"മുഖ്യമന്ത്രി, താങ്കൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു": അശ്വതി ജ്വാല

വിദേശവനിതയുടെ തിരോധാനത്തില്‍ അന്വേഷണം ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും മുന്നിലെത്തിയ അവരുടെ ഭര്‍ത്താവിനോടും സഹോദരിയോടും നികൃഷ്ടമായി പെരുമാറിയെന്ന വാര്‍ത്ത വിവാദമായപ്പോൾ തന്നെ കാണാൻ ആരും വന്നിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിവാദങ്ങളോട് ഡിജിപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. എന്നാൽ വിവാദങ്ങളെക്കുറിച്ച് എല്ലാത്തിനും സാക്ഷിയായ ജ്വാല സംഘടനയുടെ നേതാവായ അശ്വതി പ്രതികരിക്കുന്നു.

"ഇവര്‍ക്കെങ്ങനെയാണ് ഇങ്ങനെ പച്ചക്കള്ളം പറയാന്‍ കഴിയുന്നത്. റൂമിനകത്ത് ഒരു സ്വഭാവം മാധ്യമങ്ങള്‍ക്കു മുന്‍പില്‍ മറ്റൊന്ന്. ഇതാണ് ഇരുവരും കാണിച്ചത്. അത്രമാത്രം ധാര്‍ഷ്ട്യത്തോടെയായിരുന്നു ഡിജിപിയുടെ പെരുമാറ്റം." അശ്വതി പറയുന്നു. ഭാഷയോ ഭൂമിശാസ്ത്രമോ അറിയാത്തൊരു നാട്ടില്‍ വച്ച് കാണാതായ, വിഷാദരോഗിയായ വിദേശവനിതയെ തേടിയുള്ള അവരുടെ കുടുംബത്തിന്റെ യാത്ര ഒടുവില്‍ അവരുടെ ജീര്‍ണിച്ച ശരീരത്തിനരികെ അവസാനിച്ചിരിക്കുന്നു. നിസ്സഹായതയും അനിശ്ചിതത്വവും പേറി തനിക്കരികിലെത്തിയ കുടുംബത്തത്തിന് അന്വേഷണ ഘട്ടത്തില്‍ നേരിട്ട വെല്ലുവിളികളെയും അവഗണനയെയും കുറിച്ച് അശ്വതി മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.

താങ്കളിങ്ങനെ പറയരുതായിരുന്നു...

സനുഷ എന്ന നടി ട്രെയിനില്‍ വച്ചുണ്ടായ ശല്യപ്പെടുത്തലിനെതിരെ പ്രതികരിച്ചത് വലിയ വാര്‍ത്തയാകുകയും ആ കുട്ടിയെ ഡിജിപി ഓഫിസില്‍ വിളിച്ചു വരുത്തി ആദരിക്കുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രശംസിക്കുകയും ചെയ്തിരുന്നു. ആ സ്ഥാനത്താണ് ഇവിടെ ഇത്തരത്തില്‍ പ്രതികരിച്ചത്. തെരുവിലലയുന്നവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, കേരളം അംഗീകരിച്ചൊരു സംഘടനയുടെ പ്രവര്‍ത്തകയാണ് ഞാന്‍. ആ എന്നെയാണ് ആര്‍എസ്എസ്സുകാരിയാക്കിയത്. വളരെ വിഷമമുണ്ട്. ഒരു സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെ അദ്ദേഹത്തിനെങ്ങനെയാണ് പ്രവര്‍ത്തിക്കാനാകുന്നത്. അന്യനാട്ടില്‍ വച്ച് ഭാര്യയെ കാണാതാവുക, അധികാരികളുടെ അടുത്തു ചെന്നപ്പോള്‍ അത് അവര്‍ നിസാരവല്‍ക്കരിക്കുക. ആ നിസഹായവസ്ഥയില്‍ നിന്നൊരാളെയാണ് ഞങ്ങള്‍ സഹായിച്ചത്. ഇങ്ങനെയൊന്നും ഈ മുഖ്യമന്ത്രി പറയാന്‍ പാടില്ല.

