സെലിബ്രിറ്റി ആരാധകരുള്ള ലിറ്റിൽ തിങ്സ്: ആതിര പറയുന്നു

ആതിര രാധൻ

വെറുതെ ഒരു  നേരമ്പോക്കിന് തുടങ്ങുന്ന പലതും ചിലരുടെ ജീവിതത്തിലെ വഴിത്തിരിവുകളായി മാറാറുണ്ട്. കയ്യിൽ കിട്ടിയ ചെറിയ കടലാസ് കഷണത്തിൽ വെറുതെ കോറി വരച്ചത് കടലും കടന്ന് പെരുമ നേടിയ കഥയാണ് കണ്ണൂരുകാരി ആതിര രാധനു പറയാനുള്ളത്. ആവശ്യക്കാർക്ക് വേണ്ട രീതിയിൽ ഹാൻഡ്മെയ്ഡ് ബുക്ക്മാർക്കുകൾ നിർമിച്ചാണ് ആതിര വ്യത്യസ്തയാകുന്നത്. 'ലിറ്റിൽ തിങ്സ് ' എന്ന ഫേസ്ബുക്ക് പേജിലൂടെ ആതിരയുടെ ബുക്ക്മാർക്കുകൾ ഇതിനോടകം ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഓർക്കാപ്പുറത്ത് ഒരു ഐഡിയ

അനുജത്തിയുടെ പഠന ആവശ്യങ്ങൾ കഴിഞ്ഞ് ബാക്കിവന്ന നീളൻ പേപ്പർ കണ്ടപ്പോൾ ഒരു കൗതുകത്തിന് വരച്ചു കളിച്ചതാണ് ആതിര. അലങ്കോലപ്പണികൾ കഴിഞ്ഞപ്പോൾ എന്തോ ഒരു ഭംഗി. വെറുതെ അതൊക്കെ ചെറിയ കഷണങ്ങളാക്കി നോക്കി. അപ്പോൾ ഒരു തോന്നൽ: ഇത് ബുക്ക്മാർക്ക് ആക്കിയാലോ? അങ്ങനെ ഒന്നുരണ്ടെണ്ണം കൂടി വരച്ച് കൂട്ടുകാരെ കാണിക്കാൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. പെട്ടെന്ന് സംഗതി ഹിറ്റായി. വന്ന കമൻ്റുകളുടെ കൂട്ടത്തിൽ ഒരെണ്ണം കണ്ണിലുടക്കി: 'ഇത് വിൽപ്പനയ്ക്കുണ്ടോ'? കൃത്യമായി പറഞ്ഞാൽ അവിടെ ആ നിമിഷമാണ് ലിറ്റിൽ തിങ്സിന്റെ ജനനം. തന്റെ കുഞ്ഞു നേരമ്പോക്കിന് അതിലും യോജിച്ച ഒരു പേരില്ലെന്നാണ് ആതിര പറയുന്നത്.

മനോഹരമായ ഡിസൈനുകളും കാർട്ടൂണുകളും അനുയോജ്യമായ വാചകങ്ങളും ഒക്കെ ഉൾപ്പെടുത്തി ഒരു 'സ്പെഷ്യൽ ടച്ചോ'ടെ ആകർഷകമാക്കിയ ബുക്ക്മാർക്കുകളാണ് ലിറ്റിൽ തിങ്സ് സമ്മാനിക്കുന്നത്.

ആതിര നിർമ്മിച്ച ബുക്ക്മാർക്കുകൾ

ലിറ്റിൽ തിങ്സിന്റെ വലിയ ലോകം

ഹാൻഡ്മെയ്ഡ് ബുക്ക്മാർക്കുകൾ പെട്ടെന്നുതന്നെ ശ്രദ്ധിക്കപ്പെട്ടു. വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും കട്ടയ്ക്ക് കൂടെനിന്ന് പ്രോത്സാഹിപ്പിച്ചപ്പോൾ സംഭവം വളരെ പെട്ടെന്ന് പേരെടുത്തു. ഫേസ്ബുക്കിലൂടെ കണ്ടറിഞ്ഞ്  വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകാനായി പലരും ബുക്ക്മാർക്കുകൾ മുൻകൂട്ടി ഓർഡർ ചെയ്തു തുടങ്ങി. ഓരോ ബുക്ക്മാർക്കിന്റെയും രൂപകൽപ്പനയും വരയും വരികളുമെല്ലാം ആതിരയുടെ സ്വന്തം കരവിരുത് തന്നെ. സമ്മാനിക്കുന്നവർക്കും കൈപ്പറ്റുന്നവർക്കും ഒരുപോലെ സന്തോഷം.

