Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി മെൻസ്ട്രൽ കപ്പിന്റെ വിപ്ലവ കാലങ്ങൾ

dhanya-reena

സ്‌കൂൾ കാലത്തിന്റെ പാതിവഴിയിലൊന്നിൽ വച്ചാണ് "അവൾ വലിയ കുട്ടിയായി" എന്ന വാക്കുകൾ കേൾക്കുന്നത്. അടുത്തിരുന്ന കൂട്ടുകാരിയുടെ പാവാടപ്പുറകിൽ ചുവന്ന വലിയ വട്ടങ്ങൾ കണ്ടപ്പോഴും പേടിയുടെ നെഞ്ചിടിപ്പുകൾ എല്ലാവരിലും കൂടിയതറിയുന്നുണ്ടായിരുന്നു.

എന്താണ് സംഭവിച്ചതെന്ന് ആരും പരസ്പരം പറയുന്നില്ല. അല്ല ആർക്കും വ്യക്തമായ ധാരണ അതിനെ ക്കുറിച്ച് ഉണ്ടായിരുന്നില്ല. പക്ഷേ ആരും കാണാതെ മറച്ചു പിടിക്കാനുള്ള എന്തോ ആണ് ആ കറപ്പാടുകൾ എന്ന് ആരോ പറയുന്നുണ്ടായിരുന്നു. വീട്ടിലെത്തുന്നതു വരെ അത് മറച്ചു വയ്ക്കാൻ അവൾ എന്തുമാത്രം കഷ്ടപ്പെട്ടുവെന്നു ഓർക്കുമ്പോൾ സങ്കടം പെരുകും.

പിന്നെ ഒന്ന് രണ്ടു ദിവസം അവൾ സ്‌കൂളിൽ വന്നില്ല. അത്രത്തോളം അപകടം പിടിച്ച എന്തോ അസുഖം അവൾക്ക് വന്നു പെട്ടുവോ എന്ന ആന്തലിൽ ഒരു ദിവസം വൈകിട്ട് അവളുടെ വീട്ടിൽ  ചെന്നപ്പോൾ നാണത്തിൽ കുതിർന്നിരിക്കുന്ന അവൾ വീട്ടിൽ നിന്നും മധുരമുള്ള ലഡുവും അശോകപ്പൂ കൊണ്ടുണ്ടാക്കിയ അടയും കൊണ്ടുത്തന്നു. 

അതും കഴിഞ്ഞു മാസങ്ങൾ കഴിയുമ്പോൾ ശ്രദ്ധിക്കാതെ പോയ അടിവസ്ത്രത്തിൽ ചുവന്ന പൂക്കൾ അമ്മയുടെ കണ്ണിലാണ് പെട്ടത്. 

"നീയെന്തേ ഇത് നേരത്തെ പറഞ്ഞില്ല! നീയിതൊന്നും അറിയുന്നില്ലേ?"

ഇല്ല, ഒന്നും അറിഞ്ഞിരുന്നില്ല, അസ്വസ്ഥതകളോ, ഒഴുക്കിന്റെ ബുദ്ധിമുട്ടുകളോ ഒന്നുമേ അറിഞ്ഞിരുന്നില്ല. പിന്നെ എന്ത് പറയണമെന്നാണ്. ഭയപ്പെടുത്തുന്ന നിലയിലേയ്ക്ക് രക്തപ്രവാഹം ഉണ്ടായിരുന്നുമില്ല. പിന്നെ എങ്ങനെ അറിയണമെന്നാണ്. പക്ഷേ എന്തിനെന്നറിയാതെ ആ ചോദ്യം മുതൽ ചെറിയൊരു നാണവും ഒപ്പം ഒരു കുഞ്ഞു മുഖക്കുരുവും മുളച്ചു പൊന്തി. കാണാൻ അടുത്തുള്ള വീടുകളിലെ അമ്മമാർ വന്നു തുടങ്ങിയപ്പോൾ ആരൊക്കെയോ ആയി എന്ന ഭാവത്തിനപ്പുറം, "പെണ്ണ് സുന്ദരിയായല്ലോ!" എന്ന മേരിയമ്മയുടെ വാക്കുകളിൽ മുഖം ചുവന്നിട്ടുണ്ടാകണം. ഉണ്ണിയപ്പവും പായസവും ഉണ്ടാക്കി തന്നു 'അമ്മ സ്വാദിന്റെ രുചികൾ മധുരത്തിന്റേതാക്കി. 

