Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാണ് ആ നടി ; സിനിമയെയും ജീവിതത്തെയും കുറിച്ച് സുരഭിലക്ഷ്മി

surabhi-lakshmi സുരഭിലക്ഷ്മി.

‘ബി.പി.എൽ’ റോളുകൾ തേടിപ്പിടിച്ചെത്താറുളള ‘പാവം’ നടി സുരഭിലക്ഷ്മിയുടെ ചില ‘ഓർഡിനറി’ വിശേഷങ്ങൾ കോഴിക്കോട് ഓട്ടോല് പറക്കണ നടിയേതാന്നു ചോയിച്ചോക്കീ... ആരും പറയും സുരഭിയാന്ന്. തൂവല്, കാബൂളീന്റെ ഓട്ടോ, പ്രസന്നേട്ടന്റെ ഓട്ടോ അങ്ങനെ കുറേ ഓട്ടോ ചേട്ടൻമാരുണ്ടെനിക്ക്.

ചെറുപ്പത്തിലേ എന്നെ അറിയുന്നോരാണ്. ‘എന്ത്ത്താ....ണ് സുരഭിയേ, ഒന്നൂല്ലേലും യ്യൊര് നട്യല്ലേ? എന്നൊക്കെ കളിയാക്കും....’ ഓരും എന്റെ ഭർത്താവും പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഒടുക്കം എന്റെ സമ്പാദ്യം കൊണ്ടൊര് വണ്ടി വാങ്ങി – ഇക്കോ സ്പോർട്ട്. ഭർത്താവിന്റെ ചെറിയ സഹായേളളൂട്ടോ.’’ കളളച്ചിരിയോടെ സുരഭി കണ്ണിറുക്കി. എം80 മൂസയിലെ പാത്തൂനെ പോലെ. പ്രത്യേകതയുളള സ്വരവും തനി കോഴിക്കോടൻ ഭാഷയുമാണ് സുരഭിയുടെ ഐഡന്റിറ്റി.

കോയിക്കോട്ടുകാരിയാന്ന് ‘‘കോഴിക്കോട്ടുകാരിയാണ് ഞാനെന്ന് പലർക്കും അറിയില്ലായിരുന്നു. നരിക്കുനിയാണ് നാട്. ‘കുട്ടിക്കാല ത്തേ ഇത്താത്തമാര്ടെ സംസാരമൊക്കെ നമ്മള് ശ്രദ്ധിക്ക്വായിരുന്ന്. M80 മൂസയിലെ പാത്തു ആയി മാറുമ്പോൾ അതൊക്കെ താനേ വരും.’ കലാകാരിയെന്ന നിലയിൽ അമ്മയാണെന്റെ സപ്പോർട്ട്.

രണ്ടു ചേച്ചിമാരും ഏട്ടനുമുണ്ട്. അവരും നാടകത്തിലും ഡാൻസിലു മൊക്കെയുണ്ട്. വിപിൻ സുധാകർന്നാ എന്റെ ഭർത്താവിന്റെ പേര്. ചാണ്ടിച്ചാന്നാണ് എല്ലാരും വിളിക്ക്യാ. ആദ്യൊക്കെ വിചാരിച്ചത് മൂപ്പര് ഉമ്മൻചാണ്ടീടെ കുടുംബക്കാരനാന്നാ. തൃപ്രയാറുകാരനാ. ‘ഓടും രാജ ആടും റാണീ’ന്റെ ക്യാമറാമാൻ ആയിരുന്നു.

surabhi-ep സുരഭിലക്ഷ്മി.

