നാലുമണി പലഹാരമായൊരുക്കാം നാടൻ ഷവർമ

ഷവർമ.

അയ്യോ ഷവർമയോ. ഷവർമ വാങ്ങിത്തരാൻ കുട്ടികൾ പറയുന്നതു കേൾക്കുന്നതു തന്നെ പേടിയാണ് അമ്മമാർക്ക്. ഷവർമ അത്ര കുഴപ്പക്കാരനാണോ. അതിൽ ചേർക്കുന്ന ഇറച്ചിയുടെ പഴക്കം, മയോണൈസിന്റെ പഴക്കം ഇവയൊക്കെയാണു കുഴപ്പക്കാർ. ഷവർമ വീട്ടിൽ ഉണ്ടാക്കിയാൽ മതി. പേടിയില്ലാതെ കഴിക്കാമല്ലോ. പക്ഷേ എങ്ങനെ ഉണ്ടാക്കാൻ. ചിക്കൻ വേവിച്ചുരുക്കി കറങ്ങുന്ന മെഷീനൊന്നും നമ്മുടെ കയ്യിൽ ഇല്ലല്ലോ എന്നല്ലേ ടെൻഷൻ. അതൊന്നും വേണ്ടെന്നേ. അമ്മമാർ ഷവർമ ഉണ്ടാക്കിയില്ലെങ്കിൽ പിന്നെ ആരുണ്ടാക്കാൻ. അവധിക്കാലം കഴിഞ്ഞാലും ഈ നാടൻ ഷവർമ നാലുമണി പലഹാരമായി കൊടുക്കാം. 

ഷവർമ 

∙ മൈദ, ഗോതമ്പുപൊടി, അരിപ്പൊടി, റാഗിപ്പൊടി – കാൽ കപ്പ് വീതം

∙ തൈര് മൂന്ന് സ്പൂൺ

∙ ഉപ്പ് – ആവശ്യത്തിന് 

∙മുട്ടയുടെ വെള്ള– ഒന്ന് 

∙ചൂടു പാൽ– കാൽ കപ്പ് 

∙ യീസ്റ്റ്, പഞ്ചസാര– ഒരു ചെറിയ സ്പൂൺ വീതം

മിക്സ് തയാറാക്കാൻ

ചിക്കൻ– അര കിലോ,

∙ തക്കാളി, കാബേജ്, കാരറ്റ്, വെള്ളരി നുറുക്കിയത്- ഒരു കപ്പ്

∙ കുരുമുളക് പൊടി- രണ്ട് സ്പൂൺ

∙ ചിക്കൻ മസാല- അര ടീസ്പൂൺ 

∙ ഉപ്പ് ആവശ്യത്തിന്

∙ ചെറുനാരങ്ങാനീര്– രണ്ടു സ്പൂൺ

∙ മയോണീസ് – മൂന്ന് സ്പൂൺ

ഉണ്ടാക്കുന്ന വിധം

യീസ്റ്റ്, പഞ്ചസാര എന്നിവ കാൽകപ്പ് ചൂടുവെള്ളത്തിൽ അലിയിക്കുക. മൈദ, ഗോതമ്പുപൊടി, അരിപ്പൊടി, റാഗിപ്പൊടി എന്നിവ ഒരു ബൗളിൽ എടുക്കുക. ഇതിൽ  ഉപ്പ്, തൈര്, യീസ്റ്റ് മിക്സ്, മുട്ടയുടെ വെള്ള, ചൂടുപാൽ എന്നിവ ചേർത്തിളക്കുക. ഇതിൽ ചൂടുവെള്ളം ഒഴിച്ചു നന്നായി കുഴച്ചെടുക്കുക.  എത്ര കുഴയ്ക്കുന്നുവോ അത്രയും മയം കിട്ടും. ഒരു നനഞ്ഞ തുണികൊണ്ടു മൂടി പൊന്താൻ വയ്ക്കുക.

ചിക്കൻ മിക്സ് തയ്യാറാക്കാൻ 

ഒരു സ്പൂൺ കുരുമുളക് പൊടി, ഉപ്പ്, ചിക്കൻ മസാല എന്നിവ ചേർത്ത് ചിക്കൻ വേവിച്ച ശേഷം ഇറച്ചി പിച്ചിയെടുക്കുക. ഫ്രൈ പാൻ ചൂടാക്കി ഇതിലേക്ക് ചിക്കൻ കഷണങ്ങളും ഉപ്പും പച്ചക്കറി അരിഞ്ഞതും ചേർത്ത് മൂപ്പെത്തുന്നതു വരെ ഇളക്കുക. എണ്ണ ചേർക്കരുത്. ചെറുനാരങ്ങാനീരും ഒരു സ്പൂൺ കുരുമുളക് പൊടിയും ചേർത്ത് ഇളക്കുക.

മാവ്, ചെറുനാരങ്ങാ വലുപ്പത്തിൽ ഉരുട്ടി പരത്തിയെടുത്ത് റൊട്ടി ചുടുക. ഇതു നല്ലപോലെ കുമളിച്ച് വരും. ഇരുവശവും വേവിച്ച് എടുക്കുക. ഒരു റൊട്ടിയുടെ ഒരു വശത്ത് അൽപം മയോണീസ് തേച്ച് ചിക്കൻ മിക്സ് ചേർത്ത് ചുരുട്ടിയെടുക്കുക.