കുഞ്ഞുങ്ങൾക്കൊപ്പമുള്ള സുന്ദരചിത്രം പങ്കുവെച്ച് ഒബാമ; ലോകറെക്കോർഡ് തീർത്ത് ഒരു ട്വീറ്റ്

ഒബാമയുടെ ട്വീറ്റിനു മൂന്നു ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തിൽ ഒരു ജനാലയിലൂടെ കാണുന്ന കുട്ടികളെ അഭിവാദ്യം ചെയ്യുന്ന മുൻപ്രസിഡന്റിന്റെ ചിത്രവുമുണ്ട്. മകൾ സാഷയുടെ സ്കൂളിനടുത്തുള്ള ഡേ കെയർ സെന്ററിലെ കുട്ടികളെയാണ് ഒബാമ അഭിവാദ്യം ചെയ്യുന്നത്.

വ്യക്തികളെയല്ല വ്യക്തിത്വങ്ങളെയാണ് ഇഷ്ടപ്പെടുക എന്നു പറയാറുണ്ട്. വിശേഷപ്പെട്ട ഗുണങ്ങളാലാണ് ഒരു വ്യക്തി സ്നേഹിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. ബാഹ്യസൗന്ദര്യമല്ല മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണു പ്രസക്തം. ഉന്നത പദവിയല്ല ശ്രദ്ധിക്കപ്പെടുക മറിച്ച് കടമകളെക്കുറിച്ചുള്ള ബോധം.

സ്ഥാനത്തിന്റെ വലുപ്പത്തേക്കാൾ സത്യസന്ധത ശ്രദ്ധിക്കപ്പെടുന്നു. ആത്മാർഥത തിരിച്ചറിയപ്പെടുന്നു. വ്യക്തിത്വത്തെക്കുറിച്ചുള്ള ഈ ലോകതത്ത്വങ്ങൾ ശരിയാണെന്ന് ഒരിക്കൽക്കൂടി ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അമേരിക്കയുടെ മുൻ പ്രസിഡന്റ് ബറാക് ഒബാമ. വെർജീനിയയിലെ ഷാർലറ്റ്സ്‌വിലിലുണ്ടായ വംശീയ സംഘർഷത്തിനെതിരെ ഒബാമയുടെ ട്വീറ്റിനു ലോകം നൽകിയതു വൻ വരവേൽപ്. ആദ്യദിവസം തന്നെ 12 ലക്ഷം തവണ റീട്വീറ്റ് ചെയ്യപ്പെട്ട സന്ദേശം 28 ലക്ഷം ലൈക്കുകൾ നേടി ട്വിറ്റർ ചരിത്രത്തിൽ തരംഗമായി. ഇതുവരെയുള്ള ട്വിറ്റർ ചരിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സന്ദേശം. ഏറ്റവും കൂടുതൽ തവണ പങ്കുവയ്ക്കപ്പെട്ടതിലും മുൻനിരയിലുണ്ട് ഒബാമയുടെ മനുഷ്യസ്നേഹത്തിന്റെ വിളംബരം.

തൊലിയുടെ നിറമോ ജീവിത പശ്ചാത്തലമോ മതവിശ്വാസമോ നോക്കി മറ്റുള്ളവരെ വെറുക്കുന്നതു ശീലംകൊണ്ടാണെങ്കിൽ, സ്നേഹിക്കാനും ശീലിക്കണമന്നാവശ്യപ്പെടുന്ന ‍ട്വീറ്റിലുടനീളം ഒബാമ ഉദ്ധരിക്കുന്നതു ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൻ മണ്ടേലയുടെ വാക്കുകൾ: മനുഷ്യഹൃദയത്തിൽ സ്വാഭാവികമായി ജനിക്കുന്നതു സ്നേഹമാണ്, വെറുപ്പല്ല. 

വർണവിവേചനത്തിനെതിരെ പോരാടി ചരിത്രം രചിച്ച മണ്ടേലയുടെ ആത്മകഥയിൽനിന്നുള്ള വാചകങ്ങളാണ് ഒബാമ ട്വിറ്ററിൽ ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട യാത്ര( ലോങ് വോക് ടു ഫ്രീഡം) എന്ന ആത്മകഥ ലോകപ്രശസ്തമാണ്. വർണവിവേചനത്തിനും അടിച്ചമർത്തലിനും എതിരായ വാക്കുകൾക്ക് എല്ലാ ദേശത്തും ആരാധകരുമുണ്ട്. 

ഒബാമയുടെ ട്വീറ്റിനു മൂന്നു ഭാഗങ്ങളുണ്ട്. ആദ്യഭാഗത്തിൽ ഒരു ജനാലയിലൂടെ കാണുന്ന കുട്ടികളെ അഭിവാദ്യം ചെയ്യുന്ന മുൻപ്രസിഡന്റിന്റെ ചിത്രവുമുണ്ട്. മകൾ സാഷയുടെ സ്കൂളിനടുത്തുള്ള ഡേ കെയർ സെന്ററിലെ കുട്ടികളെയാണ് ഒബാമ അഭിവാദ്യം ചെയ്യുന്നത്. 2011– ലെ ചിത്രം പകർത്തിയതു പീറ്റ് സൂസ.