"ഈ സമയത്ത് മധുരം കഴിക്കണം" എന്നോർമ്മിപ്പിച്ചു കൊണ്ട് കടേലെ 'അമ്മ മൃദുവായ നെയ്യപ്പം ഉണ്ടാക്കി തന്നു. ഇതിന്റെയൊക്കെ അപ്പുറം ഇനി മുതൽ എല്ലാ മാസവും പ്രതീക്ഷിക്കേണ്ട രക്ത പുഷ്പങ്ങൾ വസ്ത്രങ്ങളിലേയ്ക്കൊന്നും പടർത്താതെ ഇരിക്കാനായി 'അമ്മ കഴുകി മടക്കി വച്ച  സ്വന്തം കസവ് നേര്യതിന്റെ കഷ്ണം മുറിച്ച് തന്നു. ഇതുവരെ തുണി മടക്കാത്ത ഒരു ശൈലിയിൽ പിന്നെയത് മടക്കി വച്ചു ഉടുക്കാൻ പഠിപ്പിച്ചു.

സ്‌കൂളിലും കൊളേജിലും പുഷ്പങ്ങൾ വിടരുന്ന ദിവസങ്ങളിൽ കോട്ടൺ തുണി മാത്രം കൊണ്ട് പോകാൻ ഇഷ്ടപ്പെട്ടു. കൂടുതൽ വിവരങ്ങൾ കൂട്ടുകാർ സംസാരിച്ചു തുടങ്ങിയത് കൊളേജ് കാലത്തു മാത്രമാണ്. നാപ്കിനുകളുടെ പരസ്യത്തിൽ നിന്നും അത് അങ്ങനെ കൈവെള്ളയിലേയ്ക്ക് വന്നു. തൊട്ടാൽ പഞ്ഞിക്കെട്ടു പോലെ താഴ്ന്നു പോകുന്ന നാപ്കിൻ പാക്കറ്റുകളിൽ നിന്നും ഉള്ളിലേക്കിറങ്ങി പോകുന്ന തരം മരുന്ന് ഗന്ധങ്ങൾ പുറത്തു വന്നിരുന്നു.

പക്ഷേ എന്തുകൊണ്ടോ ഒട്ടും സുരക്ഷിതത്വം നാപ്കിനുകളിൽ തോന്നിയതേയില്ല. എങ്കിലും യാത്രകളിൽ മറ്റു നിവൃത്തികളില്ലാതെ അവയെത്തന്നെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടുകൾ ഉൾക്കൊള്ളാൻ തുടങ്ങി. പക്ഷേ തുണി ഉപയോഗിക്കുമ്പോൾ വീട്ടിലെ നിയമങ്ങൾ അത്രമേൽ കർക്കശവുമായിരുന്നു. വീടിനു മുന്നിലെ അയക്കോലിൽ തുണി മറ്റാരും കാൺകെ പ്രദർശിപ്പിച്ചു തൂക്കാനാവില്ല. ചോദ്യം ചെയ്യാനുള്ള റിബൽ സ്വഭാവം ഉണ്ടായിരുന്നത് കൊണ്ട് "അതെന്താ!" എന്ന മറു ചോദ്യത്തിന് മുകളിൽ പലപ്പോഴും എത്ര കഴുകിയാലും കറ മായാത്ത വെളുത്ത കോട്ടൺ തുണികൾ തൂങ്ങി കിടന്നു. 

