപ്പിലെ കറിക്കാരനോടു പറഞ്ഞ് വീട്ടിലേക്കു വണ്ടി കയറി.

വീണ്ടും ജീവിതത്തിലേക്ക്

തിരിച്ചു വന്നപ്പോൾ കൈവിട്ടുപോയ ജീവിതം തിരിച്ചു കിട്ടിയതുപോലെ, വീണ്ടും സ്കൂളിൽ ചേർന്നു. ആയിടയ്ക്കാണ് കഠിനമായ വയറുവേദന തോമസിനെ കുഴക്കിയത്. സർജറി വേണമെന്ന് ഡോക്ടർമാർ പറഞ്ഞു. അങ്ങനെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തി. ആശുപത്രികളിലേക്കുള്ള ആദ്യത്തെ പടികയറ്റമായിരുന്നു അത്.

സർജറി കഴിഞ്ഞ് ഒരു പാടു ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ആ സമയത്താണ് പാലക്കാട്ടു നിന്ന് രാമചന്ദ്രൻ എന്നൊരാൾ ആശുപത്രിയിൽ എത്തിയത്. വയറുവേദനയായിരുന്നു രാമചന്ദ്രന്റെയും പ്രശ്നം. പക്ഷേ, രണ്ടാഴ്ച കഴിഞ്ഞപ്പോൾ രാമചന്ദ്രന്‍ മരിച്ചു. രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആരുമില്ല. ആ ദൗത്യം തോമസ് ഏറ്റെടുത്തു. അങ്ങനെ ജീവകാരുണ്യ പ്രവർത്തനത്തിന് തോമസ് തുടക്കമിട്ടു.

ആ ആശുപത്രി ദിനങ്ങൾ തോമസിന്റെ ജീവിതത്തെ മാറ്റി മറിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ കാരുണ്യം ആവശ്യമുള്ള ഇടം ആശുപത്രികളാണെന്ന് തോമസ് തിരിച്ചറിഞ്ഞു. ഈശ്വരൻ വസിക്കുന്നത് ഇവിടെയാണെന്ന് അറിഞ്ഞു. അങ്ങനെ കോട്ടയം ജില്ലാ ആശുപത്രിയിലെ നിത്യസന്ദർശകനായി. അനാഥരായ രോഗികൾക്ക് കൂട്ടിരിക്കുക, അവർക്ക് ആഹാരമെത്തിക്കുക ആങ്ങനെയുള്ള ജോലികൾ.

പ്രതിഫലം പ്രതീക്ഷിക്കാതെ ഈ ജോലിയിൽ തോമസ് തുടർന്നത് പത്തുവർഷം. പിന്നീടാണ് നിർണായകമായ ഒരു സംഭവം തോമസിന്റെ ജീവിതം മാറ്റി മറിക്കുന്നത്.

സൈക്യാട്രി വാർഡിൽ വച്ചായിരുന്നു ആ സംഭവം. ശബരിമല സന്ദർശനത്തിന് ‌എത്തിയ ഒരു ഭക്തന് കൂട്ടം തെറ്റി. ‌ആന്ധ്രപ്രദേശിൽ നിന്നു വന്ന ആളായിരുന്നു അയാൾ. ആ കൂട്ടം തെറ്റൽ അയാളുടെ മാനസികാവസ്ഥ തകരാറിലാക്കി. അങ്ങനെയാണ് സൈക്യാട്രി വാർഡിൽ അയാൾ എത്തുന്നത്. ഭാഷ അറിഞ്ഞുകൂടാ. യാതൊരു കാര്യങ്ങളും അയാൾക്ക് ഓർമയില്ല. അങ്ങനെ നില തെറ്റിയ ആ അയ്യപ്പഭക്തന്റെ സംരക്ഷണം തോമസ് ഏറ്റെടുത്തു. രാത്രിയും പകലും അയാൾക്ക് കൂട്ടിരുന്നു. അവസാനം അയ്യപ്പ സേവാ സംഘത്തിന്റെ ഭാരവാഹി‌കൾക്ക് അയാളെ കൈമാറി. ഇതിനകം ആന്ധ്രപ്രദേശിൽ നിന്നും അയാളുടെ ബന്ധുക്കളെ കണ്ടപ്പോൾ അയാളുടെ രോഗവും ഭേദമായി.