ആ സിനിമേല് ഞാനുണ്ടായിരുന്നു. സെറ്റില് എന്നെക്കണ്ട് മൂപ്പര് കല്യാണാലോയിച്ചു. പത്തൂസം കൊണ്ട് കല്യാണം കഴിഞ്ഞ്. ലവിനൊന്നും ടൈം കിട്ടിയില്ല. ‍ ആള് ഒന്നാന്തരം പാചകക്കാരനാ. ഓന്റെ ‘ജീംബൂംബ’ആണ് ഞാൻ. എന്നുവച്ചാ കുപ്പീന്നു വന്ന ഭൂതം. ഓന് പാചകം അറിയാം എന്ന അഹങ്കാരം. എനിക്കതറിയില്ലല്ലോ, അതു കൊണ്ട് ഞാൻ അടിമയും. ഉം പച്ചമുളകെടുക്ക്, അരിയെടുത്ത് കഴുക്, അതെടുക്ക്, ഇതെടുക്ക്’ എന്നൊക്കെ ഓർ‍ഡർ ചെയ്യും. അളവും പാകവും ഞാനൊന്ന് പഠിച്ചോട്ടെ, ഞാൻ ഓന്റെ രാജാവാകും.

തുടച്ചു തുടച്ച് വീട് വൃത്തിയാക്കലാണ് എന്റെ പ്രധാന ജോലി. ഇല്ലെങ്കിൽ പൊടിയടിച്ച് അലർജി കാരണം ഉറങ്ങാൻ പറ്റൂല്ല. കുടുംബകാര്യം മാത്രം പറ‍ഞ്ഞാൽ പോരല്ലോ. ഇത്തിരി സിനി മാക്കാര്യം കൂടി പറയാം. ആളോള് ചോദിക്കാറുണ്ട്. എന്തേ, സിനിമയില് കാണാത്തതെന്ന്. സിലക്ടീവ് ആയതോണ്ടല്ല, ചാൻസ് കിട്ടാത്തതോണ്ടാണ് എന്നെ സിനിമേല് കാണാത്തത്. ‘എന്ന് നിന്റെ മൊയ്തീനും’, ‘തിരക്കഥ’യും, അയാളും ഞാനും തമ്മിലും’ വിജയിച്ചപ്പോ പലരും വിളിച്ച് നന്നായിന്നു പറഞ്ഞു.

അപ്പോ വിചാരിക്കും ഓ, ഇനി അടുത്ത പടത്തിലേക്കും വിളിക്കുംന്ന്. പക്ഷേ, വിളിക്കൂല. പിന്നെയൊരു കഥാപാത്രം കിട്ടുന്നത് അടുത്ത വർഷമായിരിക്കും. കിട്ടുന്നതോ ബിപിഎല്ലിനു താഴെയുളള റോളുകളും. എന്നാലും അഭിനയത്തിന് എന്തെങ്കിലും സാധ്യതയുളള റോളുകളാവുട്ടോ. ചോദിച്ചാലേ, സിനിമയിൽ നല്ല ചാൻസ് കിട്ടൂ. അത് മ്മക്ക് പറ്റൂല. ചെറിയ സാധനമാണെങ്കിൽ പോലും ചോദിച്ചു വാങ്ങാൻ മടിയാ. ഇഷ്ടങ്ങളും ഇഷ്ടക്കേടും തുറന്നു പറയുന്നതാണ് ബോൾഡ്നെസ് എങ്കിൽ ഞാൻ വളരെ വളരെ ബോൾഡാണ്. ഇറങ്ങാനുളള സ്റ്റോപ്പിൽ ബസ് നിർത്താതെ പോയപ്പോൾ കത്തി കൊണ്ട് ബെല്ലിന്റെ കയറ് മുറിച്ചു കളഞ്ഞു ഒരിക്കൽ. പറയാനുളളത് മുഖത്തു നോക്കി പറയും. ചിലപ്പോൾ തമാശ രൂപത്തിലാവും പറയ്വാ. എന്നാലും കൊള്ളേണ്ടവർക്ക് കോള്ളേണ്ടിടത്ത് കൊളളും. ’’