ക്ലാസ് റൂമിൽ തൊട്ടു പുറകിൽ ഇരിക്കുന്ന ആൺകുട്ടികളിൽ നിന്നും ഇടയ്ക്ക് ഉയരുന്ന മർമ്മരം വ്യക്തമായി കേൾക്കാമായിരുന്നു, "നീ ചോദിക്ക്.." "എനിക്ക് വയ്യ, നീ ചോദിക്ക്..." , ഒടുവിൽ കൂട്ടത്തിലെ തന്റേടിയായ രാകേഷ് തന്നെ തോളിൽ തോണ്ടി വിളിച്ച് ആ മാരകമായ ചോദ്യം ചോദിച്ചു, "എന്താണ് ഈ വിസ്പർ?", പറയാൻ മറുപടികളില്ലാതെ , തലേ ദിവസം ശരീര ശാസ്ത്രം നിങ്ങൾ വീട്ടിൽ പോയി വായിക്കൂ എന്ന് പറഞ്ഞു ആ പേജുകൾ പെട്ടെന്ന് മറിച്ചു തീർത്ത അധ്യാപികയെ ഓർത്തു.

"അതീപ്പെൺകുട്ടികൾക്ക് ഉപയോഗിക്കാനുള്ളതാ, പിന്നെ മനസ്സിലായിക്കോളും" എന്ന് ഒതുക്കത്തിൽ പറഞ്ഞിട്ട്, പിറകിലേക്ക് ചെവി കൊടുക്കാതെ മറ്റെന്തോ ചെയ്യാനെന്ന ഭാവത്തിൽ പുസ്തകത്തിനുള്ളിലേയ്ക്ക് തല പൂഴ്ത്തി വച്ചു. പക്ഷേ കാലം മാറുമ്പോൾ കുട്ടികളിൽ നിന്ന് അപരിചിതത്വം നഷ്ടപ്പെട്ടു പോകുന്നുണ്ട്. പക്ഷേ ഇപ്പോഴും യാത്രകളിൽ നാപ്കിനും അല്ലാത്തപ്പോൾ കോട്ടൺ തുണിയും ഉപയോഗിക്കുന്ന ശീലത്തിൽ നിന്നും പുറത്തു കടന്നു സ്ഥിരമായി നാപ്കിനുകൾ ഉപയോഗിക്കാനേ കഴിഞ്ഞിട്ടില്ല. 

മെൻസ്ട്രൽ കപ്പ് എന്ന വാക്കു ഈയടുത്താണ് കേട്ട് തുടങ്ങിയത്. ധന്യ ദത്തൻ എന്ന അടുത്ത കൂട്ടുകാരി അത് വാങ്ങി ഉപയോഗിച്ച അനുഭവം എഴുതിയിരുന്നു.

"മെൻസ്ട്രൽ കപ്പ്.

സ്ത്രീ ശരീരത്തിന്റെ പരിമിതികളെ ഒരു പരിധിവരെ തടയാനുപകരിക്കുന്നത്...

പാഡിലെ വെറുപ്പിക്കുന്ന നനവെന്നതിനേയും  പശയൊട്ടാതെയുള്ള ഊർന്നു വീഴലിൽ ഭയത്തേയും  തടയുന്ന ഉപകരണം.

പരമാവധി 12 മണിക്കൂറിലൊരിക്കൽ വൃത്തിയാക്കിയാൽ മതി. പാഡ് കൂടെ ഉപയോഗിക്കേണ്ട ആവശ്യമില്ല.

ആർത്തവ രക്തം കപ്പിനുള്ളിൽ നമ്മുടെ ശരീര ഊഷ്മാവിൽ തന്നെ ശേഖരിച്ചു വയ്ക്കപ്പെടുന്നതിനാൽ ദുർഗന്ധം കുറവ്.

നടക്കുമ്പോഴോ ഓടുമ്പോഴോ ഉള്ളിൽ കപ്പ് ഇരിക്കുന്നെന്ന തോന്നൽ തീരെ ഇല്ല. യാത്രയിലാണ് കൂടുതൽ കംഫർട്ടബിൾ.

 ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുക്കുന്ന കപ്പിന്റെ സൈസ് ശരിയല്ലെങ്കിൽ വിപരീത ഫലമാകും കിട്ടുക.

