പി.സി ജോർജ്ജ് അപമാനിച്ച സംഭവം; ശ്യാമയ്ക്ക് പറയാനുള്ളത്

കേരള സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ സെൽ സംസ്ഥാന പ്രോജക്ട് ഓഫീസറായ ശ്യാമ എസ്. പ്രഭ  ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ കാണാൻ നിയമ സഭയിൽ എത്തിയതിനെക്കുറിച്ചും അവിടെവച്ച് പി.സി ജോർജ്ജ് എംഎൽഎയെ കണ്ടതിനെക്കുറിച്ചും തുടർന്നുണ്ടായ സംഭാഷങ്ങൾ തന്നെ വേദനിപ്പിച്ചതിനെക്കുറിച്ചും എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. 

സംഭവത്തെക്കുറിച്ച് ശ്യാമ പറയുന്നതിങ്ങനെ:- 

കേരള സർക്കാരിന്റെ ട്രാൻസ്‌ജെൻഡർ സെൽ സംസ്ഥാന പ്രോജക്ട് ഓഫീസറായ ശ്യാമ എസ്. പ്രഭ   ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ കാണാൻ നിയമ സഭയിൽ എത്തിയതായിരുന്നു. കണ്ടതിനു ശേഷം യാദൃശ്ചികമായി പി.സി ജോർജ്ജ് എം എൽ യെ കാണാൻ ഇടയായി, മുൻപ് ഒരു റിയാലിറ്റി ഷോയിൽ വച്ച് കണ്ട പരിചയമുള്ളതിനാൽ സ്വാഭാവികമായി അദ്ദേഹത്തോട് സംസാരിക്കാൻ ശ്യാമ തീരുമാനിക്കുന്നു, പക്ഷേ എം എൽ എ യുടെ വാചകങ്ങൾ ഇങ്ങനെ,

"നീ ആണല്ലേ, എന്താ ഇവിടെ ?എന്തിനു പെണ്ണിന്റെ വേഷം കെട്ടുന്നു? മീശ അറിയുന്നുണ്ടല്ലോ!" താനൊരു ട്രാൻസ്ജെൻഡറാണ് താങ്കൾ പറഞ്ഞത് മോശമായിപ്പോയി എന്നു പറയാൻ ശ്യാമ ശ്രമിക്കുമ്പോഴേക്കും തടിയൂരിപ്പോകാനായി പി സിയുടെ ശ്രമം. 

സംഭവത്തെക്കുറിച്ച് ശ്യാമ പറയുന്നു

"കേരളത്തിൽ ട്രാൻസ് സമൂഹത്തിനു വേണ്ടിയുള്ള ഒരു സെല്ലുണ്ട് അത് ഉദ്‌ഘാടനം ചെയ്തത് കഴിഞ്ഞ മാസം ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെയാണ്. മാത്രമല്ല ഇന്ത്യയിൽ തന്നെ മറ്റു സംസ്ഥാനങ്ങൾക്ക് ട്രാൻസ് നിയമങ്ങൾക്ക് കേരളം മാതൃകയുമാണ്. പക്ഷേ എന്നിട്ടും ഇത്തരമൊരു ആക്ഷേപം ഒരു എം എൽ എയിൽ നിന്ന് അതും നിയമ സഭയ്ക്കുള്ളിൽ വച്ച് കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത് ഫെയ്‌സ്ബുക്ക് പോസ്റ്റാക്കി ഇട്ടത്.

അതിനു ശേഷം പോസ്റ്റ് പല മാധ്യമങ്ങളും വാർത്തയാക്കി. ഒരു മാധ്യമം എം എൽ എയെ വിളിച്ചു സംസാരിച്ചത് അവർ റിപ്പോർട്ട് ചെയ്തിരുന്നു. അതിൽ അദ്ദേഹം പറയുന്നത് ട്രാൻസ്‌ജെൻഡർ സെല്ലിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു എന്നൊക്കെയാണ്. പിന്നെ  പറഞ്ഞത് എന്നെ കണ്ടിട്ട് അദ്ദേഹത്തിന് ട്രാൻസ്‌ജെൻഡർ ആയി തോന്നിയില്ല എന്നാണ്. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയെങ്കിൽ മാപ്പു പറയാൻ തയാറാണ് എന്നൊക്കെയാണ് അതിലുണ്ടായിരുന്നത്. എനിക്ക് അതിശയം തോന്നുന്നു. സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്ത ഒരു പദ്ധതി അദ്ദേഹത്തിന്റെ നിയമ സഭയിലെ ഒരു എം എൽ എ അറിഞ്ഞില്ലെന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർഥം? 