അതൊര് നാടകക്കാലം

‘‘നാടകത്തോടാണ് മാനസികമായ അടുപ്പം. നടി എന്ന നിലയ്ക്ക് കൂടുതൽ സംതൃപ്തി കിട്ടുന്നതും നാടകത്തിൽ നിന്നാണ്. ഈ മരം കണ്ടോ, മുകളിൽ പൂക്കളും ഇലകളും പടർന്നു കിടക്കുന്നു. വേരുകളല്ലേ അതിനെ പിടിച്ചു നിർത്തുന്നത്? അതു പോലെയാണ് നാടകം. പണമോ വസ്ത്രമോ ഒന്നും ഇവിടെ പ്രശ്നമേ അല്ല. ഒരുമിച്ച് അധ്വാനിക്കുക. കഥാപാത്രങ്ങളും നാടകവും പെർഫെക്ട് ആക്കുക– അതേ ചിന്തയുളളൂ.

സിനിമ ചെയ്താൽ‌ പ്രശസ്തിയും പണവും കിട്ടും. പണക്കാരി നാടകം ചെയ്താൽ ആ പേരിൽ നാടകം ശ്രദ്ധിക്കപ്പെടും. നായിക അല്ലാത്ത ഒരു നടിക്ക് സീരിയൽ അഭിനയം സർക്കാർജോലി കിട്ടിയ പോലെയാണ്. മാസത്തിൽ കൃത്യമായ ജോലി, കൃത്യമായ കൂലി. വീട്ടിൽ നിന്ന് പാത്തൂന്റെ കോസ്റ്റ്യൂമായ നൈറ്റിയും തട്ടവുമിട്ട് രാവിലെ ഓട്ടോയിൽ കയറി സെറ്റിലെത്തും. രാത്രിയാവുമ്പോഴേക്ക് തിരിച്ചെത്താം. കോഴിക്കോട്ടുകാരും നാടകക്കാരുമുളള സെറ്റ്. മടുത്തിട്ടേയില്ല. ബി.എയ്ക്കു പഠിക്കുമ്പോഴാണ് ചാനലിലെ ബെസ്റ്റ് ആക്ടർ റിയാലിറ്റി ഷോയിൽ വിജയിച്ചത്. എം.എ.യ്ക്ക് നാടകം തിരഞ്ഞെടുത്തു. അക്കാലത്ത് മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

പാർവതി, രഘൂത്തമൻ തുടങ്ങിയവരുടെ കൂടെ സഞ്ചരിച്ച് ‘ഇരകളോടു മാത്രമല്ല സംസാരിക്കേണ്ടത് ’ പോലുളള നാടകങ്ങൾ കേരളത്തിൽ എല്ലായിടത്തും അവതരിപ്പിച്ചു. 2010 ലാണ് മികച്ച നാടകനടിക്കുളള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാർ‍ഡ്. ‘തിരക്കഥ’യിലെയും ‘മൊയ്തീനി’ലെയും പോലുളള കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഞാനായിട്ട് അവർക്കൊരു ഭൂതകാലവും മാനറിസങ്ങളും ഉണ്ടാക്കും.

surabhi-with-husband സുരഭി ഭർത്താവിനൊപ്പം.

‘മ്മളും എന്തോ വലിയ സംഭവാണ് ചെയ്യാൻ പോണേന്ന് തോന്നിപ്പിക്കാൻ വേണ്ടീട്ട്ളള സൂത്രം കൂടിയാണ് ട്ടോ.’ കഥാപാത്രത്തെ പഠിച്ചു ചെയ്യുന്ന രീതിയൊക്കെ പഠിച്ചത് നാടകത്തിൽ നിന്നാണ്. മഴവിൽ മനോരമയിൽ ‘കഥയിലെ രാജകുമാരി’ വ്യത്യസ്തമായ അനുഭവമായിരുന്നു.’’ മറക്കാൻ പറ്റില്ല മോനേ... ‘‘ഇനി നടിയൊക്കെ ആകും മുമ്പുളള ഒരനുഭവം പറയാം.

