Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചിത്രങ്ങളുടെ സത്യമിതാണ്; ജിഷയുടെ അമ്മ പറയുന്നു

jisha-amma.jpg.image.784.410

ജമ്മു കശ്മീരിലെ കഠ്‍വയിൽ നടന്ന ക്രൂരമായ പീഡനവും കൊലപാതകവും രാജ്യത്തു ചൂടുപിടിച്ച ചർച്ചയാകുമ്പോൾ രണ്ടുവർഷം മുമ്പു പീഡനത്തിനൊടുവിൽ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയുടെ അമ്മ ആരോപണങ്ങളുടെ ശരശയ്യയിൽ. പെരുമ്പാവൂർ കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മ രാജേശ്വരിയാണ് സമൂഹമാധ്യമങ്ങളിലെ സദാചാര പൊലീസിന്റെ ഇരയായിമാറുന്നത്.

കേരള സാരിയും അതിനുചേരുന്ന ചുവന്ന ബ്ലൗസും ധരിച്ചു ചിരിച്ചുനിൽക്കുന്ന രാജേശ്വരിയുടെ ചിത്രങ്ങൾ വാട്സാപ്, ഫെയ്സ്ബുക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയാണ്. രാജ്യം തന്നെ ശ്രദ്ധിച്ച മകളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് ലഭിച്ച സാമ്പത്തിക സഹായം വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കുംവേണ്ടി ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുകയാണ് രാജേശ്വരി എന്നാണ് മുഖ്യ ആരോപണം. 

ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതിനൊപ്പം നേരിട്ടും അധിക്ഷേപങ്ങൾക്ക് ഇരയാകുകയാണ് ഈ വീട്ടമ്മ. എന്നാൽ പ്രമേഹം മൂർഛിച്ച് കൊച്ചി കളമശ്ശേരി മെഡിക്കൽ കോളെജിൽ ചികിൽസയിൽ കഴിയുന്ന രാജേശ്വരി ആരോപണങ്ങൾ ശക്തമായി നിഷേധിച്ചുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുന്നു. "ജീവിതത്തിൽ ഇന്നുവരെ ഞാൻ ഒരു ബ്യൂട്ടി പാർലർ സന്ദർശിച്ചിട്ടില്ല. ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചോ പുതിയ വസ്ത്രങ്ങൾ ധരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കാവുന്ന മാനസികാവസ്ഥയിലുമല്ല ഞാൻ"– വിറയ്ക്കുന്ന സ്വരത്തിൽ രാജേശ്വരി പറയുന്നു.

ഈ മാസമാദ്യം പെരുമ്പാവൂരിലുള്ള ഒരു തയ്യൽക്കടയിൽ പോയപ്പോൾ യാദൃഛികമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നാണു രാജേശ്വരി പറയുന്നത്. തയ്യൽക്കടയോടു ചേർന്നുതന്നെ അലക്കു കടയും ബ്യൂട്ടി പാർലറുമുണ്ട്. മകളുടെ മരണത്തിനുശേഷം, സ്ഥിരമായി പോകുന്ന കുടുംബ ക്ഷേത്രത്തിൽ പോകുന്നവഴിക്കാണ് തയ്യൽക്കടയിൽ കയറിയത്. തയ്പ്പിച്ചുകിട്ടിയ ബ്ലൗസ് പാകമാണോ എന്ന കടയിൽവച്ച് ഇട്ടുനോക്കിയപ്പോൾ അവിടെയുള്ള ഒരു പെൺകുട്ടി പല വശത്തുനിന്നും ചിത്രങ്ങൾ എടുത്തിരുന്നു. ആ ചിത്രങ്ങളാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്–രാജേശ്വരി പറയുന്നു.

സമൂഹമാധ്യമങ്ങളിൽ മാത്രമല്ല പൊതുസ്ഥലത്തും തന്നെ ആക്ഷേപിക്കാനും ആക്രമിക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നു പറയുന്നു രാജേശ്വരി. 'അടുത്തൊരു ദിവസം ബാങ്കിൽ ഞാൻ കമ്മലുകൾ പണയം വച്ചു പുറത്തേക്കിറങ്ങുമ്പോൾ ഒരു പുരുഷൻ എന്റെ ചിത്രങ്ങളെടുത്തു. ഞാനപ്പോൾ ധരിച്ചിരുന്ന സാരി വാങ്ങിക്കാൻ എവിടുന്നാണ് പൈസ കിട്ടിയതെന്ന് അയാൾ ചോദിച്ചു. അതു വില കൂടിയ സാരിയാണെന്നു പറഞ്ഞ് അയാൾ ആക്ഷേപിച്ചു. പതിവു വേഷമായ സെറ്റും മുണ്ടും അല്ലാതെ വേറൊരു വേഷം ധരിക്കുമ്പോഴോ മാല ഇടുമ്പോഴോ ഇതാണു സ്ഥിതി. ജനങ്ങളുടെ നികുതിപ്പണം ഞാൻ ധൂർത്തടിക്കുകയാണെന്നാണ് പലരുടെയും ആക്ഷേപം'– തന്റെ ദയനീയാവസ്ഥ രാജേശ്വരി വെളിപ്പെടുത്തുന്നു.

jisha-rajeswari.jpg.image.784.410 സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രം.