ഈ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു കോട്ടയത്തെ അഴുക്കുചാലിൽ നിന്നു കണ്ടെടുത്ത സുന്ദരിയായ മനുഭായിയുടെ ജീവിതം. മറ്റാരും നോക്കാനില്ലാത്ത മനുഭായിയെ ആശുപത്രിയിൽ എത്തിച്ചത് തോമസും സുഹൃത്തുക്കളും ചേർന്നാണ്. അവർ അപ്പോൾ നാലുമാസം ഗർഭിണിയായിരുന്നു. മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികളുടെ സഹായത്തോടെ തോമസ് അവരെ ചികിത്സിച്ചു. പിന്നീട് തോമസിന്റെ ഉത്തരവാദിത്തത്തിൽ മനുഭായിയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.

P U Thomas മനു ഭായിയോടൊപ്പം പി. യു. തോമസ്

നവജീവന്‍ എന്ന പ്രസ്ഥാനത്തിനു രൂപം കൊടുക്കാനും സൗജന്യമായി ആഹാരം കൊടുക്കാനും തോമസ് തീരുമാനിക്കുന്നതിനു പിന്നിൽ മനുഭായിയുടെ ജീവിതമുണ്ട്. നവജീവനിൽ ഇന്നും വാർധക്യകാല പരാധീനതകളുമായി മനുഭായി കഴിയുന്നു.

പിറകോട്ടു മാത്രം നടക്കുന്ന റിവേഴ്സ് ബാബു, കോട്ടയം നഗരത്തെ അലറി വിളിച്ചു പേടിപ്പിച്ചിരുന്ന ജടായു ജയിംസ്, മനുഭായി, ബോംബേക്കാരൻ അരവിന്ദൻ. ഇവർക്ക് ഒരു പുനരധിവാസകേന്ദ്രം വേണം. എന്ന ആഗ്രഹത്തിൽ നിന്നാണ് നവജീവന് തോമസ് വിത്തു പാകിയത്. വാടകയ്ക്ക് എടുത്ത ഒറ്റമുറിയിൽ ഇവരെയൊക്കെ പാർപ്പിച്ചും ശുശ്രൂഷിച്ചും തോമസ് തുടങ്ങിയ പ്രസ്ഥാനമാണ് ഇപ്പോൾ നാൽപ്പത് ആണ്ടുകൾ പിന്നിടുന്ന നവജീവൻ.

അവിടെ നിന്ന് ഇങ്ങോട്ട് കാരുണ്യത്തിന്റെ വഴികളിൽ തോമസിനോടൊപ്പം ദൈവവും യാത്ര ചെയ്തു. അയൽവീടുകളിൽ നിന്ന് ആഹാരപ്പൊതി സംഭരിച്ച് ആശുപത്രികളിൽ വിതരണം ചെയ്തു. ആ രീതിയിൽ നിന്ന് സ്വന്തം വാഹനത്തിൽ ആഹാരമെത്തിക്കാനുള്ള രീതിയിലേക്ക് നവജീവൻ വളർന്നു. നാട്ടുകാരുടെയും വിശ്വാസികളുടെയും കാരുണ്യമാണ് എല്ലാം എന്ന് തോമസ് ‌‌പറയുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ആഹാരവുമായി വണ്ടി പുറപ്പെടുന്നു

ഉച്ചയ്ക്കു കൃത്യം പന്ത്രണ്ടുമണിക്ക് നവജീവനിൽ നിന്നു ആഹാരവും വെള്ളവുമായി വണ്ടികൾ പുറപ്പെടും. കോട്ടയം മെഡിക്കൽ കോളജ്, കുട്ടികളുടെ ആശുപത്രി, ജില്ലാ ആശു‍പത്രി എന്നിവിടങ്ങളാണ് ലക്ഷ്യസ്ഥാനങ്ങൾ. ചൂടു ചോറും നാലിനം കറികളും തിളപ്പിച്ചാറ്റിയ വെള്ളവുമായി നവജീവന്റെ വണ്ടി വരുന്നതു കാത്ത് ആ‌ശുപത്രികൾക്കു മുന്നിൽ അപ്പോഴേക്കും നീണ്ട വരികൾ പ്രത്യക്ഷപ്പെട്ടിരിക്കും. വരിനിൽക്കുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കും. ഉച്ചഭക്ഷണം കഴിഞ്ഞാ‌ൽ പിന്നെ അടുത്ത വണ്ടികള്‍ വരും. അത്താഴമാണ് എന്തായാലും തോമസും സഹപ്രവർത്തകും ഒരു ദിവസം അയ്യായിരം പേർക്ക് ഭക്ഷണം വിളമ്പുന്നു. കഴിഞ്ഞ നാൽപ്പതിലേറെ വർഷത്തിനിടയിൽ ഒരു ദിവസം പോലും മുടങ്ങാതെ ഈ തപസ്സ് തുടരുകയാണ് അദ്ദേഹം.