സംസ്ഥാന കലോത്സവം നടക്ക്വാണ്. ഓട്ടൻ തുളളൽ, മോഹിനിയാട്ടം, കുച്ചിപ്പു‍ഡി...ആദ്യായിട്ടാണ് ഇത്രേം ഐറ്റത്തിന് പങ്കെടുക്കുന്നത്. അച്ഛൻ മരിച്ച സമയായതോണ്ട് വീട്ടിൽ നിന്ന് പോകാൻ സമ്മതിക്കൂല. ഞാനും ചേച്ചിയും വീട്ടുകാരറിയാതെ സ്ഥലം വിട്ടു. പക്കമേളക്കാരെ വിളിക്കേണ്ട, അവിടെ അടുത്തൊരു പരിപാടിക്ക് വരുന്നുണ്ട്, പാടിത്തരാം എന്നു പറ‍ഞ്ഞു എന്റെ ഓട്ടൻതുളളൽ മാഷ്. പക്കമേളക്കാരൊന്നുമില്ലെങ്കിൽ സമ്മാനം കിട്ടില്ല എന്നറിയാം. എന്നാലും അവസരം കിട്ടിയതല്ലേ കളിക്കാം എന്നു കരുതി.

മത്സരം കഴിഞ്ഞപ്പോൾ ‘ചെസ്റ്റ് നമ്പർ 105 ന് ഒന്നാം സമ്മാനം കിട്ടേണ്ടതാണ്, പക്ക മേളക്കാരില്ലാത്തതുകൊണ്ട് മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ടിരിക്കുന്നു.’ എന്ന് ജഡ്ജുമാരുടെ അഭിപ്രായം. അടുത്ത ദിവസത്തെ ഇനങ്ങൾക്കും സമ്മാനം കിട്ടില്ലെന്നുറപ്പായി. വീട്ടുകാരെ വെറുപ്പിച്ച് ഇത്രേം ദൂരം വന്നതല്ലേ, പത്രത്തിൽ ഒരു പടം വരുമോന്നു നോക്കാം. എന്നും പറഞ്ഞ് നേരെ മീഡിയ റൂമിൽ ചെന്നു. സുരഭിലക്ഷ്മിസുരഭിലക്ഷ്മി. ഫോട്ടോ: സരിൻ.ടി.ആർ അച്ഛൻ മരിച്ചതോണ്ട് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടാണ്. അതു കൊണ്ടാണ് പക്കമേളം ഉപയോഗിക്കാതി രുന്നത്, ഫോട്ടോ കൊടുക്ക്വോന്നു ചോദിച്ചു. അടുത്ത ദിവസത്തെ പത്രത്തിൽ വന്നില്ലേ വാർത്ത.

‘പക്കമേളത്തിനു പണമില്ല, കണ്ണീരുമായി സുരഭീന്നാ വലിയൊരു തലക്കെട്ടും’ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. മോണോ ആക്ടിന് ഫസ്റ്റ്, നാടകത്തിൽ മികച്ച നടി....പിന്നെയതാ സമ്മാനത്തിന്റെ പൂരം. വർഷങ്ങൾ കഴിഞ്ഞ് ആലുവയിൽ ഒരു പരിപാടിക്ക് ചെന്നു. കാറൊക്കെ വിളിച്ച് ഒരു കൂട്ടുകാരിയെയും കൂട്ടി ഗംഭീരമായി അണിഞ്ഞൊരുങ്ങിയാണ് പോയത്. അഹങ്കാരവും അഭിമാനവും ഒത്തു ചേർന്ന അവസ്ഥയിൽ സ്റ്റേജിലിരിക്കുകയാണ്.