'നല്ല വേഷം ധരിക്കുന്നതിൽ മാത്രമല്ല ചിരിക്കുന്നതിൽപോലും തനിക്കു വിലക്കുണ്ടെന്നും എപ്പോഴും കരഞ്ഞും വിലപിച്ചും താൻ കാലം കഴിക്കണമെന്നാണ് പലരും കരുതുന്ന'തെന്നും പറയുന്നു രാജേശ്വരി. മകൾ മരിച്ചു എന്നതു ശരി. ക്രൂരമായിരുന്നു ആ അനുഭവം. പക്ഷേ, അതിന്റെ പേരിൽ എപ്പോഴും മുറിയടച്ചിരുന്നു ഞാൻ കരയണം എന്നാണോ ജനങ്ങൾ പ്രതീക്ഷിക്കുന്നത്. വീട്ടിൽ സംഭവിച്ച മരണത്തെത്തുടർന്ന് എന്നും വിലപിച്ചുകൊണ്ടിരിക്കുന്നവരുണ്ട്.

'ഞാനും കരഞ്ഞു. ഇന്നും മകളെക്കുറിച്ചോർക്കുമ്പോൾ എന്റെ ചങ്ക് പൊട്ടുന്നു. പക്ഷേ അതിന്റെ പേരിൽ മുറിയടച്ച് ഇരിക്കാൻ പറ്റുമോ എനിക്ക്. അധ്വാനിച്ചുണ്ടാക്കിയ സമ്പത്തുകൊണ്ടു ജീവിക്കുമ്പോഴും എന്തിനാണ് എന്നെ ആക്ഷേപിക്കുന്നത്. പുതിയ സാരിയുടുത്തതിന്റെ പേരിൽ അധിക്ഷേപിക്കുന്നവർ തുണിയുരിയാനും എന്നോടും പറയില്ലെന്നുണ്ടോ. എനിക്കൊരു വ്യക്തിത്വമുണ്ട്. അതു ചോദ്യം ചെയ്യാൻ ആരെയും സമ്മതിക്കില്ല'. ഉറച്ച സ്വരത്തിൽ രാജേശ്വരി പറയുന്നു.

മകൾ മരിച്ച ഒരു അമ്മ സഹതാപം അർഹിക്കുന്നു; അപമാനമല്ല. പിന്നീടു കളിയാക്കാനും പരിഹസിക്കാനും വേണ്ടിയാണെങ്കിൽ പൊതുജനം ദയവുചെയ്ത് ഇനിയാർക്കും ഒരു സംഭാവനയും കൊടുക്കരുതെന്ന ഒരു അപേക്ഷ കൂടിയുണ്ട് തനിക്കെന്നു പറയുന്നു രാജേശ്വരി. 

ഒരു സ്വകാര്യസ്ഥാപനത്തിൽ കെയർടേക്കറായി ജോലി ചെയ്യുന്നുണ്ട് രാജേശ്വരി. മാസം 12,000 രൂപ ശമ്പളം. കൂടാതെ ബാങ്കിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശയായി മറ്റൊരു 12,000 രൂപയും പെരുമ്പാവൂർ സ്റ്റേറ്റ് ബാങ്ക് ശാഖയിൽനിന്നു രാജേശ്വരിക്കു കിട്ടുന്നുണ്ട്.

jisha-mother-rajeswari.jpg.image.784.410

പക്ഷേ, ഈ തുക സ്ഥിരനിക്ഷേപത്തിലേക്കാണു പോകുന്നതെന്നും തനിക്കുമാത്രമായി ഉപയോഗിക്കാനാവില്ലെന്നുമാണ് രാജേശ്വരി പറയുന്നത്. തന്റെ പേരിൽ എത്ര രൂപ നിക്ഷേപമുണ്ടെന്നും അതുപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ എന്തൊക്കെയാണെന്നും അറിയണമെന്നുണ്ട് . സർക്കാരും സന്നദ്ധസംഘടനകളും വ്യക്തികളും വലിയ തുകകൾ ബാങ്കിലെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. ഞാനാരോടും കാശിനുവേണ്ടി യാചിച്ചിട്ടില്ല. അധ്വാനിച്ചാണു ജീവിക്കുന്നത്. ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്– രാജേശ്വരി പറയുന്നു.

