ചന്ദ്രക്കലയുള്ള ഒരു സ്വർണമൂക്കുത്തിയും ചെല്ലമ്മയും

ചെല്ലമ്മയ്ക്കൊപ്പം ശ്രീ പാർവതി.

വെയിലേറ്റു കരുവാളിച്ച ആ മുഖത്തെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വർണ മൂക്കുത്തി അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു. വൈകുന്നേരത്തെ വെയിലിൽ അല്ലെങ്കിലും മൂക്കുത്തി തിളങ്ങുന്നത് കാണാൻ നല്ല ഭംഗിയാണ്. പക്ഷെ അത്ര ഭംഗിയുള്ളതാവില്ലല്ലോ ചില ജീവിതങ്ങൾ!

വൈകിട്ട് മൂന്നു മണി കോഴിക്കോട് കടപ്പുറം ഒട്ടും വിജനമല്ല. വൈകുന്നേരത്തെ അർമാദങ്ങൾക്കായി നേരത്തെ വന്നെത്തുന്നവർ, പ്രണയത്തിന്റെ കൊടുമുടികളേന്തി ബീച്ചിന്റെ കോണിലെ മരത്തണലിൽ സ്ഥാനം പിടിക്കുന്ന യുവ തലമുറ, കുട്ടികളുമായി ബീച്ചിന്റെ അറ്റത്തെ കിഡ്സ് പാർക്ക് ലക്ഷ്യമാക്കി വരുന്ന അമ്മമാർ, കച്ചവടക്കാർ ... തിരക്ക് ആയി വരുന്നതിനു മുൻപേ ബഹളം തുടങ്ങുന്നു... വെയിലിന്റെ കൂർത്ത സൂചികൾ ഉടലിനെ മുഴുവൻ കുത്തി നോവിക്കുകയും ചെയ്യുന്ന അതേ സമയത്ത് തന്നെയാണ് അങ്ങ് ദൂരെ മർക്കസ് റോഡിൽ നിന്നും ചെല്ലമ്മയും അതേ കോഴിക്കോട് ബീച്ചിലെത്തുന്നത്. 

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളായി കോഴിക്കോട് ബീച്ചിലുണ്ട് ചെല്ലമ്മയെന്ന പ്രായമുള്ള അമ്മ. സ്വന്തം വയസ്സു പറയാൻ പറഞ്ഞാൽ അതും കൃത്യമായ ഓർമ്മയൊന്നും ചെല്ലമ്മയ്ക്കില്ല. "അതൊക്കെ സ്ഥിരമായി ജന്മദിനങ്ങൾ ആഘോഷിക്കുന്നവർക്കല്ലേ ഓർമ്മ കാണൂ" എന്നവർ ചിരിച്ചു കൊണ്ട് പറയും. കൈനോട്ടമാണ് ചെല്ലമ്മയുടെ ജോലി. നീളം കൂടിയ ബീച്ചിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അവർ നിത്യവും നടക്കും, "ഒറ്റയ്ക്കോ കുടുംബമായോ കൂട്ടുകാരുമായോ ഇരിക്കുന്നവരുടെ അടുത്തു ചെന്ന് മുഖലക്ഷണം നോക്കി ആദ്യം പറയും. താൽപ്പര്യമുള്ളവർ കൈ തന്നു പറയിപ്പിക്കും. ഒരു വിധം എല്ലാം തന്നെയും സത്യമാണെന്നു കേൾക്കുന്നവർ പറയാറുണ്ട്" ചെല്ലമ്മ ബോധ്യപ്പെടുത്തുന്നു.

കല്യാണം കഴിഞ്ഞു ചെല്ലമ്മ കോഴിക്കോട് എത്തിയിട്ട് അമ്പതു വർഷമായി . മൂന്നു മക്കൾ. ഭർത്താവ് ഇരുപത്തിയഞ്ചു വർഷത്തിലേറെയായി ചെല്ലമ്മയെയും കുടുംബത്തെയും വിട്ടു ജീവിതത്തിൽ നിന്ന് തന്നെ യാത്രയായ ശേഷമാണ് കടപ്പുറത്തെ വെയിലു കൊണ്ട് കൈ നോക്കാൻ ചെല്ലമ്മയിറങ്ങുന്നത്. പാരമ്പര്യം തന്നെയാണ് ഈ ഉപജീവനമാർഗ്ഗത്തിനു ചെല്ലമ്മയ്ക്ക് തുണ. "മുഖലക്ഷണവും ഹസ്ത രേഖാ ശാസ്ത്രവും അറിയാം. ഒരാളെ കാണുമ്പോൾ തന്നെ മനസ്സിലാകും അയാളുടെ പ്രശ്നങ്ങൾ, ലക്ഷണങ്ങൾ എല്ലാം പറഞ്ഞു തരും. ചിലതൊക്കെ സമയം കഴിഞ്ഞ കാര്യങ്ങളായിരിക്കും. ചിലതൊക്കെ നടക്കാൻ പോകുന്ന കാര്യങ്ങളും. എങ്കിലും തൊഴിലിൽ കള്ളത്തരമില്ല. എന്നും ഇവിടെ വരുന്നതല്ലേ, ഇനിയും കാണേണ്ടവരല്ലേ..." ചെല്ലമ്മയ്ക്ക് മുഖത്ത് നോക്കി കള്ളം പറയാൻ കഴിയുമെന്ന് അല്ലെങ്കിലും സംസാരത്തിൽ തോന്നിയതേയില്ല

ചെല്ലമ്മ.