വിദേശവനിതയെ എങ്ങനെയെങ്കിലും കണ്ടെത്തണമെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസും അവരുടെ സഹോദരി ഇലീസും ആദ്യം മുതല്‍ക്കേ പൊലീസിനോട് കേണപേക്ഷിച്ചിരുന്നു. അന്വേഷണം എങ്ങുമെത്താതെ, സ്വയം ലിഗയെ തേടി നടക്കുന്നതിനിടയിലാണ് ആന്‍ഡ്രൂസിനോട് ആരോ ജ്വാലയെക്കുറിച്ച് പറയുന്നത്. തെരുവില്‍ കഴിയുന്നവര്‍ക്കു വേണ്ടിയും മാനസിക രോഗികള്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന ജ്വാലയ്ക്ക് അന്വേഷണത്തില്‍ ഏറെ സഹായിക്കാനാകുമെന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഞങ്ങള്‍ക്കരികിലേക്ക് എത്തുന്നത്.

വിദേശ വനിത തെരുവില്‍ എവിടെയെങ്കിലും അലയുകയായിരിക്കും എന്ന് അദ്ദേഹം കരുതി. അവരെ സഹായിക്കാന്‍ ആരുമില്ലെന്ന തിരിച്ചറിവിലാണ്, മനസാക്ഷിയെ മാത്രം മുന്‍നിര്‍ത്തി അന്വേഷണത്തില്‍ ഒപ്പംചേര്‍ന്നത്. അവരുടെ മൃതദേഹം കണ്ടെത്തുന്ന നിമിഷം വരെ രാത്രിയെന്നോ പകലെന്നോ ഓര്‍ക്കാതെ ആ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ഞാനും എന്റെ സഹപ്രവര്‍ത്തകരും നിന്നു. ആ ഞങ്ങളെയാണ് മുഖ്യമന്ത്രി ആർഎസ്എസ്സുകാരോട് ഉപമിച്ച് അടച്ചാക്ഷേപിച്ചത്.

ആന്‍ഡ്രൂസിനൊപ്പമുള്ള അന്വേഷണത്തിന് പോകരുതെന്ന് പൊലീസ് വിലക്കിയ പലയിടത്തും ഞങ്ങള്‍ യാത്ര ചെയ്തു. ഒഴിഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളിലോ കെട്ടിടങ്ങളിലോ അവർ ഉണ്ടാകുമെന്ന് ആൻഡ്രൂസ് ഉറച്ചു വിശ്വസിച്ചു. അങ്ങനെയായിരുന്നു ആ യാത്രകളെല്ലാം. ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ ഗാര്‍ഡുമാര്‍ കാണും, അവര്‍ പറയുന്നത് വിശ്വസിക്കരുതെന്ന മുന്നറിയിപ്പൊക്കെ പൊലീസ് തന്നിരുന്നു. എന്നിട്ടും പോയി.

ചിലപ്പോഴൊക്കെ ഉള്ളിലെ സങ്കടം ആന്‍ഡ്രൂസില്‍ നിന്ന് അണപൊട്ടും. അങ്ങനെയൊരിക്കല്‍ ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് ഓടിക്കയറി അവരുടെ പേരുവിളിച്ച് അലറി, അതിന്റെ ചുവരുകളിലും വാതിലുകളിലുമൊക്കെ ചവിട്ടാന്‍ തുടങ്ങി. അദ്ദേഹത്തെ എങ്ങനെയാണ് പറഞ്ഞ് ആശ്വസിപ്പിച്ചതെന്ന് എനിക്കറിയില്ല. അങ്ങനെ എത്രയോ നിമിഷങ്ങള്‍. രാത്രി രണ്ടും മൂന്നും മണിക്കു വരെ അന്വേഷിച്ചു നടന്നിട്ടുണ്ട്. അടിമലത്തുറ ഭാഗത്തൊക്കെ പാതിരാത്രിയില്‍ അന്വേഷണം നടത്തുമ്പോള്‍ ഞാന്‍ മാത്രമായിരുന്നു അക്കൂട്ടത്തില്‍ സ്ത്രീയായി ഒപ്പമുണ്ടായിരുന്നത്.

അദ്ദേഹം വെറുമൊരു വ്യക്തിയല്ല മുഖ്യമന്ത്രിയാണ്. ആ സ്ഥാനത്തിരുന്നു ഇത്രയും അസഹനീയമായൊരു പ്രസ്താവന നടത്താന്‍ അദ്ദേഹത്തിന് എങ്ങനെയാണ് സാധിക്കുന്നത്. അത്രമാത്രം മനസ്സു പൊള്ളിച്ചു. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ ഈ അന്വേഷണത്തോടൊപ്പം നിന്നതു കൊണ്ട് ഞങ്ങള്‍ക്കൊന്നും കിട്ടാനില്ല. പക്ഷേ പ്രിയപ്പെട്ടൊരാള്‍, അതും വിഷാദരോഗത്തിനടിമപ്പെട്ടൊരാള്‍ എങ്ങോ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിച്ചു നോക്കൂ.