നഷ്ടപരിഹാരമായി ലഭിച്ച തുകകൊണ്ട് പുതിയ വീട്ടിലേക്കു കുറച്ചു സാധനങ്ങൾ വാങ്ങി. ചുറ്റുമതിലും പണിതു. ഒരു ജോയിന്റ് അക്കൗണ്ടിൽ‌ കമ്മ്യൂണിസ്റ്റ് പാർട്ടി വലിയൊരു തുക നിക്ഷേപിച്ചിട്ടുണ്ട്. മതിലു നിർമിക്കാൻ ബുദ്ധിമുട്ടിയപ്പോൾ കുറച്ചു തുകയ്ക്കുവേണ്ടി ഞാനവരെ സമീപിച്ചു. കുറേനേരം എന്നെ ചോദ്യം ചെയ്ത അവർ തുക പിൻവലിക്കാൻ സമ്മതിച്ചില്ല. എട്ടേകാൽ ലക്ഷം രൂപയുണ്ട് ആ അക്കൗണ്ടിൽ. വീടുകളിൽ സഹായിയായും കെയർടേക്കറായും ജോലിചെയ്താണ് എന്റെ രണ്ടു പെൺമക്കളെ ഞാൻ വളർത്തിയത്. അതിലെനിക്ക് അഭിമാനമുണ്ട്. എത്ര കോടികൾ കിട്ടിയാലും മകളെ എനിക്കു തിരിച്ചുകിട്ടില്ലല്ലോ– വിതുമ്പിക്കൊണ്ടു രാജേശ്വരി പറയുന്നു.

കഴിഞ്ഞ വർഷം താൻ ലക്ഷങ്ങൾ ചെലവഴിച്ചു സ്വർണാഭരണങ്ങൾ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും വിശദീകരണമുണ്ട് രാജേശ്വരിക്ക്. മൂത്തമകൾ ദീപയുടെ വിവാഹ ആവശ്യത്തിനുവേണ്ടിയാണ് ആഭരണം വാങ്ങിയത്. മകളുടെ ആവശ്യപ്രകാരമായിരുന്നു അത്. രണ്ടരലക്ഷം രൂപ ചെലവായി. എനിക്കതിൽ പശ്ചാത്താപമില്ല. വയസ്സുകാലത്ത് എന്നെനോക്കാൻ എനിക്കു മൂത്തമകൾ മാത്രമേയുള്ളൂ–രാജേശ്വരി പറയുന്നു. 

കൊല്ലപ്പെട്ട മകളുടെ മരണശേഷം പണികഴിപ്പിച്ച വീട്ടിലാണ് ഇപ്പോൾ രാജേശ്വരി താമസിക്കുന്നത്. അടുത്തിടെ പ്രചരിച്ച ആരോപണങ്ങളും അവരുടെ ആരോഗ്യത്തെ വഷളാക്കി. പ്രമേഹം മൂർച്ചിച്ച് ജോലിസ്ഥലത്തു കുഴഞ്ഞുവീണു. ആക്ഷേപിക്കാനും കളിയാക്കാനും സമയം കളയുന്നവർ തന്റെ ആരോഗ്യത്തെക്കുറിച്ചു തിരക്കാൻ മെനക്കെടാറില്ലെന്നും 52–വയസ്സുകാരിയായ രാജേശ്വരി പറയുന്നു. 

jisha-mother-cm.jpg.image.784.410

തന്റെ അമ്മയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ വേദനിപ്പിക്കുന്നവയാണെന്നു പറയുന്നു രാജേശ്വരിയുടെ മൂത്തമകൾ ദീപ. മരിച്ചുപോയ സഹോദരിയുടെയത്ര അടുപ്പം എനിക്ക് അമ്മയുമായില്ല. എങ്കിലും എന്റെ അമ്മയാണവർ. അവരുടെ സ്വകാര്യത എന്തിനാണു ലംഘിക്കുന്നത്. എല്ലാവരും ഫാഷൻ മോഡലുകളെപ്പോലെ സുന്ദരിമാർ ആയിരിക്കില്ല. പക്ഷേ അതിന്റെ പേരിൽ കളിയാകുന്നതു നീതീകരിക്കാനാവില്ല– ദീപ പറയുന്നു. 

സഹോദരിയുടെ മരണശേഷം പലപ്പോഴും അമ്മ അസ്വാഭാവികമായി പെരുമാറാറുണ്ടെന്നും ദീപ പറയുന്നു. ആ ക്രൂരമായ സംഭവത്തിനുശേഷം ആരോഗ്യത്തോടെയും ഉഷാറോടെയും ഇരിക്കുന്ന അമ്മയെ ഞാൻ കണ്ടിട്ടില്ല. സാമ്പത്തിക ബുദ്ധുമുട്ടുകളും ജോലിയുമെല്ലാം അവരെ വിഷമിപ്പിച്ചിരുന്നു. പക്ഷേ, അടുത്തകാലത്തായി അമ്മ കുറച്ചു സന്തോഷം വീണ്ടെടുത്തു. ആരോഗ്യവും. അച്ഛൻ മരിച്ചപ്പോഴും അമ്മ കരയുന്നതു ഞാൻ കണ്ടില്ല– ദീപ പറയുന്നു.