ശാരീരികമായി അത്ര നല്ല അവസ്ഥയിലല്ല ചെല്ലമ്മ എന്ന അമ്മ. എങ്കിലും എന്നും ബീച്ചിൽ വന്നു അന്നന്നത്തെ ഉപജീവനം നേടിയാലെ  ജീവിതം മുന്നോട്ടു പോകൂ എന്ന അവസ്ഥയാണ്. മൂന്നു മക്കളുണ്ടെങ്കിലും ജീവിതം അന്വേഷിക്കേണ്ട മകൻ ഇപ്പോൾ കൈയ്ക്ക് അപകടം സംഭവിച്ച് വീട്ടിൽ കിടപ്പാണ്. "അവനു സ്വകാര്യ ബസിലായിരുന്നു ജോലി, അപകടത്തിൽ പെട്ട് കൈയൊടിഞ്ഞു, ഇപ്പോൾ ജോലിക്ക് പോകാൻ പറ്റില്ല. മരുമകൾ വീട്ടിലെ ജോലികളൊക്കെ ചെയ്യും. അപ്പോൾ പിന്നെ നമ്മൾ പുറത്തിറങ്ങിയേ പറ്റൂ. ചില ദിവസം അഞ്ഞൂറും അറുന്നൂറും ഒക്കെ കിട്ടും. ഒരു രൂപ പോലും കിട്ടാത്ത ദിവസവുമുണ്ട്. മകന്റെ മരുന്ന്, വില കൂടുന്ന അരി മുതൽ പച്ചക്കറി വരെ എല്ലാം നോക്കണ്ടേ..." ചെല്ലമ്മയ്ക്ക് ആരോടും പരിഭവമില്ല, ജീവിതത്തെ കുറിച്ച് പറയുമ്പോൾ പോലും മുഖത്ത് പ്രതീക്ഷകൾ മാത്രമേയുള്ളൂ എന്ന് തോന്നി.  

മുഖലക്ഷണം പറഞ്ഞു തന്നെയാണ് ചെല്ലമ്മ അടുത്തേയ്ക്ക് വന്നത്. കൈനോട്ടത്തിൽ വിശ്വാസം ഇല്ലെങ്കിൽ പോലും ഏറ്റവും നിഷ്കളങ്കമായ ഒരു 'അമ്മ മുഖത്ത് നോക്കി വേണ്ട എന്ന് പറയാനുള്ള മടി. നൂറു രൂപ മുതൽ അഞ്ഞൂറ് രൂപാ വരെയാണ് കൈനോട്ടത്തിന്റെ റേറ്റ്. കയ്യിലുള്ള ദൈവങ്ങളുടെ ചിത്രങ്ങളടങ്ങിയ പുസ്തകത്തിൽ നമുക്ക് ഇഷ്ടമുള്ള ദൈവത്തെ തൊട്ടും തുടങ്ങും, അതിലും ലക്ഷണങ്ങളുണ്ടെന്നു ചെല്ലമ്മ പറയും. അടുപ്പമുള്ള നിരവധി പേരുമായുള്ള കഥകൾ ചെല്ലമ്മയ്ക്ക് പറയാനുണ്ട്. സ്ഥിരമായി ചെല്ലമ്മയുടെ അടുത്ത് നിന്ന് ലക്ഷണം കേൾക്കുന്ന ഒരു സ്ത്രീ സുഹൃത്തുള്ള കാര്യം ചെല്ലമ്മയോർക്കുന്നു. "വർഷങ്ങൾക്കു മുൻപാണ്. വിവാഹം കഴിച്ചു വന്നപ്പോൾ പരിചയപ്പെട്ടതാണ്. അവരെ കുറിച്ചെല്ലാം ലക്ഷണം വച്ച് പറഞ്ഞിട്ടുണ്ട്. 

ചെല്ലമ്മ.

കേരളത്തിന് പുറത്ത് മക്കളുടെ അടുത്തൊക്കെ പറഞ്ഞത് പോലെ തന്നെ അവർ സഞ്ചരിച്ചു, ഒടുവിൽ മരിക്കുന്നതിന് ഒരു ദിവസം മുൻപ് ഏതോ സ്ത്രീ വീട്ടിൽ വന്നപ്പോൾ അവർ മക്കളോട് ചോദിച്ചത് അത് ചെല്ലമ്മയാണോ എന്നായിരുന്നു. അതെ ദിവസം തന്നെ ഞാൻ അവരെ സ്വപ്നം കണ്ടു. അങ്ങനെ ഒക്കെ ഉള്ള അനുഭവങ്ങളുണ്ട്." അതീന്ദ്രിയമായ അനുഭവങ്ങൾ എല്ലാവർക്കുമുണ്ടാകാം പക്ഷെ ഓര ദിവസവും ചെല്ലമ്മ എന്ന സ്ത്രീയുടെ വാക്കുകളിലൂടെ സ്വന്തം ജീവിതം തിരിച്ചറിയുന്നവർ എത്രത്തോളമുണ്ട്! കൈ നോക്കി മുഖം നോക്കി ഏറെ കാര്യങ്ങൾ പറഞ്ഞ ശേഷം ചെല്ലമ്മ ഒന്നുകൂടി പോകുന്നതിനു മുൻപ് ആവർത്തിച്ചു, "ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമായാൽ ഇനിയും വരണം, എന്നെ കാണണം... ഞാൻ ഇവിടെയുണ്ടാകും ഈ കോഴിക്കോട് ബീച്ചിൽ"