ശരീര ഘടന അനുസരിച്ച് വേണം കപ്പ് തെരഞ്ഞെടുപ്പ്. അല്ലെങ്കിൽ കഠിനമായ വേദന... അണുബാധ എന്നിവയുണ്ടാകും. ഒരോ തവണയും ഉപയോഗ ശേഷം കപ്പ് വൃത്തിയായി കഴുകേണ്ടതും ആവശ്യമാണ്.",

എന്തുകൊണ്ടാവും അവൾക്ക് അത് ഉപയോഗിക്കാൻ തോന്നിയത്, അത് അത്ര എളുപ്പമാണോ , മറുപടിയും അവൾ മെസേജിൽ കൂടി തന്നെ തന്നു.

"നല്ല വശങ്ങളും ദൂഷ്യ വശങ്ങളും ഒത്തിരി വായിച്ചുതിനു ശേഷമാണ് അത് ഓർഡർ ചെയ്തത്. മെൻസ്ട്രൽ കപ്പ്. ഇത്രയുമൊക്കെ വിപ്ലവകരമാകാമോയെന്ന ആശയയക്കുഴപ്പത്തിനിടയ്ക്ക് സാധനം കൈയിൽ വന്നു. കൈവെളളയിലൊതുങ്ങുന്ന മൃദുലമായ  ചെറിയൊരു കപ്പ്.

ഉപയോഗക്രമം മുൻപു തന്നെ വായിച്ചു പഠിച്ചിരുന്നു. 

നാഴികയ്ക്കു നാൽപ്പതുവട്ടം ആർത്തവത്തെ പ്രാകി നടന്ന ഞാൻ ജീവിതത്തിലാദ്യമായി 'പെട്ടെന്ന് പീരീഡ്സ് വരണേ'യെന്ന് പ്രാർത്ഥിച്ചു.

വയറുവേദന തുടങ്ങുമ്പോഴേ കട്ടിലുശരണമാകുന്ന ഞാനന്ന് മെൻസ്ട്രുൽ കപ്പും പിടിച്ച് രണ്ടോട്ടം ഓടി.

നല്ല രക്തസ്രാവം തുടങ്ങിയ ഉടനേ കപ്പ് ഉപയോഗിച്ചു. ചെറിയൊരു വേദന തുടക്കത്തിൽ തോന്നിയെങ്കിലും അതിന്റെ അനുഗ്രഹം വ്യക്തമായറിഞ്ഞു. പാഡ് ഉപയോഗിക്കേണ്ടി വന്നില്ല. നാലു മണിക്കൂർ കൂടുമ്പോൾ കപ്പ് പുറത്തെടുക്കുകയും അതിൽ ശേഖരിക്കപ്പെട്ട രക്തം കളഞ്ഞ് കപ്പ് വൃത്തിയാക്കി വയ്ക്കുകയും ചെയ്തു. 

വല്ലാത്തൊരു കോൺഫിഡൻസ് തോന്നിയ ആദ്യത്തെ ആർത്തവ ദിനങ്ങൾ.."

ധന്യയുടെ പബ്ലിക്ക് പോസ്റ്റിൽ അഭിപ്രായങ്ങൾ ഇട്ടതു കൂടുതലും പുരുഷന്മാരാണെന്നത് സന്തോഷിപ്പിച്ചു. ശ്രദ്ധിക്കാൻ എന്താണുള്ളത്, സുരക്ഷിതമാണോ, ഭാര്യയ്‌ക്കോ കാമുകിയ്ക്കോ നിർദ്ദേശിക്കട്ടെ... എന്നു തുടങ്ങിയ ചോദ്യങ്ങൾ തന്ന ആനന്ദം ചെറുതല്ല. പണ്ട് വീട്ടിലെ സ്ത്രീകൾ മാത്രം അറിഞ്ഞിരുന്ന ഒരു കാര്യം ഇപ്പോൾ പുരുഷന്മാർ കൂടി അറിഞ്ഞു അവർ കൂടി അവളെ ആ സമയത്തു തിരിച്ചറിയുന്ന ഒരു കണ്ടെത്തൽ അത്ര ചെറുതല്ലല്ലോ. 