ആ മനുഷ്യത്വത്തിന്റെ പേരിലാണ് ആൻഡ്രൂസിനും ഇലീനുമൊപ്പം ഇറങ്ങിത്തിരിച്ചത്. സര്‍ക്കാരിന്റെ മോശം നടപടികള്‍ക്കെതിരെ സംസാരിക്കുന്നവരെല്ലാം ആര്‍എസ്എസ്സുകാരാണെന്ന്  എന്തടിസ്ഥാനത്തിലാണ് അദ്ദേഹം പറയുന്നത്. എനിക്ക് ദേഷ്യമോ പ്രതിഷേധമോ അല്ല തോന്നുന്നത് വല്ലാത്ത വേദനയാണ്. നാളെയും ഇന്നാട്ടില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം. അതിനുവേണ്ടി നിലകൊള്ളുന്ന മനുഷ്യത്വമുള്ളവര്‍ തീര്‍ച്ചയായും ഉണ്ടാകും. അവരെല്ലാം ആര്‍എസ്എസ്സുകാരാണോ.

ആ സ്ത്രീ കരഞ്ഞുപോയി...

മുഖ്യമന്ത്രിയും ഡിജിപിയും ആരോപണം നിഷേധിച്ച ശേഷം നിങ്ങള്‍ ചോദിച്ച പോലെ പലരും എന്റെ വെളിപ്പെടുത്തല്‍ സത്യമാണോ...ശരിക്കും അങ്ങനെ സംഭവിച്ചോ എന്നു ചോദിച്ചിരുന്നു. സ്വാഭാവികമായും ഇവര്‍ ഇത്രമാത്രം നാടകീയമായും ശക്തമായും പറയുമ്പോള്‍ ആര്‍ക്കായാലും സംശയം തോന്നും. പക്ഷേ ഞാന്‍ എന്തിന് കള്ളംപറഞ്ഞ് ഇവരെ ചൊടിപ്പിക്കണം എന്ന് ചിന്തിക്കൂ. ഡിജിപിയുടെ മുറിയില്‍ ക്യാമറയുണ്ടല്ലോ...അതില്‍ സത്യം തീര്‍ച്ചായായും രേഖപ്പെടുത്തിയിട്ടുണ്ടാകും. ശരിക്കും ഞാനാണ് ആൻഡ്രൂസിനേയും ഇലീസിനേയും മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും അടുത്തേക്ക് കൊണ്ടുപോകുന്നത്. എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു. ഡിജിപിയുടെ മുറിയിലേക്ക് ചെന്നിരുന്നപ്പോഴേ ആ പ്രതീക്ഷ ഇല്ലാതായി. ആ സാഹചര്യം വാക്കുകള്‍ക്ക് അതീതമാണ്. പുറത്തു കണ്ട ആളേ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ശരീര ഭാഷയിലും വര്‍ത്തമാനത്തിലും അത്രമാത്രം ധാര്‍ഷ്ട്യമായിരുന്നു. -അശ്വതി പറയുന്നു.

ആൻഡ്രൂസ് കുറേക്കൂടി വികാരനിര്‍ഭരനായ മനുഷ്യനാണ്. പക്ഷേ ഇലീസ് അങ്ങനെയല്ല. വളരെ ബോള്‍ഡ് ആണ്. ആ സ്ത്രീയും ആൻഡ്രൂസും വളരെ മാന്യമായി ശാന്തമായാണ് കാര്യങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചത്. പക്ഷേ ഇങ്ങോട്ടൊന്നും പഠിപ്പിക്കണ്ട...പൊലീസ് വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. നിങ്ങള്‍ക്ക് എവിടെയെങ്കിലും ശാന്തമായി ഇരുന്നുകൂടേ...പൊലീസ് നോക്കുന്നില്ലേ. എന്തിനാണ് ഈ ഓട്ടപ്പാച്ചില്‍ എന്ന തരത്തില്‍ അദ്ദേഹം സംസാരിച്ചപ്പോള്‍ മാത്രമാണ് ആൻഡ്രൂസ് പ്രതികരിച്ചത്. താങ്കളുടെ ഭാര്യയെ ഒരു കടല്‍ത്തീരത്ത്  കാണാതായി എന്ന് വിചാരിക്കൂ.