ആതിര രാധൻ

പെൻഡുലം ബുക്സിനു വേണ്ടി  ബുക്ക്മാർക്കുകൾ നിർമിച്ചു നൽകിയതോടെ ലിറ്റിൽ തിങ്സ് വിമാനം കേറി അങ്ങ് അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും എത്തി!

ആതിര നിർമ്മിച്ച ബുക്ക്മാർക്കുകൾ

എല്ലാം വൺമാൻഷോ 

ആവശ്യക്കാരുടെ ഇഷ്ടാനുസരണമാണ്  ബുക്ക്മാർക്കുകളുടെ രൂപകൽപന. സിനിമാതാരങ്ങളെ കുറിച്ചുള്ളവ മുതൽ സാഹിത്യവും പ്രണയും വിപ്ലവവുമൊക്കെ വരെ ഇക്കൂട്ടത്തിലുണ്ട്. ആവശ്യക്കാർ ഏറിയതോടെ മറ്റ് ഗ്രീറ്റിങ് കാർഡുകളും നിർമിക്കുന്നുണ്ട് ആതിര. ഇപ്പോൾ വിന്റർ ഹോളിഡേ സ്പെഷൽ കാർഡുകൾക്കാണ് കൂടുതൽ ഡിമാൻഡ്. ഇതിനൊപ്പം വെഡ്ഡിങ് കാർഡ്  ഓർഡറുകളും വരുന്നുണ്ട്.

ബി.എഡ് വിദ്യാർഥിനിയായ ആതിര തന്റെ ഒഴിവുസമയങ്ങളാണ് ബുക്ക് മാർക്ക് നിർമാണത്തിനായി നീക്കിവയ്ക്കുന്നത്. ഡിസൈനിങ്ങിന് പുറമേ പായ്ക്കിങ്ങും അയയ്ക്കലുമെല്ലാം തനിയെ ആയതിനാൽ കുറേയധികം ഒർഡറുകൾ പെൻഡിങ്ങിലുമാണ്.

സെലിബ്രിറ്റി ആരാധകർ

ടൊവിനോ തോമസും രജിഷ വിജയനും കവിതാ നായരും അടങ്ങുന്ന ഒരു പറ്റം സെലിബ്രിറ്റി ആരാധകരുമുണ്ട് ലിറ്റിൽ തിങ്സിന്! അവരിൽനിന്നെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നത് ഏറെ പ്രചോദനമാണെന്ന് ആതിര പറയുന്നു.

വിലയിടാനാകാത്ത സന്തോഷം

ഒരുപാട് നേരമെടുത്ത് വരച്ചുണ്ടാക്കുന്ന ബുക്ക്മാർക്കുകൾക്കും ഗിഫ്റ്റ് കാർഡുകൾക്കും വളരെ ചെറിയ പ്രതിഫലം  ഈടാക്കാറുള്ളൂ. തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തിയും സന്തോഷവുമാണ് ഏറ്റവും വലിയ പ്രതിഫലം എന്നാണ്   ആതിര പറയുന്നത്. 

ആതിര നിർമ്മിച്ച ബുക്ക്മാർക്കുകൾ

കണ്ണൂർ ചെറുകുന്ന് സ്വദേശികളായ രാധൻ കണ്ണപുരത്തിന്റെയും മിനി രാധന്റെയും മൂത്തമകളാണ് ആതിര. ഇരുവരും നാടകപ്രവർത്തകരാണ്. മാതാപിതാക്കളും സഹോദരി ആരതിയുമാണ് ചെറിയ കാര്യങ്ങളിലൂടെ വലിയ സന്തോഷങ്ങളൊരുക്കാൻ ആതിരയ്ക്ക് കരുത്താകുന്നത്.