P U Thomas പി. യു തോമസ് ഒരു അന്തേവാസിയോ‍ടൊപ്പം

നാട്ടുകാരും സുഹൃത്തുക്കളും വിശ്വാസികളുമാണ് തോമസിന്റെ ശക്തി. പലരും ഒരു ആചാരം പോലെ നവജീവനിൽ വരുന്നു. രണ്ടു ദിവസം ആഹാരം വിളമ്പിക്കൊടുക്കുന്നു. തിരിച്ചു പോകുന്നു. ചിലർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം അന്നദാനത്തിനായി വിനിയോഗിക്കുന്നു. ആരോടും ഒന്നും ചോദിക്കാറില്ല തോമസ്. പക്ഷേ, ഒരു ദിവസം പോലും അന്നത്തിനു മുട്ടുണ്ടായിട്ടില്ല. അതാണ് ദൈവത്തിന്റെ സാന്നിധ്യമെന്ന് നവജീവനിലുള്ളവർ വിശ്വസിക്കുന്നു. ഒരു മനുഷ്യൻ ചങ്കുപൊട്ടി കരയുന്നത് അതാണ് ആരാധനാലയം എന്നാണ് തോമസിന്റ വിശ്വാസം. ഒരിക്കൽ മദർ തെരേസയെ കണ്ടപ്പോൾ പറഞ്ഞതാണ് ഇത്. ദൈവം കരയുന്നവനൊപ്പമാണ് വിശന്നിട്ട്, രോഗം ബാധിച്ചിട്ട് വേദന സഹിക്കാൻ കഴിയാതെ, മരുന്നു വാങ്ങാന്‍ പണമില്ലാതെ മനുഷ്യർ ഹൃദയം നൊന്തു കരയുമ്പോൾ ആ ഇടമാണ് തോമസിന്റെ ആരാധനാലയം . അവിടെ അദ്ദേഹം ആശ്വാസവുമായി വരുന്നു. ആഹാരം വിളമ്പിക്കൊടുക്കുന്നു. മരുന്നു വാങ്ങിക്കൊടുക്കുന്നു. രോഗങ്ങളെ അതിജീവിക്കാൻ ശക്തി പകരുന്നു. അങ്ങനെ ആശുപത്രി വരാന്തകളിൽ വച്ച് എത്ര മനുഷ്യർ ഇദ്ദേഹത്തെ ദൈവമായി കണ്ടിരിക്കുന്നു.

ഓരോ രോഗിയും ദൈവമാണ്

പുലർച്ചെ മൂന്നരയ്ക്കു തുടങ്ങുന്നു തോമസിന്റെ ഒരു ദിവസം. അഞ്ചു മണി വരെ പ്രാർത്ഥനയാണ്. പിന്നെ നേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്. ഇന്റൻസീവ് കെയർ യൂണിറ്റുകളിലേക്കാണ് ആദ്യം പോവുക. അവിടെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധ വേണ്ടത്. പിന്നെ വാർഡുകൾ തോറും കയറിയിറങ്ങും. എല്ലാകാര്യങ്ങൾക്കും നവജീവന്റെ സന്നദ്ധപ്രവർത്തകരുണ്ട്.