താങ്കള്‍ സമാധാനമായി പൊലീസ് അന്വേഷിച്ചോളും എന്നു കരുതി എവിടെയെങ്കിലും പോയി ശാന്തമായി ഇരിക്കുമോ എന്നു ചോദിച്ച് കസേര വലിച്ചു നീക്കി ദേഷ്യപ്പെട്ട് എണീറ്റു. നിങ്ങളുടെ അന്വേഷണം മതിയായി. ഞാന്‍ സ്വന്തം നിലയില്‍ നോക്കിക്കോളാം എന്നു പറഞ്ഞു മുറിവിട്ട് പോയതിനു ശേഷമാണ് നിന്ദ നിറഞ്ഞ നിലപാടില്‍ നിന്ന് ഡിജിപി കുറച്ചെങ്കിലും അയഞ്ഞത്. ഇലീസ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ്. വളരെ ബോള്‍ഡ് ആയ ആ സ്ത്രീ അദ്ദേഹത്തിന്റെ വര്‍ത്തമാനം കേട്ട് മുന്‍പിലിരുന്നു കരഞ്ഞു. ഈ ഒരു സാഹചര്യത്തിലെ ഏറെ പോസിറ്റീവ് ആയാണ് അവര്‍ സംസാരിച്ചിരുന്നത്. ആ സ്ത്രീ മറ്റൊരാള്‍ക്കു മുന്‍പിലിരുന്നു കരയണമെങ്കില്‍ ഊഹിക്കാമല്ലോ അവിടുത്തെ സ്ഥിതിയുടെ ഭീകരത. ഞാന്‍ തന്നെ വല്ലാതായിപ്പോയി. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ പോലും കിട്ടാതായി....

ആ ഡയറിയില്‍ എല്ലാമുണ്ട്...അവര്‍ക്ക് ഭയവുമുണ്ട്

ആൻഡ്രൂസ് ഒരു ഡയറി സൂക്ഷിക്കുന്നുണ്ട്. ഭാര്യയ്ക്കു വേണ്ടിയുള്ള അന്വേഷണത്തില്‍ നേരിട്ട അനുഭവങ്ങള്‍ അദ്ദേഹം ഓരോ ദിവസവും ഡയറിയില്‍ കുറിച്ചിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നുണ്ടായ നീചമായതും നന്മയുള്ളതുമായ അനുഭവങ്ങള്‍ തന്റെ ജീവിതത്തിലൊരിക്കലും മറക്കാതിരിക്കാന്‍ വേണ്ടിയാണതെന്ന് അദ്ദേഹം പറഞ്ഞു. ആ ഡയറിയില്‍ എല്ലാമുണ്ട്, നല്ല മനക്കട്ടിയുള്ളവര്‍ക്കേ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാനാകുന്നവര്‍ക്കേ അത് വായിക്കാനാകൂ എന്നു മാത്രം. അവരുടെ മരണ ശേഷം തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷണത്തെ മിതപ്പെടുത്തുമോ തണുപ്പിക്കുമോ എന്ന ആശങ്ക ഇലീസ പങ്കുവച്ചിരുന്നു.

ആ വിദേശവനിത ഒരു ഹോട്ടലിന്റെ പിആര്‍ഒ ആയിരുന്നു. ആന്‍ഡ്രൂസ് അവിടെ കര്‍ഷകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നൊരു എന്‍ജിഒയിലെ ഉദ്യോഗസ്ഥനാണ്. ഇലീസ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. മുന്‍പ് പലവട്ടം ഇന്ത്യയില്‍ വന്നിട്ടുണ്ട്. അവര്‍ക്ക് അത്രമാത്രം ഇഷ്ടമാണ് ഇന്ത്യയെ. ഇവിടുത്തെ ആയുര്‍വേദത്തോട് വിശ്വാസ്യത വരുന്നത് അങ്ങനെയാണ്. ഉറക്കം കിട്ടാത്തതായിരുന്നു അവരുടെ പ്രധാന പ്രശ്‌നം. വിഷാദരോഗം മൂര്‍ച്ഛിച്ചതോടെ അവര്‍ ആത്മീയതയിലേക്കു തിരിഞ്ഞു. അങ്ങനെയാണ് മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തുന്നത്. പക്ഷേ അവർക്ക് അവിടത്തെ ജീവിതരീതിയോട് പൊരുത്തപ്പെടാനായില്ല. അങ്ങനെയാണ് വര്‍ക്കലയിലെ ഏതോ ഒരു റിസോര്‍ട്ടിലേക്ക് താമസം മാറ്റി, പോത്തന്‍കോട്ടെ ധര്‍മ എന്ന സ്ഥാപനത്തിലേക്ക് ദിവസേന പോയി വന്ന് ചികിത്സ തുടര്‍ന്നത്.