ഓൺലൈനിൽ നിന്നും മാത്രം ഇപ്പോൾ വാങ്ങാൻ കിട്ടുന്ന മെൻസ്ട്രൽ കപ്പ് ഇപ്പോൾ ഉപയോഗിക്കുന്ന സ്ത്രീകൾ ധാരാളമുണ്ട്. പക്ഷേ ഒരു ഡോക്ടറോട് ചോദിക്കാതെ എങ്ങനെ എന്ന ചിന്തയിൽ നിന്നാണ് സ്ത്രീകളുടെ ഗ്രൂപ്പായ ക്വീൻസ് ലോഞ്ചിലെ പ്രിയപ്പെട്ട ഗൈനക്കോളജിസ്റ് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഗൈനക്കോളജിസ്റ്റ് റീന നളിനിയിലേയ്ക്ക് എത്തുന്നത്. 

ഡോക്ടർ റീന പറയുന്നത് ഇങ്ങനെയാണ്

"ഞാനും മെൻസ്ട്രൽ കപ്പാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പക്ഷേ ഔദ്യോഗികമായി എനിക്ക് എന്നെ കൺസൾട്ട് ചെയ്യാൻ വരുന്ന ഒരു സ്ത്രീയ്ക്ക് ഇത് നിർദ്ദേശിക്കാനുള്ള അധികാരമില്ല. കാരണം ഇതിനെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ ഒന്നും ഉണ്ടായിട്ടുമില്ല. വന്നിട്ടുമില്ല. ഞാൻ ഇതേ കുറിച്ച് പരമാവധി അന്വേഷിച്ചിരുന്നു. ഇതിൽ ഉപയോഗിക്കുന്നവരുടെ പോസിറ്റിവ് ആയി വന്ന അഭിപ്രയങ്ങളല്ലാതെ മറ്റൊന്നും ഇതുവരെ വന്നിട്ടില്ല. \\

പണ്ടൊക്കെ റ്റാംബൂൺ എന്നൊരു സംഭവമുണ്ടായിരുന്നു. അത് ഉള്ളിൽ വയ്ക്കുന്നതാണ്. പക്ഷെ നനവ് പറ്റി കഴിയുമ്പോൾ അത് അപകടമുണ്ടാക്കും. ഇൻഫെക്ഷൻ ആയ ഒരുപാട് പേര് അതിലുണ്ടായിരുന്നു. അങ്ങനെ പതുക്കെ ടാംമ്പൂൺസ് എല്ലാവരും ഒഴിവാക്കിത്തുടങ്ങി, അതിൽ നിന്നും വ്യത്യസ്തമാണ് മെൻസ്ട്രൽ കപ്പ്. അത് നനവ് ഉണ്ടാകില്ല എന്നത് തന്നെയാണ് പ്രത്യേകതയായി പറയാൻ പറ്റുക. അത്കൊണ്ട് ഇൻഫെക്ഷനുള്ള സാധ്യതകളും കുറവായിരിക്കും. ഹൈജീനിക്കാണ് ഇത്. മാത്രമല്ല നമ്മൾ ഉപയോഗിക്കുന്നു എന്ന് അറിയുക പോലുമില്ല. അത്രമാത്രം സൗകര്യമാണ്, പക്ഷേ പഠനങ്ങൾ ഔദ്യോഗികമായി ഇല്ലാത്തതുകൊണ്ട് ഡോക്ടർ എന്ന നിലയിൽ ഇത് നിർദ്ദേശിക്കാൻ ബുദ്ധിമുട്ടുണ്ട്.