ഇവിടെ കോട്ടയം മെഡിക്കൽ കോളജിന് സമീപമുള്ള കുട്ടികളുടെ ആശുപത്രിയിൽ, കരൾ ഉരുകും കാഴ്ചകളാണ്. ഓടി നടന്ന കുഞ്ഞിന് മാരകമായ കാൻസറാണെന്ന് അറിയുമ്പോൾ തകര്‍ന്നു പോകുന്ന മാതാപിതാക്കളുടെ നിലവിളി ഉയരാറുണ്ട്. ഈ വരാന്തകളിൽ. അപ്പോഴൊക്കെ തോമസ് അവിടെയെത്താറുണ്ട്. ദൈവസാന്നിധ്യ‌ം പോലെ, സാന്ത്വന സ്പർശവുമായി. ആ സമയത്ത് അതു വലിയ മരുന്നാണ്.

വിശക്കുന്നവന് അന്നമെത്തിക്കാനുള്ള ശ്രമത്തിൽ ഇപ്പോൾ നാട്ടുകാരാണ് മുൻപന്തിയിൽ. തന്നെ കാണാൻ വരുന്നവരോട് തോമസേട്ടൻ പറയും, ഒരു ദിവസം വരൂ...നമുക്ക് ആഹാരം വിളമ്പാൻ കൂടാം. അങ്ങനെ പലരും വരുന്നുണ്ട്. വിശക്കുന്നവന് ആഹാരം വിളമ്പിക്കൊടുക്കുമ്പോൾ കിട്ടുന്ന ഒരു മന:ശാന്തിയുണ്ട്. ലോകത്ത് മറ്റൊരിടത്തും കിട്ടില്ല അത്. മനസ്സിന് അല്‍പ്പം ശാന്തികിട്ടാൻ വേണ്ടിയിട്ടല്ലേ ആൾക്കാർ ലോകം മുഴുവൻ പരക്കം പായുന്നത്.

അർഹിക്കുന്ന അംഗീകാരം പി.യു.തോമസിന് ആരെങ്കിലും കൊടുത്തോ? രാഷ്ട്രീയക്കാരും അവരുടെ സേവകരും ചേർന്ന് രാഷ്ട്രത്തിന്റെ അംഗീകാരങ്ങൾ പങ്കുവയ്ക്കുമ്പോൾ പി.യു.തോമസ് എന്ന ഈ മനുഷ്യൻ പറയുന്നു. വിശന്നിരിക്കുന്നവന് മുന്നിലേക്ക് ആഹാരവുമായി ചെല്ലുമ്പോൾ അവന്റെ കണ്ണു നനയും. ഇതിൽ കൂടുതൽ എന്ത് അംഗീകാരമാണ് വേണ്ടത്?

നവജീവന്റെ മുറ്റം നിറയെ പൂക്കളാണ്. വിവിധ നിറങ്ങളിലുള്ള പൂവുകൾ, മുറ്റം കടന്നാൽ ഉള്ളിലും നിറയുന്നുണ്ട് ഈ നിറങ്ങൾ. തെരുവോരങ്ങളിൽ കഴിഞ്ഞിരുന്ന, സ്ഥിരബുദ്ധി നഷ്ടപ്പെട്ട, മക്കൾ ആട്ടിയിറക്കിയ അനാഥരായ മൂന്നൂറോളം മനുഷ്യജന്മങ്ങൾ....അവർക്കിന്ന് വേണ്ടുവോളം ആഹാരമുണ്ട്. കിടന്നുറങ്ങാൻ കിടക്കകളുണ്ട്. കുടിക്കാൻ വെള്ളമുണ്ട്. സ്നേഹിക്കാൻ ഒരുപാട് സഹോദരങ്ങളുണ്ട്. രോഗത്തിനു മരുന്നും വേദനയ്ക്ക് സാന്ത്വനവുമ‌ുണ്ട്. ചുറ്റിലും പ്രകാശം പരത്തുന്ന ദൈവദൂതന്മാരുണ്ട്. മാലാഖമാരുണ്ട്. സ്വന്തമായൊരു ആകാശവും നക്ഷത്രങ്ങളുമുണ്ട്.

ദൈവമേ ! വിശന്നു വലഞ്ഞു വരുന്ന ഒരാളിന് അന്നം കൊടുത്താൽ നീ സ്വർഗവാതിൽ തുറക്കുമെന്നു കേട്ടിട്ടുണ്ട്. വിശക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരെ അന്നമൂട്ടിയ ഒരാൾക്ക് ഏതു സ്വർഗകവാടമാകും തുറന്നുകൊടുക്കുക ?

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.