surabhi-1 സുരഭി ലക്ഷ്മി. ഫൊട്ടോ : സരിൻ. ടി. ആർ

‘തിരക്കഥ,ഗുൽമോഹർ....തുടങ്ങിയ സിനിമകളിൽ അഭിനയിച്ച് നമ്മുടെ അഭിമാനമായി മാറിയ സുരഭീലക്ഷ്മി’ എന്നൊക്കെ പറഞ്ഞ് അധ്യക്ഷൻ എന്നെ പുകഴ്ത്തുന്നുണ്ട്. ഞാൻ തലയുയർത്തിപ്പി ടിച്ചിരുന്നു. ‘സുരഭി ലക്ഷ്മിയെപ്പറ്റി പറയുകയാണെങ്കിൽ.... കുപ്പത്തൊട്ടിയിലെ മാണിക്യമാണ്....’ എന്റെയീ കലോത്സവ അനുഭവവും ദാരിദ്ര്യക്കഥകളും പുളളി നിന്നു വിവരിക്കുന്നു. ‘നീ വന്നോട്ടോ, ഞാൻ പോക്വാന്ന്’ മെസ്സേജ് അയച്ച് കൂട്ടുകാരി മെല്ലെ സ്ഥലം വിട്ടു.

സീതാദേവിയുടെ അവസ്ഥയായി എനിക്ക്. ആലുവ മണപ്പുറം പിളർന്നിരുന്നെങ്കിൽ എന്നാശിച്ചു പോയി. ഹോസ്റ്റലിലും കോളജിലുമൊക്കെ കുപ്പത്തൊട്ടിയിലെ മാണിക്യം എന്നാണ് കുറേക്കാലത്തേക്ക് ഞാൻ അറിയപ്പെട്ടത്. ഒരിക്കൽ കെ.പി.എ.സി. ലളിതചേച്ചീനോട് പിൻഗാമിയായി ആരെയാണ് കാണുന്നതെന്നു ചോദിച്ചപ്പോൾ‌ രണ്ടു മൂന്നു പേരു പറഞ്ഞു. അതിലൊന്ന് എന്റേതായിരുന്നു. ചെറിയ മക്കൾ എം80 മൂസയിലെ എന്റെ ഡയലോഗുകൾ ഡബ്മാഷ് ചെയ്ത് യുട്യൂബിൽ ഇട്ടിരിക്കുന്ന്. അടുത്തൊരു കലോത്സവത്തിൽ ഒരു കുട്ടി എന്റെ ശബ്ദം അനുകരിച്ച് കാണിക്ക്ന്ന കണ്ടു. വലിയ സന്തോഷം തോന്നി.’’

കുമാരീ, കോളജ് കുമാരീ

കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് ബി.എ ഭരതനാട്യം പാസ്സായത് ഒന്നാം റാങ്കോടെയാണ്. തിയറ്റർ ആർട്സിൽ എം.എ കഴിഞ്ഞ്, പി.എച്ച്.ഡി ചെയ്യുന്നു. ‘‘കൂടെ യുളളവരുടെയെല്ലാം റിസർച്ച് വർക് തീരാറായി. പക്ഷേ മ്മള് തൊടങ്ങീട്ട് തന്നെല്യ. വണ്ടീടെ കാര്യം പറഞ്ഞല്ലേ വർത്തമാനം തുടങ്ങിയത്.

എന്റെ ഡ്രൈവിങ് ഗുരുവിനെക്കുറിച്ചു കൂടി പറയാം. ചിന്നു കുരുവിളാന്നൊരു ഫ്രണ്ട്ണ്ട്. ഓള്ടേന്നാണ് വണ്ടീന്റെ എല്ലാ ഇക്ക്മത്തും പഠിച്ചെയ്. ഗിയറിലും ക്ലച്ചിലും നോക്കി മിഴിച്ചിരുന്ന ഞാൻ ഇപ്പോ ദാ വണ്ടി ഓടിക്കാൻ തുടങ്ങീലേ....’’ സീരിയൽ, സിനിമ, നാടകം, കോഴിക്കോട്ടെ ചെറ്യേ ചെറ്യേ ഉദ്ഘാടനങ്ങൾ....പിന്നെ ബാക്കി സമയം ഭർത്താവിനും പഠനത്തിനും. എല്ലാം കൂടി ഒരു സെയ്ഫ് ട്രാക്കിലൂടെ ഓടിച്ചു കൊണ്ടു പോകുകയാണ് സുരഭി.

Your Rating: