സണ്ണിലിയോണിന്റെ മകളുടെ നിറത്തെ പരിഹസിച്ച് ട്രോളുകൾ; മനസ്സാക്ഷിയില്ലാത്തവർ ചെയ്തതിതൊക്കെ

സണ്ണിലിയോൺ കുടുംബത്തോടൊപ്പം. ചിത്രത്തിന് കടപ്പാട് ; ഫെയ്സ്ബുക്ക്

സണ്ണിലിയോൺ അമ്മയാവാൻ തീരുമാനിച്ചതും. ജീവിതത്തിലേക്ക് ഒരു പെൺകുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചതുമെല്ലാം വളരെ സന്തോഷത്തോടെയാണ് ആരാധകർ കേട്ടിരുന്നത്. ഭർത്താവ് ഡാനിയേൽ വെബറിനും മകൾ നിഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ അവർ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തു. ഏതു നല്ലകാര്യത്തിനും ഇടങ്കോലിടാൻ മിടുക്കുള്ളവർ എവിടെയുമുണ്ടാകുമല്ലോ? അങ്ങനെയൊരാളാണ് സണ്ണിലിയോളിന്റെ മകളെ നിറത്തിന്റെ പേരുപറഞ്ഞുകൊണ്ട് അപമാനിക്കുന്നത്.

സുന്ദരിയായ സണ്ണിലിയോൺ എന്തിനാണ് കറുത്ത നിറമുള്ള പെൺകുഞ്ഞിനെ ദത്തെടുത്തത് എന്നാണ് അയാളുടെസംശയം. അമ്മയാവാൻ ആഗ്രഹമുണ്ടെങ്കിൽ ഒരു കുഞ്ഞിനെ പ്രസവിക്കുകയാണ് വേണ്ടതെന്നും അങ്ങനെ ചെയ്താൽ സണ്ണിയെപ്പോലെ സൗന്ദര്യമുള്ള കുഞ്ഞു പിറക്കുമെന്നും അയാൾ പറയുന്നു. ചിലർ ഫെയ്സ്ബുക്ക് കമന്റിലൂടെ ഇത്തിരിപ്പോന്ന ആ പെൺകുഞ്ഞിനെ ഉപദേശിക്കാനും മിനക്കെടുന്നുണ്ട്. അനാഥാലയത്തിലേക്കു തിരിച്ചു പോകൂ നിനക്കു യോജിച്ച അച്ഛനും അമ്മയും എത്തുന്നതുവരെ അവിടെ കാത്തിരിക്കൂ എന്ന തരത്തിലുള്ള ഉപദേശങ്ങളാണ് കുഞ്ഞിനുമേൽ ചൊരിയുന്നത്.

ഏതൊരാളുടെയും ഹൃദയം മുറിപ്പെടുത്തുന്ന രീതിയിലുള്ള അപമാനകരമായ പ്രതികരണങ്ങൾ ഒന്നിലേറെത്തവണ പോസ്റ്റ് ചെയ്തുകൊണ്ടാണ് ചിലർ രോഷംപ്രകടിപ്പിച്ചത്. ദത്തെടുക്കണമെന്ന് അത്ര നിർബന്ധമാണെങ്കിൽ കനേഡിയൻ കുട്ടിയെ ദത്തെടുക്കാമായിരുന്നില്ലേയെന്നും എന്തിനാണ് കറുത്ത നിറമുള്ള ഇന്ത്യൻ പെൺകുട്ടിയെ ദത്തെടുത്തതെന്നുമായിരുന്നു ഒരാളുടെ ചോദ്യം. സ്വന്തമായി ഒരു കുഞ്ഞുണ്ടായാൽ സൗന്ദര്യം നഷ്ടപ്പെടും എന്നു കരുതിയല്ലേ അതിനു തയാറാകാത്തത് എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. 

ഏതു നല്ലകാര്യത്തെയും മുൻവിധിയോടെ സമീപിക്കുന്ന ചില ദോഷൈകദൃക്കുകളുടെ പെരുമാറ്റം എന്നുപറഞ്ഞുകൊണ്ടാണ് സണ്ണിലിയോണിന്റെ ആരാധകർ ഇത്തരം പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ തുറന്നുകാട്ടുന്നത്.