സുഹൃത്തുക്കൾ വഴി തന്നെയാണ് ഇതിനെക്കുറിച്ച് മനസ്സിലാക്കിയത്. ഓൺലൈൻ വഴി മാത്രമാണ് ഇപ്പോൾ ഇതിന്റെ വിൽപ്പനയും. യാത്രയൊക്കെ നിരന്തരം ചെയ്യുന്നവർക്ക് മാത്രമല്ല എല്ലാവർക്കും ഉപകാരപ്രദമാണെന്നു എനിക്ക് വ്യക്തി പരമായി എന്റെ സുഹൃത്തുക്കളോട് പറയുകയും അവർക്ക് നിർദ്ദേശിക്കുകയും ചെയ്യാൻ കഴിയും എന്നതിന്റെ അപ്പുറം ഔദ്യോഗികതയില്ല. ഇത് ഉപയോഗിക്കുന്ന കുറച്ചു സ്ത്രീകളെ കണ്ടെത്തി അവരിൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. പക്ഷേ ഇത്തരമൊരു മാറ്റം എല്ലാവരിലും വന്നാൽ അതു കൊണ്ടുവരുന്ന വിപ്ലവം ഒട്ടും ചെറുതായിരിക്കില്ല. ചെറിയ പെൺകുട്ടികളിൽ  ഇത് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ട്. പക്ഷേ പ്രസവമൊക്കെ കഴിഞ്ഞ സ്ത്രീകളുടെ ഇടയിൽ ഇതൊരു വൻ വിപ്ലവം തന്നെ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. "

എന്തും പുതിയതായി വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന ഭയാശങ്കകൾ മെൻസ്ട്രൽ കപ്പിന്റെ വിഷയത്തിൽ സ്ത്രീകൾക്കുണ്ട്. എങ്ങനെ ഉപയോഗിക്കണം, വേദന ഉണ്ടാകുമോ എന്നീ സംശയങ്ങളുമുണ്ട്.  പന്ത്രണ്ടു മണിക്കൂറോളം ഇത് ശരീരത്തിൽ ഉപയോഗിക്കാം. മിനുസമുള്ള സിലിക്കൺ കൊണ്ട് നിർമ്മിക്കപ്പെട്ടതാണിത്.

ആർത്തവ രക്തം സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന കപ്പിന്റെ ആകൃതിയാണ് ഇതിനുള്ളത്. വളരെ എളുപ്പത്തിൽ ഇത് ഉള്ളിലേയ്ക്ക് കയറ്റി വയ്ക്കുകയും മാറ്റാൻ സമയമാകുമ്പോൾ പതുക്കെ വലിച്ചു എടുക്കുകയും ചെയ്യാം. അമിതമായ രക്തം പോകുന്നവർക്ക് എന്തുകൊണ്ടും ഉപകാര പ്രദമാണിത്. ഉപയോഗിച്ച ശേഷം ചൂട് വെള്ളത്തിൽ ഇട്ടു അണുവിമുക്തി വരുത്താൻ ശ്രദ്ധിക്കണം.ലാർജ്ജ്, മീഡിയം, സ്മോൾ എന്നിങ്ങനെ ഉള്ള അളവുകൾ ഇതിലുണ്ട്. പ്രസവം കഴിഞ്ഞവർക്കും മീഡിയം മുതലുള്ളവ ഉപയോഗിക്കാം. അല്ലാത്തവർക്ക് ചെറിയ സൈസ് ഉപയോഗിക്കാനാകും. പത്തുവർഷം വരെ ഈ കപ്പുകൾ ശുചിയാക്കി ഉപയോഗിക്കാനാകും. 

കാലം മാറുമ്പോൾ സൗകര്യങ്ങൾ എന്തുകൊണ്ടും കൂടും. മാറേണ്ടപ്പോൾ മാറണമെന്ന് പലരും അനുഭവങ്ങൾ കൊണ്ട് തെളിയിച്ചു തരും. മാസത്തിലെ ബുദ്ധിമുട്ടുകൾ ഇപ്പോൾ ശീലമായിരിക്കുന്നു. അസ്വസ്ഥതകൾ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. എങ്കിലും പുതിയ ഒന്ന് വരുമ്പോൾ അത് ഉപയോഗിക്കുമ്പോൾ ഭയാശങ്കകൾ അവിടെയുണ്ടാകും. ഉപയോഗിച്ച് തുടങ്ങുമ്പോൾ മാറുന്നവയാണത്. സ്ത്രീകളിൽ വിപ്ലവം സൃഷ്ടിക്കാൻ മെൻസ്ട്രൽ കപ്പുകൾക്ക് കഴിയുമെന്നത് കൊണ്ട് തന്നെ ആ ഭയാശങ്കകൾക്ക് വിരാമമിട്ടു ആർജ്ജവം കാണിച്ചേ പറ്റൂ.