ആ ചികിത്സ ലിഗയ്ക്ക് ഏറെ ഫലപ്രദമായിരുന്നുവെന്ന് സഹോദരി പറഞ്ഞു. അവര്‍ വളരെ ശാന്ത സ്വഭാവത്തിലേക്കു മാറി, പഴയ പോലെ. അങ്ങനെയൊരാള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിഗമനത്തിലാണ് സഹോദരി. ഇവിടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വിശ്വാസ യോഗ്യമായ റിപ്പോര്‍ട്ട് കിട്ടുന്നില്ലെങ്കില്‍ സ്വന്തം നാട്ടിൽ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം ചെയ്ത്് നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇരുവരുടെയും തീരുമാനം. അവര്‍ ശക്തമായി നിലകൊള്ളുന്നിടത്തോളം കാലം, എത്ര തന്നെ പൊള്ളുന്ന ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നാലും ഞാനുള്‍പ്പെടെയുള്ളവര്‍ അവര്‍ക്കൊപ്പം നില്‍ക്കും - അശ്വതി വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ ആ ഉപമ എത്രമാത്രം സങ്കടപ്പെടുത്തുന്നുവെന്ന് പറയാതെ വയ്യ. പക്ഷേ ഒരു കാര്യം എനിക്കുറപ്പുണ്ട്, തന്റെ പ്രിയതമ ഇത്രമാത്രം നീചമായ രീതിയില്‍ മരിച്ചു കിടക്കുന്നതു കണ്ടിട്ടും കേരളത്തിന്റെ നന്മയോട് അവരെ സഹായിച്ചവരോട് നന്ദിയോടെ സംസാരിക്കാന്‍ ആൻ‍‍‍‍‍‍‍‍‍‍‍‍‍‍‍ഡ്രൂസ് എന്ന വ്യക്തിയെ പ്രചോദിപ്പിച്ചത് ഞങ്ങളെപ്പോലുള്ളവരുടെ പ്രവര്‍ത്തനമാണ്...അശ്വതി പറയുന്നു. 

ഒരാളുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് മരണം എത്തുന്നതെന്നു പറയാനാകില്ല. പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെടുന്ന വേദന പിന്നീടൊരിക്കലും നമ്മെ വിട്ടുപോകുകയുമില്ല. പ്രത്യേകിച്ച് അസ്വാഭാവികമായ രീതിയിലാണ് അവര്‍ മരണപ്പെടുന്നതെങ്കില്‍. ആ മരണത്തിനുത്തരം കിട്ടിയാല്‍ പോലും മരണം അവരെ എത്രമാത്രം വേദനയോടെയാണ് കൂട്ടിക്കൊണ്ടുപോയതെന്നറിയുന്തോറും സങ്കടമിങ്ങനെ ഇരമ്പിക്കൊണ്ടേയിരിക്കും.

അതിനേക്കാള്‍ വേദനയാണ് ആ മരണത്തിനുത്തരവാദികളായവരെ പിടികൂടുന്നതില്‍ ഭരണകൂടം ഞെട്ടിക്കുന്ന വീഴ്ച വരുത്തുന്നത്. ആ ഒരു സങ്കടക്കടലിലാണ് ആൻഡ്രൂസും ഇലീസും. അധികമൊന്നും അറിയാത്ത, ഭാഷപോലും അറിയാത്തൊരു നാട്ടില്‍ നിന്നുകൊണ്ട് നീതിക്കു വേണ്ടി ഉറച്ച പോരാട്ടം നടത്തുമെന്ന ആ നിശ്ചയദാർഡ്യത്തിനൊപ്പം കാലവും മനസാക്ഷിയും അവര്‍ക്കൊപ്പമഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അശ്വതിയും അതോടൊപ്പം അവർക്കു വേണ്ടി ഒരു നിമിഷമെങ്കിലും മനസ്സുകൊണ്ട് പ്രാര്‍ഥിച്ചവരും.