അന്ന് വാർത്തയും റിപ്പോർട്ടും ഒക്കെ വന്നതാണ്. അല്ലെങ്കിലും കേരളം ഒരുപാട് മാറിയിട്ടുണ്ട്. ട്രാൻസിനോടുള്ള പെരുമാറ്റം വരെ മാറിയിട്ടുണ്ട്, പക്ഷേ അദ്ദേഹത്തെ പോലെ ഒരു എം എൽ എ ഇത്തരത്തിൽ പെരുമാറിയാൽ പിന്നെ സാധാരണക്കാരുടെ ഞങ്ങളോടുള്ള പെരുമാറ്റം എങ്ങനെ ആയിരിക്കും? ഒരു എം എൽ എ പൊതുജനങ്ങൾക്ക് മാതൃകയല്ലേ? അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ഒരു ട്രാൻസ്ജെൻഡറിനോട് എങ്ങനെയായിരിക്കും അദ്ദേഹത്തിന്റെ സമീപനം എന്നോർക്കുമ്പോൾ ആധിയുണ്ട്. അവരുടെ ഒരു ബുദ്ധിമുട്ട് പറഞ്ഞു അദ്ദേഹത്തെ സമീപിച്ചാൽ എങ്ങനെയാവും അവരോടുള്ള പ്രതികരണം? 

സാധാരണ അമിതമായി മേക്ക് അപ്പ് ചെയ്തു നടക്കുന്ന ഒരാളല്ല ഞാൻ. വളരെ മിതമായി സാധാരണ പെൺകുട്ടികളെ പോലെയുള്ള ഒരുക്കം മാത്രമേ പതിവുള്ളൂ. അതും ജോലിയുടെ ഭാഗമായാണ് ഞാൻ അവിടെ പോയതും. അദ്ദേഹത്തോട് മിണ്ടിയാൽ പഴയൊരു പരിചയം പുതുക്കാമല്ലോ എന്നോർത്താണ്. ആ സമയത്ത് അത്തരത്തിൽ അദ്ദേഹം സംസാരിച്ചപ്പോൾ വിഷമം തോന്നി. പിന്നീട് ഞാൻ പറയുന്നത് കേൾക്കാൻ നിൽക്കാതെ അദ്ദേഹം പോവുകയായിരുന്നു. എന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നത് മോശമാണ്. എന്നൊക്കെ ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു, പക്ഷേ അതൊന്നും മൈൻഡ് ചെയ്യാതെയാണ് അദ്ദേഹം പോയത്.

ഒരു ജനപ്രതിനിധി ആയിരിക്കുമ്പോൾ അദ്ദേഹത്തെ പോലെയൊരാൾ ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ വിഷമമുണ്ട്. ഭരണഘടനാപരമായും നിയമപരമായും നമ്മുടെ സമൂഹത്തിന്റെ ജെണ്ടർ അംഗീകരിക്കപ്പെടേണ്ടതാണ്. അപ്പോൾ മാനുഷികത നോക്കിയില്ലെങ്കിൽ പോലും നിയമപരമായി നോക്കിയാൽ പോലും ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം ചെയ്തത് വലിയ തെറ്റു തന്നെയാണ്. ഇതുവരെ അദ്ദേഹത്തിന് നേരം വെളുത്തില്ലേ എന്നതാണ് ചോദ്യം. 

ഞാനത് ഫെയ്‌സ്ബുക്കിൽ എഴുതില്ലാരുന്നു, പക്ഷേ അദ്ദേഹത്തെ പോലൊരാൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു. അത്ര വിഷമം ആയതുകൊണ്ട് തന്നെയാണ് അത് പോസ്റ്റ് ആക്കി ഇട്ടത്. നിയമപരമായി നീങ്ങണമെന്ന് പലരും പറയുന്നുണ്ട്, പ്രക്ഷോഭങ്ങൾ നടത്തണമെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്തായാലും ആലോചിച്ചേ മുന്നോട്ടുള്ളൂ. പരാതി കൊടുക്കുകയാണെങ്കിൽ സ്പീക്കർക്ക് ആയിരിക്കും. "

ഒരു സാധാരണ വ്യക്തിയേക്കാൾ ഈ വിഷയം പ്രസക്തമാകുന്നത് അദ്ദേഹം ഒരു ജനപ്രതിനിധി ആയതുകൊണ്ട് തന്നെയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ട്രാൻസ്ജെൻഡർ സമൂഹത്തിനോട് കേരള സർക്കാർ കാണിക്കുന്ന അനുഭാവപൂർണമായ നിലപാടുകൾ നിയമസഭയ്ക്കുള്ളിൽ ഒരു പ്രതിനിധി തന്നെ ചോദ്യം ചെയ്യുകയെന്നാൽ അത് നിയമസഭയെ പോലും ചോദ്യം ചെയ്യുന്നതിന് തുല്യവുമാണ് എന്ന് ശ്യാമയ്ക്ക് ലഭിച്ച അഭിപ്രായങ്ങൾ അടിവരയിടുന്നു.

ആരുടേയും ഔദാര്യമല്ല തങ്ങൾക്ക് വേണ്ടതെന്ന് പലപ്പോഴും ട്രാൻസ് സമൂഹം തുറന്നു പറഞ്ഞിട്ടുണ്ട്, ജീവിക്കാനുള്ള അവകാശം മറ്റാരെയും പോലെ അവർക്കുമുണ്ടെന്ന് നിയമവും അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇപ്പോഴും അവരെ മനുഷ്യരായി പോലും കാണാൻ കഴിയാത്ത ഒരു സമൂഹം സംസ്ഥാനത്ത് ഉണ്ടെന്നു പറയുന്നത് നീതികേടാണ്.